ജൂഡ് ആന്റണി ജോസഫ് | PHOTO: FACEBOOK/SPECIAL ARRANGEMENTS
കേരളത്തിന്റെ അതിജീവനകഥ ‘2018’ എന്ന സിനിമയായി വെള്ളിത്തിരയിലും ത്രില്ലടിപ്പിക്കാനെത്തുകയാണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 2018-ൽ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അപർണാ ബാലമുരളി, വിനീത് ശ്രീനിവാസൻ തുടങ്ങി വൻതാരനിരയുടെ സാന്നിധ്യമുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് ജൂഡ് ആന്റണി ജോസഫ് സംസാരിക്കുന്നു
പ്രളയത്തെക്കുറിച്ച് സിനിമചെയ്യണമെന്ന തീരുമാനത്തിനുപിന്നിൽ...
=എന്റെ വീട് നെടുമ്പാശ്ശേരിക്കടുത്ത അത്താണിയിലാണ്. 2018-ൽ പ്രളയത്തിന്റെ തുടക്കസമയത്ത് വീട്ടിലൊന്നും ഒരിക്കലും വെള്ളം കയറില്ലെന്ന് വിചാരിച്ചയാളാണ് ഞാൻ. എന്നാൽ, അപ്രതീക്ഷിതമായി വെള്ളം പൊങ്ങി. കൈയിൽക്കിട്ടിയ സാധനങ്ങളൊക്കെ എടുത്ത് മഞ്ഞപ്രയിലുള്ള അനിയത്തിയുടെ വീട്ടിലേക്ക് പോകേണ്ടിവന്നു. ഫോണിന് റേഞ്ചില്ല, വൈദ്യുതിയില്ല, പത്രം വരുന്നില്ല, അങ്ങനെ ആകെ വിഷാദത്തിലേക്ക് വീണുപോയ ദിവസങ്ങളായിരുന്നു അത്. പ്രളയത്തിനുശേഷം ബോധിനി എന്ന എൻ.ജി.ഒ.യാണ് അതിനെക്കുറിച്ചൊരു വീഡിയോ ചെയ്യാൻ ആദ്യമായി എന്നെ സമീപിച്ചത്. പ്രളയം കാരണം സർവതും നഷ്ടപ്പെട്ട് ജീവിതത്തിൽ പ്രതീക്ഷയറ്റുപോയവരുണ്ട്. അവർക്ക് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ പ്രചോദനം നൽകുന്നൊരു വീഡിയോയായിരുന്നു ബോധിനിക്ക് വേണ്ടത്. അതിനായി ഞാൻ ഒരുപാട് റിസർച്ചുകൾ നടത്തി. പ്രളയകാലത്തെ പത്ര-ടെലിവിഷൻ വാർത്തകൾ, സർക്കാർ രേഖകൾ എന്നിവയെല്ലാം പരിശോധിച്ചു. അപ്പോൾ അതിലൊരു ഉഗ്രൻ സിനിമയ്ക്കുള്ള സാധ്യതയുണ്ടെന്നുതോന്നി. ഞാൻ പ്രളയകാലത്ത് ഒന്നും ചെയ്യാതെ വീട്ടിൽ കുത്തിയിരിക്കുകയായിരുന്നു. ഇത്രയും വലിയൊരു അതിജീവനം ഇവിടെ നടന്നിട്ട് അതിന്റെ ഭാഗമാകാൻ എനിക്ക് കഴിഞ്ഞില്ലല്ലോ എന്നൊരു കുറ്റബോധം തോന്നി. ജാതി, മത, രാഷ്ട്രീയ, ലിംഗ ഭേദമെന്യേ മലയാളി ഒത്തൊരുമിച്ച് നടത്തിയ ആ അതിജീവനത്തിന്റെ കഥ അടയാളപ്പെടുത്തിവെക്കണം എന്ന ബോധ്യത്തിലാണ് സിനിമചെയ്യാം എന്ന തീരുമാനമെടുത്തത്. വലിയൊരു വെല്ലുവിളിനിറഞ്ഞ സിനിമയായിരിക്കും ഇത് എന്ന് ആദ്യമേ അറിയാമായിരുന്നു. എന്നാൽ, ഈ വെല്ലുവിളി ഒരു മലയാളി എന്നനിലയിൽ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണെന്നുതോന്നി.
വലിയ താരനിര, ഒരുപാട് പ്രതിസന്ധികൾ. ഷൂട്ടിങ് എത്രമാത്രം വെല്ലുവിളിനിറഞ്ഞതായിരുന്നു...
= വലിയൊരു താരനിരയെവെച്ച് സിനിമചെയ്യാം എന്നൊരു തീരുമാനത്തിലൊന്നുമല്ല ‘2018’ എന്ന സിനിമ ആരംഭിക്കുന്നത്. രണ്ടരമണിക്കൂറിനുള്ളിൽ ഉൾക്കൊള്ളിക്കാനാകുന്ന കേരളത്തിന്റെ പലഭാഗത്തുനടന്ന പത്തുസംഭവങ്ങളെ അടിസ്ഥാനമാക്കി സിനിമ അവതരിപ്പിക്കാം എന്നതായിരുന്നു ഐഡിയ. ഒരുപാട് കഥാപാത്രങ്ങൾ ഉള്ളതുകൊണ്ടുതന്നെ ഓരോ കഥാപാത്രവും ഓർമിക്കപ്പെടണമെങ്കിൽ ജനപ്രിയരായ അഭിനേതാക്കൾ വന്നാൽ നന്നാകുമെന്നുതോന്നി. അങ്ങനെയാണ് ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അപർണാ ബാലമുരളി, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അജു വർഗീസ് തുടങ്ങിയ താരനിര സിനിമയുടെ ഭാഗമാകുന്നത്. ആന്റോ ജോസഫ് എന്ന നിർമാതാവിന്റെ ഇടപെടൽതന്നെയാണ് ഈ താരങ്ങളെയെല്ലാം സിനിമയിലേക്ക് എത്തിച്ചത്. 120-ഓളം കഥാപാത്രങ്ങൾ ഈ സിനിമയിലുണ്ട്, അവരെല്ലാം നമുക്കറിയുന്ന അഭിനേതാക്കൾ തന്നെയാണ്. എല്ലാവരും ഒരേമനസ്സോടെ ഒന്നിച്ചുനിന്നതുകൊണ്ടുമാത്രം സാധ്യമായ സിനിമയാണിത്. ഒരുപാട് രാത്രികളിൽ കൃത്രിമമഴ പെയ്യിച്ച് വെള്ളത്തിൽനിന്നാണ് മിക്കവാറും ഭാഗങ്ങൾ ചിത്രീകരിച്ചത്. സിനിമയിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വി.പി. ഖാലിദ് ഇക്ക ഷൂട്ടിങ്ങിനിടയിൽ മരണപ്പെട്ടു. അത് വലിയ വിഷമമായി. അതുപോലെ കോവിഡ് പ്രതിസന്ധിവന്നു. അങ്ങനെ പലപല തടസ്സങ്ങൾ, മൂന്നുവട്ടം സിനിമ നിർത്തിവെക്കേണ്ടിവന്നു. അപ്പോഴും എന്റെയൊരു വാശിയായിരുന്നു ഈ സിനിമ പൂർത്തിയാക്കണമെന്നത്. മലയാളിക്ക് പുതുമയുള്ളൊരു തിയേറ്റർ എക്സ്പീരിയൻസായിരിക്കും ‘2018’ സമ്മാനിക്കുക. കേരളത്തിന് അഭിമാനിക്കാവുന്ന സിനിമയായി ഇത് മാറുമെന്ന് എനിക്കുറപ്പുണ്ട്.
പ്രളയകാരണങ്ങളെക്കുറിച്ച് പല വിവാദങ്ങളുണ്ട്, അവ സിനിമയിൽ പരാമർശിക്കുന്നുണ്ടോ...
= പ്രളയകാരണത്തെ കീറിമുറിച്ച് ഒരു പോസ്റ്റ്മോർട്ടം നടത്താനുള്ള ശ്രമം സിനിമയിലില്ല. മറിച്ച് പ്രളയത്തെ മലയാളി എങ്ങനെ അതിജീവിച്ചു എന്നതിനെ ദൃശ്യവത്കരിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. നെഗറ്റീവ് ഉദ്ദേശ്യത്തോടെയല്ല, പൂർണമായും പോസിറ്റീവ് രീതിയിലാണ് സിനിമ അവതരിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികൾ, ഇന്ത്യൻ ആർമി, കേരള പോലീസ്, ആരോഗ്യപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയനേതാക്കൾ, മാധ്യമങ്ങൾ, യുവജനസംഘടനകൾ തുടങ്ങി പ്രളയത്തെ അതിജീവിക്കാൻ മുന്നിൽനിന്ന എല്ലാവരെയും സിനിമയിൽ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്. സിനിമയാകുമ്പോൾ സമയത്തിന്റെ പരിമിതികളുണ്ട്, അതിനാൽ ആദ്യം എഴുതിയ കുറച്ച് കഥാപാത്രങ്ങളെ ഒഴിവാക്കേണ്ടിവന്നു. പ്രകൃതിദുരന്തത്തെ ആസ്പദമാക്കി മറ്റൊരു ഇന്ത്യൻ ഭാഷയിലും ഒരു സിനിമ ഇതുവരെ സംഭവിച്ചിട്ടില്ല. മലയാളത്തിൽനിന്നുള്ള ഈ ശ്രമത്തിന് പാൻ ഇന്ത്യൻ റീച്ച് കിട്ടുമെന്നാണ് പ്രതീക്ഷ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..