എന്റെ പഹാഡീ, ഞങ്ങളെയെല്ലാം നീ തോൽപ്പിക്കുന്നു


By ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയാ ചെറിയാൻ (റിട്ട.) soniacherian@gmail.com

5 min read
Read later
Print
Share

നാഗാലാൻഡിൽ കണ്ട ജീവിതത്തിൽ കണ്ണീരും സ്നേഹവുമായിരുന്നു നിറയെ. അതിന്റെ പ്രതിരൂപങ്ങളായി രണ്ടുപേർ; കെത്തോയും കുഞ്ഞുലെനോയും. അവരിലൂടെ അറിയുന്നു: ജീവിതം എത്രമേൽ അദ്‌ഭുതം

നിറങ്ങളുടെ മഴയല്ല.. സൈക്ലോൺ തന്നെയാണ്. വർണച്ചുഴലിയിൽ കറങ്ങിക്കറങ്ങി മത്തുപിടിച്ചുപോവും ഈ ഉത്സവപ്പറമ്പിലെത്തിയാൽ. ഉത്സവങ്ങളുടെ ഉത്സവമാണ് -ഹോൺബിൽ ഫെസ്റ്റിവൽ. നാഗാലാൻഡിന്റെ സ്വന്തം വേഴാമ്പലുത്സവം.. കിസാമ ആണ് ഇടം. കൊഹിമയിൽനിന്ന് പിന്നെയും മുകളിലേക്ക് മല കയറണം. ജക്കാമയ്ക്ക് പോകുന്ന വഴിയിലാണ് ... ഇരുപത്തിയൊന്ന് ഗോത്രങ്ങൾ... നാല്പത്തിരണ്ട് വർണങ്ങൾ !. ഗോത്രങ്ങൾക്ക് തനതായ നിറങ്ങളുണ്ട്. വീതി മണിമാലകളിലെ മുത്തുകൾപോലും ഗോത്രനിറങ്ങളിലാണ്. പ്രകൃതിയുടെ വർണങ്ങൾ മുഴുവൻ ഒട്ടും കടുപ്പം കുറയ്ക്കാതെ പകർത്തിയെടുത്ത ഒറ്റമുണ്ടും മേലങ്കികളും ഇവർതന്നെ നെയ്തെടുത്തതാണ്. മേലാടകളിലെ ഓരോ നാടകളും വർണ വരകളും യഥാർഥത്തിൽ അടയാളങ്ങളാണ്. നിറങ്ങൾകൊണ്ട് സ്പീഷിസ് പറയുന്ന കാട്ടുപക്ഷികളെപ്പോലെ ഉടുപ്പിലെ വർണനൂലുകൾ കൊണ്ട് ഇവരും കുലവും തനിമയും പറയും. ‘സും ഗൊറ്റെ പ് സു’ എന്ന നീല നൂലിഴകളാൽ മിതുനുകളുടെ ചിത്രം തുന്നിച്ചേർത്ത മേലാട, ധരിക്കുന്നയാളുടെ ധനശേഷിയുടെ അടയാളമാണ്. ‘റോങ്കിം’എന്ന ചാങ്ങ് (ഷാൾ) ആൾ കൊയ്തെടുത്ത മനുഷ്യ ശിരസ്സുകളുടെ എണ്ണം പറയുന്നു - ഹെഡ് ഹണ്ടറുടെ മേലാട! അണിഞ്ഞിരിക്കുന്ന ചാങ്ങ് ഒന്ന്‌ ഇരുത്തിനോക്കിയാൽമതി ഗോത്രവും ധനസ്ഥിതിയും മാത്രമല്ല, ചെയ്ത വീരകൃത്യങ്ങളും കൃത്യമായി കണക്കുകൂട്ടാം ! ഹോൺബിൽ ഫെസ്റ്റിവലിന് പോയി വന്നപ്പോഴാണ് നാഗാ പെൺകുട്ടികളുടെ ചിത്രം വരയ്ക്കണമെന്ന ആശ തലയിൽ കയറിക്കൂടിയത്. ഇത്തവണ സ്കെച്ചിട്ടാൽ പോരാ, അക്രിലിക് തന്നെ വേണമെന്നു തോന്നി. ആ വർണപ്രളയം കുറച്ചെങ്കിലും പകർത്താനാവണമല്ലോ.
ആദ്യം കിട്ടിയ ഒഴിവു ദിവസം - ഞായറാഴ്ച, രാവിലെത്തന്നെ വരയ്ക്കാനിരുന്നു. ചായയും കൊണ്ടുവന്ന കെത്തോ പിറകിൽ വന്നുനിൽക്കുന്നത് കുറെക്കഴിഞ്ഞാണ് അറിഞ്ഞത്. കുറെ നേരം നോക്കിനിന്നിട്ട് അവൻ ഒന്നും മിണ്ടാതെ പോയി. കെത്തോ ഞങ്ങളുടെ ബോർഡർ റോഡ്സിന്റെ മെസിലെ മെസ് ബോയ് ആണ്. പുതുതായി വന്നതാണ്. മേശയൊരുക്കുക, ഭക്ഷണം വിളമ്പുക, ചായകൊണ്ടുവരുക തുടങ്ങിയ ലൈറ്റ് ആയ ജോലികൾ... ഹിന്ദി കഷ്ടി അറിയാം. മുറിയിംഗ്ലീഷും കൂട്ടി ഒപ്പിച്ചെടുക്കും. കൊഹിമ മലകളിലെവിടെയോ ആണ് വീട്. അൻഗാമി ഗോത്രക്കാരൻ... തീരെ ഉയരം കുറവാണ്. കണ്ടാൽ ഒരു കുട്ടിയെപ്പോലെയിരിക്കുമെങ്കിലും പ്രായം പത്തിരുപത്തഞ്ചെങ്കിലും ഉണ്ടെന്നാണ് മെസ് ഹവിൽദാർ പറഞ്ഞത്. പാവമാണ്. കണ്ടാൽ തലവെട്ട് ഗോത്രക്കാരനാണെന്നൊന്നും പറയില്ല.
പിന്നെ ഉച്ചയ്ക്ക് ഭക്ഷണവുമായി വന്നപ്പോഴും കെത്തോ ഇതുതന്നെ പരിപാടി. ചിത്രം നോക്കിനിൽക്കുക.! അപ്പോഴേക്കും വരച്ചുകഴിയാറായിരുന്നു. മാലയുടെ മുത്തുകളുടെ നിറം പറഞ്ഞുതന്നത് അവനാണ്. കണ്ണുകൾക്ക് ഇത്തിരിക്കൂടി നീല കൊടുക്കാമെന്ന് നിർദേശിച്ചു. അൻഗാമി ഗോത്ര പെൺകുട്ടിയെയാണ് വരയ്ക്കുന്നത്... വൈകുന്നേരം വരച്ചുതീർന്ന ചിത്രം നോക്കി പിന്നെയും ഒറ്റ നിൽപ്പ് നിൽക്കുന്നതുകണ്ടപ്പോൾ ശരിക്കും ചിരി വന്നുപോയി. അത്രയ്ക്ക് ഗംഭീരമൊന്നുമല്ല നമ്മുടെ അമെച്വർ പെയിന്റിങ്‌ എന്ന് നന്നായറിയാം. എന്നാലും ഒരാരാധകൻ ചിത്രത്തിനുള്ളിൽ കയറിപ്പോയതുപോലെ മുഴുകിനിൽക്കുന്നത് കാണുമ്പോൾ ഒരു കുഞ്ഞ് സന്തോഷമൊക്കെ വരുന്നുണ്ട്...
‘‘മാം ഇതെന്റെ ലെനോയെപ്പോലെത്തന്നെയുണ്ട്.’’
‘‘നിന്റെ ഗേൾ ഫ്രണ്ടാണോ ലെനോ.’’ എന്ന് ചോദിച്ചപ്പോഴാണ് കഥ പറഞ്ഞത്. ചൈൽഡ് ഹുഡ് ഫ്രണ്ടാണത്രേ. ബാല്യകാല സഖി..! അവന് വലിയ ഇഷ്ടമായിരുന്നു. പക്ഷേ, അവൾക്ക് വലുതായപ്പോൾ വേറൊരു ബോയ് ഫ്രണ്ടായി. കെത്തോയ്ക്ക് നല്ലൊരു ജോലി സമ്പാദിക്കാനൊന്നും ആയില്ല. പഠിത്തവും ശരിയായില്ല. ലെനോ നല്ല മിടുക്കിയായിരുന്നു. സുന്ദരിയും.
‘‘അവൾ നാലുകൊല്ലംമുമ്പ്‌ മരിച്ചുപോയി മാം. എയ്‌ഡ്‌സ് ആയിരുന്നു.’’അവൻ പറഞ്ഞു.
നാഗാലാൻഡിലെ എയ്ഡ്‌സ്‌ മരണങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ഒരുപാട് ചെറുപ്പക്കാർ ഇൻഫെക്ടഡ് ആണെന്നും. പിന്നെ ലെനോയുടെ കുഞ്ഞിനെക്കുറിച്ച് പറഞ്ഞു. അഞ്ചു വയസ്സുള്ള കുഞ്ഞ് അടുത്തുള്ളൊരു ഓർഫനേജിലാണ്. മലയാളികൾ നടത്തുന്ന ഓർഫനേജ്. എയ്ഡ്‌സ് ബാധിച്ചു മരിച്ചവരുടെ അനാഥക്കുഞ്ഞുങ്ങൾക്കായുള്ളത്.
‘‘കുഞ്ഞ്, ലെനോയെപ്പോലെത്തന്നെയാണ് കാണാൻ.’’ -അവൻ പറഞ്ഞു. സിസ്റ്റർമാർ അവളുടെ പേരുതന്നെയാണ് കുഞ്ഞിന് കൊടുത്തിരിക്കുന്നത്. ബേബി ലെനോ. അവളെ ഇടയ്ക്ക് കാണാൻ വേണ്ടിയാണ് അവൻ ഗ്രാമംവിട്ട് മലയിറങ്ങി ബോർഡർ റോഡിന്റെ മെസിൽ ഈ ജോലിക്ക് ചേർന്നതെന്ന്. അടുത്ത തവണ പോകുമ്പോൾ ഞാനും കൂടെ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അത്ര വിശ്വാസമില്ലാത്തതുപോലെ കെത്തോ എന്നെ നോക്കി.
പിന്നത്തെ ഞായറാഴ്ചയാണ് ഞങ്ങൾ പോയത്. ഞായറാഴ്ചയാവുമ്പോൾ കെത്തോയ്ക്ക് കുറച്ച് ഒഴിവുണ്ട്. മെസിൽ രാവിലെ ബ്രഞ്ചാണ്. പന്ത്രണ്ടുമണിക്ക് ജോലികൾ തീരും. പിന്നെ ആറു മണിയാവുമ്പോഴേക്കും തിരിച്ചെത്തിയാൽ മതി. ഗ്രഫിന്റെ വണ്ടി ദിമാപ്പുരിലെ വീതി കുറഞ്ഞ വൃത്തിയില്ലാത്ത വഴികളിലൂടെ ഓടിയോടി പുഴയുടെ തീരത്തുള്ള കുഞ്ഞാശുപത്രിയിൽ എത്തി. മുളകൊണ്ട് കെട്ടിയുണ്ടാക്കിയ കെട്ടിടങ്ങൾ. പത്തു മുപ്പതു കുഞ്ഞുങ്ങൾ. പതിനഞ്ചു വയസ്സുവരെ എല്ലാ പ്രായക്കാരും ഉണ്ട്. സിസ്റ്ററുടെയുടുപ്പിനു മറഞ്ഞുനിന്ന് ഒളിച്ചുനോക്കുന്ന തീരെ കുഞ്ഞുങ്ങളിൽനിന്ന് ഒരാളെ കെത്തോ കൈമാടി വിളിച്ചു. കുഞ്ഞു ലെനോ പുഴുപ്പല്ലുകാട്ടി ചിരിച്ചുകൊണ്ട് ഓടിവന്നു. കൊണ്ടുവന്ന മിഠായികൾ കൊടുത്തു. എല്ലാവർക്കും പങ്കുവെച്ച് കൊടുക്കാൻ പറയുമ്പോൾ കെത്തോ ഒരു അച്ഛനെപ്പോലെ അഭിമാനപൂർവം വളരുന്നത് ഞാൻ കണ്ടു. അവന്റെ ശരീരഭാഷതന്നെ മാറി.
എന്റെ വിദഗ്‌ധമല്ലാത്ത ചായക്കൂട്ടുകളിലേക്ക് ഞാനറിയാതെ ഇറങ്ങി വന്ന ലെനോ. അവളുടെ കുഞ്ഞു മകളെ ഞാനും കണ്ണുനിറയെ നോക്കിനിന്നു. കുഞ്ഞുങ്ങളെ നോക്കുന്ന ചെറുപ്പം സിസ്റ്റർമാർക്ക് കെത്തോയുടെ കൂടെ എന്നെയും കണ്ടിട്ട് വലിയ സന്തോഷം. ദിമാപ്പുരിൽ മലയാളികൾ ഒരുപാടൊന്നുമില്ല. നാഗാലാൻഡിലെ എച്ച്‌.െഎ.വി.ബാധയെക്കുറിച്ച് അവർ പറഞ്ഞു. ഒരുപാടുപേർ രോഗബാധിതരാണ്. ചെറുപ്പക്കാരാണ് അധികവും. പുതിയ മരുന്നുകൾ വന്നതോടെ തുടക്കത്തിലേതന്നെ രോഗം കണ്ടുപിടിക്കുന്നതിനാൽ നല്ല വ്യത്യാസമുണ്ടിപ്പോൾ. പണ്ട് മരണങ്ങൾ വല്ലാതെ കൂടുതലായിരുന്നു. എയ്ഡ്‌സ് രോഗികൾക്കു വേണ്ടിയുള്ള ക്ലിനിക് മാത്രമേ ആദ്യമുണ്ടായിരുന്നുള്ളൂ. മരിച്ചുപോയ രോഗികളുടെ ഒറ്റയ്ക്കായിപ്പോയ കുഞ്ഞുങ്ങളെ എന്തു ചെയ്യുമെന്ന സങ്കടത്തിൽ തുടങ്ങേണ്ടിവന്നതാണ് കൂടെ ഒരു ഓർഫനേജ്. തീരെ കുഞ്ഞിലേ അനാഥരായിപ്പോയ പാവം കുഞ്ഞുങ്ങൾ. പകുതിമുക്കാലും ജന്മനാ എച്ച്‌.െഎ.വി. പോസിറ്റീവ് ആണ് - അച്ഛനമ്മമാരുടെ വകയായി അവർക്ക് ആകെക്കിട്ടിയ ഭാഗധേയം ജീവിതകാലം മുഴുവൻ വഹിക്കേണ്ട ഈ മാരകരോഗമാണ് . കുഞ്ഞുലെനോയുടെ തലയിൽ, മുടി പൊഴിഞ്ഞു പോയവട്ടങ്ങൾ മെറിൻ സിസ്റ്റർ കാട്ടിത്തന്നു. വന്നപ്പോൾ അവളുടെ തല മുഴുവൻ വ്രണങ്ങളായിരുന്നത്രേ. നിറച്ചും പുഴുക്കളും. ഒരു പാട് നാളെടുത്തു ശരിയാവാൻ. മരുന്നുകൾ കൃത്യമായി കൊടുക്കുന്നതുകൊണ്ട് നല്ല കൺട്രോളിലാണ് ഇപ്പോൾ എച്ച്‌.െഎ.വി.
‘‘ഇവളുടെ അച്ഛനും രണ്ടുകൊല്ലം മുമ്പ്‌ എയ്ഡ്‌സിന് കീഴടങ്ങി. അയാൾ മരുന്നുകൾ കൃത്യമായി കഴിക്കാറേയില്ലായിരുന്നു.ഇപ്പോൾ ഇവളെ അന്വേഷിച്ച് കെത്തോയൊഴികെ ആരും വരാറില്ല. അവൻ മാസത്തിലൊന്നെങ്കിലും കൃത്യമായി വരും. കുഞ്ഞിന്റെ വിചാരം അവൻ പപ്പയാണെന്നാണ്.’’ മെറിൻ ചിരിച്ചു. കെത്തോയും നാണിച്ചുചിരിക്കുന്നു.
ഞായറാഴ്ച ആയതുകൊണ്ട് കുഞ്ഞുങ്ങൾക്ക് സ്കൂളില്ല, ക്ലിനിക്കിനും അവധിയാണ്. ഒരു നാഗാ സിസ്റ്റർ കുട്ടികളെ പാട്ടുപഠിപ്പിക്കുന്നു. കുഞ്ഞുങ്ങളിൽ മൂത്തയാളുടെ െെകയിൽ വയലിനുണ്ട്. പാട്ടും നൃത്തവും ഇവരുടെ രക്തത്തിലലിഞ്ഞു ചേർന്നതാണ്. ഉച്ചത്തിൽ പാടുകയും നൃത്തം വെക്കുകയും ചെയ്യുന്ന കുറെ കുട്ടികളും യുവതികളും. ഹോൺ ബിൽ ഫെസ്റ്റിവലിലെ ഏതൊരു ഗോത്രക്കുടിലിന്റെയും മുറ്റത്തെ കാഴ്ചപോലെ. എന്തെങ്കിലും അസുഖമുള്ള കുഞ്ഞുങ്ങളുടെ അനാഥാലയമാണെന്നോ അവരെ പരിപാലിക്കുന്ന സുമനസ്സുള്ള പെൺകുട്ടികളാണെന്നോ ഒന്നും തോന്നുകയേയില്ല. പുഴയിറമ്പിലെ വേലിപ്പടർപ്പിൽനിന്ന് സ്‌ക്വിഷ് കായ്കൾ പൊട്ടിച്ച് വെള്ളത്തിലിട്ട് പുഴുങ്ങി, കല്ലുകൊണ്ട് പൊടിച്ച ചുട്ട ഉണക്കമീൻ ചമ്മന്തിയും ചേർത്ത് അവർ കുഞ്ഞുങ്ങളുടെ കൂടെയിരുത്തി ഞങ്ങൾക്കും നാലുമണിക്കാപ്പി തന്നു.
‘‘ഇവരുടെ കൂടെക്കൂടി ഇപ്പോൾ ഞങ്ങൾക്കും ഗോത്രഭക്ഷണമാണ് ഇഷ്ടം.’’ -മെറിൻ ചിരിക്കുന്നു.
പോകുന്നതിനുമുമ്പേ ക്ലിനിക്കൊന്നു കയറിക്കാണാൻ ക്ഷണിക്കുന്നു മെറിൻ... ഭിത്തികളിൽ നിറയെ പോസ്റ്ററുകളാണ്... നാഗാമീസ് ഭാഷയിൽ എഴുതിവെച്ചിരിക്കുന്നതെല്ലാം എയ്ഡ്‌സ് രോഗികൾക്കുള്ള നിർദേശങ്ങളാണ്. നാഗാഭാഷയ്ക്ക് ലിപിയില്ല. ഇംഗ്ലീഷിലാണ് എഴുതുക. നഴ്‌സിങ്‌ റൂമിൽ ഒരു ചെറുപ്പക്കാരി നഴ്‌സ് ഒരു രോഗിണിയെ നോക്കുകയാണ്.
‘‘ഞായറാഴ്ചയാണ്, ക്ലിനിക്കിന് അവധിയാണ്. പക്ഷേ, ഇവളുടെ അവസ്ഥകണ്ടപ്പോൾ നാളെ വരാൻപറയാൻ തോന്നിയില്ല. രണ്ടു മണിക്കൂറായി പരിപാടി തുടങ്ങിയിട്ട്, ഇനിയും തീർന്നിട്ടില്ല.’’
വല്ലാതെ ക്ഷീണിച്ച മുഖമുള്ള എല്ലും തോലുമായ പെൺകുട്ടി വേദന കടിച്ചുപിടിച്ച് കിടക്കുന്നു. - കുനിഞ്ഞുനിന്ന് അവളുടെ ശരീരത്തിൽനിന്ന് ഫോർസെപ്‌സ് കൊണ്ട് പുഴുക്കളെ പെറുക്കിക്കളയുകയാണ് നഴ്‌സ് - മലയാളിയാണ് - തെരേസ് എന്നാണ് പേര്. ഒന്ന്, രണ്ട് , മൂന്ന് എന്ന് അവൾ എണ്ണുന്നത് പുഴുക്കളെയാണ് ! അടുത്തുള്ള ട്രേയിൽ സ്പിരിറ്റിൽ കിടന്ന് കുറച്ചേറെ വെളുത്ത പുഴുക്കൾ പിടയ്ക്കുന്നു. ദൈവമേ.. ദൈവമേ!
‘‘ബോയ്‌നി, കി ഹോയ്‌ഷെ? കിബാ ബിഖായി അസെ നാകി? വേദനിക്കുന്നുണ്ടോ കുട്ടീ? സമയത്ത് ചെക്കപ്പിന് വരാതെ കറങ്ങിനടന്നിട്ട് വല്ലാതെ കൂടിപ്പോയല്ലേ?’’ തെരേസ് സ്നേഹത്തോടെ ശകാരിക്കുന്നു.
തിരിച്ചിറങ്ങിയപ്പോൾ മെറിൻ പതുക്കെ പറഞ്ഞു:
‘‘ഫൈനൽ സ്റ്റേജാണ്... ഇനി അധികം നാൾ ആയുസ്സില്ല. മുപ്പതു വയസ്സുണ്ട്, പണ്ട് എന്തു സുന്ദരിയായിരുന്നെന്നോ.. ഇപ്പോൾ മെലിഞ്ഞു കോലംകെട്ടു. ചെറിയ കുട്ടിയാണെന്ന് തോന്നും. സങ്കടമാണ്. ഒരു കുഞ്ഞുമോനുണ്ട് ഇവൾക്ക്.’’
തിരിച്ചു പോവാൻനേരം കുഞ്ഞുങ്ങൾ വയലിൻ മീട്ടി പാട്ടു പാടി യാത്രയാക്കുന്നു. കെട്ടിപ്പിടിച്ച് ഉമ്മ തരുന്നു. നല്ല ഇംഗ്ലീഷിൽ പറയുന്നു.
‘‘Come again soldier.’’
‘‘ഇനിയും വരണേ പട്ടാളക്കാരീ’’
വണ്ടിയിലിരിക്കുമ്പോൾ കെത്തോയോട് ഞാൻ പറഞ്ഞു,
‘‘കെത്തോ, നിന്റെ കല്യാണത്തിനു മുമ്പേ, കെട്ടാൻ പോകുന്ന പെണ്ണും നീയും രണ്ടാളും HIV ടെസ്റ്റ് ചെയ്യണം. ഇവിടെ വല്ലാതെയുണ്ട് ആ അസുഖം.’’
കെത്തോ ചിരിക്കുന്നു.
‘‘അതിന് ഞാൻ കല്യാണം കഴിക്കുന്നില്ലല്ലോ മാം. എനിക്ക് കുഞ്ഞുലെനോയെ പഠിപ്പിച്ച് നഴ്‌സാക്കണം.’’
കെത്തോ - കല്യാണം കഴിക്കാത്തത് പെണ്ണു കിട്ടാഞ്ഞിട്ടാണെന്ന്, മന്ദബുദ്ധിയാണെന്ന് മെസിൽ എല്ലാവരും കളിയാക്കുന്നവൻ. ‘‘എന്റെ പഹാഡീ, ഞങ്ങളെയെല്ലാം നീ തോൽപ്പിക്കുന്നു.’

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..