അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി ജവാഹർലാൽ നെഹ്രുവിന് ചെങ്കോൽ കൈമാറിയെന്ന കഥ തീർത്തും വിചിത്രമാണ്. മൗണ്ട്ബാറ്റൺ നെഹ്രുവിനോട് ഒരു ചടങ്ങിനെക്കുറിച്ചു പറഞ്ഞിരുന്നുവെന്നാണ് നിലവിലെ സർക്കാർവൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചനകൾ. ഇത് നെഹ്രു രാജാജിയോടു പറഞ്ഞു. അധികാരത്തിലേറുമ്പോൾ ചെങ്കോൽ സ്വീകരിക്കുന്ന ചോളരാജാക്കന്മാരുടെ ആചാരം രാജാജിയാണ് പെട്ടെന്ന് വെളിപ്പെടുത്തുന്നത്. അത്തരമൊരു ചെങ്കോൽ മദ്രാസിലെ ഒരു ആഭരണവ്യാപാരി നിർമിക്കുകയും തിരുവാവാടുതുറൈ ആദീനം അഥവാ മതാചാര്യൻ നെഹ്രുവിനു കൈമാറുകയും ചെയ്തു. ഈ ആചാരമാണ് ഇപ്പോൾ രാജ്യത്ത് അധികാരക്കൈമാറ്റത്തിന്റെ ചിഹ്നമായി വിശുദ്ധമാക്കപ്പെടുന്നത്.
ഇതിന് ഏക തെളിവ് ആദീനമോ അവരുമായി ബന്ധപ്പെട്ട മറ്റാരെങ്കിലുമോ ഈ ചെങ്കോൽ നെഹ്രുവിനു കൈമാറിയെന്നതുമാത്രമാണ്. അതല്ലാതെ മറ്റൊന്നും അതിലില്ല. നെഹ്രു തന്റെ അഭ്യുദയകാംക്ഷികളിൽനിന്ന് എല്ലാത്തരം ഉപഹാരങ്ങളും സ്വീകരിക്കാറുണ്ടായിരുന്നു. ഇത് അത്തരത്തിൽ ഒന്നുമാത്രം. ആദീനമെന്നത് അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി എന്തെങ്കിലും ചടങ്ങ് നടത്താൻ അധികാരമുള്ള ഒരു വ്യക്തിയായിരുന്നില്ല. ചെങ്കോൽ സ്വീകരിച്ച നെഹ്രു അത് തനിക്കുലഭിച്ച മറ്റു ഉപഹാരങ്ങളുടെ കൂമ്പാരത്തിനൊപ്പം മാറ്റിവെക്കുകയാണുണ്ടായത്. അങ്ങനെയത് അലഹാബാദ് മ്യൂസിയത്തിലെത്തി. നിലവിലെ സർക്കാർ ‘നിധിവേട്ട’ നടത്തി കണ്ടെത്തുന്നതുവരെ അതവിടെ ഈ എഴുപത്തിയഞ്ചുവർഷവും പൊടിപിടിച്ച് കിടക്കുകയായിരുന്നു.
ഈ സംഭവത്തിന്റെ മറ്റെല്ലാവശങ്ങളും ഭാവനപോലെ അവിശ്വസനീയമാണ്. അധികാരക്കൈമാറ്റത്തിന്റെ ഭാഗമായുള്ള ഒരു ആചാരമോ ചടങ്ങോ മറ്റോ ആയിരുന്നെങ്കിൽ അത് ചരിത്രത്തിൽ വിശദമായി രേഖപ്പെടുത്തുമായിരുന്നു. അത്രയും പ്രാധാന്യമുള്ളൊരു ചടങ്ങിന്റെ ചിത്രങ്ങൾ ഇന്ത്യയുടെയും ബ്രിട്ടന്റെയും ചരിത്രത്തിൽ ഇടംപിടിക്കുമായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് അധികാരം കൈമാറുന്നുവെന്നു കാണിക്കാൻ അതിന് പരമാവധി പ്രചാരണം ലഭിക്കുന്നത് മൗണ്ട്ബാറ്റൺ ഉറപ്പാക്കുമായിരുന്നു. നെഹ്രു മറ്റാരുടെയെങ്കിലും കൈയിൽനിന്ന് ചെങ്കോൽ സ്വീകരിച്ചിരുന്നെങ്കിലും അതിനും വൻപ്രചാരണം ലഭിക്കുമായിരുന്നു. എന്തായിരുന്നാലും അതിന്റെയൊന്നും ഒരു തെളിവുമില്ല. അങ്ങനെയൊന്നുണ്ടെങ്കിൽ ഇതുവരെ അതാരും കണ്ടിട്ടോ അതിനെപ്പറ്റി സംസാരിച്ചിട്ടോ ഇല്ലെന്നത് വളരെവിചിത്രമാണ്.
ഇക്കഥ ആരു പടച്ചുണ്ടാക്കിയാലും അയാളൊരു ദരിദ്രനായ ചരിത്രകാരനാണ്. ചെങ്കോലെന്നത് പരമാധികാരത്തിന്റെ അടയാളമാണ്. പലകാര്യങ്ങളും അത് അങ്ങനെയാക്കും. 1947-ൽ അധികാരക്കൈമാറ്റത്തിനുശേഷം ഇന്ത്യയിലെ പരമാധികാരം ബ്രിട്ടീഷ് രാജാവ് ജോർജ് ആറാമന്റേതാണ്. അപ്പോഴും ബ്രിട്ടീഷ് രാജാവായിരുന്നു ഇന്ത്യയിലെ ചക്രവർത്തി. രാജ്യം എന്നനിലയിൽ ഇന്ത്യ സ്വതന്ത്രമായിരുന്നെങ്കിലും 1950 ജനുവരി 26-നാണ്
രാജ്യം, പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമായൊരു റിപ്പബ്ലിക്കായി രൂപാന്തരപ്പെട്ടത്. ആ അവസരത്തിലാണ് ജോർജ് ആറാമൻ അധികാരക്കൈമാറ്റം അടയാളപ്പെടുത്താൻ ചെങ്കോൽ കൈമാറേണ്ടിയിരുന്നത്. 1950-ൽ രാജ്യം റിപ്പബ്ലിക്കായപ്പോൾ ഈ അംശവടി രാജ്യത്തിന്റെ തലവനെന്നനിലയിൽ രാഷ്ട്രപതിക്കാണ് കൈമാറേണ്ടിയിരുന്നത്. അല്ലാതെ നെഹ്രുവിനല്ല. ഏതർഥത്തിലായാലും ഭരണഘടനാപരമായി പറഞ്ഞാൽ, പരമാധികാരത്തിന്റെ ചിഹ്നമായി നെഹ്രു ഒരു അംശവടിയും സ്വീകരിച്ചിട്ടില്ല. കാരണം അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി മാത്രമായിരുന്നു.
അത്തരമൊരു അധികാരത്തിന്റെ ചിഹ്നം ഒരു അധിനിവേശപ്രാമാണികരിൽനിന്ന് നെഹ്രു ഒരിക്കലും സ്വീകരിക്കാനിടയില്ല. ആ പ്രതിരൂപാത്മകവാദം തെറ്റാണ്. ജനം ഏതുരീതിയിലാണോ ആഗ്രഹിച്ചിരുന്നത് ആ രീതിയിൽ ഇന്ത്യയിലെ ജനങ്ങളിൽനിന്നുമാത്രമേ അദ്ദേഹം അധികാരം സ്വീകരിച്ചിരുന്നുള്ളൂ. അധികാരക്കൈമാറ്റം ഒരു നിയമപരമായ നടപടിക്രമം എന്നനിലയിൽ വ്യത്യസ്തമാണ്. അതിന് പ്രാദേശിക, അന്താരാഷ്ട്രനിയമങ്ങൾ ആവശ്യമാണ്. പക്ഷേ, അത് ഇത്തരം ചിഹ്നങ്ങളില്ലാത്തതായിരുന്നു. ഈ കഥ മെനഞ്ഞുണ്ടാക്കിയവർക്ക് ആധുനിക ഇന്ത്യയുടെ ചരിത്രമോ അതിന്റെ ദേശീയതയോ ഇന്ത്യൻ ജനാധിപത്യത്തിന്റെ സ്വഭാവമോ ഗാന്ധിയൻ ആശയങ്ങളുടെ അർഥമോ ദേശീയനേതാക്കളുടെ മനശ്ശാസ്ത്രമോ, (പ്രത്യേകിച്ചും നെഹ്രുവിനെപ്പോലൊരാളുടെ) മനസ്സിലാകുമെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ നെഹ്രു അത്തരം രാജചിഹ്നമെന്ന ആശയക്കാരോട് കടുത്ത എതിർപ്പുയർത്തുമായിരുന്നു. ബ്രിട്ടീഷ് ഭരണത്തോടു മാത്രമല്ല, രാജാക്കന്മാരോടും നെഹ്രു പോരാടിയിരുന്നു. അവർ രാജാധികാരത്തിന്റെ ആഭരണങ്ങളണിഞ്ഞ ആളുകളായി ചുരുക്കപ്പെട്ടിരുന്നു. അവർക്ക് അതിനൊപ്പം നീങ്ങുകയും വേണ്ടിയിരുന്നു. നെഹ്രുവിനും ഭൂരിഭാഗം നേതാക്കൾക്കും ഇക്കാര്യത്തെക്കുറിച്ച് അറിയാമായിരുന്നു. അധികാരക്കൈമാറ്റസമയത്ത് രാജചിഹ്നങ്ങൾ യുക്തിഹീനവും അപമാനവുമാണ്.
ഈ സർക്കാരിന് തമിഴ്‌നാട്ടിൽനിന്ന് കുറച്ചു വോട്ടുകൾ നേടണമായിരിക്കും. പക്ഷേ, അതിന് മറ്റുവഴികളുണ്ട്. ഒരു തമിഴ്കാവ്യം എവിടെയെങ്കിലും ചൊല്ലുകയും കൊത്തിവെക്കുകയും ചെയ്യുക, തമിഴ്‌നാട്ടിൽനിന്നുള്ള അമൂല്യമായൊരു കലാശില്പം പുതിയ പാർലമെന്റ് മന്ദിരം അലങ്കരിക്കാൻ ഉപയോഗിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്. ഇത്രയും കപടമായൊരു രാജചിഹ്നം എഴുന്നള്ളിച്ചത് എന്തിനാണ്? ഇന്ത്യയിലെ ജനാധിപത്യാധികാരം രാജചിഹ്നംകൊണ്ടല്ല പ്രതിനിധാനംചെയ്യേണ്ടത്. അശോകസ്തംഭം ഒരു ചക്രവർത്തിയുടെ ആലോചനകളിൽനിന്നുണ്ടായതായിരിക്കാം. എന്നാൽ, അത് രാജാധികാരത്തെ സൂചിപ്പിക്കുന്നില്ല. ആ അർഥത്തിലുമല്ല അത് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. രാജാധികാരം വമിപ്പിക്കുന്നൊരു ചിഹ്നം രൂപകല്പനചെയ്യുമ്പോൾ, അതിനെ ആ തരത്തിൽ പരസ്യപ്പെടുത്തുമ്പോൾ, പാർലമെന്റിൽ അതിനെ അത്രയും പ്രാധാന്യത്തോടെ സ്ഥാപിക്കുമ്പോൾ അത് ജനാധിപത്യത്തിന്റെ അന്തസ്സത്തയെ വ്യതിചലിപ്പിക്കുന്നു. 1947-നും 1950-നുമിടയിൽ രൂപപ്പെടുത്തിയെടുത്ത ജനാധിപത്യത്തെ ഔദ്യോഗികമായിത്തന്നെ ഇല്ലായ്മചെയ്യുന്നു.
Content Highlights: weekend


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..