‘‘താങ്കൾക്കിപ്പോൾ പ്രത്യേകമായി എന്തു ജോലിയാണുള്ളത്?’’ -ഗുരു ചോദിച്ചു
‘‘നോവലിന്റെ പണി രണ്ടാഴ്ചകൂടിയുണ്ട്. അതു കഴിഞ്ഞാൽ ഞാൻ തികച്ചും ഫ്രീ’’
‘‘എങ്കിൽ നമുക്ക് നാളെത്തന്നെ പുറപ്പെടാം. നാളെ പുലർച്ചെയ്ക്ക്’’
വീട്ടിൽ ഗീതയില്ല. ഗുരുവിന്റെ അമ്മ വാസന്തീദേവിയാണ് കുഞ്ഞിനെ നോക്കുന്നത്. ഗുരുവിന്റെ അമ്മയെന്നനിലയ്ക്കു മാത്രമല്ല, സ്വന്തമായി ചില പ്രത്യേകതകളുള്ളതുകൊണ്ടും എടുത്തു പറയേണ്ട പേരാണ് വാസന്തീദേവി. അമ്മയായിരുന്നു ഗുരുവിന്റെ സർവസ്വവും. അമ്മയിൽനിന്നാണ് ഗുരുവിന് എല്ലാ പ്രോത്സാഹനങ്ങളും ലഭിച്ചത്. മകന്റെ ഒരു കാര്യത്തിനും ആ അമ്മ തടസ്സംനിന്നില്ല. ഭർത്താവ് ജീവിച്ചിരുന്നപ്പോൾ സാധിക്കാതെപോയ പ്രതീക്ഷകളെല്ലാം മകനിലൂടെ പൂർത്തീകരിക്കാം എന്നവർ ആഗ്രഹിച്ചു. ഗുരു പെട്ടെന്നൊരുദിവസം അമ്മയോടു പറയുന്നു:
‘‘അമ്മേ, ഞാൻ കല്യാണം കഴിക്കാൻ പോകുന്നു.’’
‘‘ശരി മോനെ’’ എന്നായിരുന്നു മറുപടി. ആരെയാണ് കല്യാണം കഴിക്കുന്നതെന്നോ? പെൺകുട്ടി എങ്ങനെയുള്ളവളെന്നോ, കല്യാണം എങ്ങനെ, എവിടെവെച്ചെന്നോ ഒന്നും അമ്മ ചോദിച്ചില്ല.
വായിച്ച ഒരു പുസ്തകം ഇഷ്ടപ്പെട്ടെങ്കിൽ ഗുരു അത് അമ്മയ്ക്കുവേണ്ടി വാങ്ങിക്കൊണ്ടുവന്നിരുന്നു. താൻ എവിടെപ്പോയാലും എന്തുകണ്ടാലും എന്തുചെയ്താലും അതെല്ലാം അമ്മയോട് പറയുമായിരുന്നു. ഗുരു വൈകുന്നേരത്തിനുമുമ്പ് ഒരിക്കലും വീട്ടിലെത്താറില്ല. ജീവിതത്തെ അറിയാനാഗ്രഹിക്കുന്നവർ വീടിന്റെ ചുമരുകൾക്കുള്ളിൽ അടച്ചിരിക്കുന്നതെങ്ങനെ? അച്ഛന് കൽക്കത്തയിൽ ജോലിയായിരുന്നപ്പോൾ കൽക്കത്തയെ ശരിക്കും കണ്ടുകണ്ട് ആസ്വദിച്ച ആളാണ് ഗുരു. അനിയൻ ആത്മയും അമ്മയ്ക്കു പ്രിയപ്പെട്ടവൻതന്നെ. പക്ഷേ, ആത്മ നല്ലകുട്ടിയായി സ്കൂളിൽനിന്ന് നേരെ വീട്ടിലെത്തും. രാത്രി ഇരുട്ടിയതിനുശേഷമേ ഗുരു വീട്ടിലെത്തൂ. എത്ര വൈകിയാലും ഭക്ഷണമുണ്ടാക്കിവെച്ച് അമ്മ കാത്തിരിക്കുമായിരുന്നു. ഗുരു വരുമ്പോൾ ഭക്ഷണം ചൂടാക്കി കഴിപ്പിക്കുമായിരുന്നു. വലുതായപ്പോൾ ഗുരു അമ്മയിൽനിന്നകന്നു. അമ്മയെ കാണുന്നത് വല്ലപ്പോഴുമായി. ആ അമ്മയെയാണ് ഇപ്പോൾ ഗുരുവിന്റെ വീട്ടിൽ ഞാൻ വീണ്ടും കാണുന്നത്.
‘‘കുറെക്കാലമായല്ലോ കണ്ടിട്ട്. അമ്മയെ കാണാൻ കഴിഞ്ഞതു നന്നായി’’ -ഞാൻ പറഞ്ഞു.
‘‘ഞാൻ വല്ലപ്പോഴും മാത്രമേ വരാറുള്ളൂ. ഗുരുവിന് എന്നോട് സംസാരിക്കാനൊന്നും നേരമില്ല,. ഇപ്പോൾ ഗീത ലണ്ടനിൽ പോയിരിക്കുന്നു. ഗുരു മദ്രാസിലേക്കു പോവുകയാണെന്നു പറയുന്നു. അതുകൊണ്ട് നീനമോളെ നോക്കാൻ വന്നതാണ്’’
‘‘ഇക്കാര്യത്തിൽ ഗുരുവിനെ കുറ്റപ്പെടുത്തരുത്. നൂറുകൂട്ടം പ്രശ്നങ്ങളുടെ നടുക്കാണ് ഗുരു. ഒരു നല്ല ബംഗ്ളാവ് ഇടിച്ചുനിരപ്പാക്കിയതു കണ്ടില്ലേ ?’’
‘‘അതെല്ലാം ശരിതന്നെ. പക്ഷേ, സംസാരിക്കുന്നതിലെന്താ കുഴപ്പം?’’
‘‘അമ്മയെക്കുറിച്ച് പല കാര്യങ്ങളും ഗുരു എന്നോടു പറഞ്ഞിട്ടുണ്ട്. അമ്മയെ വലിയ ഇഷ്ടമാണ് ഗുരുവിന്. ബഹുമാനമാണ്’’
‘‘അതെനിക്കറിയാം പക്ഷേ, അതുമാത്രം പോരല്ലോ? ചെറുപ്പത്തിലെപ്പോലെ മനസ്സിലുള്ളതൊന്നും അവൻ എന്നോടു പറയുന്നില്ല’’
‘‘ഗുരുവിന്റെ ഉള്ളിൽ എന്തെല്ലാമോ സങ്കടങ്ങളുണ്ട്. രാത്രിയിൽ ഉറക്കം വരുന്നില്ല. വിസ്‌കിയും ഉറക്കഗുളികയും കഴിച്ചാണ് ഉറങ്ങുന്നത്.’’
‘‘സർവനാശത്തിനായി ഇന്നത്തെ കാലത്ത് വന്നിട്ടുള്ള ഓരോ സാധനങ്ങൾ. ഞങ്ങളുടെ കാലത്ത് ആളുകൾക്ക് ദുഃഖങ്ങളും കഷ്ടപ്പാടുകളും ഉണ്ടായിരുന്നില്ലേ? അവനറിയില്ലേ രണ്ടുകുട്ടികളെ വളർത്തിവലുതാക്കാൻ ഞാനെന്തെല്ലാം സഹിച്ചു? വയസ്സുകാലത്തുപോലും പണിയെടുത്താണ് കുടുംബം പുലർത്തിയത്. അപ്പോഴും മറ്റുള്ളവരോട് സംസാരിക്കുന്നത് ഞാൻ ഒഴിവാക്കിയില്ല.’’
‘‘ഇടയ്ക്കെല്ലാം ഗുരു അമ്മയോട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ?’’
‘‘അതെ, വല്ലപ്പോഴും മാത്രം. ഒരിക്കൽ സംസാരിച്ചാൽ പിന്നെ ദിവസങ്ങളോളം മൗനവ്രതമായിരിക്കും. അവന് ഞാൻ ഒരു പാഴ്‌വസ്തുവായിത്തീർന്നിരിക്കും. അതുകൊണ്ടാണ് ഇവിടെ താമസിക്കാൻ ഇഷ്ടമില്ലാതെ ഞാൻ മാട്ടുംഗയിലെ വീട്ടിൽപ്പോയി താമസിക്കുന്നത്.’’
‘‘അധികം സംസാരിക്കാത്തത് ഗുരുവിന്റെ സ്വഭാവമാണ്. ഗുരുവിന്റെ മാത്രമല്ല എന്റെയും സ്വഭാവം ഇതുതന്നെ. അതു കാണുമ്പോൾ മറ്റുള്ളവർ തെറ്റിദ്ധരിക്കും. അമ്മ ഗുരുവിനെ തെറ്റിദ്ധരിക്കരുത്.’’ -ഞാൻ തിരിഞ്ഞുനടക്കാൻ തുടങ്ങിയപ്പോൾ വാസന്തീദേവി ചോദിച്ചു:
‘‘എന്നെക്കുറിച്ചു പറയാറുണ്ടെന്നു പറഞ്ഞത് നേരുതന്നെയാണോ? ശരിക്കും പറഞ്ഞിട്ടുണ്ടോ?’’
‘‘ആദ്യമായി ബോംബെയിൽ വന്നപ്പോൾമുതൽതന്നെ അമ്മയെക്കുറിച്ച് ഗുരു എന്നോട് പലതും പറഞ്ഞിട്ടുണ്ട്. അമ്മ കഥയെഴുതാറുണ്ടെന്നു പറഞ്ഞുപ്പോൾ അഭിമാനംകൊണ്ട് ആ മുഖം തുടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.’’
ആത്മയെ ഞാൻ അധികം കണ്ടിരുന്നില്ല. അക്കാലത്ത് അയാൾ ലണ്ടനിലെ ബർമ ഷെൽ ഓഫീസിൽ ഡോക്യുമെന്ററി സിനിമാ നിർമാതാവായിരുന്നു. ഗുരുവിന്റെ നാവിൽനിന്ന് അനിയനെക്കുറിച്ചും ധാരാളം കേട്ടിട്ടുണ്ട്. 1963 ജൂലായിൽ ബോംബെയിലെത്തിയപ്പോൾ ഗുരുവിന്റെ ബന്ധുക്കളെയെല്ലാം കണ്ടു. നാലഞ്ചുദിവസം ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. നാലഞ്ചുദിവസംകൊണ്ട് നാലഞ്ചുകൊല്ലത്തെ അനുഭവം നേടിയതുപോലെയായി.
‘‘മദ്രാസിൽ ഗുരു ഏതു സിനിമയാണ് ചെയ്യാൻ പോകുന്നത്? നല്ല സിനിമയാണോ?’’ -ഞാൻ ഗുരുസ്വാമിയോട് ചോദിച്ചു.
ഗുരുസ്വാമി കഥമുഴുവൻ പറഞ്ഞുതന്നു. ആദ്യം ഈ സിനിമയ്ക്ക് ശാന്തി എന്നാണ് പേരിട്ടിരുന്നത്. സുഹാഗൻ എന്ന പേരിലാണ് ഇറങ്ങിയത്. ബംഗാളിലെപ്പോലെ മദ്രാസും കഥകളുടെ നാടാണ്. പിന്നീട് ഞാൻ മദ്രാസിലെ പ്രൊഡ്യൂസർമാരുമായി നല്ല പരിചയത്തിലായി. കഥകൾ കേൾക്കാനും വായിക്കാനും ഇഷ്ടപ്പെടുന്നവരാണ് ഇവിടത്തുകാരെന്ന് അവരിൽനിന്നെനിക്കു മനസ്സിലായി. തമിഴ്, തെലുഗു ഭാഷകളിൽ പുസ്തകങ്ങളെക്കാൾ കൂടുതൽ വാരികകളും മാസികകളുമാണ് വിൽക്കപ്പെടുന്നതെന്നും മനസ്സിലായി. ചുരുങ്ങിയത് ഹിന്ദി, ഗുജറാത്തി, ബംഗാളി മാസികകളെ അപേക്ഷിച്ച് ഇരുപതിരട്ടിയാണ് വിൽപ്പന.
‘‘ഇനി എന്താണ് ചെയ്യേണ്ടതെന്നു തീരുമാനിക്കണം’’ -ഞാൻ പറഞ്ഞു.
‘‘പറ്റിയ ഒരു കഥ കിട്ടിയാൽ സിനിമയാക്കാമായിരുന്നു’’
‘‘ഹിന്ദി പുസ്തകങ്ങളെക്കുറിച്ച് എനിക്കറിവില്ല. ബംഗാളി പുസ്തകങ്ങളുടെ കാര്യം ഞാൻ പറയാം.’’
ബംഗാളി കഥകളുടെ ഒരു ലിസ്റ്റ് ഞാനുണ്ടാക്കിക്കൊടുത്തു. ഗുരു അതെല്ലാം വാങ്ങിപ്പിക്കാനുള്ള ഏർപ്പാടുണ്ടാക്കി. പത്തിരുനൂറു പുസ്തകങ്ങൾ! ഇന്നും ഗുരുവിന്റെ സ്റ്റുഡിയോയിലെ അലമാരയിൽ അതെല്ലാം അടുക്കിവെച്ചതു കാണാം. ബംഗാളിലെ എഴുത്തുകാരുടെയെല്ലാം പുസ്തകങ്ങളുണ്ട്. ഞാനാരെയും ഒഴിവാക്കിയില്ല.
‘‘സമയം കിട്ടുമ്പോൾ വായിക്കുക. അതിനുശേഷം നമുക്കു ചർച്ചചെയ്യാം’’ -ഞാൻ പറഞ്ഞു.
കഷ്ടം! അങ്ങനെയൊരുദിനം വന്നില്ല. പുസ്തകങ്ങൾ വാങ്ങിപ്പിച്ചെങ്കിലും അതൊന്നും വായിക്കാൻ ഗുരുവിന് സമയംകിട്ടിയില്ല. അതിനുമുമ്പ് അയാൾ യാത്രപറഞ്ഞു.
അടുത്തദിവസം രാവിലെ ഞങ്ങൾ കൃത്യസമയത്തുതന്നെ എയർപോർട്ടിലെത്തി. വിമാനം പുറപ്പെടാൻ അല്പസമയംകൂടിയുണ്ടായിരുന്നു. സിനിമാനടന്മാർക്ക് എയർപോർട്ടിലും റെയിൽവേസ്റ്റേഷനിലുമെല്ലാം ചില പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ട്. ആളുകൾ അവരെ ചൂണ്ടിക്കാണിച്ചുകൊണ്ട് കാണാൻ തിക്കിത്തിരക്കും.
‘‘മുകളിലേക്കു പോകാം’’ -ഗുരു പറഞ്ഞു.
എനിക്കു കാര്യംമനസ്സിലായി. ‘‘എല്ലാവരും നിങ്ങളെ നോക്കുന്നു.’’
പെട്ടെന്ന് ഗുരു മുകളിലേക്കു പോകാൻ തയ്യാറായി. അപ്പോഴേക്ക് കുറച്ച് പോലീസുകാർ ഗുരുവിന്റെ അടുത്തെത്തി സല്യൂട്ട് ചെയ്തു. അവർക്കു വേണ്ടതെന്തെന്നു ഗുരുവിന് മനസ്സിലായി. പഴ്‌സിൽനിന്ന് കുറെ നോട്ടുകളെടുത്ത് അവർക്ക് ബഖ്ശീശ് കൊടുത്തു. ഗുരു സ്വന്തമായി പഴ്‌സിൽനിന്ന് പണമെടുക്കുന്നത് അന്നാണ് ആദ്യമായി ഞാൻ കണ്ടത്. ഗുരുവിനുവേണ്ടി രതനാണ് ഈ ജോലികളെല്ലാം ചെയ്തിരുന്നത്. സിഗരറ്റ്, തീപ്പെട്ടി തുടങ്ങി ഗുരുവിനുവേണ്ട എല്ലാ സാധനങ്ങളുമടങ്ങുന്ന ഒരു തടിച്ചുവീർത്ത ബാഗ് രതന്റെ കൈയിൽ എപ്പോഴും കാണുമായിരുന്നു. ഗുരുവിന്റെ ചില പുസ്തകങ്ങളും അതിലുണ്ടാവാറുണ്ട്. ഗുരു ആവശ്യപ്പെടുമ്പോൾ അതെടുത്തുകൊടുക്കുന്നതും കണ്ടിട്ടുണ്ട്.
മനുഷ്യജീവിതത്തിന്റെ സാർഥകത എന്തിലാണെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പണത്തിൽ? പ്രശസ്തിയിൽ? ആരോഗ്യത്തിൽ, സമാധാനത്തിൽ? ഇതിലൊന്നുമല്ലെന്ന് എനിക്കിപ്പോൾ മനസ്സിലാവുന്നു. ആയിരുന്നെങ്കിൽ ഇതെല്ലാമുള്ളവർ വിസ്മൃതിയുടെ ആഴങ്ങളിലേക്ക് മറഞ്ഞുപോകാനിടയില്ല. ചിരകാലം ഓർമിക്കപ്പെടുന്നതിലും സാർഥകതയില്ലെന്നുണ്ടോ?
‘‘ലോകത്ത് ഒന്നും സ്ഥായിയായില്ല’’ -ഗുരു എപ്പോഴും പറയാറുണ്ട്.
‘‘പക്ഷേ, ഷേക്‌സ്‌പിയറുടെ നാടകങ്ങൾ, അജന്തയിലെ ഗുഹാചിത്രങ്ങൾ ഇതെല്ലാം നിലനിൽക്കുന്നുണ്ടല്ലോ?’’
‘‘കുറെക്കാലം കഴിയുമ്പോൾ എന്താകുമെന്നു നമുക്കു കാണാം.’’
‘‘അതു കാണാൻ ഞാനുണ്ടാവില്ല.’’
‘‘ഞാനോ നിങ്ങളോ ഉണ്ടാവില്ലായിരിക്കാം. പക്ഷേ, മറ്റുള്ളവരുണ്ടാവുമല്ലോ? അവർ ഷേക്‌സ്‌പിയറുടെ പേരുപോലും കേൾക്കുമോയെന്നു സംശയമാണ്. അജന്തയിലെ ഗുഹാചിത്രങ്ങൾ ഇപ്പോഴേ നാശത്തിന്റെ വക്കിലാണ്. ഇനി എത്രകാലം നിലനിൽക്കുമെന്നാർക്കറിയാം. ഒരു ഭൂകമ്പംവന്നാൽ മതി...’’
Content Highlights: weekend


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..