ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും രണ്ട് അമ്മാവൻമാരെയും കൊണ്ട് ഒരുത്തൻ ഒളിച്ചോടുന്നത്...'' ട്രെയിലറിൽ പറയുന്ന ഡയലോഗിൽ തന്നെ ത്രിശങ്കു എന്ന സിനിമയുടെ രസച്ചരടുകൾ തെളിയുമ്പോൾ പ്രണയത്തിന്റെ ചില പാലങ്ങൾ അവിടെ രൂപപ്പെടുന്നുണ്ട്. അർജുൻ അശോകനും അന്ന ബെന്നും പ്രണയത്തിന്റെ പാലത്തിൽ നിന്നാണ് പ്രേക്ഷകരെയും അവിടേക്ക് ക്ഷണിക്കുന്നത്. സേതുവും മേഘയും ഒളിച്ചോടി വിവാഹം കഴിക്കാൻ തീരുമാനിക്കുന്ന അതേ ദിവസം തന്നെയാണ് സേതുവിന്റെ സഹോദരി മറ്റൊരാളോടൊപ്പം ഒളിച്ചോടുന്നത്. പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ത്രിശങ്കുവിൽ ചുരുളഴിയുന്നത്. സേതുവായ അർജുൻ അശോകന്റെയും മേഘയായ അന്ന ബെന്നിന്റെയും ത്രിശങ്കു രസകരമായ ചലച്ചിത്രാനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്ന് സംവിധായകൻ അച്യുത് വിനായകും അവകാശപ്പെടുമ്പോൾ പ്രേക്ഷകരും ആ പാലത്തിലേക്ക് തന്നെയാകും ടിക്കറ്റെടുക്കുന്നത്. പ്രിയദർശന്റെ സഹായിയായി പ്രവർത്തിച്ച പരിചയസമ്പത്തുമായി അച്യുത് വിനായക് സംവിധായകക്കുപ്പായമണിയുന്ന സിനിമയുടെ രസകരമായ വിശേഷങ്ങളെല്ലാം അയാളുടെ സ്വപ്‌നങ്ങൾക്ക് അടിവരയിടുന്നതാണ്.
ഇംഗ്ലണ്ടിൽനിന്നൊരു സ്വപ്നം
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ വീഡിയോ പ്രൊഡക്‌ഷൻസ് ആൻഡ് മാസ് കമ്യൂണിക്കേഷൻ ബിരുദകോഴ്സിന് പഠിക്കുമ്പോൾ സിനിമാമോഹമുള്ളവരായിരുന്നു അച്യുതിന്റെ കൂട്ടുകാരെല്ലാം. ഡിഗ്രി കഴിഞ്ഞ് ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റിയിൽ ഫിലിം ആൻഡ് വീഡിയോ പ്രൊഡക്‌ഷൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോഴും അച്യുതിന്റെ സിനിമാസ്വപ്നങ്ങൾക്ക് നിറങ്ങളേറുകയായിരുന്നു. ഇംഗ്ലണ്ടിൽനിന്ന് സ്വപ്നങ്ങളുമായി അച്യുത് പറന്നിറങ്ങിയത് മലയാള സിനിമയുടെ പ്രിയസംവിധായകൻ പ്രിയദർശന്റെ അരികിലേക്കായിരുന്നു. ‘‘നടനും രാഷ്ട്രീയക്കാരനുമായ കെ.ബി. ഗണേഷ് കുമാർ എന്റെ അടുത്ത ബന്ധുവാണ്. ഗണേഷ് അങ്കിളാണ് എന്നെ പ്രിയൻസാറിന്റെ അരികിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പ്രിയൻസാറിനൊപ്പം ഗീതാഞ്ജലി എന്ന സിനിമയിലാണ് ഞാൻ ആദ്യം സംവിധാനസഹായിയായി പ്രവർത്തിച്ചത്. പിന്നീട് ആമയും മുയലും എന്ന സിനിമയും അദ്ദേഹത്തോടൊപ്പം ചെയ്തു. പിന്നീട് മാർ ഇവാനിയോസിലെ എന്റെ പഴയ കൂട്ടുകാരുടെ സംഘം ഒരുമിച്ച അടി കപ്യാരേ കൂട്ടമണി എന്ന സിനിമയിലാണ് ഞാൻ പ്രവർത്തിച്ചത്. ഇതെല്ലാം എന്നിലെ സംവിധായകനെ വളർത്തിയെടുക്കാനുള്ള ഒരുപാട് കാര്യങ്ങളാണ് പഠിപ്പിച്ചത്.’’ -അച്യുത് പിന്നിട്ട വഴികളെക്കുറിച്ച് പറഞ്ഞു.
എന്തോ ഒരു പരിപാടിയുണ്ടല്ലോ
ത്രിശങ്കു എന്ന സിനിമയുടെ രസച്ചരടുകൾ എങ്ങനെയാണ് കൈകളിലേക്ക് വന്നത്? ചോദ്യത്തിന് നല്ലൊരു ചിരിയായിരുന്നു ആദ്യ മറുപടി. ‘‘ത്രിശങ്കു എന്ന സിനിമയുടെ കഥ മനസ്സിൽവരുമ്പോൾ അത് എങ്ങനെ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. ആരോട് കഥപറഞ്ഞാലും ‘ഇതിൽ എന്തോ ഒരു പരിപാടി ഉണ്ടല്ലോ’ എന്നു അവർക്കുതോന്നുന്ന ത്രെഡ് ആകണമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. ഒളിച്ചോട്ടമാണ് കഥയുടെ വിഷയമെങ്കിലും അതിന്റെ കഥാപരിസരത്തിന് ഒരുപാട് സവിശേഷതകളുണ്ട്. ആരിലും ജിജ്ഞാസതോന്നുന്ന ഒന്നുതന്നെയായ ത്രിശങ്കു എന്ന പേരുതന്നെ സിനിമയ്ക്കിട്ടത് അതുകൊണ്ടാണ്. സിനിമയുടെ കഥ മനസ്സിൽവരുമ്പോൾത്തന്നെ ഇതിലെ മേഘയായി മനസ്സിലുണ്ടായിരുന്നത് അന്ന ബെൻ തന്നെയായിരുന്നു. ആദ്യം മറ്റുചിലരെ വിചാരിച്ചെങ്കിലും പിന്നീടാണ് അർജുൻ സേതു എന്ന കഥാപാത്രത്തിലേക്ക് വരുന്നത്. ഇപ്പോൾ ചിന്തിക്കുമ്പോൾ അവർ രണ്ടുപേരും തന്നെയാണ് ഈ കഥയ്ക്ക് വേണ്ടിയിരുന്നതെന്നു തോന്നുന്നു. അതുപോലെ ആദ്യം രണ്ടു പാട്ടുകൾ മാത്രമാണ് സിനിമയിൽ വിചാരിച്ചിരുന്നത്. എന്നാൽ, എഴുതിവന്നപ്പോൾ പാട്ടുകൾക്ക് കൂടുതൽ ഇടംവേണമെന്നുതോന്നി. അതനുസരിച്ച് കഥയിലും കഥാഗതിയിലും കൃത്യമായി സ്ഥാനമുള്ള അഞ്ചു പാട്ടുകളാണ് ഇപ്പോൾ സിനിമയിലുള്ളത്.’’ -അച്യുത് ത്രിശങ്കുവിന്റെ വിശേഷങ്ങൾ പങ്കുവെച്ചു.
അമ്മാവനും കെ.എസ്.ആർ.ടി.സി.യും
അച്യുത് പറഞ്ഞ വൺലൈൻ തന്നെയാണ് സിനിമയിലേക്കു തുറക്കുന്ന കൃത്യമായ വാതിൽ എന്നാണ് അർജുൻ അശോകും വിശ്വസിക്കുന്നത്. ‘‘അച്യുതാണ് എന്റെയടുത്ത് ത്രിശങ്കുവിന്റെ കഥപറയുന്നത്. ഇതിന്റെ വൺലൈൻ കേട്ടപ്പോൾ തന്നെ എനിക്ക് വലിയ താത്പര്യം തോന്നി. കോവിഡ് കാലമായതിനാൽ സൂം മീറ്റിങ്ങിലൂടെയാണ് ഞാൻ ഈ കഥ കേട്ടത്. രണ്ട് അമ്മാവന്മാരെവെച്ച് ഒരു ഒളിച്ചോട്ടം, അതും കെ.എസ്.ആർ.ടി.സി. ബസിൽ. വളരെ രസകരമായിത്തോന്നിയ ഈ രണ്ടു ഘടകങ്ങൾ തന്നെയാണ് എന്നെ ത്രിശങ്കുവിലേക്ക് കൊണ്ടുവന്നത്. ചെയ്തുവരുമ്പോൾ എങ്ങനെയുണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ഒടുവിൽ നന്നായിത്തന്നെ ഇത് റെഡിയാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ത്രിശങ്കു എന്ന സിനിമ കോവിഡ് കാലത്ത് തുടങ്ങിയതാണ്. ഇപ്പോഴാണ് അത് റിലീസിലേക്കെത്തുന്നതെന്നു മാത്രം. അതുകൊണ്ടുതന്നെ കാത്തിരിപ്പിന്റെ ഫലം രസകരമാകുമെന്നാണ് വിശ്വാസം.’’ -അർജുൻ അശോക് പറയുന്നു.
രസകരമായ ടീം ഗെയിം
കെ.എസ്.ആർ.ടി.സി. ബസിലെ ഒരുമിച്ചുള്ള യാത്രപോലെ ഒരു ടീം പ്രയത്നമാണ് ത്രിശങ്കുവിന്റെ ഹൈലൈറ്റ്സ് എന്നാണ് അന്നാ ബെന്നിന്റെ വിശ്വാസം. ‘‘അമ്മാവന്മാരായി എത്തുന്ന സുരേഷ് കൃഷ്ണച്ചേട്ടനും നന്ദുച്ചേട്ടനും വളരെ സീനിയറായ കലാകാരന്മാരാണ്. ഓരോ രംഗത്തിലും വരുത്തേണ്ട പുതുമയും അവതരണവും എങ്ങനെയാകണമെന്നതിൽ അവർക്ക് വ്യക്തമായ ബോധമുണ്ട്. നാലഞ്ച് ഷെഡ്യൂളിലായിട്ടാണ് ഈ സിനിമ തീർന്നത്. ആ സമയത്ത് ഞങ്ങൾക്ക് ആശങ്കതോന്നിയെങ്കിലും അവർ വളരെ കൂളായിട്ടാണ് ആ സിനിമയുടെ അവസാനംവരെ വർക്കുചെയ്തത്. സ്പോട്ടിൽത്തന്നെ അവർ വരുത്തുന്ന മാറ്റങ്ങളും വളരെ രസകരമായിരുന്നു. ഞങ്ങൾ നാലുപേരും ഒരു ടീം ഗെയിം പോലെയാണ് ഇതിനെ കണ്ടത്. ഓരോരുത്തരും അവരുടെ കഥാപാത്രങ്ങളെ മാത്രം നോക്കാതെ പരസ്പരം സഹായിക്കുന്ന ഈ ടീം ഗെയിം തന്നെയാണ് ത്രിശങ്കുവിനെ രസകരമായ ഒരനുഭവമാക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കോമഡി വർക്കൗട്ട് ചെയ്യുന്നതാണ് അഭിനയത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ത്രിശങ്കു എന്ന സിനിമ അത് കൃത്യമായി അടിവരയിടുന്നുണ്ടെന്നും ഞാൻ കരുതുന്നു.’’ -അന്നയുടെ വാക്കുകളിലും തെളിഞ്ഞത് ത്രിശങ്കുവിന്റെ രസകരമായ രേഖാചിത്രം തന്നെയായിരുന്നു.
Content Highlights: weekend


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..