എം. മുകുന്ദൻ | ഫോട്ടോ: മാതൃഭൂമി
ഹാരുകി മുരാകാമി എനിക്കിഷ്ടപ്പെട്ട ഒരെഴുത്തുകാരനാണ്. മുരാകാമിയുടെ കില്ലിങ് കമ്മന്‍ഡെറ്റോറെ എന്ന ഗംഭീരന്‍ നോവലാണ് അവസാനമായി വായിച്ചത്. ആ പുസ്തകം എനിക്ക് സമ്മാനിച്ചത് എന്‍. ശശിധരനാണ്. മറ്റുള്ളവര്‍ എന്റെ പുസ്തകങ്ങള്‍ വായിക്കാന്‍ കൊണ്ടുപോയി ഒരിക്കലും തിരിച്ചുതരാതിരിക്കുമ്പോള്‍, ശശി മാഷ് വലിയ വിലയുള്ള ഒരു പുതിയ പുസ്തകം എനിക്ക് സമ്മാനിക്കുകയായിരുന്നു. ഹാരുകി മുരാകാമി ഒരു ഭയങ്കര ഓട്ടക്കാരനാണ്. ഒരുദിവസം അയാള്‍ തൊണ്ണൂറ്റിയൊമ്പത് കിലോമീറ്റര്‍ ഓടുകയുണ്ടായി. കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ദൂരമാണത്. തന്റെ ഈ ഓട്ടം അനുഭവങ്ങളെക്കുറിച്ച് മുരാകാമി വാട്ട് ഐ ടോക്ക് എബൗട്ട് വെന്‍ ഐ ടോക്ക് എബൗട്ട് റണ്ണിങ് എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ഞാനത് രണ്ടാവര്‍ത്തി വായിച്ചിരുന്നു. ഓടുന്നത് കാലുകള്‍ കൊണ്ടല്ല മനസ്സുകൊണ്ടാണെന്ന് അങ്ങനെ എനിക്ക് ബോധ്യപ്പെട്ടു.
വ്യായാമത്തില്‍ ശ്രദ്ധപതിപ്പിക്കുന്ന സക്കറിയയും ഒരു ഭയങ്കര ഓട്ടക്കാരനായിരുന്നു. ആര്‍.കെ. പുരത്തെ വീട്ടില്‍നിന്ന് പുറപ്പെട്ട് കൈയില്‍ ഒരു കുപ്പി വെള്ളവുമായി സക്കറിയ ഡല്‍ഹിയിലൂടെ പാഞ്ഞു പോകുന്നത് കാണാമായിരുന്നു. ഞാനും ഓടാന്‍ വളരെ ആഗ്രഹിച്ചിരുന്നു. ഔറംഗസേബ് റോഡിലെ എംബസിയില്‍നിന്ന് ഒമ്പത് കിലോമീറ്റര്‍ ദൂരെയുള്ള കുത്തബ് മിനാറിലേക്ക് ഓടണം. ലജ്പത് നഗറിലെ വീട്ടില്‍നിന്ന് എട്ടരക്കിലോമീറ്റര്‍ അകലെയുള്ള ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലേക്ക് ഓടണം. ഗഡി ആര്‍ട്ടിസ്റ്റ് വില്ലേജില്‍നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള ഫിറോസ്ഷാ റോഡിലെ സാഹിത്യ അക്കാദമിയിലേക്ക് ഓടണം. അവിടെനിന്ന് എട്ടുകിലോമീറ്റര്‍ ദൂരെയുള്ള കാക്കനാടന്റെ യൂസഫ് സരായിയിലെ ചരസ് വ്യാപാരിയുടെ അരികിലേക്കും ഓടണം. പക്ഷേ, എന്റെ കാലുകള്‍ക്ക് അത്ര ബലമുണ്ടായിരുന്നില്ല. നൂറുമീറ്റര്‍ പോലും ഓടാനുള്ള കഴിവില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ ഓടുന്നതിനുപകരം നടക്കാന്‍ തീരുമാനിച്ചു. ഓട്ടം പോലെത്തന്നെ നടത്തവും സര്‍ഗാത്മകമാണെന്ന് വിവരമുള്ളവര്‍ പറയുന്നു. വലിയ ആശയങ്ങള്‍ തന്റെ മനസ്സില്‍ രൂപം കൊള്ളുന്നത് നടക്കുമ്പോഴാണെന്ന് ഫ്രെഡറിക് നീത്ഷേ പറഞ്ഞിട്ടുണ്ട്.
കൊടും ശൈത്യമുള്ള ഒരു ജനുവരിമാസപ്പകല്‍ കേരള ക്ലബ്ബില്‍നിന്ന് മലയാള പത്രങ്ങള്‍ വായിച്ചശേഷം ഞാന്‍ പുറത്തിറങ്ങി തണുത്ത വെയിലേറ്റ് നടക്കാന്‍ തുടങ്ങി. ജുമാ മസ്ജിദായിരുന്നു ലക്ഷ്യം. കൊണാട്ട് പ്ലെയ്സിലെ കേരള ക്ലബ്ബില്‍നിന്ന് ഇത്തിരി ദൂരമേയുള്ളൂ ന്യൂഡല്‍ഹി റെയില്‍വേസ്റ്റേഷനിലേക്ക്. അതിനടുത്താണ് കുത്തബ്ബ് റോഡ്. അവിടേക്ക് ടോങ്കകളുണ്ട്. ക്ഷീണിച്ച ചാവാളിക്കുതിരകളായിരുന്നു ടോങ്കകള്‍ വലിച്ചോടുന്നത്. ആ കുതിരകളുടെ ദയനീയദൃശ്യം കാണുമ്പോള്‍ ആര്‍ക്കും ടോങ്കയില്‍ യാത്രചെയ്യാന്‍ തോന്നുകയില്ല. മാത്രമല്ല, അന്നേരം നടക്കാനുള്ള മൂഡിലായിരുന്നു ഞാന്‍. പതിനഞ്ച് മിനിറ്റിനുള്ളില്‍ നടന്ന് കുത്തബ്ബ് റോഡിലെത്തി. അവിടെനിന്ന് വെന്ത ബിരിയാണിക്കോഴിയുടെ ഗന്ധമുള്ള ചാവ്ഡി ബസാറിലെ ഗലികളിലൂടെ നടന്നാല്‍ ജുമാ മസ്ജിദിലെത്താം. ധാരാളം കോഴിബിരിയാണി കിട്ടുന്ന ഒരു ഗലിയുണ്ടായിരുന്നു അവിടെ. പക്ഷേ, വൃത്തികേടുകാരണം അവിടെയെത്തുമ്പോള്‍ കണ്ണും മുക്കും പൊത്താന്‍ തോന്നും. അവിടെ ഒട്ടേറെ മനുഷ്യര്‍ ഇപ്പോള്‍ ഇടിഞ്ഞുവിഴുമെന്ന് തോന്നിക്കുന്ന പഴയ എടുപ്പുകളില്‍ തിങ്ങിപ്പാര്‍ത്തിരുന്നു. തലമുറകളായി വൃത്തികേടുകളുമായി പൊരുത്തപ്പെട്ടുപോരുന്ന അവര്‍ക്ക് കണ്ണുംമൂക്കും പൊത്തേണ്ടിവരാറില്ല.
തെരുവുകച്ചവടക്കാരും സൈക്കിള്‍റിക്ഷകളും ടോങ്കകളും ഭിക്ഷക്കാരും കാല്‍നടക്കാരും എല്ലാവരുംകൂടി കലങ്ങിമറിയുന്ന ഒരു നിരത്താണ് കുത്തബ്ബ്‌റോഡ്. സദര്‍ ബസാറിലേക്കുപോകുന്ന ആ നിരത്തിന്റെ ഇടതുവശത്തായിരുന്നു ഭാംഗ് വില്‍പ്പനക്കാരുടെ ഷോപ്പുകള്‍. അഥര്‍വവേദത്തില്‍ പറയുന്ന ഭാംഗിന്റെ ഉപയോഗം മനസ്സിലാക്കാന്‍ എനിക്ക് താത്പര്യമുണ്ടായിരുന്നു. ഒരു തടിയന്‍ ഉയരം കുറഞ്ഞ ഒരു സ്റ്റൂളിന്മേല്‍ ഇരുന്ന് കഞ്ചാവിന്റെ ഇലയും പൂവും കായുമെല്ലാം അരച്ച് പച്ചനിറത്തിലുള്ള പേസ്റ്റാക്കുന്നത് കണ്ടു. പാലിലോ പച്ചവെള്ളത്തിലോ കലര്‍ത്തി ഇളക്കി ദ്രവരൂപത്തിലാക്കി കഴിക്കാം. ലഡുവില്‍ കലര്‍ത്തി തിന്നാം. ഭാംഗ് കച്ചവടക്കാരുടെ ഈര്‍പ്പമുള്ള ഇടുങ്ങിയ കടകള്‍ക്കുമുമ്പില്‍നിന്നുകൊണ്ട് യാചകരും റിക്ഷക്കാരും ഹിപ്പികളും പാനീയം വാങ്ങി കഴിക്കുന്നുണ്ടായിരുന്നു. അതിന് വില വളരെ കുറവാണ്. ലഹരി കൂടുതലും.
പാവങ്ങളുടെ സ്‌കോച്ചു വിസ്‌കിയാണ് ഭാംഗ്. എന്നാല്‍, നൂറ് കുപ്പി സ്‌കോച്ചിന് നല്‍കാന്‍ കഴിയാത്ത വിഭ്രാന്തികളും നിര്‍വൃതികളും ഭാംഗ് നല്‍കുന്നു. ഹിപ്പികള്‍ കുത്തബ്ബ്റോഡില്‍ വരുന്നത് ആ നിര്‍വൃതി തേടിയാണ്. ഭാംഗ് കഴിച്ച് അബോധാവസ്ഥയിലായ ഒരു യാചകന്‍ നിരത്തില്‍ മലര്‍ന്നടിച്ച് കിടക്കുന്നുണ്ടായിരുന്നു. അയാളുടെ ശരീരത്തിനരികിലൂടെ ടോങ്കകളുടെ കുതിരക്കാലുകള്‍ പാഞ്ഞുപോകുന്നുണ്ടായിരുന്നു. കുതിരക്കുളമ്പുകളുടെയോ റിക്ഷയുടെ ചക്രങ്ങളുടെയോ അടിയില്‍പ്പെട്ട് അയാള്‍ ചതഞ്ഞുപോകുമെന്ന് തോന്നി. ഞാന്‍ കുറച്ചുകൂടി മുമ്പോട്ടു നടന്നപ്പോള്‍ ഒരു പെണ്‍ ഹിപ്പിയും അതേപടി ഭാംഗ് ഷോപ്പില്‍നിന്ന് ഒലിച്ചുവരുന്ന കലക്കുവെള്ളത്തില്‍ നനഞ്ഞ പാതവക്കില്‍ ഒരു വശം ചെരിഞ്ഞു മയങ്ങിക്കിടക്കുന്നത് കണ്ടു. അടുത്തു ചെന്നു നോക്കിയപ്പോള്‍ മാത്രമാണ് അതൊരു പെണ്ണാണെന്ന് മനസ്സിലായത്. ആ കാഴ്ച ആരുടെ മനസ്സും വേദനിപ്പിക്കുന്നതായിരുന്നു. എന്റെ ആദ്യ കുത്തബ്ബ് റോഡ് യാത്രയായിരുന്നു അത്. 1968-ലോ 1969-ലോ ആയിരിക്കണമത്. വ്യക്തമായി ഓര്‍ക്കാന്‍ കഴിയുന്നില്ല.
ധാരാളം വിദേശികളായ ഹിപ്പികളെ അക്കാലത്ത് ഡല്‍ഹിയില്‍ കണ്ടിരുന്നു. ചിലര്‍ സൈക്കഡലിക് ചിത്രങ്ങള്‍ വരച്ചിട്ട വാനുകളിലാണ് ഒന്നിച്ച് സഞ്ചരിച്ചത്. അങ്ങനെ ഒരു വാഹനത്തെ കോണാട്ട് പ്ലെയ്സിനടുത്തുള്ള ക്യൂന്‍സ്വേയില്‍ കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നു. വഴിപോക്കര്‍ സര്‍ക്കസ് ബഫൂണുകളെ കണ്ടിട്ടെന്നപോലെ അവരെ നോക്കിച്ചിരിക്കുകയും പരിഹസിക്കുകയും ചെയ്തു. ഒരുതവണ നാട്ടില്‍ വന്നപ്പോള്‍ അവിടെ കണ്ട ഒരു ഹിപ്പിയെ നാട്ടുകാര്‍ അവഹേളിക്കുന്നത് ഞാന്‍ കണ്ടിരുന്നു. നിലവിലെ ജീവിതക്രമങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാതെ നാടുംവീടും വിട്ട് അലഞ്ഞുനടക്കുന്ന ആ പാവങ്ങളുടെ ആത്മാവിലെ വ്യഥകള്‍ ആരും കണ്ടില്ല. കാപട്യങ്ങളും ക്രൂരതകളും നിറഞ്ഞ ലോകത്തില്‍ പാട്ടുപാടാനും സ്‌നേഹിക്കാനുംമാത്രം അറിയുന്ന അവരെ സര്‍ക്കസ് കോമാളികളായി കണ്ടവരുടെ മുമ്പില്‍ മലയാളികളുണ്ടായിരുന്നു. പ്രബുദ്ധരായ മലയാളികള്‍.
അവര്‍ കോമാളികളായിരുന്നില്ല. മാനവികതയുടെ മഹാപ്രളയമായിരുന്നു ഹിപ്പിമതം. അവരുടെ ഇടയില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരും കോടീശ്വരന്മാരുടെ മക്കളുമുണ്ടായിരുന്നു. അക്കാലത്ത് ഡല്‍ഹി പാലം വിമാനത്താവളത്തില്‍ വിമാനം കയറാന്‍ വന്ന ഒരു യുവഹിപ്പിയെ അധികൃതര്‍ തടഞ്ഞുവെച്ച കഥ എയര്‍ ഫ്രാന്‍സില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് എന്നോട് പറയുകയുണ്ടായി. ആ യുവാവ് വായ തുറന്നപ്പോള്‍ അവിടെ ദുര്‍ഗന്ധം പരന്നു. അയാള്‍ കുളിച്ചിട്ടും പല്ലുതേച്ചിട്ടും കുപ്പായം മാറിയിട്ടും നാളുകളും മാസങ്ങളും കഴിഞ്ഞിരുന്നു. അയാളെക്കൂടാതെ വിമാനം പറന്നുപോയി. ബഹളംവെച്ച ഹിപ്പിയുടെ കൈയിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ അധികൃതര്‍ക്ക് മനസ്സിലായി, ആ വിമാനക്കമ്പനിയുടെ മേധാവിയുടെ മകനാണ് അയാളെന്ന്.
ആത്മശാന്തി തേടി യൂറോപ്പില്‍നിന്നും അമേരിക്കയില്‍നിന്നും കൂട്ടമായി ഇന്ത്യയിലെത്തിയ യുവാക്കളെയും യുവതികളെയും കൂടുതലായി കണ്ടത് ഗംഗയൊഴുകുന്ന കാശിയിലും ഹരിദ്വാറിലും യമുനയൊഴുകുന്ന ഡല്‍ഹിയിലുമായിരുന്നു. അവരില്‍ പലരും സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോയിരുന്നില്ല. പോയിട്ടുണ്ടെങ്കില്‍ അത് ജഡങ്ങളായിട്ടായിരുന്നു. ഹരിദ്വാര്‍പോലുള്ള പുണ്യനഗരങ്ങളില്‍ അമിതമായി മയക്കുമരുന്നുപയോഗിച്ച് വഴിയോരങ്ങളിലും സത്രങ്ങളിലും മരിച്ചു മരവിച്ചുകിടക്കുന്ന ഫ്രഞ്ച് യുവാക്കളുടെ ജഡങ്ങള്‍ കൈകാര്യംചെയ്യാനായി ഞങ്ങളുടെ എംബസിയില്‍ ഒരു കോണ്‍സുല്‍ വിഭാഗം തന്നെയുണ്ടായിരുന്നു. കോടീശ്വരന്മാരുടെ വിദ്യാസമ്പന്നരായ മക്കളുടെ ജഡങ്ങള്‍ ശവവണ്ടികളിലാണ് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നിരുന്നത്.
കോണ്‍സുലര്‍ ഡിവിഷനിലെ മയ്യഴിക്കാരനായ ഒരുദ്യോഗസ്ഥനാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജഡം ഏറ്റുവാങ്ങുക. അയാള്‍ മയ്യഴി മലയാളത്തില്‍ പ്രാകും: ''ഈ കുരിപ്പുങ്ങള്‍ക്ക് ഫ്രാന്‍സില്‍ കെടന്ന് ചത്തൂടേ. ചാകാനെന്തിനാ ഈട വര്ന്നത്.''
ഹരിദ്വാറിലെയോ ഋഷികേശിലെയോ പോലീസ്സ്റ്റേഷനില്‍നിന്ന് ഫോണ്‍ വിളി വരുമ്പോള്‍ അയാള്‍ അവിടെ ഓടിയെത്തണം. കുരിപ്പുങ്ങള്‍! അങ്ങനെ പറഞ്ഞ് സ്റ്റെയിറ്റ് എക്‌സ്പ്രസ് സിഗരറ്റ് വലിച്ച് പുകയൂതിക്കൊണ്ട് അയാള്‍ യുവാവിന്റെ ശവം ഏറ്റുവാങ്ങാനായി പുറപ്പെടും. ഈ അനുഭവങ്ങള്‍ അയാള്‍ എനിക്ക് വിശദീകരിച്ച് തരുമായിരുന്നു.
ഒരിക്കല്‍ കൊണാട്ട് പ്ലെയ്സിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ ഇരിക്കുന്ന ഏതാനും ഹിപ്പികളോട് സംസാരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, അവര്‍ വഴങ്ങിയില്ല. അവര്‍ തമ്മില്‍ പറയുന്ന ഭാഷ ഏതാണെന്ന് മനസ്സിലായില്ല. സമൂഹത്തോട് സംവദിക്കാന്‍ കഴിയാത്തതു കൊണ്ടാണല്ലോ അവര്‍ എല്ലാം ഉപേക്ഷിച്ച് ഇങ്ങനെ അലഞ്ഞു നടക്കുന്നത്. അവര്‍ സകല വിശ്വാസങ്ങളെയും ആചാരങ്ങളെയും കുടഞ്ഞു തെറിപ്പിച്ചിരിക്കുന്നു. മാമൂലുകള്‍ രൂപപ്പെടുത്തിയ ഭാഷപോലും അവര്‍ ഉപേക്ഷിച്ചിരിക്കുന്നു.
അവര്‍ പാശ്ചാത്യരാണ്. അവരെങ്ങനെ വേണമെങ്കിലും ജീവിച്ചുകൊള്ളട്ടെ. നമുക്കെന്ത്? ചില മലയാളി സുഹൃത്തുക്കള്‍ അങ്ങനെ പറയുന്നത് കേട്ടിരുന്നു. എന്നാല്‍, പാശ്ചാത്യര്‍ മാത്രമാണോ ഈ ജീവിത നിഷേധികള്‍? അവരുടെ കൂട്ടത്തില്‍ ഇന്ത്യക്കാരില്ലേ? മലയാളികളില്ലേ? ഉണ്ടായിരുന്നു.
ചിത്രങ്ങള്‍ വരച്ച് ത്രിവേണി ഗാലറിയിലോ ആര്‍ട്ട് ഹെറിറ്റേജ് ഗാലറിയിലോ എക്‌സിബിഷന്‍ നടത്തുന്നത് സ്വപ്നംകണ്ട് ഡല്‍ഹിയിലെത്തിയ രണ്ട് മലയാളി യുവാക്കളെയെങ്കിലും ഞാന്‍ അക്കാലത്ത് പരിചയപ്പെട്ടിരുന്നു. തൊഴിലന്വേഷിച്ച് വന്ന് അത് കിട്ടാതെ നിരാശപ്പെട്ട് അലയുന്ന മലയാളി യുവാക്കളെയും ഞാന്‍ കണ്ടിരുന്നു. അവരും അവസാനം ചെന്നെത്തിയത് കുത്തബ്ബ് റോഡിലെ ഭാംഗ് വില്‍പ്പനക്കാരുടെ അടുത്തായിരിക്കണം. അവര്‍ക്ക് കൂട്ടിന് കവികളുമുണ്ടായിരുന്നു. നിരാശാഭരിതരായ കവികളും ചിത്രകാരന്മാരും അവരുടേതായ ഒരു സമാന്തരലോകം നിര്‍മിച്ചിരുന്നു. അവര്‍ താടിയും മുടിയും വളര്‍ത്തുകയും അയഞ്ഞ കുപ്പായം ധരിക്കുകയും ചെയ്തിരുന്നു. ക്രമേണ അവര്‍ക്കും സമൂഹത്തോട് സംവദിക്കാന്‍ കഴിയാതെയായി. പഹാഡ് ഗഞ്ചിലെ ഇരുണ്ട് കുടുസ്സായ വാടക പാര്‍പ്പിടങ്ങളില്‍, മയക്കുമരുന്ന് വില്‍പ്പനക്കാരുടെയും തെരുവുവേശ്യകളുടെയും ഹിപ്പികളുടെയും ഇടയില്‍ അവര്‍ ജീവിച്ചു. ജീവിച്ചു എന്ന് പറയുന്നതിലേറെ മരിച്ചു എന്ന് പറയുന്നതായിരിക്കും നല്ലത്.
കിറുക്കന്മാരെന്ന് വിളിച്ച് പരിഹസിച്ചു തള്ളാനുള്ളവരായിരുന്നില്ല അവര്‍. അവരുടേത് ഒരു പ്രതിസംസ്‌കാര പ്രസ്ഥാനമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ ആഗോള തലത്തിലുണ്ടായ വലിയൊരു കൗണ്ടര്‍കള്‍ച്ചറല്‍ അലയായിരുന്നു അത്. കമ്യൂണിസ്റ്റ് പോളണ്ടിലും ചെക്കോസ്ലോവാക്യയിലുംപോലും അതിന്റെ തിരമാലകള്‍ ആഞ്ഞടിച്ചിരുന്നു. തത്ത്വചിന്തകനായ ആള്‍ഡസ് ഹക്സ്ലിയായിരുന്നു അവരുടെ ആത്മീയാചാര്യന്‍. അവരുടെ കൂട്ടത്തില്‍ അല്ലന്‍ ജിന്‍സ്ബര്‍ഗിനെപ്പോലുള്ള കവികളുണ്ടായിരുന്നു. കെന്‍ കേസീയെപ്പോലെ ആഗോളപ്രശസ്തിയാര്‍ജിച്ച നോവലിസ്റ്റുകളുണ്ടായിരുന്നു. അവരുടെ ഇടയിലെ മറ്റൊരു സൈദ്ധാന്തികനായ ജെറി റൂബിന്‍ വിയറ്റ്നാം യുദ്ധത്തിനെതിരേ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത് തടവില്‍ കിടന്ന ആളായിരുന്നു.
സംഗീതമായിരുന്നു അവരുടെ മതം. പുരാനാ ദില്ലിയിലെ ഗലികളിലൂടെ അലയുന്ന അവരുടെ തോളുകളില്‍ ഗിത്താറുകളുണ്ടായിരുന്നു. ലോകം ഇന്നുവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ സംഗീതോത്സവമായിരുന്നു ന്യൂയോര്‍ക്കില്‍ നടന്ന വുഡ്സ്റ്റോക് മ്യൂസിക് ഫെസ്റ്റിവല്‍. അഞ്ചുലക്ഷത്തോളം വരുന്ന യുവതയായിരുന്നു അവിടെ ഒത്തുചേര്‍ന്നത്. സമാധാനം, സംഗീതം. അതായിരുന്നു ആ സംഗീതോത്സവത്തിന്റെ സന്ദേശം. അതവരുടെ സൃഷ്ടിയായിരുന്നു.
അശരണരായ ആ യുവത വ്യക്തിസ്വാതന്ത്ര്യത്തിനും സ്വതന്ത്രരതിക്കുംവേണ്ടി വാദിച്ചവരാണെന്നത് നേര്. അവര്‍ മയക്കുമരുന്നിന് അടിമകളായിരുന്നു. നമുക്കതിനോടൊന്നും യോജിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, അത് മാത്രമായിരുന്നില്ല അവര്‍. അവര്‍ ആണവ ആയുധങ്ങള്‍ക്കും യുദ്ധത്തിനും എതിരായിരുന്നു. അമേരിക്ക തീബോംബിട്ട് നശിപ്പിച്ച വിയ്റ്റ്നാമിനുവേണ്ടി വിലപിച്ചവരായിരുന്നു അവര്‍. ഉപഭോഗസംസ്‌കാരത്തെ തിരസ്‌കരിച്ചവരായിരുന്നു അവര്‍. മൂലധന സമ്പദ്ഘടനയെ എതിര്‍ത്തവരായിരുന്നു അവര്‍. വ്യവസ്ഥാപിത സമൂഹഘടനയെ നിഷേധിച്ചവരായിരുന്നു അവര്‍. പരിസ്ഥിതിസംരക്ഷണത്തിനു വേണ്ടി പാട്ടുപാടിയവരായിരുന്നു അവര്‍. എന്നിട്ടും എന്തേ കേരളത്തിലെ പ്രബുദ്ധരായ ബുദ്ധിജീവികളും ചിന്തകരും ഇത്തിരി കാരുണ്യംപോലും അവരോട് കാണിക്കാതിരുന്നത്? വിമര്‍ശനാത്മകമായ സഹാനുഭൂതിയോടെയായിരുന്നു അവരെ കാണേണ്ടിയിരുന്നത്. അവര്‍ക്കതിന് കഴിഞ്ഞില്ല.
എല്‍.എസ്.ഡി.യും ഭാംഗും ചരസും അമിതമായി ഉപയോഗിച്ച് ഉന്മാദാവസ്ഥയിലായി കൊടും ശൈത്യത്തില്‍ കുത്തബ്ബ് റോഡിലും പഹാഡ് ഗഞ്ചിലും മരിച്ചു മരവിച്ചുകിടന്ന ആ മനുഷ്യസ്‌നേഹികളായ യുവാക്കളുടെ ആത്മാവുകള്‍ ഡല്‍ഹിക്കുമുകളില്‍ ഇപ്പോഴും പാറിനടക്കുന്നുണ്ടാകും. അവരുടെ കൂട്ടത്തില്‍ മലയാളി യുവാക്കളുടെ ആത്മാവുകളുമുണ്ടാകും.
ആ പാവങ്ങള്‍ അനുഭവിച്ച ആത്മപീഡനങ്ങളും അനാഥത്വവും തൊട്ടടുത്തുനിന്ന് കണ്ട എന്നിലെ ദുര്‍ബലനായ എഴുത്തുകാരന്‍ തളര്‍ന്നുപോയി. അവരുടെ ആധികള്‍ ഞാന്‍ ആവാഹിച്ചെടുക്കാന്‍ ശ്രമിച്ചു. അതൊക്കെ ഹരിദ്വാറില്‍ മണിമുഴങ്ങുന്നുവിലെ രമേഷ് പണിക്കര്‍ക്കും ഡല്‍ഹിയിലെ അരവിന്ദനും വീതിച്ചുനല്‍കി. അതിന്റെ പേരിലായിരുന്നു ഞാന്‍ യുവതലമുറയെ വഴിതെറ്റിച്ചുവെന്ന് ചിലര്‍ ആരോപിച്ചത്. അവര്‍ അജ്ഞതയുടെയും അമാനവികതയുടെയും ആള്‍രൂപങ്ങളായിരുന്നു. മനുഷ്യവ്യഥകള്‍ക്ക് ദേശീയതയും മതവും രാഷ്ട്രീയവുമില്ലെന്ന് അവര്‍ക്കറിയില്ലായിരുന്നു. ഈ വൈകിയ വേളയില്‍ ഞാന്‍ അവരോടുപറയുന്നു മതി, ഇനി മിണ്ടരുത് നിങ്ങള്‍. ഹരിദ്വാറിലും കാശിയിലും ഡല്‍ഹിയിലും പറന്നുനടക്കുന്ന ആ പാവങ്ങളുടെ ആത്മാവുകള്‍ നിങ്ങളെ ശപിച്ചാല്‍ വരും ജന്മങ്ങളില്‍ നിങ്ങള്‍ പാമ്പുകളായി ജന്മംകൊള്ളും. പക്ഷേ, അവര്‍ക്ക് ശപിക്കാനറിയില്ല. അറിയുന്നത്, പാടാനും സ്‌നേഹിക്കാനും മാത്രമാണ്. അത് നിങ്ങളുടെ ഭാഗ്യം.
കാലം കടന്നു പോയി.
അല്ലന്‍ ജിന്‍സ്ബര്‍ഗ് 1997-ല്‍ എഴുപതാമത്തെ വയസ്സില്‍ കരള്‍ അര്‍ബുദംവന്ന് മരിച്ചു. കെന്‍ കേസിയും അര്‍ബുദബാധിതനായി മരണപ്പെട്ടു. അബ്ബി ഹോഫ്മാന്‍ അമ്പത്തിരണ്ടാം വയസ്സില്‍ അത്മഹത്യ ചെയ്തു. ജെറി റൂബിന്‍ കാറപകടത്തില്‍ മരിച്ചു.
അങ്ങനെ ഓരോരുത്തരായി അവരെല്ലാവരും പോയി. കുത്തബ്ബ് റോഡ് ഇപ്പോഴുമുണ്ടെങ്കിലും അവിടെ ഭാംഗ് വില്‍പ്പനക്കാരില്ല. യൂസഫ് സരായിയില്‍ ചരസ് കച്ചവടക്കാരുമില്ല. ഇന്ന് കാശിയിലും ഹരിദ്വാറിലും ഋഷികേശിലും ഡല്‍ഹിയിലും അലയുന്ന അശരണരായ യുവതയെ കാണാനില്ല. പക്ഷേ, അവര്‍ പൂര്‍ണമായും ഇല്ലാതെയായിട്ടില്ല. മറ്റെവിടെയൊക്കെയോ അവരുണ്ട്. പാടി മറന്ന പാട്ടുകളിലും അങ്ങുയരെ സ്‌നേഹത്തിന്റെ അണഞ്ഞുപോയ നക്ഷത്രങ്ങളിലും അവരുണ്ട്. അവര്‍ക്കുവേണ്ടി ആരും സ്മാരകങ്ങള്‍ പടുത്തുയര്‍ത്തിയിട്ടില്ല. വിജയിച്ചവര്‍ക്കുവേണ്ടിയാണ് സ്മാരകങ്ങള്‍ ഉയരുന്നത്. അവര്‍ തോല്‍വി സ്വയം തിരഞ്ഞെടുത്തവരായിരുന്നു.
Content Highlights: weekend


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..