ശശി തരൂരിന്റെ വീഡിയോകളും ഫോട്ടോകളും കാണുമ്പോൾ കഴുത്തിലെ ചെറിയ ഡിവൈസ് എന്താണെന്ന് ആലോചിച്ചിട്ടുണ്ട്. പലരും കരുതുന്നപോലെ ഞാനും ആദ്യം വിചാരിച്ചത് അതൊരു സ്മാർട്ട്ഫോൺ ആണെന്നാണ്. പക്ഷേ, വായുമലിനീകരണത്തിൽനിന്ന് സംരക്ഷണം നൽകുന്ന എയർപ്യൂരിഫയർ ആണെന്ന് പിന്നീടാണ് മനസ്സിലായത്. ‘വെള്ളരിപട്ടണ’ത്തിന്റെ ഷൂട്ടിങ്ങിനെത്തിയപ്പോൾ എനിക്ക് കഴുത്തിലിടാനുള്ള മൊബൈൽഫോൺ ആണ് ആദ്യം കിട്ടിയത്. ഈ സിനിമയിൽ എന്റെ കഥാപാത്രമായ കെ.പി. സുനന്ദ പഞ്ചായത്തംഗമാണ്. കഴുത്തിൽ മൊബൈൽ തൂക്കിയിട്ട് നടക്കുന്നതാണ് സുനന്ദയുടെ ശൈലി. കഴുത്തിൽ മൊബൈൽഫോണിട്ട് ആദ്യസീനെടുക്കുമ്പോൾ ഞാൻ വീണ്ടും ശശി തരൂരിനെ ഓർത്തുപോയി. കെ.പി. സുനന്ദയെ ചക്കരക്കുടം ഗ്രാമത്തിലെ ‘ലേഡിതരൂർ’ ആയി സ്വയം സങ്കല്പിച്ച് ഉള്ളിൽ ചിരിച്ചു.
അഭിനയജീവിതത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയക്കാരിയുടെ വേഷം അണിയുന്നത്. രാഷ്ട്രീയത്തെ ആഴത്തിലറിയാനോ പഠിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ലായിരുന്നു. ചുറ്റുമുള്ള ദൈനംദിനരാഷ്ട്രീയവിശേഷങ്ങൾ പത്രത്തിലൂടെയോ ടി.വി. വാർത്തയിലൂടെയോമാത്രം അറിയുന്ന സാധാരണക്കാരുടെ കൂട്ടത്തിലൊരാളായിരുന്നു ഞാനും. പക്ഷേ, രാഷ്ട്രീയക്കാരിയുടെ കഥാപാത്രം ചെയ്യുമ്പോൾ പരിമിതമായ അറിവ് പോരാ. അതുകൊണ്ട് രാഷ്ട്രീയപ്രവർത്തകരെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.
പക്ഷേ, സുനന്ദ പതിവ് രാഷ്ട്രീയക്കാരെപ്പോലെയല്ല. എല്ലാത്തിലും സ്വന്തംശൈലി സൂക്ഷിക്കുന്നയാളാണ്. വസ്ത്രത്തിൽപ്പോലും അതുണ്ട്. അതുകൊണ്ടാണ് വനിതാപഞ്ചായത്തംഗങ്ങളുടെ പതിവുവേഷമായ സാരി ഉപേക്ഷിച്ച് സുനന്ദ തന്റേതായരീതിയിലുള്ള ചുരിദാറുകളിടുന്നത്. ഈ ചിത്രത്തിൽ സാരിധരിച്ച സുനന്ദയെ ചുരുക്കം സന്ദർഭങ്ങളിലേ കാണാനാകൂ. അതാകട്ടെ, സുനന്ദയുടെ ഒരു ‘രാഷ്ട്രീയനീക്കം’ കൂടിയാണ്! സിനിമ കണ്ടവർക്ക് അത് മനസ്സിലായി. കാണാത്തവർ കണ്ടറിയുക!
ഇങ്ങനെ ഏതുകാര്യത്തിലും തന്റേതായ വഴിയേ സഞ്ചരിക്കുന്ന സുനന്ദയെ അവതരിപ്പിക്കുമ്പോൾ പതിവ് രാഷ്ട്രീയക്കാരുടെ ശരീരഭാഷയോ സംസാരശൈലിയോ പാടില്ല. എന്നാൽ, അത് രാഷ്ട്രീയക്കാരിൽനിന്ന് വേറിട്ടുനിൽക്കാനും പാടില്ല. അതായിരുന്നു വെല്ലുവിളി. അത് വിജയകരമായി തരണംചെയ്യാൻ സാധിച്ചെന്നും സുനന്ദയെ പ്രേക്ഷകർക്കിഷ്ടപ്പെട്ടെന്നും അറിയുന്നതിൽ ഏറെ സന്തോഷം.
ഷൂട്ടിങ് ദിവസങ്ങളിൽ രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളുടെ വീഡിയോ ഒക്കെ വെറുതേയിരുന്ന് കാണുമായിരുന്നു. ചിത്രത്തിലെ കഥാസന്ദർഭങ്ങൾക്ക് പശ്ചാത്തലമായതോ അല്ലെങ്കിൽ അവയ്ക്ക് പ്രചോദനമായതോ ആയ രാഷ്ട്രീയസാഹചര്യങ്ങളുടെയും സംഭവങ്ങളുടെയും വിശദാംശങ്ങൾ തിരക്കഥാകൃത്തിനോടും സംവിധായകനോടും ചോദിച്ചറിയുകയും ചെയ്തു. ട്രെയ്‌ലർ ഇറങ്ങിയപ്പോൾതന്നെ ഹിറ്റായിമാറിയ ഹിന്ദി പ്രസംഗപരിഭാഷയെക്കുറിച്ചൊക്കെ ഇങ്ങനെ മനസ്സിലാക്കിയെടുത്തതാണ്. തമാശവേഷങ്ങൾ ചെയ്യാൻ എനിക്ക് പണ്ടേ ഇഷ്ടമാണ്. പക്ഷേ, അത്തരം അധികം സിനിമകൾ കിട്ടിയില്ലെന്ന് മാത്രം. ‘വെള്ളരിപട്ടണം’ അതുകൊണ്ടുതന്നെ ഏറെ ആസ്വദിച്ചുചെയ്ത സിനിമയാണ്. അഭിനയിക്കുമ്പോൾത്തന്നെ പലപ്പോഴും പൊട്ടിച്ചിരിച്ചുപോയി. ആ പൊട്ടിച്ചിരിയാണ് നിങ്ങളെ കാത്തിരിക്കുന്നതും.
നാക്ക് ഉളുക്കാതിരുന്നത് ഭാഗ്യം സൗബിൻ ഷാഹിർ
വെള്ളമുണ്ടും ഷർട്ടുമിട്ട കഥാപാത്രത്തെ ഞാൻ ആദ്യമായാണ് അവതരിപ്പിക്കുന്നത്. അപ്പോപ്പിന്നെ രാഷ്ട്രീയക്കാരന്റെ വേഷം ആദ്യത്തേതാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ! എന്റെ കുഴപ്പിച്ചത് ഇതിലെ ഡയലോഗുകളാണ്. രാഷ്ട്രീയക്കാരുടെ സംസാരത്തിൽ കടന്നുവരുന്ന ചില പ്രത്യേകവാക്കുകളുണ്ട്. അവർ വലിയ ഗൗരവത്തിലാണ് പറയുന്നതെങ്കിലും നാട്ടുകാർക്ക് അത് കേട്ടുതഴമ്പിച്ചതുകൊണ്ട് പലപ്പോഴും ചിരിയാണ് വരുക. പക്ഷേ, ഞാനിതൊക്കെ ആദ്യമായിട്ട് കേൾക്കുകയാണ്. അതുകൊണ്ടുതന്നെ നാക്കിനെ ഒന്നു മെരുക്കിയെടുക്കുകയായിരുന്നു ആദ്യത്തെ ജോലി. എന്റെ സംഭാഷണങ്ങൾ നല്ല ബുള്ളറ്റ് ട്രെയിൻ വേഗത്തിലാണ് പോകുന്നതെന്ന് പലരും കളിയാക്കാറുണ്ട്. പക്ഷേ, ഇതിലെ സംഭാഷണങ്ങൾ പലതും പ്രധാനപ്പെട്ടവയായതിനാൽ ഞാൻ സൂക്ഷ്മമായാണ് പറഞ്ഞത്. ഡബ്ബിങ്ങിലും ഏറെ ശ്രദ്ധിച്ചു. ഏറെ സമയമെടുത്താണ് ഓരോ സംഭാഷണവും ഡബ്ബ് ചെയ്തത്. നമ്മുടെ രാഷ്ട്രീയനേതാക്കൾ മുണ്ടുടുക്കുന്നതിൽപ്പോലും എത്ര ശ്രദ്ധവെക്കുന്നെന്നും അതിൽപ്പോലും അവർക്ക് സ്വന്തമായ ശൈലികളുണ്ടെന്നുമെല്ലാം എനിക്ക് മനസ്സിലായത് വെള്ളരിപട്ടണത്തിൽ അഭിനയിച്ചുകഴിഞ്ഞപ്പോഴാണ്. രാഷ്ട്രീയക്കാരെക്കുറിച്ച് യാതൊരുവിധ അറിവുമില്ലായിരുന്ന എനിക്ക് ഈ സിനിമ നൽകിയത് ‘ഇരട്ടി’പ്പണിയാണ്! അതെന്താണെന്ന് സിനിമകാണുമ്പോൾ അറിയാനാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..