സാർ, ഇന്ദോറിൽ നിന്നെങ്കിലും പഠിക്കുമോ?


By മനോജ് മേനോൻ menonmanoj47@gmail.com

6 min read
Read later
Print
Share

കൊച്ചിയിൽ ബ്രഹ്മപുരത്തെ തീയും വിഷപ്പുകയും കേരളത്തെ വിറപ്പിച്ച ദിനങ്ങളാണ്  കടന്നുപോയത്‌.  പലായനംചെയ്യുന്ന മനുഷ്യർ, എന്തുചെയ്യണമെന്നറിയാത്ത രോഗികൾ, ശ്വാസംവലിക്കാൻ ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങൾ... എല്ലാം നാം കണ്ടു. ചെയ്യേണ്ടവർ, ചെയ്യേണ്ടത്‌, ചെയ്യേണ്ടസമയത്ത് ചെയ്യാത്തതിന്റെ യാതനകളാണ് കൊച്ചിനിവാസികൾ അനുഭവിച്ചത്‌. ദീർഘദർശനവും കഠിനാധ്വാനവും  സാമൂഹികസമർപ്പണവുമുള്ള   രാഷ്ട്രീയനേതൃത്വത്തിന്റെയും ഉദ്യോഗസ്ഥരുടെയും  അഭാവം ബ്രഹ്മപുരത്തെ വിഷപ്പുകയിൽ  തെളിഞ്ഞുകാണാം. ഏഴുവർഷം മുമ്പുവരെ കൊച്ചിയെക്കാൾ മാലിന്യക്കൂമ്പാരമായ ഒരു നഗരം ഇന്ന് ഇന്ത്യയിലെത്തന്നെ ഏറ്റവുംവൃത്തിയുള്ള  ഇടമാണ്. മധ്യപ്രദേശിലെ ഇന്ദോർ എന്ന ആ ശുചിത്വനഗരം സന്ദർശിച്ച്  മാതൃഭൂമി പ്രതിനിധികൾ തയ്യാറാക്കിയതാണ്  ഈ  ഫീച്ചർ. ബ്രഹ്മപുരത്തെ  തീ ഒരു തീയല്ല  എന്ന്നി സ്സാരവത്കരിക്കുന്നവരും എല്ലാം മാധ്യമസൃഷ്ടിയാണ്  എന്ന് പഴിചാരി തടിയൂരുന്നവരും  ഇന്ദോറിൽനിന്നെങ്കിലും എന്തെങ്കിലും പഠിക്കുമോ?

.

ഒരിടത്തൊരിടത്ത്, ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽനിന്ന് വലിച്ചെറിഞ്ഞ ഒരു പഴത്തൊലിയുടെ കഥയുണ്ട്. വരത്തനായ ഒരു യാത്രക്കാരൻ നഗരത്തിലെത്തുന്നതും ഓട്ടോയിൽ കയറുന്നതും യാത്രയാരംഭിക്കുന്നതുമാണ് കഥയുടെ ആദ്യരംഗം. പഴം കഴിച്ചശേഷം യാത്രക്കാരന്റെ കൈവിരലുകളിൽനിന്ന് പതിവുശീലത്തിൽ കുതറിപ്പുറത്തേക്കോടിയ പഴത്തൊലിയാണ് രണ്ടാമത്തെ രംഗത്തിൽ. വഴിതെറ്റിയിറങ്ങിയ പഴത്തൊലിക്കും വഴിതേടിക്കറങ്ങിയ വാഹനത്തിനും പിന്നാലെ, ചൂലും പിടിച്ച് ഒരാൾ പായുന്നതാണ് അടുത്തരംഗം. പഴത്തൊലി മാത്രമല്ല, ആ മുച്ചക്രവാഹനവും അയാൾ പിടിച്ചുനിർത്തുന്നതും ഇത് ഇന്ദോർ നഗരമാണെന്ന് ഓർമിപ്പിച്ച് പഴത്തൊലി യാത്രക്കാരനുതന്നെ തിരികെനൽകുന്നതും റോഡരികിലുണ്ടായിരുന്ന മാലിന്യനിക്ഷേപപ്പെട്ടിയിൽ പഴത്തൊലി നിക്ഷേപിച്ച് വാഹനത്തിലെ യാത്രക്കാരൻ പുതിയ പാഠങ്ങളുമായി മടങ്ങുന്നതും അവസാനരംഗം. ഉടൻ സ്‌ക്രീനിൽ ‘ഇത് പുതിയ ഇന്ദോറിന്റെ കഥ’യെന്ന ടൈറ്റിൽ തെളിയുന്നു!

എന്നാൽ, ഏഴുവർഷം മുമ്പുവരെ, പഴയ റീലുകളിൽ ഓടിത്തേഞ്ഞ പഴയ കഥയുണ്ട് ഇന്ദോറിന്. 2016 വരെ ഏത് ഉത്തരേന്ത്യൻ നഗരത്തിന്റെയും പതിവ് മുഷിഞ്ഞ വേഷമായിരുന്നു ഇന്ദോറിനും -കാനകൾ പൊട്ടിയൊലിച്ചും പന്നിക്കൂട്ടങ്ങൾ മേഞ്ഞും നരിനായകളുടെയും കന്നുകാലികളുടെയും അപ്രതീക്ഷിത ​േഘരാവോകളിൽ കുടുങ്ങുന്ന നിരത്തും പൊടി നിറംമാറ്റിയ റോഡുകളും മാലിന്യങ്ങൾ ചേക്കേറുന്ന അഴുക്കുമലകളും വെളിയിടവിസർജനങ്ങളും പാൻ തുപ്പിച്ചുവക്കുന്ന പൊതുസ്ഥലങ്ങളും കലർന്ന്‌ സ്ഥിരം നിർവചനമായിരുന്ന നഗരം. അതുകൊണ്ടാണല്ലോ, 2016-ൽ കേന്ദ്രസർക്കാർ നടത്തിയ ശുചിത്വപരിശോധനാ പദ്ധതിയിൽ ഇന്ദോർ നഗരം ഇരുപത്തിയഞ്ചാം സ്ഥാനത്തായത്.

ശുചിത്വനഗരത്തിന്റെ ഉദയം
എന്നാൽ, ആ ക്ഷീണപാഠത്തിന്റെ പാറക്കെട്ടുകളിൽ ഒരു പനിനീർപ്പൂന്തോട്ടമൊരുക്കിയതിന്റെ കഥയാണ് പിന്നീട് ഇന്ദോറിന് പറയാനുള്ളത്. കണ്ണടച്ചു തുറക്കുംമുന്നേ, അല്ലെങ്കിൽ, ഒരു രാത്രി ഇരുണ്ടുവെളുത്തപ്പോഴേക്കും ഇന്ദോർ ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി. 2017-ൽ കേന്ദ്ര നഗരവികസന മന്ത്രാലയം നടത്തിയ വിലയിരുത്തലിൽ ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി ഇന്ദോർ! തുടർന്ന് ആറുവർഷമായി ആ കിരീടം തൊടാൻ മറ്റൊരു നഗരത്തിനും അവസരംനൽകാതെ മധ്യപ്രദേശിലെ ഏറ്റവും വലുതും ഏറ്റവും ജനസാന്ദ്രതയേറിയതുമായ ഈ നഗരം ഒന്നാംസ്ഥാനത്ത് തുടരുന്നു. 2021-ൽ സ്വച്ഛ് സർവേഷണിന്റെ ഭാഗമായി ഇന്ദോറിനെ രാജ്യത്തെ ആദ്യത്തെ വാട്ടർ പ്ലസ് നഗരമായി പ്രഖ്യാപിച്ചു. അന്താരാഷ്ട്രതലത്തിൽ ഇന്റർനാഷണൽ ക്ലീൻ എയർ കാറ്റലിസ്റ്റ് പ്രോഗ്രാമിൽ ഉൾപ്പെട്ട ആദ്യത്തെ ഇന്ത്യൻ നഗരവും ഇന്ദോറാണ്. നഗരത്തെ കഴുകിവെടിപ്പാക്കുക മാത്രമല്ല, അഴുക്ക് ഇന്ന് ഇന്ദോറിലെ ഏറ്റവും വലിയ തൊഴിൽദാതാവുമാണ്. സാക്ഷരത ഉൾപ്പെടെ പല മാപിനികളുടെയും അളക്കലുകളിൽ പരമ്പരാഗതമായി ഒന്നാംസ്ഥാനക്കാരായ കേരളം, ബ്രഹ്മപുരത്തുനിന്ന് ആളിപ്പടർന്ന തീക്കാറ്റിൽ ശ്വാസത്തിനായി പഴുതുതേടുമ്പോൾ പഠിക്കേണ്ട പാഠപുസ്തകമാണ്‌ ഇന്ദോർ. 2016-ൽ ഇന്ദോർ നഗരസഭാ കമ്മിഷണറായെത്തിയ ഐ.എ.എസ്. ഉദ്യോഗസ്ഥൻ മനീഷ് സിങ്ങിന്റെ മനസ്സിലാണ് പുതിയ ഇന്ദോർ ആദ്യം രൂപംകൊണ്ടത്. ഇന്ദോറിന്റെ മാനക്കേട് മായ്ക്കണമെന്നാഗ്രഹിച്ച മനീഷ് സിങ്‌, നഗരസഭാ മേയറായ മാലിനി ഗൗഡിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളെയും ജനങ്ങളെയും സന്നദ്ധസംഘടനകളെയും വിളിച്ചുചേർത്ത് രൂപവത്‌കരിച്ച ശുചിത്വപദ്ധതിയാണ് ലോകമെങ്ങും ഇന്ദോറിന്റെ പതാകയായിമാറിയത്.

മായാജാലം
ആറു പുരസ്കാരവർഷങ്ങൾ പിന്നിടുമ്പോൾ, ഒരിലപോലും വഴിയിലുണങ്ങിക്കിടക്കാത്ത നഗരമായി ഇന്ദോർ. മാമൂലുകൾക്കും ചട്ടപ്പടിരീതികൾക്കും ചുവപ്പുനാടകൾക്കും പിശുക്കില്ലാത്ത നഗരത്തിൽ ഏറെ പണിപ്പെട്ടാണ് മനീഷ് സിങ്ങും മാലിനി ഗൗഡും പുതിയ വഴിവെട്ടിയത്. എ.ഡി.എം., ഇന്ദോർ മണ്ഡിയുടെ സെക്രട്ടറി, കേന്ദ്ര വികാസ് നിഗമിന്റെ മാനേജിങ്‌ ഡയറക്ടർ എന്നീനിലകളിൽ ഇന്ദോറിൽ പ്രവർത്തനപരിചയമുണ്ടായിരുന്ന മനീഷ് സിങ്‌ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ചർച്ചചെയ്താണ് പദ്ധതി ആരംഭിച്ചത്. മേയറാകട്ടെ, നൂറുകണക്കിന് ചെറുയോഗങ്ങൾ വിളിച്ചുകൂട്ടി കാര്യങ്ങൾ വിശദീകരിച്ചു. തുടക്കത്തിൽ ചില കേന്ദ്രങ്ങളിൽനിന്ന് എതിർപ്പുയർന്നു. മനീഷ് സിങ്‌ പിൻവാങ്ങിയില്ല. നഗരസഭാ ജീവനക്കാരെയും ജനങ്ങളെയും ബോധവത്‌കരിക്കലായിരുന്നു ആദ്യനടപടി. പതിവിൻപടി ശീലമുള്ള ജീവനക്കാരെ ചിട്ടയിലാക്കിയും ജനങ്ങളുടെ പിന്തുണയുറപ്പിച്ചും പ്രവർത്തനങ്ങൾ തുടങ്ങി. മാലിന്യനീക്കത്തിനുള്ള ചെറുയന്ത്രങ്ങൾ വാങ്ങി. ജീവനക്കാരെ കൂടുതൽ നിയമിച്ചു. ശുചിത്വചട്ടങ്ങൾ കർശനമായി ഏർപ്പെടുത്തി. ചട്ടങ്ങൾ ലംഘിക്കുന്ന ജനങ്ങൾക്കും ജീവനക്കാർക്കും പിഴചുമത്തി. ഇന്ദോർ പതുക്കെ മാറാൻതുടങ്ങി. പദ്ധതി ഒരു വർഷം പിന്നിട്ടപ്പോഴേക്ക് നടത്തിപ്പുകാരുടെ ഉദ്ദേശ്യശുദ്ധി ജീവനക്കാർക്കും ജനങ്ങൾക്കും ബോധ്യപ്പെട്ടു. നഗരം മുഖംമിനുക്കി. ഇപ്പോൾ ഏഴായിരത്തിയഞ്ഞൂറ് ജീവനക്കാരും 574 അത്യാധുനിക മാലിന്യനിർമാർജന വാഹനങ്ങളും ഇന്ത്യയിലെ ഏറ്റവും വലിയ മലിനീകരണസംസ്കരണ പ്ലാന്റും ഏഷ്യയിലെ ഏറ്റവും വലിയ ബയോ സി.എൻ.ജി. പ്ലാന്റുമുള്ള നഗരസഭയായി ഇന്ദോർ വളർന്നിരിക്കുന്നു. ഒരു മിഠായിക്കടലാസ് താഴെയിടാൻ കുഞ്ഞുങ്ങൾപോലും മടിക്കുന്ന നഗരം മലിനീകരണ നിർമാർജനത്തിന്റെ പാഠപുസ്തകമായി. ഇന്ദോറിനെ മനീഷ് സിങ്‌ മാറ്റിത്തീർത്തതിനെക്കുറിച്ച് ഭോപാൽ സ്വദേശികൂടിയായ ആർ.ബി.ഐ. മുൻ ഗവർണർ രഘുറാം രാജൻ തന്റെ ദ തേഡ് പില്ലർ എന്ന പുസ്തകത്തിൽ വിശദമായി വിവരിക്കുന്നുണ്ട്. ഒരു പദ്ധതിയിലൂടെ സമൂഹത്തിന്റെ മൊത്തം താത്‌പര്യം ഉണർത്തിയ രണ്ട് അസാധാരണ വ്യക്തികൾ എന്നാണ് മനീഷിനെയും മാലിനിയെയും രഘുറാം തന്റെ പുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്.

ശാസ്ത്രവും ഭാവനയും അധ്വാനവും
ശാസ്ത്രവും ഭാവനയും അധ്വാനവും കൈകോർത്തുപിടിച്ചാണ് ഇന്ദോറിനെ വൃത്തിയോടെ സൂക്ഷിക്കുന്നത്. ഒരു മലിനീകരണ സംസ്‌കരണപ്ലാന്റും മാലിന്യത്തിൽനിന്ന് ജൈവ-ദ്രവീകൃത പ്രകൃതിവാതകം (ബയോ-സി.എൻ.ജി.) നിർമിക്കുന്നതിനുള്ള പ്ലാന്റും പരിസരം വൃത്തിയാക്കാനിറങ്ങുന്ന സഫായി മിത്രകളുമാണ് ഇന്ദോറിന്റെ ജീവനാഡികൾ. മാലിന്യം ശേഖരിക്കാൻ പുലർച്ചെ ആറുമണിയോടെ വീടുകളിലെത്തുന്ന മാലിന്യസംഭരണ വാഹനങ്ങളെയും സഫായ് മിത്ര എന്നറിയപ്പെടുന്ന നഗരസഭാ ജീവനക്കാരെയും കണികണ്ടാണ് ഇന്ദോർ എന്നും ഉണരുന്നത്. വീടുകളിൽ ആറുതരം മാലിന്യം ശേഖരിക്കാൻ ആറു ബക്കറ്റുകൾ. ഉണങ്ങിയ മാലിന്യം, നനഞ്ഞ മാലിന്യം, പ്ലാസ്റ്റിക്, ഇ-മാലിന്യം, ഡൊമസ്റ്റിക് സാനിറ്ററി വേസ്റ്റ്, അപകടസാധ്യതയുള്ള മാലിന്യം എന്നിവയാണ് ആറുതരം മാലിന്യം. ഇവ സംഭരിക്കാൻ വാഹനത്തിലും ആറ് അറകൾ. എന്നാൽ, ഉണങ്ങിയത്, നനഞ്ഞത്, സാനിറ്ററി മാലിന്യം എന്നിങ്ങനെ മൂന്നുതരത്തിലായിരുന്നു നേരത്തേ മാലിന്യം ശേഖരിച്ചിരുന്നത്. കോവിഡ് കാലത്താണ് ആറുതരം മാലിന്യം എന്നതരത്തിൽ സംഭരണം വിപുലീകരിച്ചത്. ഇങ്ങനെ വീടുകളിൽനിന്ന് ദിവസവും രണ്ടുവട്ടം മാലിന്യം ശേഖരിക്കുന്നതിന് കുടുംബത്തിന്റെ സാമ്പത്തികനില മാനദണ്ഡമാക്കി 60 രൂപമുതൽ 180 രൂപവരെ നഗരസഭ പ്രതിദിനം ഈടാക്കുന്നുണ്ട്. രാവിലെ ആറുമുതൽ രാത്രിവരെ മൂന്ന് ഷിഫ്റ്റുകളിലാണ് സഫായ് മിത്രകൾ പ്രവർത്തിക്കുന്നത്. രാത്രികളിലും പ്രവർത്തിക്കുന്ന കമ്പോളങ്ങളിൽനിന്ന് രാത്രി 10 മണിയോടെ മാലിന്യം ശേഖരിക്കും.
വീടുകളിൽനിന്നും വാണിജ്യകേന്ദ്രങ്ങളിൽനിന്നും സംഭരിക്കുന്ന മാലിന്യം നഗരത്തിൽ 11 കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന ഗാർബേജ് ട്രാൻസ്ഫർ സെന്ററുകളിൽ (ജി.ടി.എസ്.) എത്തിക്കുന്നു. അവിടെയാണ് മാലിന്യത്തിന്റെ അടുത്ത തരംതിരിവ്. ഉണങ്ങിയത്, നനഞ്ഞത് എന്നിങ്ങനെ രണ്ടു തരങ്ങളായിത്തിരിച്ച് വലിയ വാഹനങ്ങളിൽ നഗരഹൃദയത്തിലുള്ള മാലിന്യസംസ്‌കരണ കേന്ദ്രത്തിലെത്തിക്കും. അവിടെനിന്ന് ഉണങ്ങിയ മാലിന്യം (ഡ്രൈ വേസ്റ്റ്) മാലിന്യസംസ്‌കരണ കേന്ദ്രത്തിനുള്ളിലേക്കും നനഞ്ഞമാലിന്യം (വെറ്റ് വേസ്റ്റ്) ദേവഗാർഡിയിലെ ട്രഞ്ചിങ്‌ മൈതാനത്ത് 2022 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ച ബയോ സി.എൻ.ജി. പ്ലാന്റിലേക്കും കൊണ്ടുപോകും.

സ്ത്രീത്തൊഴിലാളികളുടെ പങ്കാളിത്തം
പ്രതിദിനം 1900 ടൺ നഗരമാലിന്യമാണ് ഇന്ദോർ കൈകാര്യംചെയ്യുന്നത്. 530 ടൺ വെറ്റ് വേസ്റ്റ്, 460 ടൺ ഡ്രൈ വേസ്റ്റ്, 14 ടൺ പ്ലാസ്റ്റിക് വേസ്റ്റ്, 2.5 ടൺ ഇ.വേസ്റ്റ്, 11 ടൺ സാനിറ്ററി വേസ്റ്റ്, 3.5 ടൺ ഹസാർഡസ് വേസ്റ്റ് എന്നിങ്ങനെയാണ് കണക്ക്. മലിനീകരണസംസ്‌കരണ പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് തരംതിരിക്കപ്പെട്ട ഡ്രൈ വേസ്റ്റാണ്. പ്രതിദിനം മലിനീകരണസംസ്‌കരണ കേന്ദ്രത്തിൽ എത്തിച്ചേരുന്ന 574 വാഹനങ്ങളിലെ മാലിന്യത്തിന്റെ ഭാരം കണക്കാക്കുകയാണ് ആദ്യഘട്ടം. തുടർന്ന് നിർമിതബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓപ്‌റ്റിക്കൽ സോർട്ടറിലൂടെ മാലിന്യം കടത്തിവിടും. തുടർന്ന് 400 എം.എമ്മിന് മുകളിലുള്ള മാലിന്യം മറൊരിടത്തേക്ക് മാറ്റും. ബാക്കിയുള്ളവ ചെയിൻ കൺവെയർ ബെൽറ്റിലൂടെ കടത്തിവിടും. ഇവിടെ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള പരിശോധനയാണ് നടക്കുക. ബെൽറ്റിലൂടെ കടന്നുവരുന്ന ഡ്രൈവേസ്റ്റിൽനിന്ന്‌ ഒരോ ഇനവും പ്രത്യേകം വേർതിരിക്കും. 120 സ്ത്രീകൾ മൂന്ന് ഷിഫ്റ്റുകളിലായി ഈ ജോലിചെയ്യുന്നത്. ഒരോ ഇനവും സംഭരിക്കാൻ ഓരോരുത്തരെ നിയോഗിക്കും. കടന്നുവരുന്ന മാലിന്യത്തിൽനിന്ന്‌ പാൽക്കവറുകൾ ശേഖരിക്കലായിരിക്കും ഒരു ജീവനക്കാരിയുടെ ഒരു ഷിഫ്റ്റിലെ ജോലി. ചെരിപ്പുകൾ ശേഖരിക്കുക മറ്റൊരാളുടെ ചുമതല. ഈ പ്ലാന്റ് വരുന്നതിനുമുമ്പ് ഈ മേഖല ഇത്തരത്തിലുള്ള മാലിന്യത്തിന്റെ മലയായിരുന്നു. ഇവിടെ പാർശ്വവത്‌കരിക്കപ്പെട്ട ജനവിഭാഗങ്ങളിൽപ്പെട്ട കുറെ സ്ത്രീകൾ മാലിന്യം വേർതിരിച്ചും സംഭരിച്ചുമാണ് ജീവിച്ചിരുന്നത്. ഇത്തരത്തിൽ മാലിന്യം കൈകാര്യംചെയ്ത് ജീവിച്ചിരുന്ന എല്ലാ സ്ത്രീകൾക്കും പ്ലാന്റ് വന്നപ്പോൾ സ്ഥിരം ജോലിനൽകി. പി.എഫ്., ചികിത്സാ ആനുകൂല്യങ്ങൾ എന്നിവയും ഇവർക്കുണ്ടെന്ന് പ്ലാന്റിലെ മേൽനോട്ട ഉദ്യോഗസ്ഥനായ പ്രാൻഷു ഗംഗാർഡേ പറയുന്നു. സ്ത്രീകളടക്കം 300 ജീവനക്കാരാണ് പ്രതിദിനം പ്ലാന്റിൽ പ്രവർത്തിക്കുന്നത്.

കൈകൾകൊണ്ട് വനിതാ ജീവനക്കാർ തരംതിരിച്ച മാലിന്യത്തെ പ്രത്യേക ബങ്കറുകളിലേക്കുമാറ്റും. ഈ മെറ്റീരിയലുകളിൽ പര്യാപ്തമായവ പിന്നീട് ബെയ്‌ലിങ്‌ യൂണിറ്റുകളിലേക്ക് കൊണ്ടുപോയി കംപ്രസ് ചെയ്യും. അതിനുശേഷം ഇവ റീ സൈക്കിളിങ്ങിനായി കൊണ്ടുപോകും. മലിനീകരണ നിയന്ത്രണബോർഡിൽ രജിസ്റ്റർചെയ്ത റീസൈക്കിളിങ്‌ കമ്പനികൾക്ക് ഇവ വിൽക്കും. ബാക്കിയുള്ളവ ചെറുകഷണങ്ങളായി നുറുക്കി സിമന്റ് ഫാക്ടറികൾക്കായി കൊണ്ടുപോകും. ഇവ സിമന്റ് ഫാക്ടറികളിൽ കൽക്കരിക്ക് ബദൽ ഇന്ധനമാകും. അതിലൂടെ ലഭിക്കുന്ന വരുമാനം ഇന്ദോർ നഗരസഭയ്ക്ക്. പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് പി.വി.സി. പൈപ്പുകളും കടലാസ് മാലിന്യത്തിൽനിന്ന് പേപ്പർ പൾപ്പുകളും റീ സൈക്കിളിങ്‌ കമ്പനികൾ ഉത്‌പാദിപ്പിക്കും. ഇന്ദോർ നഗരസഭയുടെ അഹമ്മദാബാദിൽ പ്രവർത്തിക്കുന്ന വിൽപ്പനവിഭാഗമാണ് ഇവ കൈകാര്യംചെയ്യുന്നത്.

തീർന്നില്ല കാര്യങ്ങൾ. ആദ്യഘട്ടത്തിൽത്തന്നെ വേർതിരിച്ച നനഞ്ഞ മാലിന്യങ്ങൾ (വെറ്റ് വേസ്റ്റ്) ബയോ സി.എൻ.ജി. പ്ലാന്റിലേക്ക് കൊണ്ടുപോകും. ഏഷ്യയിലെ ഏറ്റവും വലിയ ഈ പ്ലാന്റിന് പ്രതിദിനം 500 മെട്രിക് ടൺ ദ്രവമാലിന്യം കൈകാര്യംചെയ്യാൻ ശേഷിയുണ്ട്. ഇതിൽനിന്ന് പ്രതിദിനം പതിനേഴായിരം കിലോഗ്രാം ബയോ സി.എൻ.ജി. ഉത്‌പാദിപ്പിക്കുന്നു. നഗരത്തിലോടുന്ന 150 ബസുകളുടെ ഇന്ധനം ഈ ബയോ സി.എൻ.ജി.യാണ്! കമേഴ്സ്യൽ സി.എൻ.ജി.യെക്കാൾ അഞ്ചുരൂപ ജൈവ സി.എൻ.ജി.ക്ക് കുറവാണ്. ഇന്ദോർ നഗര നിഗം ലിമിറ്റഡാണ് ഇവയുടെ ഏറ്റവും പ്രധാന ഉപയോക്താക്കൾ. രണ്ടു സ്വകാര്യകമ്പനികളും ഇവ വാങ്ങുന്നുണ്ട്. ഇതുകൂടാതെ 18 മെട്രിക് ടൺ വളവും ഈ പ്ലാന്റിൽ മാലിന്യത്തിൽനിന്ന് നിർമിക്കുന്നുണ്ട്. ഇവയുടെ വരുമാനവും ഇന്ദോർ നഗരസഭയ്ക്ക്. ആധുനിക സാങ്കേതികവിദ്യകൾ പ്രയോഗിക്കുന്നതിനാൽ രണ്ടു പ്ലാന്റുകളിൽനിന്നും ദുർഗന്ധമുയരുന്നില്ലെന്നതും ശ്രദ്ധേയം.

ഈ രണ്ടുപദ്ധതികൾ കൂടാതെ മലിനജലം സംസ്‌കരിക്കുന്നതിനും ഇന്ദോറിൽ പലവിധ പ്ലാന്റുകളുണ്ട്. ഇന്ദോറിൽ സജ്ജീകരിച്ച മൂന്ന് പ്ലാന്റുകളിലായാണ് സീവേജ് ട്രീറ്റ്‌മെന്റ് നടത്തുന്നത്. അഴുക്കുജലത്തിൽനിന്ന് സംസ്‌കരിച്ചെടുക്കുന്ന വെള്ളം നിർമാണപ്രവർത്തനങ്ങളിലും കൃഷിയിടങ്ങളിലും 200 പൊതുപൂന്തോട്ടങ്ങളിലും ഉപയോഗിക്കുന്നു. രാത്രികളിൽ നഗരത്തിലെ ദേശീയപാതകൾ നഗരസഭാ ജീവനക്കാർ വൃത്തിയാക്കും. സീവേജ് പ്ലാന്റിൽ സംസ്‌കരിച്ച വെള്ളമാണ് ഇതിനുപയോഗിക്കുന്നത്. വീടുകളിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ രണ്ടു ബാഗുകൾ നൽകിയിട്ടുണ്ട്. ബാഗ് നിറയുമ്പോൾ ഇത് ശേഖരിക്കാൻ നഗരസഭയുടെ ജീവനക്കാരെത്തും. കിലോഗ്രാമിന് ഒന്നരരൂപവീതം നൽകും. സംസ്‌കരണ പ്ലാന്റിൽ എട്ടു ടൺ പ്ലാസ്റ്റിക് പ്രതിദിനം സംസ്‌കരിക്കും. നോൺ റീസൈക്കിളബിൾ മാലിന്യം മധ്യപ്രദേശ് ഗ്രാമീണ റോഡ് വികസന കോർപ്പറേഷന് നൽകും. സംസ്ഥാനത്തെ റോഡ് നിർമാണത്തിൽ വ്യാപകമായി ഇവ ഉപയോഗിക്കുന്നുണ്ട്. പ്രതിദിനം 59 ടൺ ഗാർഡൻ വേസ്റ്റ്, ഹോർട്ടികൾച്ചർ വേസ്റ്റ് എന്നിവ നഗരസഭ കൈകാര്യംചെയ്യുന്നുണ്ട്. മാലിന്യത്തിൽനിന്ന് വളം ഉത്‌പാദിപ്പിക്കാൻ മൊബൈൽ കംപോസിങ്‌ യൂണിറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ അമ്പതിനായിരം കുടുംബങ്ങൾ വീടുകളിൽത്തന്നെ അടുക്കളമാലിന്യം വളമാക്കിമാറ്റുന്നു. ഉദ്യോഗസ്ഥരെക്കൂടാതെ പാനൽ ചെയ്യപ്പെട്ട സന്നദ്ധസംഘടനകളും ശുചീകരണപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നുണ്ട്. നിലവിൽ നാലു സന്നദ്ധസംഘടനകളിലെ 600 പ്രവർത്തകർ മേൽനോട്ടത്തിനുണ്ട്.

കുപ്പയിൽനിന്ന് പണം
നഗരം വൃത്തിയാവുക മാത്രമല്ല, നഗരസഭയ്ക്ക് അധികവരുമാനവുമാണ് മാലിന്യം. കഴിഞ്ഞ സാമ്പത്തികവർഷം ഇന്ദോർ നഗരസഭ 14.45 കോടിരൂപ മാലിന്യസംസ്‌കരണത്തിലൂടെയും അതിനോടനുബന്ധിച്ചുള്ള ഉപോത്‌പന്നങ്ങളുടെ വിൽപ്പനയിലൂടെയും സമാഹരിച്ചു. അന്താരാഷ്ട്ര കമ്പോളത്തിൽനിന്ന്‌ കാർബൺ ക്രെഡിറ്റിലൂടെ നേടിയ എട്ടരക്കോടി ഉൾപ്പെടെയാണിത്. 2017-’18ൽ വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്നതിന് യൂസർ ഫീസായി പിരിഞ്ഞുകിട്ടിയത് 27 കോടി രൂപ! ജനപങ്കാളിത്തമാണ് ഇന്ദോർ നഗരത്തിന്റെ മുഖച്ഛായമാറ്റിയത്. നഗരത്തിലെ 95 ശതമാനം ജനങ്ങളും ഇപ്പോൾ മാലിന്യനിർമാർജനത്തിൽ പങ്കാളികളാണ്. ‘‘കേരളത്തിൽ ചെറിയ ചെറിയ മാലിന്യനിർമാർജന പ്ലാന്റുകൾ സ്ഥാപിച്ച് മാലിന്യപ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് എനിക്കുതോന്നുന്നത്. അതിന് ആദ്യം വേണ്ടത് ഇച്ഛാശക്തിയാണ്. അത് ചെയ്യണമെന്ന തോന്നലാണ്. അതുണ്ടായാൽത്തന്നെ എല്ലാം നടക്കും. ഇവിടെ എല്ലാം മാറിയില്ലേ. ഇവിടെ ജനങ്ങൾക്ക് മാറ്റംവരുത്താൻ സാധിച്ചെങ്കിൽ കേരളത്തിന് എന്തുകൊണ്ട് പറ്റില്ല?’’ -മുപ്പതുവർഷമായി ഇന്ദോറിൽ താമസിക്കുന്ന പട്ടാമ്പി സ്വദേശി ചന്ദ്രശേഖർ ചോദിക്കുന്നു.

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..