മക്കളേ,
ഈ ലോകത്തിൽ എപ്പോഴൊക്കെ ധർമം ക്ഷയിക്കുന്നുവോ അപ്പോഴൊക്കെ ഈശ്വരൻ സ്വയം അവതരിച്ച് ദുഷ്ടജനങ്ങളെ നിഗ്രഹിച്ച് ധർമത്തെ സംരക്ഷിക്കുമെന്ന് ഭഗവദ്ഗീതയും മറ്റുശാസ്ത്രങ്ങളും ഉദ്‌ഘോഷിക്കുന്നു. ദുഷ്ടരെ നിഗ്രഹിക്കുന്നത് ക്രൂരതയല്ലേ? സർവശക്തനായ ഈശ്വരനു അവരുടെ മനസ്സുമാറ്റി അവരെ സന്മാർഗത്തിൽ കൊണ്ടുവരാൻ സാധിക്കില്ലേ എന്നുപലരും ചോദിക്കാറുണ്ട്.
ഈശ്വരനിൽനിന്നന്യമായി ഈ പ്രപഞ്ചത്തിൽ യാതൊന്നും തന്നെയില്ല. അവിടത്തെ സംബന്ധിച്ചിടത്തോളം ദുഷ്ടനും ശിഷ്ടനും, പണ്ഡിതനും പാമരനും, ധനികനും ദരിദ്രനും എല്ലാവരും അവിടത്തെ അംശംതന്നെ. ഈശ്വരന് ആരോടും പ്രത്യേകിച്ച് മമതയോ വിദ്വേഷമോ ഇല്ല. എന്നാൽ, അവനവൻ ചെയ്യുന്ന കർമത്തിന്റെ ഫലം ഏതൊരാളും അനുഭവിച്ചേ തീരൂ. ദുഷ്ടന്മാരെ ഈശ്വരൻ ശിക്ഷിക്കുന്നതല്ല. ഓരോരുത്തരും അവരവരുടെ കർമഫലങ്ങൾ അനുഭവിക്കുകമാത്രമാണു ചെയ്യുന്നത്.
റോഡിൽ സുരക്ഷിതമായി ഗതാഗതം നടക്കണമെങ്കിൽ ട്രാഫിക് നിയമങ്ങൾ ആവശ്യമാണ്. നിയമം തെറ്റിക്കുന്നവർക്കു ശിക്ഷയില്ലെങ്കിൽ എല്ലാവരും അത് അനുകരിക്കും. അപകടങ്ങൾ വർധിക്കും. അതുപോലെ ധർമരക്ഷയ്ക്കു ശിക്ഷ ആവശ്യമാണ്. അങ്ങനെയേ, ക്രൂരന്മാരുടെ ദുർവാസനകളെ നശിപ്പിക്കാൻപറ്റൂ. സ്നേഹംകൊണ്ട് അവയെ നശിപ്പിക്കാൻ പ്രയാസമാണ്. പശു വാഴയില തിന്നുമ്പോൾ ‘അയ്യോ പശുവേ, ഇങ്ങനെ ചെയ്യരുതേ, ഇതു തെറ്റാണ്’ എന്നുപറഞ്ഞാൽ അതു തീറ്റിനിർത്താൻ പോകുന്നില്ല. മറിച്ച് വടിയെടുത്തു ‘പോ പശുവേ’ എന്നുറക്കെ പറഞ്ഞ് ഓടിച്ചാൽ അത് ഓടും.
യേശുക്രിസ്തു ദുഷ്ടരോടു ക്ഷമിച്ചില്ലേ എന്നുചോദിക്കാം. യേശുവിനെ ശത്രുക്കൾ കുരിശിൽത്തറച്ചു, പീഡിപ്പിച്ചു. യേശുവിന്റെ യാതനകൾ കണ്ടിട്ടും അവരുടെ മനസ്സുമാറിയില്ല. സ്നേഹംകൊണ്ടുമാത്രം എല്ലാ ദുഷ്ടന്മാർക്കും മനഃപരിവർത്തനം സംഭവിക്കണമെന്നില്ല എന്നാണിതു കാണിക്കുന്നത്. മാത്രമല്ല, വേണ്ട അവസരത്തിൽ അധർമികളെ ചാട്ടവാറിനടിക്കാനും യേശു തയ്യാറായിട്ടുണ്ട്. കാരണം, അധർമികൾ പൊതുവേ സ്നേഹത്തിനു വഴങ്ങാറില്ല. സ്നേഹംകൊണ്ട് ഏതെങ്കിലും ഒരു ക്രൂരനു പരിവർത്തനംവന്നിട്ടുണ്ടെങ്കിൽ അയാളിൽ നല്ലസംസ്കാരം ഒളിഞ്ഞിരിപ്പുണ്ടായിരുന്നെന്നും തീർച്ചയാണ്. അനുകൂലസാഹചര്യത്തിൽ അതുണർന്നു എന്നുമാത്രം.
ഭഗവാന്റെ വിശ്വരൂപം ദർശിക്കാനുള്ള അവസരം അർജുനനും ദുര്യോധനനും ഒരുപോലെ ലഭിച്ചു. അർജുനന് ഭഗവാന്റെ മഹത്ത്വം തിരിച്ചറിയാൻ സാധിച്ചു. എന്നാൽ, ദുര്യോധനന് അതു സാധിച്ചില്ല. മാത്രമല്ല, ‘കാലിച്ചെറുക്കന്റെ മായാജാലമാണിതെല്ലാം’എന്നുപറഞ്ഞ് അധിക്ഷേപിക്കുകയുംചെയ്തു. വിശ്വാസവും സമർപ്പണവും ഇല്ലാത്തവർക്ക് എന്തൊക്കെ അനുഭവമുണ്ടായാലും പ്രയോജനമില്ല. അവനവന്റെ അർഹതയും സ്വഭാവവും അനുസരിച്ച് ആധ്യാത്മിക ഉപദേശങ്ങൾ ഉൾക്കൊള്ളാൻ കഴിയൂ. ദുര്യോധനനു സത്സംഗത്തെ ചെവിക്കൊള്ളാനുള്ള മനസ്സുണ്ടായിരുന്നില്ല, സ്ഥാനമാനങ്ങളും രാജ്യാധികാരവുമായിരുന്നു പ്രധാനം. ഭഗവാൻ എന്തുപറഞ്ഞാലും അതു തന്റെ നന്മയ്ക്കുവേണ്ടിയല്ല, പാണ്ഡവപക്ഷം ചേർന്നുപറയുകയാണ് എന്നുള്ള ഭാവമായിരുന്നു ദുര്യോധനന്. എന്തുപദേശിച്ചാലും എതിരായിമാത്രമേ വ്യാഖ്യാനിക്കുകയുള്ളൂ. അങ്ങനെയുള്ളവരുടെ അഹങ്കാരം ശമിപ്പിക്കാൻ ശിക്ഷകൊണ്ടുമാത്രമേ സാധിക്കൂ. ഒരർഥത്തിൽ അതു ശിക്ഷയല്ല, രക്ഷയാണ്.
പുരാണങ്ങളും മറ്റും വായിക്കുമ്പോൾ കഥയിൽമാത്രം നിൽക്കരുത്. കഥയ്ക്ക് ഉപരിയായുള്ള തത്ത്വംകൂടി ശ്രദ്ധിക്കണം. ഇങ്ങനെയുള്ള ഓരോ കഥയ്ക്കുള്ളിലും തത്ത്വം ഒളിഞ്ഞിരിപ്പുണ്ട്, നമ്മൾ അതറിയണം. എങ്കിലേ അവകൊണ്ടുള്ള ശരിയായ പ്രയോജനം ലഭിക്കുകയുള്ളൂ.
അമ്മ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..