പാകിസ്താനിൽ ഒരു പിർ സാബ്


By കേശവമേനോൻ kesavamenon@gmail.com

3 min read
Read later
Print
Share

പാകിസ്താൻ എന്ന രാഷ്ട്രത്തെ എപ്പോഴും നാം ശത്രുപക്ഷത്താണ് നിർത്താറുള്ളത്. ഭരണകൂടങ്ങൾ തമ്മിലുള്ള തർക്കങ്ങളും വൈരവും എത്രമാത്രം സാധാരണജനങ്ങളെ ബാധിക്കുന്നുണ്ടെന്ന കാര്യം നാം അധികം ആലോചിക്കാറില്ല. പാകിസ്താനിൽ ദീർഘകാലം മാധ്യമപ്രവർത്തകനായി ജോലിചെയ്ത ലേഖകന്റെ ഈ അനുഭവക്കുറിപ്പ്്് ആ ദേശത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ചിത്രം നൽകുന്നതാണ്. തന്റെ പാകിസ്താൻ  ജീവിതത്തെ ആധാരമാക്കി എഴുതിയ NEVER TELL THEM WE ARE THE SAME PEOPLE -Notes On Pakistan  എന്ന പുസ്തകത്തിൽനിന്നുള്ള ഒരു ഭാഗമാണിത്

.

നല്ലകാലത്തെക്കുറിച്ച് പറഞ്ഞുതുടങ്ങുകയാണെങ്കിൽ, എന്റെ അന്നത്തെ വീട്ടുടമസ്ഥൻ പിർ നസാക്കത് ഷായിലേക്ക് മടങ്ങുന്നതാണ് ഏറ്റവും നല്ലത്. ആ രാജ്യത്തെ എന്റെ ആദ്യ പരിചയക്കാരിൽ ഒരാൾ മാത്രമായിരുന്നില്ല അദ്ദേഹം, പിൽക്കാലത്ത് അടുത്ത സുഹൃത്തുക്കളിൽ ഒരാളുംകൂടിയായിരുന്നു. രാജ്യാതിർത്തികൾ പഞ്ചാബികളുടെ ഹൃദയവിശാലതയെ ഞെരുക്കിക്കളയില്ലെന്ന് ആദ്യമായി കാണിച്ചുതന്നയാൾ കൂടിയായിരുന്നു പിർ നസാക്കത് ഷാ.
വീടിനുവേണ്ടി അവിടെ നടത്തിയ തിരച്ചിൽ ആദ്യം അത്ര സന്തോഷകരമായ സംഗതിയായിരുന്നില്ല. അതിന്റെ ഒന്നാമത്തെ കാരണം, ജീവിതനിലവാരത്തിലുണ്ടായ വലിയൊരു ഉയർച്ചയെ ഞാൻ മുഖാമുഖം കാണുകയായിരുന്നു എന്നതാണ്. ഡൽഹി ബ്യൂറോയിലെ ലേഖകൻ എന്നനിലയ്ക്ക് സഫ്ദർജങ് എൻക്ലേവിൽ രണ്ടാംനിലയിലെ ചെറുമുറിയുടെ ചെലവുമാത്രമേ എനിക്ക് വഹിക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ, അത്തരം കുടുസ്സുമുറികൾ, ഇന്ന് ആദരണീയമായ ഒരു പത്രത്തിന്റെ ഇവിടത്തെ മുഖം എന്നനിലയ്ക്ക് എനിക്ക് ചേരുമായിരുന്നില്ല. ഇവിടെ പ്രതാപം കാത്തുസൂക്ഷിച്ചേ മതിയാകൂ. ദ ഹിന്ദുവിന്റെ എഡിറ്റർ ജി. കസ്തൂരി പണം കൈയയച്ചു ചെലവഴിച്ചോളൂ എന്ന് അറിയിക്കുകയും ചെയ്തിരുന്നു. പണത്തിന്റെ ലഭ്യതയെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യം ഒഴിവായിക്കിട്ടിയെങ്കിലും ഞാൻ നേരിട്ടിരുന്ന പ്രശ്നം തീർന്നില്ല. അതുവരെ എന്റെ ജീവിതത്തിൽ ഇത്തരത്തിൽ വലിയ തുകകൾ ഞാൻ ഒരിക്കലും കൈകാര്യംചെയ്തിട്ടില്ലായിരുന്നു.
പാസാക്കിക്കിട്ടാൻ കറാച്ചിയിലേക്ക് അയച്ച ചെക്ക്, എന്തോ കാരണവശാൽ ഏതോ സാമ്പത്തിക തമോഗർത്തത്തിൽ വീണ് അപ്രത്യക്ഷമായി. എ.എൻ.ഇസെഡ്. ഗ്രിൻഡ്ലേയ്സ് ബാങ്കിന്റെ ഇസ്‌ലാമാബാദിലെയും റാവൽപിണ്ടിയിലെയും സഹായമനസ്കരായ ജീവനക്കാർ ചെക്കിനെ ട്രാക്ക് ചെയ്ത് കണ്ടെത്താൻ എന്നെ ഏറെ സഹായിച്ചു. എന്നാൽ, മറുവശത്തുനിന്ന് അനുകൂലസമീപനമുണ്ടായില്ല. അപ്പോഴേക്കും പിർ സാബ് അനുവദിച്ച അവസാനതീയതി ഞാൻ മറികടന്നിരുന്നു. ചുരുക്കം പരിചയക്കാർ മാത്രമുള്ള, കടംചോദിക്കാനുള്ള പരിചയം ആരോടുമില്ലാത്ത നാട്ടിൽ വ്യക്തിപരമായ കാര്യങ്ങൾക്കുള്ള പണംപോലും കുറഞ്ഞുവരുന്ന സ്ഥിതിയിലായിരുന്ന ഞാൻ വലഞ്ഞു.
അക്കൗണ്ടിൽ പണമെത്തുമെന്ന് എനിക്ക് ഉറപ്പുലഭിച്ച ദിവസം രാവിലെ പിർ സാബ് ഞാൻ താമസിച്ചിരുന്ന ഗസ്റ്റ്ഹൗസിലെത്തി. ഞങ്ങൾ ഇരുവരും ഇസ്‌ലാമാബാദിലെ എ.എൻ.ഇസഡ്. ബാങ്കിലെത്തി. ദൗർഭാഗ്യമെന്നു പറയട്ടെ, പണമെത്തിയിരുന്നില്ല. അപ്പോഴേക്കും ഞാൻ മാനസികമായി തളർന്നുപോയിരുന്നു. പിർ എന്നെ സംശയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഒരു പോംവഴിയേ കണ്ടുള്ളൂ: ‘കരാർ റദ്ദാക്കിക്കോളൂ’ - ഞാൻ അദ്ദേഹത്തോടു പറഞ്ഞു. മടങ്ങിപ്പോരാനോ അല്ലെങ്കിൽ അവിടെ തുടരാനോ വേണ്ടി, അഡ്വാൻസ് നൽകിയ തുകയിൽനിന്ന് സാധിക്കുമെങ്കിൽ കുറച്ചു പണം മടക്കിത്തരാനും ഞാൻ അപേക്ഷിച്ചു.
അപ്പോൾ അദ്ദേഹം ആശങ്കാകുലനായി എന്നോടു ചോദിച്ചു: ‘താങ്കളുടെ കൈവശം പണമില്ലേ?’ വളരെക്കുറച്ച് പണം മാത്രമാണുള്ളതെന്നും കാര്യങ്ങൾ ശരിയാക്കാനുള്ള ശ്രമത്തിലാണെന്നും ലജ്ജയോടെ ഞാൻ മറുപടിനൽകി. ഞാൻ ആകെ പരിഭ്രാന്തനാണെന്നു മനസ്സിലാക്കിയ അദ്ദേഹം എന്നെ റോഡിന്റെ മറുവശത്തേക്ക് കൊണ്ടുപോയി. അവിടെവെച്ച് പിന്നീട് ഒരക്ഷരംപോലും മിണ്ടാതെ അദ്ദേഹം കുപ്പായത്തിന്റെ മുകളിലെ ബട്ടൺ അഴിച്ച് ഉള്ളിൽനിന്ന് ഒരു ബാഗ് പുറത്തെടുത്തു. അതിൽനിന്ന് പതിനായിരം രൂപ വലിച്ചെടുത്ത് എന്റെ നിരാകരിക്കലോ പ്രതിഷേധമോ വകവെക്കാതെ കൈയിലേക്ക് വെച്ചുതന്നു. ഞാൻ അത് എണ്ണിനോക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു: ‘ആവശ്യമെങ്കിൽ കൂടുതൽ ചോദിക്കാം’
അദ്ദേഹത്തിന് എന്നെ നേരത്തേ പരിചയമുണ്ടായിരുന്നില്ല. ഇന്ത്യൻ ഹൈക്കമ്മിഷനിലേക്ക് അപ്രത്യക്ഷനാകാനോ ആ മാർഗത്തിലൂടെ എന്നന്നേക്കുമായി പാകിസ്താനിൽനിന്ന് പുറത്തുകടക്കാനോ സാധിക്കുമായിരുന്ന ഒരാൾക്കായിരുന്നു അദ്ദേഹം ആ സഹായം ചെയ്തത്. ഒരുപക്ഷേ, ആ പണം അദ്ദേഹത്തിന്റെ സമ്പത്തിനെ അപേക്ഷിച്ച് കുറവായിരുന്നിരിക്കണം. പക്ഷേ, അതല്ലല്ലോ കാര്യം. ഒരു അന്യന് കൊടുത്ത സഹായത്തെ പണത്തിന്റെ കണക്കിൽ അളക്കാമോ? ഒന്നോ രണ്ടോ ദിവസത്തിനുശേഷം പണം അക്കൗണ്ടിൽ വന്നതായി ബാങ്ക് അറിയിച്ചെങ്കിലും പിർ സാബിന്റെ അന്നത്തെ സഹായം വലിയൊരു ആശ്വാസമായിരുന്നെന്ന് പറയാതെവയ്യ.
പോഠോഹാറിലെ പ്രധാന ദർഗകളിലൊന്നായ ബഡേ ഇമാമിന്റെ സജ്ജദ നഷീൻ (സ്ഥാപകസൂഫി വര്യന്റെ പിന്തുടർച്ചക്കാരനും ചീഫ്ട്രസ്റ്റിയും) ആയിരുന്നു പിർ സാബ്. ലളിതമായി നിർമിച്ചതായിരുന്നെങ്കിലും വലുപ്പത്തിന്റെ കാര്യത്തിൽ അത്ര ഒതുക്കമുള്ളതായിരുന്നില്ല അദ്ദേഹത്തിന്റെ വീട്. ആർഭാടങ്ങളില്ലാത്തതും അതേസമയം, പതിവ് പഞ്ചാബി കളപ്പുരകളെപ്പോലെ സ്വാഗതമോതുന്നവയും ആയിരുന്നു അത്. ചെരിഞ്ഞ മേൽക്കൂരയുള്ള പൂമുഖത്തിന്റെ തൂണുകളിലേക്ക് വള്ളിച്ചെടികൾ പടർന്നുകിടന്നിരുന്നു. പല വലുപ്പത്തിലുള്ള പൂച്ചട്ടികളിൽ ആകസ്മികമായി മുളകൾ പൊട്ടിയിരുന്നു. മുറ്റത്തെ കട്ടിയേറിയ മണ്ണിലേക്ക് വെള്ളം തളിക്കപ്പെട്ടിരുന്നു. അവിടെ ഗ്രാമത്തിലെ അരഡസനോളം പുരുഷന്മാർ ചൂരൽക്കസേരകളിൽ വട്ടമിരുന്ന് ചായകുടിച്ചുകൊണ്ട് കൊച്ചുവർത്തമാനം പറയുന്നുണ്ടായി
രുന്നു.
ഉല്ലാസകരമായ മാനസികാവസ്ഥയിലേക്ക് പതിയെ ഊർന്നുവീണപ്പോൾ, ആ കളപ്പുരയിലെ ജീവിതത്തിന്റെ രീതികളെപ്പറ്റി ഞാൻ ധാരണകൾ രൂപപ്പെടുത്താൻ തുടങ്ങി. ആ വീട്ടിലെ സ്ത്രീകൾ പുറത്തേക്ക് വരാറില്ലായിരുന്നു. എന്നാൽ, ഗൃഹനാഥയുടെ ശക്തവും ഉറച്ചതും പിറിന്റെ ശ്രദ്ധയെ കവർന്നെടുക്കുന്നതുമായ ശബ്ദം മുഴങ്ങിക്കേൾക്കാം. ഗ്രാമത്തലവൻ, അനിഷേധ്യനായ കുടുംബത്തിന്റെ മേലധികാരിയിൽനിന്ന് ഏറെ അകലെയാണെന്ന് അകത്തുനിന്നുവരുന്ന ആ ശബ്ദം വ്യക്തമാക്കി. രണ്ടാമത്തെ ആശ്ചര്യജനകമായ അനുഭവം കുറച്ചുകൂടി ശാന്തതപകർന്നു. ആസാൻ മുഴങ്ങുമ്പോൾ പുരുഷന്മാർ നിസ്‌കാരപ്പായകൾക്കുവേണ്ടി തിരക്കുകൂട്ടുന്നതിനു പകരം, ചെറിയ ചില ആംഗ്യങ്ങൾ -കൈകൊണ്ട് ചെവിക്കുടയിൽ പിടിക്കുകയും മറ്റും ചെയ്തുകൊണ്ട്- കാട്ടി ഒന്നോ രണ്ടോ സൂക്തങ്ങൾ ഉരുവിട്ടശേഷം സംഭാഷണങ്ങളിലേക്ക് മടങ്ങിവരുമായിരുന്നു. അത്താഴത്തിനുമുൻപ് സ്വന്തം വീടുകളിലേക്ക് മടങ്ങിയശേഷം അവർ കൃത്യമായി അംഗശുദ്ധിവരുത്തുകയും നമാസിന്റെ കീഴ്വഴക്കങ്ങൾ പാലിക്കുകയും ചെയ്തിട്ടുണ്ടാകും. എന്നാൽ, ആ നിമിഷം ആതിഥേയചുമതലകൾക്കാണ് അവർ മുൻഗണനനൽകിയിരുന്നത്.
സന്ധ്യയായതോടെ ഒത്തുചേർന്നവർ മെല്ലെമെല്ലെ പിരിഞ്ഞുപോയിത്തുടങ്ങും. കൈ നെഞ്ചോടുചേർത്ത് അഭിവാദ്യം ചെയ്ത് പുരുഷന്മാർ സ്വന്തംവീടുകളിലേക്ക് മടങ്ങും. ഗ്രാമീണ ദക്ഷിണേഷ്യയുടെ ഉൾക്കാമ്പായിരുന്നു എനിക്ക് അവിടെ കാണാൻ കഴിഞ്ഞത്. ആരോഗ്യദായകമായ ഒരു അനുഭൂതി. പൊന്നാനിയിലെ എന്റെ മുത്തശ്ശിയുടെ വീട്ടിൽ അനുഭവപ്പെട്ടിരുന്നതും ഓർമയിൽ സൂക്ഷിക്കാൻ ആഗ്രഹിച്ചിരുന്നതുമായ അതേപോലൊന്ന്. ക്ഷേത്രദർശനത്തിനുശേഷം മുത്തശ്ശിയുടെ സഹോദരന്മാരും അടുത്തബന്ധുക്കളും മുത്തശ്ശിയുടെ വീട്ടുവരാന്തയിൽ ഒത്തുചേരുമായിരുന്നു. അല്പനേരത്തെ സംഭാഷണത്തിനുശേഷമായിരുന്നു അവർ സ്വന്തം വീടുകളിലേക്ക് മടങ്ങിയിരുന്നത്. ഇടവേളകളിൽ എത്തിയിരുന്ന കർഷകത്തൊഴിലാളികൾ, തളർച്ചനിറഞ്ഞ ശബ്ദങ്ങൾ, കാലിത്തൊഴുത്തിൽനിന്നുള്ള ബഹളം ഒക്കെച്ചേർന്നായിരുന്നു ഒരു ഗ്രാമീണദിനം അവസാനിച്ചിരുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കേയറ്റത്തുനിന്ന് തെക്കേയറ്റംവരെ നീണ്ടുകിടക്കുന്ന, വിശദാംശങ്ങളിൽ വ്യത്യസ്തവും അതേസമയം, അന്തഃസത്തയിൽ സമാനവുമായ ഗ്രാമീണജീവിതത്തിന്റെ മാതൃകയായിരുന്നു ഞാൻ രണ്ടിടത്തും കണ്ടത്.

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..