വി.ടി. ഇവിടെയുണ്ട്‌


By ആലങ്കോട്‌ ലീലാകൃഷ്ണൻ | alankodeleelakrishnan@gmail.com

4 min read
Read later
Print
Share

"പുരുഷകാമങ്ങളുടെ കാല്‍ച്ചോട്ടില്‍ നരകിച്ചുകഴിയാന്‍ വിധിവന്ന ഉപരിവര്‍ഗ സ്ത്രീക്ക് പ്രണയമൂല്യം എന്ന ആത്മസൗന്ദര്യം സമ്മാനിച്ച് മനുഷ്യസ്ത്രീയാക്കി വിമോചിപ്പിച്ചത് വി.ടി.യാണ്."

വര: മദനൻ

ഗാന്ധിജിയെ കാണാത്തവര്‍ വി.ടി. ഭട്ടത്തിരിപ്പാടിനെ കണ്ടാല്‍ മതി എന്നൊരു പറച്ചില്‍ മലയാളികള്‍ക്കിടയിലുണ്ടായിരുന്നു. നമ്പൂതിരി സമുദായവും സ്ത്രീസമൂഹവും ഇന്നനുഭവിക്കുന്ന സ്വാതന്ത്യത്തിന്റെയും പരിഷ്‌കരണത്തിന്റെയും സ്രഷ്ടാവ് വി.ടി.യാണ്. വലിയ വലിയ വിപ്ലവങ്ങളിലൂടെ നവോത്ഥാനകേരളത്തെ രൂപപ്പെടുത്തിയതിനുശേഷം തനിക്കുനേരെ നീട്ടപ്പെട്ട എല്ലാ അധികാരസ്ഥാനങ്ങളെയും നിസ്സംഗമായി ത്യജിച്ച ഋഷികൂടിയാണ് വി.ടി. സ്വാനുഭവത്തിലൂന്നിയ ഒരു കുറിപ്പാണിത്.

മൂക്കുതല ഗവ. ഹൈസ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് വി.ടി. ഭട്ടതിരിപ്പാടിന്റെ പ്രസംഗം ഞാന്‍ ആദ്യമായും അവസാനമായും കേട്ടത്. നൂറ്റിനാലാമത്തെ വയസ്സില്‍ ഇപ്പോഴും പൂര്‍ണാരോഗ്യവാനായിരിക്കുന്ന ഞങ്ങളുടെ ദേശത്തിന്റെ ഗുരുനാഥന്‍ പി. ചിത്രന്‍ നമ്പൂതിരിപ്പാട് സ്ഥാപിച്ച മലബാറിലെ മാതൃകാവിദ്യാലയമാണ് അന്ന് മൂക്കുതല ഹൈസ്‌കൂള്‍. ചിത്രന്‍ നമ്പൂതിരിപ്പാടിന് വി.ടി. പ്രസ്ഥാനവുമായുണ്ടായിരുന്ന അടുത്തബന്ധമാണ് വി.ടി.യെ ഞങ്ങളുടെ സ്‌കൂളിലെത്തിച്ചത്.

വി.ടി.ക്ക് സ്വാഗതം പറയുമ്പോള്‍ ഇടശ്ശേരിക്കളരിയിലെ പ്രമുഖകവിയായിരുന്ന ഞങ്ങളുടെ മലയാളം അധ്യാപകന്‍ എന്‍.എന്‍. തലാപ്പില്‍ മാഷ് പറഞ്ഞു: ''മഹാത്മജിയെ കണ്ടിട്ടില്ലാത്തവര്‍ വി.ടി.യെ കണ്ടാല്‍ മതി. ഗാന്ധിജിതന്നെയാണ് വി.ടി.'' അങ്ങനെ, ഇളംപ്രായത്തില്‍ എന്റെ മനസ്സില്‍ ഗാന്ധിജിയായി കൂടിയിരുന്ന മഹാത്മാവാണ് വി.ടി.

പതിനാറാമത്തെ വയസ്സില്‍ വി.ടി.യെക്കുറിച്ച് പ്രസംഗിക്കാനും ഭാഗ്യമുണ്ടായി. എടപ്പാളിലെ ഒരു ഓലഷെഡ്ഡില്‍ പ്രവര്‍ത്തിച്ചിരുന്ന അന്നത്തെ ശുകപുരം വിദ്യാപീഠത്തില്‍ വി.ടി.യെ ആദരിക്കാനൊരുക്കിയ ഒരു സമ്മേളനത്തിലായിരുന്നു അത്. വി.ടി.ക്ക് സുഖമില്ലാതിരുന്നതുകൊണ്ട് വി.ടി.യുടെ സംഭാഷണം പഴയൊരു ടേപ്പ് റെക്കോഡറില്‍ റെക്കോഡ് ചെയ്ത് കൊണ്ടുവന്നുകേള്‍പ്പിച്ചതും ഓര്‍ക്കുന്നു.

1982-ല്‍ വി.ടി. മരിച്ചപ്പോള്‍ ഗുരുസ്ഥാനീയനായ പി.എം. പള്ളിപ്പാട് മാഷോടൊപ്പം മേഴത്തൂരില്‍ പോയി. വി.ടി.യുടെ ചിത കത്തിയമരുമ്പോള്‍ മാടമ്പ് പറഞ്ഞു: ''ഒരു മനുഷ്യയുഗം കഴിഞ്ഞു.''
സത്യമെന്നത് വി.ടി.ക്ക് മനുഷ്യനായിരുന്നു. വി.ടി. ഒരിക്കലെഴുതി: ''ഈശ്വരനിലേക്ക് മടങ്ങുക എന്നതല്ല വാദം. ഓരോ മനുഷ്യനും തന്നിലുള്ള ഈശ്വരത്വത്തെ കണ്ടറിയുക എന്നതാണ്. ആ ലക്ഷ്യത്തിലേക്ക് കുറുക്കുവഴികളില്ല.''

പതിനേഴുവയസ്സുവരെ സാങ്കേതികാര്‍ഥത്തില്‍ നിരക്ഷരനായിരുന്ന ഒരു മനുഷ്യന്റെ സത്യദര്‍ശനമാണിത്. ആ കുറിയ മനുഷ്യന്‍, സഹസ്രാബ്ദത്തിലേറെക്കാലം നീണ്ടുനിന്ന പൗരോഹിത്യാധികാരംകൊണ്ട് ഉരുക്കുകോട്ട കെട്ടിവാണ നമ്പൂതിരി ജന്മിത്തത്തെ അകത്തുനിന്ന് തകര്‍ത്തെറിഞ്ഞ് ഒരു നവോത്ഥാന മനുഷ്യയുഗം തീര്‍ത്ത ചരിത്രം പുതിയ തലമുറ ഒരു നുണക്കഥപോലെയേ കരുതൂ.

അത്രമേല്‍ വിപ്ലവാത്മകമായിരുന്നു വി.ടി.എന്ന പ്രതിഭാസം. തുലാക്കാറ്റുപോലെ പ്രതിബന്ധങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞു കുതിച്ച ഇച്ഛാബലത്തിന്റെ പേരായിരുന്നു വി.ടി. വി.ടി. പ്രസ്ഥാനത്തില്‍നിന്നാണ് ഇ.എം.എസും എം.ആര്‍.ബി.യും പ്രേംജിയും ഐ.സി.പി.യും മുത്തിരിങ്ങോടും അക്കിത്തവും കല്ലാട്ടുകൃഷ്ണനും ഒളപ്പമണ്ണയുമൊക്കെ പിറന്നത്. വി.ടി.യില്ലെങ്കില്‍ രാഷ്ട്രീയ വിപ്ലവത്തിനുവിത്തിട്ട ഇ.എം.എസിന്റെ ചരിത്രപ്രസിദ്ധമായ ഓങ്ങല്ലൂര്‍ പ്രസംഗവുമില്ല.

സ്വന്തം ഭാര്യാസഹോദരി, വിധവയായ ഉമാ അന്തര്‍ജനത്തെ എം.ആര്‍.ബി.ക്ക് വിവാഹം ചെയ്തുകൊടുത്ത് നമ്പൂതിരിസമുദായത്തിലെ ആദ്യത്തെ വിധവാവിവാഹം നടത്തിയത് വി.ടി.യാണ്. ഇട്ട്യാമ്പറമ്പില്ലത്തുനിന്നുതന്നെ പ്രിയദത്തയെ കല്ലാട്ടുകൃഷ്ണന് വിവാഹം ചെയ്തുകൊടുത്ത് സമുദായത്തില്‍ ആദ്യത്തെ വിജാതീയ വിവാഹവിപ്ലവം നടത്തിയതും വി.ടി. തന്നെ. സ്വന്തം സഹോദരി പാര്‍വതിയെ പി.കെ. രാഘവപ്പണിക്കര്‍ക്ക് വിവാഹം ചെയ്തുകൊടുത്തുകൊണ്ട് മറ്റൊരു മിശ്രവിവാഹത്തിനും വി.ടി. കാര്‍മികത്വം വഹിച്ചു.

1935-ല്‍ പട്ടാമ്പിക്കടുത്ത് കൊടുമുണ്ട വളവില്‍ ഇരുപത്തിയഞ്ചേക്കര്‍ സ്ഥലം വിലയ്ക്കുവാങ്ങി നമ്പൂതിരിയടക്കം നാനാജാതി മതസ്ഥര്‍ ഒരുമിച്ചു താമസിച്ചു തൊഴില്‍ചെയ്തു ജീവിക്കുന്ന ജാതിരഹിത കോളനിയായ ഉദ്ബുദ്ധകേരളം സ്ഥാപിച്ചു. കമ്യൂണിസ്റ്റ് കമ്യൂണുകള്‍ക്കുമുമ്പ് കേരളത്തിലുണ്ടായ ആദ്യത്തെ വര്‍ഗരഹിത കമ്യൂണായിരുന്നു അത്.

1920-ല്‍ ഒറ്റപ്പാലത്തുനടന്ന ദേശീയ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത് പോലീസ് മര്‍ദനത്തിനിരയാവുകയും കോണ്‍ഗ്രസിന്റെ അഹമ്മദാബാദ് സമ്മേളനത്തില്‍ ഒളിച്ചുപോയി വൊളന്റിയറാവുകയും ചെയ്ത വി.ടി., സ്വാതന്ത്ര്യാനന്തരം, 1950-ല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചു. പിന്നീട് ഒരു രാഷ്ട്രീയകക്ഷിയിലും പങ്കാളിയായില്ല. വി.ടി.യുടെ ശിഷ്യന്മാര്‍ വലിയ വലിയ രാഷ്ട്രീയാധികാരസ്ഥാനങ്ങള്‍ വഹിച്ചപ്പോഴും സ്ഥാനമാനങ്ങള്‍ക്കായി എവിടെയും പോയില്ല.

ജനകീയവിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് ധനം ശേഖരിക്കാന്‍ ചാക്കുംകൊണ്ട് കേരളം മുഴുവന്‍ നടത്തിയ 'യാചനായാത്ര', കുടുമ മുറിക്കല്‍, ഘോഷാ ബഹിഷ്‌കരണം, മിശ്രഭോജനം തുടങ്ങിയ ഒട്ടേറെ വിപ്ലവ പ്രവര്‍ത്തനങ്ങളിലൂടെ വി.ടി. എന്നും ഇവിടെയുണ്ടായിരുന്നു. 1929-ല്‍ നമ്പൂതിരി യുവജന സംഘത്തിന്റെ പതിനൊന്നാം വാര്‍ഷികത്തില്‍ വി.ടി. എഴുതി, എടക്കുന്നിയില്ലത്തവതരിപ്പിച്ച അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകമാണ് നമ്പൂതിരി വിപ്ലവത്തിനും അന്തര്‍ജന വിപ്ലവത്തിനും തീകൊളുത്തിയത്. ആ നാടകത്തെത്തുടര്‍ന്ന് ശ്രീമതി, ആര്യ പള്ളം, ദേവകി നരിക്കാട്ടിരി, പാര്‍വതി നെന്മിനിമംഗലം എന്നിങ്ങനെ ധാരാളം സ്ത്രീകള്‍ മറക്കുട തല്ലിപ്പൊട്ടിച്ച്, ഘോഷ ബഹിഷ്‌കരിച്ച് മനുഷ്യസ്ത്രീകളായി അന്തഃപുരങ്ങള്‍ വിട്ടിറങ്ങി - നമ്പൂതിരി മനുഷ്യനായി.

കേരളത്തില്‍ സ്ത്രീയുടെ വിമോചന ചരിത്രമെഴുതുമ്പോള്‍ ഒന്നാംസ്ഥാനത്തുവരുന്ന പുരുഷനാണ് വി.ടി. എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഭോഗമൂല്യംമാത്രമുള്ള ശരീരവസ്തുവായി പുരുഷകാമങ്ങളുടെ കാല്‍ച്ചോട്ടില്‍ നരകിച്ചുകഴിയാന്‍ വിധിവന്ന ഉപരിവര്‍ഗ സ്ത്രീക്ക് പ്രണയമൂല്യം എന്ന ആത്മസൗന്ദര്യം സമ്മാനിച്ച് മനുഷ്യസ്ത്രീയാക്കി വിമോചിപ്പിച്ചത് വി.ടി.യാണ്. വി.ടി.യുടെ ആദ്യകഥാസമാഹാരമായ രജനീരംഗത്തിലെ എട്ടുകഥകളില്‍ ഏഴിലും സ്ത്രീയാണ് വിഷയം.

'വിഷുക്കേട്ടം' എന്ന കഥയില്‍ പേരശ്ശിയുടെ ഇല്ലത്ത് വിരുന്നു പാര്‍ക്കാന്‍ ചെന്ന കുട്ടനെ വിഷുക്കണിക്ക് വിളിച്ചുണര്‍ത്തിയ കുട്ടിക്കാവ് ചുംബിക്കുന്ന ഒരു രംഗമുണ്ട്. നമ്പൂതിരിപ്പെണ്‍ക്കിടാങ്ങള്‍ക്കും ചുംബിക്കാനറിയാം എന്ന് ഭാവന ചെയ്തപ്പോള്‍ അവരുടെ ജീവിതത്തിലില്ലാതിരുന്ന പ്രണയഭാവം കലയിലൂടെ സൃഷ്ടിക്കുകയായിരുന്നു വി.ടി.

പുറംലോകത്തുനിന്നുള്ള ഒരു വെളിച്ചവും കടന്നുവരാത്ത ഇരുട്ടില്‍ ദീനവൈരൂപ്യത്തിന്റെ ജീവപ്രതീകങ്ങളായിത്തീര്‍ന്ന് ബാലവിധവകളും വൃദ്ധകന്യകകളും പീഡിത സപത്‌നികളുമായി കഴിഞ്ഞുകൂടുന്ന തന്റെ സമുദായത്തിലെ സ്ത്രീകള്‍ക്ക് പ്രണയമെന്നത് അന്ന് സങ്കല്പിക്കാന്‍പോലും കഴിയാത്ത ജീവിതഭാവമാണെന്ന് വി.ടി.ക്കറിയാമായിരുന്നു. കഥകളിലൂടെ വി.ടി., അതിന് പ്രതിനിവൃത്തിയുണ്ടാക്കി. എടക്കുന്നിയില്ലത്തെ നാടകാവതരണത്തില്‍ സജീവപങ്കാളിയായിരുന്ന ഇ.എം.എസ്. 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തിന്റെ ചരിത്ര വിജയം ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്:

'ഒരു ദശാബ്ദത്തിലേറെക്കാലം സമ്മേളനങ്ങളിലൂടെയും പത്രങ്ങളിലൂടെയും പുരുഷന്മാരില്‍ വരുത്താന്‍ കഴിഞ്ഞതിലൊട്ടും കുറയാത്ത മാറ്റം ഈയൊരൊറ്റ നാടകാവതരണംകൊണ്ട് വി.ടി.ക്ക് വരുത്താന്‍ കഴിഞ്ഞു.'

ഉപജീവനത്തിനുവേണ്ടി ഷൊര്‍ണൂരിനടുത്ത് മുണ്ടമുക ശാസ്താംകാവില്‍ ശാന്തിക്കാരനായിരുന്നപ്പോള്‍ നിരക്ഷരനായിരുന്ന തനിക്ക് അക്ഷരം പകര്‍ന്നുതന്ന വിദ്യാര്‍ഥിയായ തീയാടിപ്പെണ്‍കിടാവിനോടുള്ള കടംവീട്ടല്‍ കൂടിയായിരുന്നു വി.ടി.യുടെ സ്ത്രീവിമോചനപ്രവര്‍ത്തനങ്ങള്‍ എന്ന് വിലയിരുത്താവുന്നതാണ്.

ഒരു നവോത്ഥാന യുഗത്തിന് അക്ഷരം പകര്‍ന്നുകൊടുത്ത ആ പെണ്‍കിടാവിന്റെ 'അമ്മുക്കുട്ടി' എന്ന പേര് നമ്മുടെ ചരിത്രത്തിലില്ല. എങ്കിലും പായസമുണ്ടാക്കാന്‍ ശര്‍ക്കരപൊതിഞ്ഞുകൊണ്ടുവന്ന കടലാസില്‍നിന്ന് അവള്‍ പഠിപ്പിച്ച അക്ഷരജ്ഞാനംകൊണ്ട് ആദ്യമായി 'മാന്‍ മാര്‍ക്ക് കുടകള്‍' എന്നു ചേര്‍ത്തുവായിച്ച വി.ടി.യുടെ പ്രവര്‍ത്തനങ്ങള്‍ വിമോചിതയാക്കിയ ആധുനിക സ്ത്രീയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ആ പെണ്‍കിടാവുമുണ്ട്. സ്ത്രീ പഠിപ്പിച്ച അക്ഷരം കൊണ്ടാണ് വി.ടി. സ്ത്രീയെ വിമോചിപ്പിച്ചത്.

അമ്പതുകളില്‍ വി.ടി. തന്റെ മുഖ്യധാരാ സാമുദായിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്ന് പതുക്കെ പിന്മാറാന്‍ തുടങ്ങി. പിന്നീട് 'യുക്തിവാദി സംഘവും കലാസമിതി പ്രസ്ഥാനവും നവ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനവുമടക്കം ധാരാളം ഒറ്റപ്പെട്ടതും മൗലികവുമായ പ്രതിരോധ പ്രസ്ഥാനങ്ങളോട് വി.ടി. സഹകരിച്ചിരുന്നു. അവസാനകാലംവരെയും പുതിയ പരിവര്‍ത്തന ചിന്തകള്‍ കൊണ്ടുനടന്നിരുന്നു.

കണ്ണീരും കിനാവും, ദക്ഷിണായനം തുടങ്ങിയ സമാനതകളില്ലാത്ത ആത്മകഥകള്‍ ഇക്കാലത്താണ് വി.ടി. എഴുതിയത്. ചരിത്രം രേഖപ്പെടുത്തിയിട്ടില്ലാത്ത അനേകമനേകം ചരിത്രസ്രഷ്ടാക്കളായ മനുഷ്യര്‍ ഈ പുസ്തകങ്ങളില്‍ നിറയെയുണ്ട്. അമ്മുക്കുട്ടിയും മാധവിക്കുട്ടിയും കാഞ്ഞൂര്‍ നമ്പൂതിരിപ്പാടും രാമന്‍ നായരുമടക്കം എത്രയെത്രയോ മനുഷ്യര്‍. ഈ നാടിന്റെ സൃഷ്ടിയില്‍ തങ്ങള്‍ക്കുകൂടി പങ്കുണ്ട് എന്നുറച്ചു വിശ്വസിച്ച ആ തനി സാധാരണക്കാരായ മനുഷ്യരോടൊപ്പമായിരുന്നു എന്നും വി.ടി. എന്ന കറുത്തപട്ടേരി.

പ്രവര്‍ത്തനനിരതനായിരുന്ന ഒടുവിലത്തെ നാളുകളിലൊരിക്കല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ഒരു പരിപാടിയിലേക്ക് അച്ഛനോടൊപ്പം പോയ ഒരനുഭവം അനിയേട്ടന്‍ (വി.ടി.യുടെ പുത്രന്‍ വി.ടി. വാസുദേവന്‍) പറഞ്ഞുകേട്ടിട്ടുണ്ട്.

പാസഞ്ചര്‍ ട്രെയിനില്‍ കോഴിക്കോട്ടുവന്നിറങ്ങി മിഠായിത്തെരുവിലൂടെ നടന്ന് വി.ടി.യും അനിയേട്ടനും ടൗണ്‍ഹാളിലെത്തി പിന്‍വാതിലിലൂടെ അകത്തുകയറി. ടൗണ്‍ ഹാള്‍ നിറയെ തിങ്ങി നിറഞ്ഞ ജനം. ആരും വി.ടി.യെ തിരിച്ചറിഞ്ഞില്ല. അപ്പോള്‍ വേദിയില്‍ ഒരു അനൗണ്‍സ്മെന്റ് മുഴങ്ങി:

''വി.ടി. വൈകാതെ കാറില്‍ ടൗണ്‍ഹാളിലെത്തും. നമ്മുടെ പ്രവര്‍ത്തകര്‍ ഗേറ്റില്‍ കാത്തുനില്‍ക്കുന്നുണ്ട്.''
വി.ടി.അപ്പോള്‍ ടൗണ്‍ഹാളിന്റെ ഏറ്റവും പിന്‍നിരയിലുള്ള ഒരു ബെഞ്ചില്‍ കയറിനിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു:
''വി.ടി.ഇവിടെയുണ്ടേ.''
അതെ. വി.ടി. ഇപ്പോഴും ഇവിടെയുണ്ട്.

ഈ നൂറ്റിയിരുപത്തിയേഴാം ജന്മദിനത്തിലും ആരാലും തിരിച്ചറിയപ്പെടാതെ സമൂഹത്തിന്റെ ഏറ്റവും പിന്നില്‍നിന്നുകൊണ്ട് മനുഷ്യനെ മനുഷ്യത്വത്തിലേക്ക് നയിച്ച് പുതിയ മനുഷ്യനെ സൃഷ്ടിക്കാനായി വി.ടി. ഇവിടെയുണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..