അഭിനേതാവ് എന്നനിലയിൽ, അഭിമാനവും ആഹ്ലാദവുംനൽകുന്ന വേഷമാണ് പൂക്കാലത്തിലെ അപ്പൂപ്പൻ. കഥാപാത്രത്തെക്കുറിച്ച് പറഞ്ഞുതുടങ്ങാം...
= അഭിനയജീവിതത്തിൽ വല്ലപ്പോഴുംമാത്രം ലഭിക്കുന്ന ചില ഭാഗ്യങ്ങളാണ് ഇവയെല്ലാം. ഏറെ സന്തോഷത്തോടെയാണ് പൂക്കാലം സിനിമയിലെ അപ്പൂപ്പൻവേഷം സ്വീകരിച്ചത്. സംവിധായകൻ ഗണേഷ് രാജും നിർമാതാവ് വിനോദ് ഷൊർണൂരും ചേർന്നാണ് കഥ പറഞ്ഞത്. കഥ ഇഷ്ടമായെന്നറിയിച്ചപ്പോൾ, ‘കുട്ടേട്ടൻ (വിജയരാഘവൻ) ഓക്കെയാണെങ്കിൽ നമുക്ക് മുന്നോട്ടുപോകാം’ എന്നാണവർ പറഞ്ഞത്. അപ്പൂപ്പനായി അവരുടെ മനസ്സിൽ ഞാനാണുള്ളതെന്ന അറിവ് എനിക്കാവേശംനൽകി. ആ നിമിഷംമുതൽ ഞാൻ കഥാപാത്രത്തിനൊപ്പം ചേർന്നു.
കൊട്ടാരക്കര ശ്രീധരൻചേട്ടൻ മുൻപ് അരനാഴികനേരത്തിലെ തൊണ്ണൂറുവയസ്സുകാരന്റെ വേഷത്തിൽ അഭിനയിച്ചത് മനസ്സിലുണ്ട്. പ്രായംചെന്നൊരുവേഷം ചെയ്യണമെന്നത് വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു. ഏകലവ്യൻ, രൗദ്രം, ലീല, നസ്രാണി, നന്തുണി, പൊറിഞ്ചു മറിയം ജോസ് എന്നിവയിലെല്ലാം മുൻപ് പ്രായംചെന്ന വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും നൂറുവയസ്സുകാരനായിട്ട് ഇതാദ്യമായിട്ടാണ്. തമാശയുടെ അകമ്പടിയിൽ മുന്നോട്ടുപോകുന്ന ഒരു കുടുംബചിത്രമാണ് പൂക്കാലം.
നൂറുവയസ്സുകാരനായി ക്യാമറയ്ക്ക് മുന്നിലേക്കെത്തുമ്പോൾ, മുന്നൊരുക്കങ്ങൾ...
= കഥാപാത്രമാകാൻ മനസ്സുകൊണ്ടുറപ്പിച്ചുകഴിഞ്ഞാൽ കണ്ടതുംകേട്ടതുമായ കാര്യങ്ങളെല്ലാം നമ്മളിലേക്ക് കയറിവരും. നടൻ കഥാപാത്രമായിമാറിയെന്ന വിലയിരുത്തലിനോട് എനിക്ക് യോജിപ്പില്ല. നടനിലൂടെ കഥാപാത്രത്തെ സൃഷ്ടിക്കുന്ന പ്രക്രിയയെ അഭിനയമെന്ന് പറയാനാണിഷ്ടം. പലകാര്യങ്ങളെ സംയോജിപ്പിച്ച് ഞാനെന്ന കാൻവാസിലേക്ക് കഥാപാത്രത്തെ എത്തിക്കുന്നതാണ് എന്റെ രീതി.
നൂറുവയസ്സുള്ള ആളുമായി അടുത്തകാലത്തൊന്നും ഇടപെട്ടതായി ഓർമയിലില്ല. നൂറാണ്ട് ഈ ഭൂമിയിൽ ജീവിച്ച, ഒന്നിലധികം തലമുറകളെ കണ്ട അനുഭവസമ്പത്തുള്ള ആളെ നേരിൽക്കാണുന്നത് നന്നായിരിക്കുമെന്ന് തോന്നി. അങ്ങനെയാണ് എന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെ കാഞ്ഞിരപ്പള്ളിയിലെ ഒരു വീട്ടിലേക്ക് പോയത്. റിട്ടയേഡ് അഡ്വക്കേറ്റായ അദ്ദേഹത്തിന് പ്രായം നൂറ് കഴിഞ്ഞെങ്കിലും കാഴ്ചയിൽ എൺപത് എൺപത്തഞ്ചേ തോന്നിയുള്ളൂ. അദ്ദേഹവുമായി സമയംചെലവിട്ടത് കഥാപാത്രത്തിന് വലിയ ഗുണംചെയ്തു. ആ പ്രായത്തിലുള്ള ഒരാളുടെ ജീവിതവീക്ഷണം, കാഴ്ചപ്പാട്, പെരുമാറ്റം അതെല്ലാം മനസ്സിലാക്കിത്തരാൻ ആ കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞു.
ശാരീരികമായ മാറ്റം എത്രത്തോളം വെല്ലുവിളി
നിറഞ്ഞതായിരുന്നു...
= പോസ്തറ്റിക് മേക്കപ്പായിരുന്നു ആദ്യം കരുതിവെച്ചത്. എന്നാൽ, എന്റെ കണ്ണിന്റെ ഭാഗങ്ങളും വായ്ഭാഗവുമെല്ലാം പൂർണമായി കൊട്ടിയടച്ചുകൊണ്ടുള്ള രൂപമാറ്റത്തിന് ഞാനൊരുക്കമായിരുന്നില്ല. തിരക്കഥ കേട്ടുകഴിഞ്ഞപ്പോൾത്തന്നെ കഥാപാത്രത്തിന്റെ ഏതാണ്ടൊരു രൂപം എന്റെ മനസ്സിലുണ്ടായിരുന്നു. ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളുടെ ഒട്ടുമിക്ക രൂപങ്ങളും ഞാൻകൂടി ചേർന്നിരുന്ന് ചർച്ചചെയ്താണ് ചിട്ടപ്പെടുത്തിയത്. റാംജിറാവുവിന്റെ വസ്ത്രധാരണവും ഹെയർസ്റ്റൈലും ചേറാടി കറിയയുടെ മീശയും കൃതാവുമെല്ലാം നിശ്ചയിച്ചത് അങ്ങനെയായിരുന്നു. റോണക്സ് സേവ്യറിനൊപ്പം ചേർന്നാണ് പൂക്കാലത്തിലെ അപ്പൂപ്പന്റെ രൂപം ചിട്ടപ്പെടുത്തിയത്. കഥാപാത്രത്തിനായി ശരീരഭാരം പത്തുകിലോ കുറച്ചു. അരി, ഗോതമ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, മധുരം എല്ലാം ഒഴിവാക്കിയുള്ള നീക്കമായിരുന്നു അത്. മുടിവടിച്ചും പുരികം പാതിക്കളഞ്ഞും കൈകാലുകളിലെ നഖം നീട്ടിയും കഥാപാത്രത്തിനായി തയ്യാറെടുത്തു. പ്രായംചെന്നവരുടെ ശരീരത്തിൽ കാണുന്ന ചുളിവുകൾ കലകൾ എന്നിവയെല്ലാം ശ്രദ്ധിച്ചുള്ള ഡീറ്റെയിലിങ്ങിലൂടെയാണ് മേക്കപ്പ് മുന്നോട്ടുപോയത്. അപ്പൂപ്പന്റെ വേഷത്തിലേക്ക് മാറാൻ മൂന്നാലുമണിക്കൂർ മേക്കപ്മാന് മുന്നിലിരുന്നു.
സിനിമാ അഭിനയത്തിൽ അമ്പതുവർഷം പിന്നിടുകയാണ്, ചലച്ചിത്രലോകത്തെ പുതിയ ചുവടുവെപ്പുകളെ, തലമുറമാറ്റത്തെ എങ്ങനെ കാണുന്നു.
= നാടകത്തിനും പിന്നീട് സിനിമയ്ക്കൊപ്പവും വളർന്ന ജീവിതമാണ് എന്റേത്. പലമാറ്റങ്ങളും തൊട്ടരികിൽനിന്ന് കാണാൻകഴിഞ്ഞിട്ടുണ്ട്. സിനിമ ഇന്ന് ന്യൂജെൻ പിള്ളേർക്കൊപ്പമാണെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ല. എന്റെ കാഴ്ചപ്പാടിൽ സിനിമയ്ക്കുള്ളിൽ രണ്ട് വിഭാഗമേയുള്ളൂ, അത് ജോലി അറിയുന്നവരും ജോലി അറിയാത്തവരുമാണ്. ന്യൂജെൻ സിനിമ എന്നൊക്കെയുള്ള പ്രയോഗം പല കാലങ്ങളിലും കേട്ടിട്ടുണ്ട്. സിനിമയിൽ എല്ലാക്കാലത്തും പുതിയരീതികൾ കടന്നുവന്നുകൊണ്ടിരിക്കും. നാടകഭാഷ പൊളിച്ചെഴുതി സിനിമയിലേക്ക് ചുവടുവെച്ച എഴുപതുകളിൽ നടന്നത് വലിയ മാറ്റമാണ്. ഇന്നത്തെ കുതിപ്പ് പ്രധാനമായും ടെക്നിക്കലായുള്ളതാണ്. ക്യാമറ ആംഗിൾ, എഡിറ്റിങ്, സൗണ്ട് അതിലെല്ലാം നൂതനമായ ഒട്ടേറെ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.
നാടകത്തിനൊപ്പമായിരുന്നു വളർച്ച. അരങ്ങിന്റെ അലകളേറ്റ് വളർന്ന ബാല്യം, അഭിനയജീവിതത്തിന് കരുത്തേകിയ ആ കാലം, ഓർമകൾ...
= ജീവിതത്തിൽ ഏറ്റവുംകൂടുതൽ സ്വാധീനംചെലുത്തിയത് അച്ഛനാണ് (എൻ.എൻ. പിള്ള). സ്റ്റേജിൽ എന്നെ അദ്ഭുതപ്പെടുത്തിയത് ചിറ്റയാണ് (അച്ഛന്റെ സഹോദരി- ജി. ഓമന). കഥാപാത്രത്തെ ചിറ്റയിലേക്ക് എത്തിക്കുന്ന മാജിക് ഞാൻ അതിശയത്തോടെ നോക്കിനിന്നിട്ടുണ്ട്. സ്റ്റേജിലെ അവരുടെ പ്രകടനങ്ങൾ കണ്ട് ഒപ്പം അഭിനയിച്ചവർ ഡയലോഗ് മറന്ന് നിന്നുപോയതിന് ഞാൻ സാക്ഷിയാണ്. കഥാപാത്രമാകുന്നതോടെ ചിറ്റയുടെ നടപ്പും ഭാവവും കണ്ണിന്റെ ഇമവെട്ടലുംവരെ മാറും. നാടകരചനയിൽ ഏർപ്പെടുന്ന അച്ഛന്റെ ചിത്രം ഇന്നും മനസ്സിലുണ്ട്. പുതിയ നാടകത്തിന് അഡ്വാൻസ് വാങ്ങി, ദിവസം പ്രഖ്യാപിച്ചുകഴിഞ്ഞാലും എഴുത്ത് തുടങ്ങിയിട്ടുണ്ടാകില്ല, എഴുത്ത് തുടങ്ങുമ്പോഴെല്ലാം അച്ഛന് ശക്തമായ പനിവരുമായിരുന്നു. പനിവരാതെ എന്റെ ഓർമയിൽ അച്ഛനൊരു നാടകവും എഴുതിയിട്ടില്ല. എഴുതിയ കഥാപാത്രങ്ങളെ അച്ഛൻ അഭിനേതാക്കൾക്ക് പഠിപ്പിച്ചുനൽകുന്ന രീതി കണ്ടാണ് ഞാൻ വളർന്നത്. ഒരു കഥാപാത്രത്തെ വിവരിക്കുമ്പോൾ അയാളുടെ തുടക്കംമുതലുള്ള ജീവിതസാഹചര്യങ്ങൾ പറയും. അയാൾ ഏതെല്ലാം ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയെന്നും ഇന്ന് എവിടെ, ഏത് മാനസികാവസ്ഥയിൽ എത്തിനിൽക്കുന്നു എന്നുവരെ വിശദമായി വിവരിക്കും. എല്ലാം പറഞ്ഞുകൊടുത്ത് കഥാപാത്രമാകാൻ അഭിനേതാവിനെ ഉന്തിവിടുകയാണ്. തെറ്റുമ്പോൾ, ഒരു ഷോക്ക് നൽകുന്ന പെരുമാറ്റമുണ്ടാകും. പിണങ്ങിമാറിനിൽക്കുകയും മൊന്തയെടുത്ത് എറിഞ്ഞ് പ്രതികരിക്കുകയും ചെയ്യുന്ന അച്ഛനെ പലതവണ കണ്ടിട്ടുണ്ട്. എന്നാൽ, കഥാപാത്രത്തിന്റെ താളം അഭിനേതാവ് പിടിച്ചെടുക്കുന്നതോടെ പിന്നെ അയാൾ ചെയ്യുന്നതെല്ലാം അച്ഛന്റെ കണ്ണിൽ ‘ഓക്കെ’യാണ്. ഇനി അയാൾ പറയുന്നതാണ് ശരിയെന്ന ഭാവത്തിൽ അച്ഛൻ പിൻവലിയും. ഇത്തരം അനുഭവസമ്പത്തുകളെല്ലാം എന്റെ അഭിനയജീവിതത്തിന് വലിയ ഗുണംചെയ്തിട്ടുണ്ട്. ഇതെല്ലാം കണ്ടും കേട്ടും പഠിച്ച് നടനാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്.
ഒരു സിനിമയുടെ ഭാഗമാകാൻ തീരുമാനിക്കുന്നത്, കഥാപാത്രത്തെ സ്വീകരിക്കുന്നത്- എന്തെല്ലാം കാര്യങ്ങൾ മുൻനിർത്തിയാണ്...
= സിനിമകളുടെയും വേഷങ്ങളുടെയും തിരഞ്ഞെടുപ്പിൽ ഞാനൊട്ടും സെലക്റ്റീവല്ല. തൃപ്തികരമായ കഥയ്ക്കും കഥാപാത്രങ്ങൾക്കുമൊപ്പംമാത്രമേ സഞ്ചരിക്കൂ എന്ന് തീരുമാനിച്ചാൽ ഞാൻ വീട്ടിലിരിക്കേണ്ടിവരും. വ്യത്യസ്തവും വലിയ അഭിനയസാധ്യതയുള്ളതുമായ വേഷങ്ങൾ വല്ലപ്പോഴുമൊക്കെമാത്രമേ ഒരു അഭിനേതാവിനെ തേടിയെത്തുകയുള്ളൂ. അഭിനയം ജോലിയാണെന്ന തിരിച്ചറിവുണ്ട്. അതുകൊണ്ടുതന്നെ തീർത്തും കുഴപ്പംപിടിച്ചതാണെന്ന് ബോധ്യപ്പെട്ടാൽമാത്രമേ വേഷങ്ങളോട് ‘നോ’ പറയാറുള്ളൂ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..