.
ബ്രി ട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിന്റെ ചിത്രങ്ങളിൽ അപൂർവതനിറഞ്ഞതാണ് ദി റോറിങ് ലയൺ (The Roaring Lion). പ്രശസ്ത കനേഡിയൻ-അർമേനിയൻ ഫോട്ടോഗ്രാഫറായ യൂസഫ് കാർഷ് (Yousuf Karsh) ആണ് ഗർജിക്കുന്ന സിംഹത്തെ ക്യാമറയിലാക്കിയത്. ആ ചിത്രത്തിനുപിന്നിൽ രസകരവും കൗതുകവുമാർന്ന ഒരു കഥയുണ്ട്. വർഷം 1941. രണ്ടാം ലോകയുദ്ധത്തിന്റെ മരവിപ്പിലായിരുന്നു ലോകരാജ്യങ്ങൾ. കനേഡിയൻ പാർലമെന്റിൽ വിൻസ്റ്റൺ ചർച്ചിലിന്റെ മാസ്മരികമായ പ്രസംഗം നടക്കുന്നു. കനേഡിയൻ പ്രധാനമന്ത്രി മക്കെൻസി കിങ്ങിന്റെ ക്ഷണപ്രകാരം കാർഷും സദസ്സിൽ സന്നിഹിതനായിരുന്നു, ചർച്ചിലിന്റെ ചിത്രങ്ങൾ പകർത്തുക എന്ന ഉദ്ദേശ്യത്തോടെ. പ്രസംഗം കഴിഞ്ഞപാടേ കാർഷ് സ്പീക്കറുടെ ചേംബറിൽ ചർച്ചിലിന്റെ വരവും കാത്തിരുന്നു. തലേദിവസംതന്നെ അദ്ദേഹം തന്റെ ക്യാമറയും ലൈറ്റുകളും ചേംബറിൽ സ്ഥാപിച്ചിരുന്നു. ചർച്ചിൽ ചേംബറിലേക്ക് എത്തിയയുടനെ ലൈറ്റുകൾ തെളിഞ്ഞു. പെട്ടെന്ന് ചർച്ചിലിന്റെ ഗർജനം: ‘‘എന്താണിത്?’’ മറുപടിനൽകാൻ ആർക്കും ധൈര്യമുണ്ടായില്ല.
അപ്പോൾ കാർഷ് മുന്നോട്ടുവന്ന് പറഞ്ഞു: ‘‘സർ, ഈ ചരിത്രസന്ദർഭത്തെ ക്യാമറയിൽ പകർത്താനുള്ള ഭാഗ്യം എനിക്കുണ്ടാകുമെന്ന് കരുതുന്നു!’’ ചർച്ചിൽ കാർഷിനെ നോക്കി: ‘‘എന്തുകൊണ്ട് എന്നോടിത് നേരത്തേപറഞ്ഞില്ല?’’ അദ്ദേഹത്തിന്റെ കൂട്ടാളികൾ ചിരിക്കാൻതുടങ്ങി. ചർച്ചിൽ ചുരുട്ടിന് തീകൊളുത്തി. എന്നിട്ട് കുസൃതിനിറഞ്ഞ ഭാവത്തിൽ പുകവിട്ടു. ‘‘നിങ്ങൾക്ക് ഒരെണ്ണം എടുക്കാം.’’ ചർച്ചിൽ, കാർഷിന് ചുരുട്ട് ഓഫർചെയ്തു. എന്നാൽ, അത് നിരസിച്ച് കാർഷ് തന്റെ ക്യാമറയ്ക്കടുത്തേക്ക് പോയി. ക്യാമറയുടെ സാങ്കേതികവശങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തി കാത്തിരുന്നു. ചർച്ചിൽ അപ്പോഴും ചുരുട്ടുവലി തുടർന്നു. അടുത്തനിമിഷം കാർഷ് ചർച്ചിലിന്റെ അടുത്തേക്ക് ചെന്നു. ആദരംനിറഞ്ഞ ഒരു ക്ഷമാപണത്തോടെ അയാൾ ചർച്ചിലിന്റെ ചുണ്ടുകൾക്കിടയിൽനിന്ന് ചുരുട്ടിനെ പിഴുതെടുത്തു. കാർഷ് വേഗത്തിൽ തന്റെ ക്യാമറയ്ക്കടുത്തേക്കെത്തി. കടിച്ചുകീറാൻ വെമ്പുന്ന മുഖഭാവമായിരുന്നു അപ്പോൾ ചർച്ചിലിന്. സമയമൊട്ടും കളയാതെ കാർഷ് ആ നിമിഷത്തെ പകർത്തി. യുസഫ് കാർഷ് എന്ന ഫോട്ടോഗ്രാഫറുടെ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ച ഒരുചിത്രമായി അത് മാറി; ഗർജിക്കുന്ന സിംഹം!
വിക്ടോറിയൻ കാലഘട്ടത്തിൽ ഇന്ത്യയിൽനിന്നുള്ള പ്രധാന കയറ്റുമതികളിലൊന്നായിരുന്നു ട്രിച്ചിനോപോളി ചുരുട്ട് അഥവാ തിരുച്ചിറപ്പള്ളി ചുരുട്ട്. ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് പരമ്പരയിലെ എ സ്റ്റഡി ഇൻ സ്‌കാർലറ്റ് (A study In Scarlet) എന്ന കൃതിയിൽ കുറ്റവാളിയെപ്പറ്റിയുള്ള വിവരണത്തിൽ തിരുച്ചിറപ്പള്ളി ചുരുട്ടിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. അതുപോലെ ലോകപ്രശസ്ത സംവിധായകൻ ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ ദി ലേഡി വാനിഷസ് (The Lady Vanishes) എന്ന സിനിമയിലും ചുരുട്ടിന്റെ സാന്നിധ്യമുണ്ട്. സാഹിത്യത്തിനും സിനിമയ്ക്കുമപ്പുറം തിരുച്ചിറപ്പള്ളി ചുരുട്ടിനെ ലോകപ്രശസ്തമാക്കിത്തീർത്തതിൽ വിൻസ്റ്റൺ ചർച്ചിലിനുള്ള നിഗൂഢമായ പങ്ക് കഥയെ വെല്ലുന്ന ചരിത്രമായി തുടരുന്നു. രൂക്ഷഗന്ധമുള്ള ഹവാന ചുരുട്ടിനോട് എന്നെന്നേക്കുമായി വിടപറഞ്ഞ ചർച്ചിൽ നേരിയസുഗന്ധമുള്ള തിരുച്ചിറപ്പള്ളി ചുരുട്ടിനോട് ഇഷ്ടംകൂടിയത് വളരെവേഗമാണ്. ഇന്ത്യയിൽനിന്ന് കയറ്റുമതിചെയ്യുന്നവയിൽ തിരുച്ചിറപ്പള്ളി ചുരുട്ടുണ്ടെന്നും അവ കൃത്യമായി ഡൗണിങ് സ്ട്രീറ്റിൽ (ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗികാര്യാലയം) എത്തുന്നുണ്ടെന്നും ഉറപ്പുവരുത്താൻ ഒരു അസിസ്റ്റന്റിനെ നിയമിക്കുകയും ചെയ്തു. 122 വർഷത്തിലേറെ പഴക്കമുള്ള തിരുച്ചിറപ്പള്ളി ചുരുട്ടിന്റെ കഥ അവിടെനിന്ന് ആരംഭിക്കുകയാണ്. സോളയപ്പ തേവരിൽനിന്ന് ആരംഭിക്കുന്ന ചുരുട്ടുകഥ പിച്ചരത്‌നത്തിലേക്കും മകൻ വാസുദേവനിലേക്കും പടരുന്നു. 54-കാരനായ വാസുദേവൻ ഉറയൂരിലെ വീട്ടിലിരുന്ന് തിരുച്ചിറപ്പള്ളി ചുരുട്ടിന്റെ പ്രതാപകാലം ഓർത്തെടുത്തു...
സോളയപ്പ എന്ന അമരക്കാരൻ
''1900-ലാണ് എന്റെ മുത്തച്ഛൻ സോളയപ്പ തേവർ ഫെൻ ആൻഡ് തോംസൺ എന്ന ചുരുട്ടുകമ്പനി ആരംഭിക്കുന്നത്. കമ്പനി നടത്തിയിരുന്നത് ഇന്ത്യക്കാരായിരുന്നെങ്കിലും ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരായതുകൊണ്ട് ഇംഗ്ലീഷ് പേരായിരുന്നു കമ്പനിക്ക് ഇട്ടത്. തുടക്കകാലത്ത് വിവിധസ്ഥലങ്ങളിലായി ഞങ്ങൾക്ക് ഏകദേശം 4000 ചുരുട്ടുനിർമാണ യൂണിറ്റുകളുണ്ടായിരുന്നു. മുത്തച്ഛനാണ് എന്നെ ചുരുട്ടുണ്ടാക്കാൻ പഠിപ്പിച്ചത്. പതിനെട്ടുവയസ്സായപ്പോൾതൊട്ട് മുത്തച്ഛനൊപ്പം ഫാക്ടറികളിലെല്ലാം ചെന്ന് ചുരുട്ടുണ്ടാക്കുന്നത് നോക്കിപ്പഠിക്കും. അച്ഛൻ ബി.എച്ച്.എലിൽ എൻജിനിയറായിരുന്നു. അച്ഛന്റെ ചേട്ടനായിരുന്നു മുത്തച്ഛനെ ചുരുട്ടുണ്ടാക്കാനൊക്കെ സഹായിച്ചിരുന്നത്. ഹൃദയസ്തംഭനം വന്ന് അദ്ദേഹം മരിച്ചു. തുടർന്ന് മുത്തച്ഛനെ സഹായിക്കുന്ന ജോലി അച്ഛന് ഏറ്റെടുക്കേണ്ടിവന്നു. വൈകുന്നേരങ്ങളിൽ ജോലികഴിഞ്ഞെത്തിയാൽ ചുരുട്ടുണ്ടാക്കാൻ അച്ഛനും കൂടും. പുലർച്ചെ നാലരയ്ക്കാരംഭിക്കുന്ന ചുരുട്ടുനിർമാണം രാത്രി ഒമ്പതുമണിക്കേ അവസാനിക്കൂ. 1950-കളിൽ വിദഗ്ധരായ 250-ലേറെ ജോലിക്കാരുണ്ടായിരുന്നു. ഉറയൂരിലെ ഭൂരിഭാഗം കുടുംബങ്ങളും സാമ്പത്തികമായി മെച്ചപ്പെട്ട കാലംകൂടിയായിരുന്നു അത്. ''
ചർച്ചിൽ സ്പെഷ്യൽ
''വിൻസ്റ്റൺ ചർച്ചിലിന്റെ ചുരുട്ടുപ്രിയത്തെപ്പറ്റി മുത്തച്ഛനിൽനിന്നും അച്ഛനിൽനിന്നുമാണ് ഞാനറിയുന്നത്. ചർച്ചിൽ ചുരുട്ടുവാങ്ങിയിരുന്ന രണ്ടോ മൂന്നോ കമ്പനികളിലൊന്നായിരുന്നു ഞങ്ങളുടേത്. ചുരുട്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ഓരോമാസവും എത്തും. അതീവരഹസ്യമായിട്ടായിരുന്നു കത്തുകൾ കൈപ്പറ്റിയിരുന്നത്. കത്ത് ആരുടേതാണെന്നോ അതിലെ ഉള്ളടക്കമെന്താണെന്നോപോലും തൊഴിലാളികളെ അറിയിച്ചിരുന്നില്ല. കത്ത് കിട്ടിയാലുടനെ ചുരുട്ട് പാക്കറ്റുകളടങ്ങിയ കെട്ട് ഇന്ത്യാ ഗവൺമെന്റിന് അയച്ചുനൽകും. ഇവിടെനിന്ന് കയറ്റുമതിചെയ്യുന്ന സാധനങ്ങളുടെ കൂട്ടത്തിൽ ഒരു അമൂല്യവസ്തുപോലെ ചുരുട്ടും ഇടംപിടിച്ചു. മുത്തച്ഛനിൽനിന്ന് കേട്ടറിഞ്ഞപ്രകാരം ചർച്ചിൽ ഒരുമാസം 500 ചുരുട്ടുകൾക്കുവരെ ഓർഡർ നൽകിയിരുന്നു. തന്റെ പ്രിയപ്പെട്ടവർക്ക് സ്നേഹത്തോടെ ചുരുട്ടുസമ്മാനിക്കാനും അദ്ദേഹം മറക്കാറില്ല. ബ്ലാക് ടൈഗർ ആയിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചുരുട്ട്. ചർച്ചിൽ മരിക്കുന്നതുവരെ ഒരുമുടക്കവുമില്ലാതെ ഫെൻ ആൻഡ് തോംസൺ കമ്പനിയിൽനിന്ന്്് ചുരുട്ട് അദ്ദേഹത്തെത്തേടി കടൽകയറിപ്പോയി.''
വിസ്മൃതിയിലാകുന്ന ചുരുട്ടുകാലം
''ആദ്യകാലത്ത് 44 തരം ചുരുട്ട് ബ്രാൻഡുകൾ ഞങ്ങൾ നിർമിച്ചിരുന്നു. ഇപ്പോൾ ആറുതരം മാത്രമേയുള്ളൂ. ഫെർമന്റേഷൻ (Fermentation) എന്ന പ്രക്രിയയാണ് ചുരുട്ടിന്റെ രുചിരഹസ്യം നിർണയിക്കുന്നത്. പൈനാപ്പിൾ, മുന്തിരി, ഓറഞ്ച്, ആപ്പിൾ തുടങ്ങിയ പഴങ്ങൾ ജ്യൂസ് പരുവത്തിലാക്കി പുകയിലയിൽ ചേർക്കുന്നു. ദിണ്ടിഗൽ, കരൂർ ഭാഗങ്ങളിൽനിന്നാണ് പുകയില കൊണ്ടുവരുന്നത്. ചുരുട്ടുണ്ടാക്കാനുള്ള റാപ്പർ (പേപ്പർ) ഇൻഡൊനീഷ്യയിൽനിന്നാണ് ഇറക്കുമതിചെയ്യുന്നത്. 3.5 ഇഞ്ച് നീളത്തിൽ തുടങ്ങി 6.5 ഇഞ്ച് വരെ നീളമുള്ള ചുരുട്ടുകളുണ്ട്. 3.5 ഇഞ്ചിന്റെയും 6 ഇഞ്ചിന്റെയും ചുരുട്ടുകൾക്കായിരുന്നു പണ്ട് ആവശ്യക്കാരേറെ. 50 രൂപമുതൽ 900 രൂപവരെ വിലയുള്ള ചുരുട്ടുകളുണ്ട്. ചർച്ചിൽ സ്പെഷ്യലായ ബ്ലാക് ടൈഗറിന് തന്നെയാണ് വിലകൂടുതൽ, 900 രൂപ. ചുരുട്ട് നിർമിക്കൽ വലിയ അധ്വാനവും ശ്രദ്ധയുംവേണ്ട ജോലിയാണ്. നല്ല വൈദഗ്ധ്യമുള്ള ജോലിക്കാരുടെ അഭാവം ഈ മേഖലയുടെ പുരോഗതിയെ പ്രതികൂലമായി ബാധിച്ചു. 16 മണിക്കൂർ തുടർച്ചയായി ചെലവഴിച്ചാൽമാത്രമേ ചുരുട്ട് നിർമാണത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ പൂർത്തിയാകുകയുള്ളൂ. ഒരു ചുരുട്ടിന്റെ നിർമാണം മുഴുവൻ പൂർത്തിയാകാൻ മൂന്നുദിവസമെടുക്കും.
പ്രായമായ കുറച്ചുപേർ മാത്രമാണ് ഇന്ന് ചുരുട്ട് അന്വേഷിച്ചുവരുന്നത്. പണ്ടുണ്ടായിരുന്ന ചുരുട്ട് ഫാക്ടറികളിൽ ചിലത് എന്നന്നേക്കുമായി പൂട്ടി, ബാക്കിയുള്ളവ നിലംപൊത്തി. ചുരുട്ട് ഫാക്ടറികളിൽ ദിവസത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചിരുന്ന ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. ഉയർന്നജോലികൾ പലതും നേടാനുള്ള അവസരമുണ്ടായിരുന്നിട്ടും ഞാൻ ജീവിതമാർഗമാക്കിയത് ഇതാണ്. മുത്തച്ഛനിൽനിന്നും അച്ഛനിൽനിന്നും കൈമാറിക്കിട്ടിയ ഈ തൊഴിൽ തുടർന്നുകൊണ്ടുപോകുക എന്ന ദൗത്യമായിരുന്നു എനിക്കുണ്ടായിരുന്നത്. മറ്റെല്ലാജോലികളെക്കാളും നന്നായി ഈ ജോലി ചെയ്യാനാകുമെന്ന ആത്മവിശ്വാസം ആദ്യമേ എനിക്കുണ്ടായിരുന്നു. പുകയിലയുടെ ഗുണനിലവാരം ഉറപ്പുവരുത്തൽ, ബ്ലെൻഡിങ് തുടങ്ങിയ ജോലികൾ കൃത്യമായി ചെയ്തതല്ലാതെ ഇതുവരെ ഞാൻ ചുരുട്ട് വലിച്ചിട്ടില്ല. ചുരുട്ട് രുചിച്ചുനോക്കുന്നതിൽ മുത്തച്ഛനായിരുന്നു വിദഗ്ധൻ. എനിക്കങ്ങനെ ചെയ്യാൻ തോന്നിയിട്ടില്ല. പാരമ്പര്യമായി ചെയ്തുപോന്ന ഈ തൊഴിലിന് എന്നിലൂടെ അന്ത്യംകുറിക്കപ്പെടുകയാണ്. സിവിൽ എൻജിനിയറായ മകനും എൻജിനിയറിങ്ങിന് പഠിക്കുന്ന മകളും ഇതിനകം അവരുടെ താത്പര്യമേഖല കണ്ടെത്തിക്കഴിഞ്ഞു. പുതുതലമുറയിലെ എല്ലാവരെയുംപോലെ അവർക്കും ചുരുട്ട് ഒരു കാഴ്ചവസ്തുവായി മാറിക്കഴിഞ്ഞു!
Content Highlights: weekend


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..