ഇറോസ് സിനിമാ ഹാളിന്റെ മുമ്പിൽ റോഡിൽ വലിയ ജനക്കൂട്ടം. പോലീസുകാർ ആളുകളെ നിയന്ത്രിക്കുന്നു. നമ്മൾ സമ്മതിച്ചാലുമില്ലെങ്കിലും സിനിമ ജനങ്ങൾക്ക് മതഗ്രന്ഥങ്ങൾ പോലെയാണ്. റേഡിയോ, ടെലിവിഷൻ, സിനിമ തുടങ്ങിയവയെല്ലാം സാഹിത്യത്തെ ആശ്രയിച്ച് വളരുന്നവയാണ്. സാഹിത്യത്തിന് അതിന്റെ ഭൂതകാല ഗരിമ ഇന്നില്ല എന്നുപറഞ്ഞാൽ ആരും എതിർക്കുമെന്ന് തോന്നുന്നില്ല. കാര്യം ഇങ്ങനെയായതുകൊണ്ട് ഒരു പ്രൊഡ്യൂസറോ ഡയറക്ടറോ സാഹിത്യകാരന് അർഹിക്കുന്ന ആദരംനൽകുന്നത് സന്തോഷംതന്നെ.
സിനിമാഹാളിനു പുറത്തുള്ള തിരക്കു മറികടന്ന് ലോബിയിലെത്തിയപ്പോൾ ഞാൻ ഗുരുവിനെ കണ്ടു. ചിരിച്ചുകൊണ്ട്, ക്ഷണിക്കപ്പെട്ട അതിഥികളെയെല്ലാം സ്വാഗതംചെയ്യുന്ന തിരക്കിലായിരുന്നു ഗുരു. ആബ്‌രാർ ആൽവി, ഗുരുസ്വാമി, ആത്മാരാം, മൂർത്തി(ക്യാമറാമാൻ) തുടങ്ങിയവർ മുന്നിൽത്തന്നെയുണ്ടായിരുന്നു. പരിചയമുള്ള അനേകം മുഖങ്ങൾ. ബോംബെ സിനിമാലോകത്തെ ഏതാണ്ടെല്ലാവരും എത്തിച്ചേർന്നിരുന്നു. എന്റെ പരിചയക്കാരെന്നു പറയാൻ ഗുരു മാത്രമേയുള്ളൂ. മറ്റാരുമായും എനിക്ക് അടുപ്പമില്ല. ഞങ്ങൾ ഗുരുവിന്റെ മുന്നിലൂടെ നടന്നുപോയി. ഞങ്ങളെ സ്വാഗതംചെയ്യാൻ ഏർപ്പാടാക്കിയിരുന്നവർ ആദരവോടെ വന്ന് കൂട്ടിക്കൊണ്ടുപോയി സീറ്റിലിരുത്തി. ഗുരു ഞങ്ങളെ കണ്ടതേയില്ലെന്നുതോന്നി. തന്റേതായ ചിന്തകളിലും ആശങ്കളിലും മുഴുകിയതായിരിക്കണം. എന്നെപ്പോലെ അയാളും കഴിഞ്ഞ രാത്രി ഉറങ്ങിയില്ലെന്ന് മുഖംകണ്ടപ്പോൾ എനിക്കു മനസ്സിലായി. ഉച്ചയ്ക്ക് കുറച്ചുറങ്ങി എന്നുമാത്രം. തന്റെ ജീവിതത്തിലെ ഏറ്റവുംനല്ല സിനിമയിലേക്ക് അതിഥികളെ കൈകൂപ്പിക്കൊണ്ട് ആനയിക്കുകയാണ് ഗുരു. ഈ സഭയിലേക്ക്, ഇന്നത്തെ ഉത്സവത്തിലേക്ക് വന്നെത്തിയ അതിഥികളാണ് അയാളുടെ ഭാവി നിശ്ചയിക്കുക.
ഗുരു ഞങ്ങളെ കാണാതിരുന്നതിൽ എനിക്ക് വിഷമമൊന്നും തോന്നിയില്ല. മാനസികസംഘർഷങ്ങളും ആശങ്കകളും പിടിമുറുക്കിയ അവസ്ഥയിൽ ഗുരു എന്നെ കണ്ടോ കണ്ടില്ലേ എന്നത് വലിയ കാര്യമായിരുന്നില്ല. ഈ സിനിമ എല്ലാവർക്കും ഇഷ്ടമാവണം അതുതന്നെയായിരുന്നു പ്രധാനപ്പെട്ട കാര്യം. ഗുരുവിന് പണം നഷ്ടമാവരുത്, നല്ല സിനിമ എന്നപേരിൽ പ്രശസ്തമാവണം, എനിക്കത്രയേ വേണ്ടൂ. സിനിമയിൽ ആശയപരമായ തെറ്റുകളൊന്നും വരാതിരിക്കാൻ ഗുരു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഓരോ കാര്യവും ഫോണിൽക്കൂടി സംസാരിച്ച് സംശയനിവൃത്തി വരുത്താറുണ്ടായിരുന്നു. ഓരോ ഫോൺവിളിക്കും പതിനഞ്ച് പതിനാറു രൂപയോളം ചെലവാക്കാൻ ഒരുമടിയും കാണിച്ചില്ല. എന്നെ ബോംബെയിൽ കൊണ്ടുവന്ന് താമസിപ്പിക്കാനും ആയിരക്കണക്കിന് രൂപ ചെലവാക്കാറുണ്ട്. പണം ഇങ്ങനെ ചെലവാക്കേണ്ട എന്ന് ഞാനെപ്പോഴും പറയാറുമുണ്ട്.
‘‘ഇങ്ങനെയുള്ള അനാവശ്യച്ചെലവുകൾ നിയന്ത്രിക്കണം’’ ഒരിക്കൽ ഞാൻ മുന്നറിയിപ്പു കൊടുത്തു.
‘‘ഇതൊന്നും അനാവശ്യച്ചെലവുകളല്ല. സിനിമ നന്നായാൽ ചെലവാക്കിയ പണം തിരിച്ചുവരും’’ എന്നായിരുന്നു മറുപടി. ആ സിനിമയാണ് ഇന്ന് പ്രേക്ഷകരുടെ കോടതിയിലെ പ്രതിക്കൂട്ടിൽ നിൽക്കുന്നത്.
സിനിമ ഇഷ്ടപ്പെട്ടോ എന്ന് അവർതന്നെ വിധിയെഴുതണം. ഇഷ്ടപ്പെട്ടെങ്കിൽ അർഹിക്കുന്ന ആദരം തരണം. അതിനപ്പുറം ഒന്നും വേണ്ട. ഇതല്ലാതെ നിങ്ങളുടെ ആദരംനേടാൻ ഞാൻ മറ്റു വഴികളിലൂടെയൊന്നും പോവില്ല. സിനിമാ നിരൂപണം? അതിനായി ലക്ഷക്കണക്കിന് രൂപ ചെലവാക്കി, നിരൂപകർക്ക് കൈക്കൂലിയും മറ്റും കൊടുക്കുന്ന പതിവും നിലവിലുണ്ട്. അവരുടെ മാസികകളിലെഴുതുന്നത് വായിച്ച് വഴിതെറ്റി ആയിരക്കണക്കിനാളുകൾ സിനിമ കാണാനെത്തും. പിന്നെ അവർ സിനിമയെ തെറിവിളിച്ചാലും തലയിലേറ്റി തുള്ളിച്ചാടിയാലും എനിക്കൊന്നുമില്ല. ആളുകൾ സിനിമകാണാൻ ടിക്കറ്റെടുക്കണം. എന്റെ കൈയിൽ പണമെത്തണം. എന്നാണ് ചില നിർമാതാക്കളുടെ ചിന്ത. പക്ഷേ, ഗുരു അത്തരക്കാരനായിരുന്നില്ല. സിനിമ നിർമിച്ച് പത്രക്കാർക്ക് കൈക്കൂലികൊടുത്ത് പ്രശംസ വാങ്ങിക്കുന്ന ആളായിരുന്നില്ല. തീർച്ചയായും ഉള്ളിൽ വേവലാതിയുണ്ടായിരുന്നു, ദുഷ്ചിന്തകളിൽ മുങ്ങി നിദ്രാവിഹീനങ്ങളായ രാത്രികൾ കഴിച്ചുകൂട്ടിയിരുന്നു -പ്രേക്ഷകർക്ക് സിനിമ ഇഷ്ടപ്പെടില്ലേ? അവർ ടിക്കറ്റെടുത്ത് സിനിമ കാണില്ലേ?
സിനിമ നല്ലതാണോ എന്നെനിക്ക് മനസ്സിലായില്ല. ഗീത എന്റെ അടുത്തിരുന്ന് നിശ്ശബ്ദം സിനിമകാണുന്നു.
അല്പം കഴിഞ്ഞപ്പോൾ ഇടവേളയായി. ഹാളിലെ വിളക്കുകൾ തെളിഞ്ഞു. ചായ, കൊക്കകോള, സ്‌നാക്സ് എന്നിങ്ങനെ ബഹളമയം. ബോംബെയിലെ മുഴുവൻ ആളുകളും സിനിമകാണാൻ വന്നിരിക്കുന്നുവെന്നു തോന്നി.
‘‘ബിമൽ ദാ, നിങ്ങളുടെ അടുത്തിരിക്കുന്നവരോട് അല്പം സംസാരിക്കൂ. ഫോട്ടോയെടുക്കാൻ പത്രക്കാർ വന്നിരിക്കുന്നു.’’-ഗീത പറഞ്ഞു. ഇരുട്ടിൽ അടുത്തിരിക്കുന്നതാരാണെന്ന് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. നോക്കുമ്പോൾ ഭംഗിയായി വസ്ത്രധാരണം ചെയ്ത ഒരു സുന്ദരി.
‘‘ഇവരാരാണ്?’’-ഞാൻ ഗീതയോട് ചോദിച്ചു.
ഗീത പേരു പറഞ്ഞു. ബോംബെ സിനിമാലോകത്തെ സുപ്രസിദ്ധ സൂപ്പർസ്റ്റാർ. ഈ സിനിമയിലെ നായിക. ഇതുവരെ അവരും സിനിമയിൽ മുഴികിയിരിക്കുകയായിരുന്നു. തന്റെ അഭിനയം എങ്ങനെയുണ്ടെന്ന് സ്വയം വിലയിരുത്തിക്കൊണ്ടിരുന്നതാവാം..
‘‘ഫോട്ടോഗ്രാഫർ ഏതു പത്രത്തിൽ നിന്നാണ്’’-ഞാൻ ചോദിച്ചു.
‘‘സ്‌ക്രീൻ. രണ്ടുപേരുടെയും ചിത്രം പത്രത്തിൽ കൊടുക്കാനാണ്’’
എനിക്ക് സങ്കോചംതോന്നി. അകാരണമായി ക്യാമറയുടെ മുമ്പിൽ ചെല്ലുന്നത് എനിക്കു മടിയാണ്. പെട്ടെന്ന് ഒരുപായം തോന്നി.
‘‘ഗീത എന്റെ സീറ്റിലിരിക്കൂ, ഞാൻ അവിടെയിരിക്കാം.’’
ഗീത സമ്മതിച്ചു. ഞങ്ങൾ സീറ്റുകൾ പരസ്പരം മാറിയിരുന്നു. ഗീത സിനിമയിലെ ഹീറോയിനുമായി സംസാരിക്കാൻ തുടങ്ങി. ഫോട്ടോഗ്രാഫർ ചിത്രങ്ങളെടുത്തു. സ്‌ക്രീൻ വാരികയുടെ അടുത്ത ലക്കത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ചിത്രത്തിൽ ഒരറ്റത്ത് ഞാൻ എങ്ങോട്ടോ നോക്കിയിരിക്കുന്നു.
ഇടവേളയ്ക്കുശേഷം സിനിമ തുടങ്ങി. സിനിമയുടെ ബാക്കിഭാഗം സ്‌ക്രീനിൽ തെളിയാൻ തുടങ്ങി. ഞാൻ അവിടെത്തന്നെയിരുന്നു. പ്രേക്ഷകരുടെ അഭിപ്രായമറിയാൻ ഞാൻ അക്ഷമനായി കാത്തിരുന്നു.
സിനിമ കഴിഞ്ഞു. ഞാൻ നിശ്ശബ്ദം പുറത്തിറങ്ങി.
ഗുരു ചിരിച്ചുകൊണ്ടുതന്നെ അതിഥികളെ യാത്രയാക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് എന്നെ കണ്ടത്.
‘‘എപ്പോ വന്നു?’’ -ഗുരു ചോദിച്ചു.
അപ്പോൾ ഞാനും ചിന്തയിലായിരുന്നു. സിനിമ നല്ലതോ ചീത്തയോ? പ്രേക്ഷകർക്കിഷ്ടപ്പെട്ടോ? ആരും ഒന്നും പറയുന്നില്ല. ചിരിച്ചുകൊണ്ട് ഗുരുവിനോട് യാത്രപറയുകയാണെല്ലാവരും. എങ്കിലും ഒരു വാക്യം എല്ലാവരുടെ നാവിലുമുണ്ടായിരുന്നു.
‘‘വളരെ സന്തോഷമായി. വെരി ഗുഡ്.’’
പക്ഷേ, ഇത് എല്ലാവരും സാധാരണ പറയാറുള്ള വാക്യമാണ്. ഇതിൽനിന്ന് ഒരു സിനിമയുടെ ഗുണനിലവാരം അറിയാൻ കഴിയില്ല. അവരെല്ലാം ക്ഷണിക്കപ്പെട്ട അതിഥികൾ. തങ്ങളെ ക്ഷണിച്ച ആളുടെ മുഖത്തുനോക്കി സിനിമ നന്നായില്ലെന്ന് ആരെങ്കിലും പറയുമോ?
അതിഥികളെ യാത്രയാക്കാൻ സഹോദരൻ ആത്മ, ഡയറക്ടർ സുഹൃത്തുക്കൾ, ആബ്‌രാർ ആൽവി, മാനേജരും കമ്പനി ഡയറക്ടറുമായ ഗുരുസ്വാമി തുടങ്ങി പലരും ഗുരുവിനോടൊപ്പമുണ്ട്. ഇതെല്ലാമാണെങ്കിലും സിനിമ എങ്ങനെയുണ്ട് എന്നറിയാനുള്ള ഒരു സൂചനപോലും ആരുടെയും മുഖത്തില്ല. ആരോടെങ്കിലും ചോദിക്കാനും കഴിയുന്നില്ല. എന്നെക്കുറിച്ചല്ല, എനിക്ക് ഗുരുവിനെക്കുറിച്ചായിരുന്നു ഉത്കണ്ഠ. ഗുരുവിന് ഇത് ആദ്യത്തെ അനുഭവമല്ല. അഞ്ചാറുസിനിമകൾ ചെയ്തുകഴിഞ്ഞ ആളാണ്. ഓരോ തവണയും പ്രീമിയർ ഷോയിൽ ആശങ്കകളെല്ലാം ഉള്ളിലൊളിപ്പിച്ച് അതിഥികളെ യാത്രയാക്കിയിരിക്കും. അതിനുശേഷം പ്രേക്ഷകരാണ് ഒരു സിനിമയെ ശരിയായി വിലയിരുത്തുന്നത്. എത്ര വലിയവനാണെങ്കിലും അയാൾ ജനങ്ങളുടെ കോടതിയിൽ ഹാജരാവുകതന്നെ വേണം. ചിലർക്ക് പൂമാലയാവും സമ്മാനം, മറ്റുചിലർക്ക് കല്ലേറും. ജനങ്ങളുടെ വിലയിരുത്തലിനെ ആശ്രയിച്ചാണ് സിനിമാക്കാർ പ്രശസ്തരാവുന്നത്. അവർക്ക് ഉള്ളിൽ കനലെരിയുമ്പോഴും മുഖത്ത് ചിരിവിടർത്താതെ വയ്യ. ഓരോ പുസ്തകവും സിനിമയും തയ്യാറാവുന്നത് നിദ്രാവിഹീനമായ അനേകം രാത്രികൾക്കും അശ്രാന്ത പരിശ്രമങ്ങൾക്കും ശേഷമാണ്. എല്ലാ ദുഷ്‌ചിന്തകളുമകന്ന് പരിശ്രമത്തിന്റെ ഫലം ലഭിക്കേണ്ട നിമിഷമാണിത്. പ്രേക്ഷകരുടെ അഭിനന്ദനങ്ങളിൽ, പ്രശംസാവചനങ്ങളിൽ, കഠിനാധ്വാനത്തിന്റെ ഓരോ നിമിഷവും വസൂലാവും. സാഹിത്യകാരൻ ഒരു പുസ്തകമെഴുതുന്നത് ചിലപ്പോൾ അഞ്ചാറുവർഷം കൊണ്ടാവും. ഈ ആറുവർഷംകൊണ്ട് അയാളുടെ ആയുസ്സിന്റെ ആറുവർഷം കുറഞ്ഞിട്ടുമുണ്ടാകും. എന്നാലും പുസ്തകം വായനക്കാർക്കിഷ്ടപ്പെട്ടെന്നറിയുമ്പോൾ, അവരുടെ പ്രശംസാവചനങ്ങൾ കേൾക്കുമ്പോൾ പത്തുപതിനഞ്ചുവർഷം ആയുസ്സ് കൂട്ടിക്കിട്ടുകയും ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..