കെ. ജയകുമാർ | ഫോട്ടോ: മാതൃഭൂമി
വിദ്യാഭ്യാസവകുപ്പിന്റെ സെക്രട്ടറിയായി ചുമതലയേറ്റ് പുതിയമന്ദിരത്തിലേക്ക് മാറി. അക്കാലത്തെ ഏറ്റവുംപ്രധാനപ്പെട്ട പദ്ധതിയായിരുന്നു ഡി.പി.ഇ.പി.; ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടതും. മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന കെ.ജയകുമാറിന്റെ ആത്മകഥയായ 'സഞ്ചാരത്തിന്റെ സംഗീത'ത്തിന്റെ പത്തൊമ്പതാം അധ്യായം വായിക്കാം....
1996 മേയ് മാസത്തോടെ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറായി ഞാന്‍ കൃത്യം പന്ത്രണ്ടുമാസം പൂര്‍ത്തിയാക്കിയിരുന്നു. ഭരണമാറ്റത്തെത്തുടര്‍ന്ന് ഉദ്യോഗസ്ഥതലത്തിലെ മാറ്റങ്ങളുടെ വേലിയേറ്റത്തില്‍ ഞാന്‍ വിദ്യാഭ്യാസസെക്രട്ടറിയായി; ലിഡാ ജേക്കബ് വിദ്യാഭ്യാസ ഡയറക്ടറായി.
വിദ്യാഭ്യാസമന്ത്രിയായ പി.ജെ. ജോസഫ് സാര്‍ ഒരു ഗായകന്‍കൂടിയായതുകൊണ്ടാവണം, എനിക്കെപ്പോഴും സവിശേഷമായ സ്‌നേഹവും വിശ്വാസവും നല്‍കി. ഡി.പി.ഐ.യായി നിയമിതയായ ലിഡാ ജേക്കബ് എനിക്ക് ആലപ്പുഴക്കാലംമുതല്‍ക്കേ സുപരിചിത. അങ്ങനെ എല്ലാംകൊണ്ടും അനുകൂലമായ അന്തരീക്ഷത്തില്‍ സ്‌കൂള്‍വിദ്യാഭ്യാസവകുപ്പിന്റെ സെക്രട്ടറിയായി ചുമതലയേല്‍ക്കുമ്പോള്‍ ഏറ്റവുംവലിയ കൈമുതല്‍ വിദ്യാഭ്യാസഡയറക്ടറായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുതന്നെയായിരുന്നു. ആ അനുഭവസമ്പത്ത് നേടുന്നതിന് എന്നെ സഹായിച്ച ഡി.പി.ഐ. ഓഫീസിലെ ഒട്ടേറെ സഹപ്രവര്‍ത്തകരുണ്ട്. അക്കൂട്ടത്തില്‍ ഗോപാലന്‍ എന്ന അഡീഷണല്‍ ഡയറക്ടറാണ് കെ.ഇ.ആര്‍. എന്ന 'കരിമല' കയറാന്‍ എന്നെ സഹായിച്ച ഗുരുസ്വാമി. വിദ്യാഭ്യാസവകുപ്പിനെക്കുറിച്ച് ഇത്ര ഗാഢമായ അറിവും അനുഭവജ്ഞാനവും സമര്‍പ്പണബോധവുമുള്ള വ്യക്തികളെ വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരുകള്‍ക്കും പൊതുസമൂഹത്തിനും പലപ്പോഴും കഴിയാറില്ല.
പുതിയസര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ത്തന്നെ ഒരു വകുപ്പിന്റെ സെക്രട്ടറിയാകാന്‍ കഴിയുക നല്ലകാര്യമാണ്. സാമാന്യം നീണ്ട അഞ്ചുവര്‍ഷത്തെ യാത്രയാരംഭിക്കാമെന്ന വിശ്വാസം. പരിഷ്‌കാരങ്ങളും മാറ്റങ്ങളും നടപ്പാക്കുന്നതിനും വകുപ്പിന് പുതിയൊരു ഉണര്‍വും ലക്ഷ്യബോധവും കൊടുക്കുന്നതിനുമുള്ള അവസരം. മന്ത്രിയും സെക്രട്ടറിയുമായുള്ള ബന്ധം നല്ലതാണെങ്കില്‍ നമ്മുടെ കര്‍മശേഷി തഴയ്ക്കും. മന്ത്രിയുമായും വകുപ്പുമേധാവിയുമായും മറ്റുദ്യോഗസ്ഥരുമായും നല്ലബന്ധം പുലര്‍ത്താനായാല്‍ യാത്ര സുഗമവും ക്രിയാത്മകവുമാവും.
തലപ്പത്തിരുന്ന് എപ്പോഴും കുറ്റം കണ്ടുപിടിക്കാനല്ല, പുതിയ ആശയങ്ങളാല്‍ പ്രചോദിതരായി നമുക്ക് ഈ വകുപ്പിനെ നന്നാക്കാം എന്ന വിചാരവും വിശ്വാസവും പങ്കിടാനാണ് സെക്രട്ടറി ശ്രമിക്കേണ്ടതെന്ന് എനിക്ക് പൂര്‍ണബോധ്യംവന്ന കാലയളവായിരുന്നു അത്. തിരിഞ്ഞുനോക്കുമ്പോള്‍ ആ നാളുകളുടെ ഓര്‍മപോലും സംതൃപ്തി പകരുന്നു. ഒപ്പംപ്രവര്‍ത്തിച്ച അനേകംപേരുടെ മുഖങ്ങളുടെ മൊണ്ടാഷ് മനസ്സില്‍ തെളിഞ്ഞ് മായുന്നു.
ജീവിതത്തെക്കുറിച്ച് എത്ര കൃതജ്ഞതയോടെ വിചാരിക്കുമ്പോഴും ചിലപ്പോള്‍ ഒരുപരിതാപം മണ്ണിലെ മഴനനവുപോലെ നമ്മള്‍ അനുഭവിക്കും. എത്ര കമനീയമാണോ ഓര്‍മകള്‍, അത്രയും തീക്ഷ്ണമായിരിക്കും പരിതാപം. ജീവിതത്തില്‍ ഒന്നും ആവര്‍ത്തിക്കുന്നില്ലെന്ന അറിവാണ് ആ പരിതാപത്തിന്റെ പൊരുള്‍. അനുഭവങ്ങള്‍ ഓര്‍മകളാവുന്നു; പുതിയ അനുഭവങ്ങള്‍ ഭവിക്കുന്നു. ഓര്‍മകളില്‍ അഭിരമിച്ച് ആ നഷ്ടഭംഗികളുടെ അയഥാര്‍ഥ യാഥാര്‍ഥ്യം (virtual reality) അനുഭവിക്കാമെന്നുമാത്രം. പഴയ ആല്‍ബം നോക്കുന്ന സുഖം! ആ ദിവസങ്ങള്‍ ഇനി ഒരിക്കല്‍ക്കൂടി നമുക്ക് സ്വന്തമാവുകയില്ലല്ലോ എന്ന വാസ്തവം ഉള്‍ക്കൊള്ളുമ്പോള്‍ ജീവിക്കുന്ന ഓരോ നിമിഷത്തിന്റെയും അനന്യമൂല്യം നാമറിയും.
സെക്രട്ടേറിയറ്റിലെ ഏറ്റവുംകൂടുതല്‍ അംഗബലമുള്ള വകുപ്പുകളിലൊന്നാണ് പൊതുവിദ്യാഭ്യാസം. അതുകൊണ്ടുതന്നെ പുതുതായി നിലവില്‍വന്ന സെക്രട്ടേറിയറ്റ് അനെക്‌സിലേക്ക് ഞങ്ങളുടെ വകുപ്പ് മാറണമെന്ന് തീരുമാനിക്കപ്പെട്ടു. അപ്പോള്‍ ആ കെട്ടിടത്തിലേക്ക് ഒരുവകുപ്പും മാറിയിരുന്നില്ല. എല്ലാം ഒഴിഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവ് വന്നു, നിശ്ചിതദിവസത്തിനകം പൊറുതിമാറണമെന്ന്. പക്ഷേ, ജീവനക്കാര്‍ക്കൊന്നും വലിയ ഉത്സാഹമില്ല. പഴയ സെക്രട്ടേറിയറ്റിന്റെ സുഖവും പ്രൗഢിയും പുതിയ അനെക്‌സില്‍ കിട്ടുമോ? ഒന്നുരണ്ടു ചര്‍ച്ചകളൊക്കെ നടത്തിയെങ്കിലും ഞാനും വലുതായി നിര്‍ബന്ധിച്ചില്ല.
ഒരുദിവസം ചീഫ് സെക്രട്ടറി മോഹന്‍കുമാര്‍ സാര്‍ എന്നെ വിളിപ്പിക്കുന്നു: ''അടുത്ത തിങ്കളാഴ്ച മാറിക്കൊള്ളണം. മന്ത്രിസഭാതീരുമാനമാണ്. ഇല്ലെങ്കില്‍ സെക്രട്ടറിയുടെ മേല്‍ നടപടിയെടുക്കേണ്ടിവരും''. അന്ത്യശാസനമാണ്. എതിര്‍ത്തുപറയാന്‍ ഒന്നുമില്ല. മന്ത്രി തുടര്‍ന്നും പഴയ മന്ദിരത്തില്‍ത്തന്നെയായിരിക്കും. റോഡിന്റെ മറുവശത്തെ കെട്ടിടത്തില്‍നിന്ന് മന്ത്രിക്ക് ഫയലുകള്‍ അയക്കുന്നതിന്റെ പ്രായോഗികബുദ്ധിമുട്ടുകളുടെ കെട്ടഴിക്കാനൊന്നും പഴുതുണ്ടായില്ല. അപ്പോള്‍ ഞാന്‍ വെറുതേ ഒരു കുറുമ്പ് പറഞ്ഞു: ''മന്ത്രി അങ്ങോട്ടുവരാത്ത സാഹചര്യത്തില്‍ മന്ത്രിക്കുകരുതിയ മുറി ഞാനെടുക്കും''. അതൊന്നും പറ്റില്ല എന്ന് ചീഫ് സെക്രട്ടറി പറയുമെന്നും അങ്ങനെ വ്രണിതനായി മുറിവിടാമെന്നും എന്റെ പാഴ്മനസ്സ് കണക്കുകൂട്ടിയിരിക്കണം. ''നിങ്ങള്‍ ഏതുമുറി വേണമെങ്കിലും എടുത്തോളൂ. ഒന്നോ രണ്ടോ മുറികള്‍ എടുത്തോളൂ. ഐ ഡോണ്ട് കെയര്‍. മെയിന്‍ ബ്ലോക്കില്‍നിന്ന് തിങ്കളാഴ്ച ഇറങ്ങണം'' -അതായിരുന്നു പ്രതികരണം.
അങ്ങനെ ആദ്യത്തെ അനെക്‌സ് മന്ദിരത്തിലെ ആദ്യത്തെ താമസക്കാരായിമാറി പൊതുവിദ്യാഭ്യാസവകുപ്പ്. എണ്ണമറ്റ ഫയലുകളും പേപ്പറുകളും കസേരകളും മേശകളും അലമാരകളുമൊക്കെയായി അഭയാര്‍ഥികളെപ്പോലെ ഞങ്ങള്‍ പുതിയ കെട്ടിടത്തില്‍ പ്രവേശിച്ചു. മന്ത്രിക്കുകരുതിയ വിശാലമായ മുറി ഞാന്‍ ഒഴിച്ചിട്ടില്ല. ഒരുപക്ഷേ, അപൂര്‍വമായ ഈ കുടിയിറക്കല്‍ ദുരിതങ്ങള്‍ ഒന്നിച്ചുനേരിട്ടതുകൊണ്ടാകണം ആ വകുപ്പുമായും സഹപ്രവര്‍ത്തകരുമായും എനിക്ക് ഇത്രവലിയ ഹൃദയബന്ധം സ്ഥാപിക്കാനായത്. സത്യംപറഞ്ഞാല്‍ പഴയ മന്ദിരത്തെക്കാള്‍ എന്തുകൊണ്ടും സുഖകരമായിരുന്നു പുതിയ ലാവണം. പ്രവര്‍ത്തനനിരതമായ അഞ്ചുവര്‍ഷത്തിലേറെക്കാലത്തിന് ആ ഓഫീസ് സാക്ഷിയായി. നോക്കിത്തീര്‍ത്ത ആയിരമായിരം ഫയലുകള്‍, ഒപ്പംപ്രവര്‍ത്തിച്ച് സ്വാഭാവികമായി പിരിഞ്ഞുപോയ ഒട്ടേറെ സഹപ്രവര്‍ത്തകര്‍, നടത്തിയ അസംഖ്യം മീറ്റിങ്ങുകള്‍, കൈക്കൊണ്ട തീരുമാനങ്ങള്‍, ചിലപ്പോഴൊക്കെ അനുഭവിച്ച ആകാംക്ഷകള്‍... സംഭവബഹുലമായിരുന്നു ആ ദിവസങ്ങള്‍. സ്ഥായിയായ ചില പ്രവര്‍ത്തനങ്ങളും ഓര്‍മയില്‍നിന്ന് മായാത്ത ചില ചിത്രങ്ങളും മാത്രമേ കുറിക്കുന്നുള്ളൂ.
'ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്' പദ്ധതിയുടെ കീഴില്‍ പ്രൈമറിക്ലാസിലെ കുട്ടികള്‍ക്കുവേണ്ട പഠനോപകരണങ്ങള്‍ അടങ്ങുന്ന പെട്ടി എല്ലാ സ്‌കൂളുകളിലും കൊടുത്തിരുന്നു. ഓഡിറ്റിനെ പേടിച്ച് പല ഹെഡ്മാസ്റ്റര്‍മാരും പെട്ടി തുറന്നതുതന്നെയില്ല. ഒരു അവലോകനയോഗത്തില്‍ ''ഓപ്പറേഷന്‍ ബ്ലാക്ക്ബോര്‍ഡിലെ പഠനോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വല്ലതും സംഭവിച്ചോ'' എന്നുഞാന്‍ നിര്‍ദോഷമായി ആരാഞ്ഞു.
''ഇല്ല എല്ലാം ഭദ്രമാണ്'' എന്ന് മറുപടിവന്നപ്പോള്‍ ''പെട്ടി ഭദ്രമാണെങ്കില്‍ അത് തുറന്നിട്ടില്ലെന്നും കുട്ടികള്‍ ഉപയോഗിച്ചിട്ടില്ലെന്നുമാണല്ലോ അര്‍ഥം. കേടാവാത്ത പെട്ടി കൈവശമുള്ള പ്രധാനാധ്യാപകര്‍ക്കെതിരേ നടപടിയാരംഭിക്കുകയാണ്'' എന്നുഞാന്‍ പറഞ്ഞത് അവരെ ആശയക്കുഴപ്പത്തിലാക്കി. പിന്നീടൊരിക്കല്‍ സ്‌കൂള്‍ലൈബ്രറിയിലെ പുസ്തകങ്ങളില്‍ എത്രശതമാനം കേടാകാറുണ്ട് എന്ന ചോദ്യത്തിനും ''എല്ലാം ഭദ്രം'' എന്ന ഉത്തരംകിട്ടി. പത്തുശതമാനം പുസ്തകങ്ങള്‍ കേടാകാമെന്ന് അനുവദിച്ചുകൊണ്ട് ഒരു സ്പഷ്ടീകരണം സര്‍ക്കാര്‍തലത്തില്‍ പുറപ്പെടുവിക്കുകയും ചെയ്തു. (ഇപ്പോഴും സ്‌കൂള്‍ലൈബ്രറികളിലെ പുസ്തകങ്ങള്‍ 'നുള്ളാത്ത തളിര്‍പോലെ, മീട്ടാത്ത ശ്രുതിപോലെ, നുകരാത്ത മധുപോലെ'യാണോ എന്നെനിക്ക് നിശ്ചയമില്ല.)
എസ്.സി.ഇ.ആര്‍.ടി. ശക്തിപ്പെടുത്തി എന്നുകേള്‍ക്കുമ്പോള്‍ അതൊരു അനായാസകൃത്യമായിരുന്നുവെന്നു ധരിക്കരുത്. അവിടെയുള്ള വിവിധ വകുപ്പുകളിലും ലൈബ്രറിയിലും നിയമനം നടത്തുക എന്ന വലിയദൗത്യം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയതിന് എനിക്കുകിട്ടിയ പ്രതിഫലം കുറെ ഊമക്കത്തുകളും കുപ്രസിദ്ധമായ ഒരു മാസികയിലെ മുഖചിത്രവുമായിരുന്നു. 'വരുമോരോ ദശ വന്നപോലെ പോം' എന്ന് സമാധാനിക്കാമെങ്കിലും അന്തരീക്ഷത്തില്‍ ഏഷണിയുടെ അണുബാധയുള്ള സമയം മനഃസമാധാനം ഭംഗപ്പെടുകതന്നെ ചെയ്യും. 'ഇതൊന്നും എന്നെ ബാധിക്കുന്നില്ല' എന്ന് പുറമേ നടിക്കുമെങ്കിലും.
ആ കാലയളവില്‍ ഔദ്യോഗികമായും വ്യക്തിപരമായും ഏറ്റവുമധികം ഊര്‍ജം വ്യയം ചെയ്യേണ്ടിവന്നത് ലോകബാങ്കിന്റെ സഹായത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജില്ലാ പ്രൈമറി എജ്യുക്കേഷന്‍ പ്രോഗ്രാമിന് (ഡി.പി.ഇ.പി.) വേണ്ടിയായിരുന്നു. ഒരുപക്ഷേ, കേരളത്തിന്റെ വിദ്യാഭ്യാസചരിത്രത്തില്‍ ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ടതും അകാരണമായി വിമര്‍ശിക്കപ്പെട്ടതുമായ മറ്റൊരു പദ്ധതിയില്ല. പില്‍ക്കാലത്ത് 'മൂന്നാര്‍ ഓപ്പറേഷനി'ലൂടെ കൂടുതല്‍ പ്രശസ്തിനേടിയ സുരേഷ് കുമാറായിരുന്ന പ്രോജക്ട് ഡയറക്ടര്‍. തന്നെമറന്ന് വിശ്രമമില്ലാതെ ജോലിചെയ്യാന്‍ സാധിക്കുന്ന അദ്ഭുതമനുഷ്യന്‍.
ഇന്ത്യയിലെ പ്രാഥമികവിദ്യാഭ്യാസം മെച്ചപ്പെടുത്താനായി തിരഞ്ഞെടുത്ത ജില്ലകളിലാരംഭിച്ച പദ്ധതിയാണ് ഡി.പി.ഇ.പി. സംസ്ഥാനങ്ങള്‍ക്ക് കുറച്ചു സ്വാതന്ത്ര്യമൊക്കെയുണ്ട്, മുന്‍ഗണന തീരുമാനിക്കുന്നതിലും മറ്റും. സ്‌കൂള്‍കെട്ടിടങ്ങളുടെ അഭാവമോ കുട്ടികള്‍ സ്‌കൂളില്‍ ചേരാത്തതോ കൊഴിഞ്ഞുപോക്കോ അല്ല നിലവാരത്തിന്റെ കുറവാണ് കേരളത്തിലെ പ്രൈമറിവിദ്യാഭ്യാസം നേരിടുന്ന വലിയ പോരായ്മയെന്ന് വിലയിരുത്തിയത് ലോകബാങ്കല്ല, നമ്മളാണ്.
മോഡറേഷനില്ലാതെ(അന്ന്) അറുപതുശതമാനം കുട്ടികളും എസ്.എസ്.എല്‍.സി.ക്ക് തോറ്റിരുന്നതിന്റെ അടിസ്ഥാനഹേതു പ്രൈമറിക്ലാസ് മുതല്‍ വിദ്യാര്‍ഥിക്ക് പഠിത്തത്തിലുണ്ടാകുന്ന താത്പര്യക്കുറവാണ്. അതിനു പലകാരണങ്ങളുണ്ട്. രസകരമായ പഠനാന്തരീക്ഷവും പഠിത്തത്തിന്റെ ഭാഗമായുള്ള പാട്ടുംകളിയുമൊക്കെ ഉണ്ടെങ്കില്‍ പ്രൈമറിക്ലാസുകളില്‍നിന്ന് ഓരോ കുട്ടിയും സ്വാഭാവികമായി അവശ്യംവേണ്ട അറിവുകളും നൈപുണികളും ആര്‍ജിക്കും. ഡി.പി.ഇ.പി.യിലെ വിഭവലഭ്യതയും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും പരമാവധി ഉപയോഗപ്പെടുത്തി പ്രാഥമിക വിദ്യാഭ്യാസത്തില്‍ അദ്ഭുതങ്ങള്‍ കാണിക്കാമെന്ന് ഞങ്ങള്‍ കിനാവുകണ്ടു. മികച്ച പാഠപുസ്തകങ്ങള്‍ നിലവില്‍വന്നു. അധ്യാപകപരിശീലനം ഡി.പി.ഇ.പി.യില്‍ വ്യാപകമായി.
രക്ഷിതാക്കള്‍ക്ക് ഈ പദ്ധതിയിലും സമീപനത്തിലും വലിയ എതിപ്പുണ്ടായിരുന്നില്ല. എന്നാല്‍, പലകോണുകളില്‍നിന്ന് ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനങ്ങളുയര്‍ന്നുകൊണ്ടിരുന്നു. ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതില്‍ ലോകബാങ്കിന്റെ ഗൂഢോദ്ദേശ്യം കണ്ടെത്തി. മറ്റുചിലര്‍ ഇതില്‍ നമ്മുടെ വിദ്യാഭ്യാസനേട്ടങ്ങള്‍ തകര്‍ക്കാനുള്ള ആഗോള ഉപജാപം കണ്ടു. കാര്യങ്ങള്‍ മനസ്സിലായപ്പോള്‍മുതല്‍ ഞാന്‍ ഈ പദ്ധതിയുടെയും സമീപനത്തിന്റെയും അപ്പോസ്തലനായിമാറി. സര്‍ക്കാര്‍ എല്ലാപിന്തുണയും നല്‍കി. ഇതിന്റെ ഗുണങ്ങളെപ്പറ്റി ബോധ്യമുണ്ടായിരുന്ന വിദ്യാഭ്യാസമന്ത്രി എല്ലാവേദികളിലും ഡി.പി.ഇ.പി.യുടെ നേട്ടങ്ങള്‍ വിശദീകരിച്ചു. കേരളത്തിലങ്ങോളമിങ്ങോളം നാനൂറോളം 'വിശദീകരണ യോഗങ്ങളില്‍' ഞാനും പങ്കെടുത്തു. പ്രസംഗം കേള്‍ക്കുമ്പോള്‍ ശ്രോതാക്കള്‍ നമുക്കൊപ്പം; കേട്ടുകഴിഞ്ഞ് അവര്‍ വീണ്ടും ഡി.പി.ഇ.പി. വിമര്‍ശകരാവുന്ന വിചിത്രാനുഭവം!
എന്തൊക്കെ പറഞ്ഞിട്ടും ചില അധ്യാപകസംഘടനകള്‍ക്കും കുറെ ബുദ്ധിജീവികള്‍ക്കും ഇതിലെന്തെങ്കിലും നല്ലതുണ്ടെന്നു ബോധ്യമാവുന്നില്ല. ആ കടമ്പ അതിജീവിക്കാനായി അധ്യാപകസംഘടനകളുടെ ഒരു പരിശോധനാസമിതി രൂപവത്കരിച്ചു. പ്രധാനപ്പെട്ട എല്ലാ സംഘടനാനേതാക്കളെയും അതില്‍ ഉള്‍പ്പെടുത്തി. 'നിങ്ങള്‍പോയി കണ്ടിട്ട് പരിശീലനത്തിലോ ക്ലാസ് മുറികളിലോ എന്താണ് പ്രശ്‌നമെന്ന് പരിശോധിച്ചുവരൂ. നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉള്‍ക്കൊള്ളും'. കുറച്ചുകാലം ആ ക്രമീകരണം വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോയി. എതിര്‍പ്പുകള്‍ കുറഞ്ഞുവന്നെന്നു മാത്രമല്ല, നല്ല വിലയിരുത്തലുകള്‍ പ്രബലമാകാന്‍ തുടങ്ങുകയുംചെയ്തു. രാഷ്ട്രീയംമറന്ന് പരിശോധനാദൗത്യം ഏറ്റെടുത്ത സംഘടനാഭാരവാഹികളിലെ അധ്യാപകസ്വത്വം അവരെ കര്‍മനിരതരാക്കി.
മറ്റൊരുസമിതിയെക്കൂടി സര്‍ക്കാര്‍ നിയോഗിച്ചു. പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍ അധ്യക്ഷനും പ്രൊഫ. ഹൃദയകുമാരി, ഡോ. എം.എം. ബഷീര്‍ എന്നിവര്‍ അംഗങ്ങളുമായി മറ്റൊരു വിദഗ്ധസമിതിയും രൂപവത്കരിച്ചു. ഡി.പി.ഇ.പി. പിന്തുടരുന്ന പാഠ്യപദ്ധതിക്കും ബോധനരീതിക്കും ന്യൂനതകളുണ്ടോ? എങ്കില്‍ അവ എങ്ങനെ പരിഹരിക്കാമെന്ന് പഠിക്കുകയായിരുന്നു ആ സമിതിയുടെ ദൗത്യം. ആ പഠനവും പദ്ധതിയെ തള്ളിപ്പറഞ്ഞില്ല. അതിനിടെ പ്രോജക്ട് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സുരേഷ് കുമാര്‍ മാറിയിരുന്നു. തുടര്‍ന്ന്, പി.എച്ച്. കുര്യന്‍ പ്രോജക്ട് ഡയറക്ടറായി.
പദ്ധതിയെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ സമൂഹത്തിനെ അറിയിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകിയിരിക്കവേ, ഇതാ വിചാരിച്ചിരിക്കാത്ത കേന്ദ്രത്തില്‍നിന്ന് ഒരാക്രമണം. ശ്രീനിവാസന്റെ സിനിമ 'ഇംഗ്ലീഷ് മീഡിയം'പുറത്തുവന്നു. നിര്‍മാതാവിന് നല്ല വിജയസാധ്യതയുള്ള ഒരു പ്രമേയം, പ്രേക്ഷകര്‍ക്ക് ചിരിക്കാന്‍ ധാരാളം രംഗങ്ങള്‍, പദ്ധതിക്ക് പിന്നില്‍നിന്നൊരു പ്രഹരം. ഡി.പി.ഇ.പി. എന്തെന്ന് കേട്ടിട്ടില്ലാത്തവരും സിനിമകണ്ട് പദ്ധതിയുടെ തത്ക്ഷണ വിമര്‍ശകരായി രൂപപ്പെട്ടു. രണ്ടായിരത്തി ഒന്നിലെ പൊതുതിരഞ്ഞെടുപ്പില്‍ ഡി.പി.ഇ.പി. ഒരു പ്രധാന ചര്‍ച്ചാവിഷയമായി.
അക്കാലത്താണ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണല്‍ ടെക്നോളജി (S.I.E.T.) സ്ഥാപിക്കുന്നത്. ആകാശവാണിയില്‍നിന്ന് പിരിഞ്ഞ എ. പ്രഭാകരനായിരുന്നു ആദ്യ ഡയറക്ടര്‍. കംപ്യൂട്ടറിനെയും ഇന്റര്‍നെറ്റിനെയുമൊക്കെ പ്രധാനപ്പെട്ട വിദ്യാഭ്യാസ ഉപകരണമാക്കാനുള്ള അന്വേഷണമായിരുന്നു IT@School എന്ന വലിയപദ്ധതി. അത് വിഭാവനംചെയ്യാന്‍ സഹായിച്ചത് പ്രൊഫ. യു.ആര്‍. റാവു, കിരണ്‍ കാര്‍ണിക്, ഹനുമന്‍ ചൗധരി എന്നീ പ്രഗല്ഭരടങ്ങുന്ന ഉപദേശകസമിതിയായിരുന്നു. ഞാന്‍ സമിതിയുടെ സെക്രട്ടറിയും.
ആ പദ്ധതി നടപ്പായെന്നുമാത്രമല്ല, സാങ്കേതികമായി നമ്മുടെ വിദ്യാര്‍ഥികളെ കൈപിടിച്ചുയര്‍ത്താന്‍ ആ സ്ഥാപനത്തിന് സാധിക്കുന്നുമുണ്ട്. വിക്റ്റേഴ്സ് ചാനല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളുമായി KITES എന്നപേരില്‍ പഴയ S.I.E.T. ജീവിക്കുന്നു. കോവിഡ് കാലത്ത് അതിന്റെ സാധ്യതകള്‍ നമ്മള്‍ കണ്ടുബോധ്യപ്പെട്ടതാണ്. S.I.E.T. സ്ഥാപിക്കുമ്പോള്‍ ഭാവിയിലെ അനിശ്ചിതത്വങ്ങളും സാധ്യതകളും ആരുകണ്ടു? 'ഒരു തൈ നടുമ്പോള്‍ ഒരു തണല്‍ നടുന്നു' എന്ന് ഒ.എന്‍.വി. പറഞ്ഞതിനര്‍ഥം ഇതാണ്.
കാര്യങ്ങളങ്ങനെ പുരോഗമിക്കുമ്പോള്‍ ഒരുദിവസം എനിക്ക് സുപ്രീംകോടതിയില്‍നിന്ന് ഒരു സമന്‍സ് കിട്ടി. കോടതിയലക്ഷ്യക്കേസില്‍ നേരിട്ട് ഹാജരാകാന്‍. മനസ്സാവാചാകര്‍മണാ കോടതിയെ ഞാന്‍ അപമാനിച്ചിട്ടില്ലെന്നു ആണയിട്ടാല്‍ പോരല്ലോ. ശിക്ഷ കിട്ടിയാല്‍ നേരെ തിഹാറിലേക്ക്! സുപ്രീംകോടതിയായതിനാല്‍ അപ്പീലുമില്ല.
തുടരും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..