ആ രണ്ടുപേരിലൊരാൾ ഒരു വലിയ വെള്ളിത്തട്ടം വഹിച്ചിരുന്നു. വെളുത്ത പട്ടിൽ സ്വർണവരകൾ പിടിപ്പിച്ച ഒരു വസ്ത്രം മടക്കി അതിൽവെച്ചിട്ടുണ്ട്. പീതാംബരമാണത്; സ്വർണവസ്ത്രം. മറ്റേസന്യാസിയുടെ കൈയിൽ, അഞ്ചടിനീളമുള്ള ചെങ്കോലും തഞ്ചാവൂർ നദിയിൽനിന്നും കൊണ്ടുവന്ന വിശുദ്ധജലമുള്ള മൊന്തയും ഒരു ചെറിയ ഭസ്മസഞ്ചിയും മദ്രാസിലുള്ള ക്ഷേത്രത്തിലെ നൃത്തദേവനായ നടരാജന്റെ പാദത്തിങ്കൽ രാവിലെ നിവേദിച്ച ചോറ് ഉൾക്കൊള്ളുന്ന മറ്റൊരുസഞ്ചിയുമുണ്ട്.
അവരുടെ ഘോഷയാത്ര രാജ്യതലസ്ഥാനത്തെ വഴികളിലൂടെ നീങ്ങിക്കൊണ്ടിരുന്നു. യോർക്ക് റോഡ്-17ലെ ഒരു ചെറിയ ബംഗ്ലാവിന്റെ മുന്നിലെത്തിയപ്പോൾ അത് നിന്നു. അതിന്റെ പടികളിൽവെച്ച് അന്ധവിശ്വാസത്തേയും ഇന്ദ്രിയാതീതവിഷയങ്ങളെയും പൂജിക്കുന്ന ഒരിന്ത്യയുടെ പ്രതിനിധികൾ, ശാസ്ത്രത്തിന്റെയും സോഷ്യലിസത്തിന്റേതുമായ പുതിയ ഇന്ത്യയുടെ പ്രവാചകനുമായി സന്ധിച്ചു. പുരാതനകാലത്തെ ഇന്ത്യൻ രാജാക്കന്മാർക്ക് ഹിന്ദുവിശുദ്ധന്മാർ അധികാരചിഹ്നങ്ങൾ അർപ്പിച്ചിരുന്നതുപോലെ പുതിയ ഇന്ത്യാരാഷ്ട്രത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻപോകുന്ന
മനുഷ്യന് തങ്ങളുടെ പൗരാണികങ്ങളായ അധികാരചിഹ്നങ്ങൾ അർപ്പിക്കുന്നതിന് സന്ന്യാസിമാർ യോർക്ക് റോഡിൽ എത്തിയതായിരുന്നു.
അവർ ജവാഹർലാൽ നെഹ്രുവിന്റെമേൽ വിശുദ്ധ ജലം തളിച്ചു. അദ്ദേഹത്തിന്റെ നെറ്റിയിൽ ഭസ്മംപൂശി. അവരുടെ ചെങ്കോൽ അദ്ദേഹത്തിന്റെ കൈയിൽവെച്ചു. അദ്ദേഹത്തെ സ്വർണവസ്ത്രം പുതപ്പിച്ചു. മതം എന്ന വാക്ക് തന്നിലുളവാക്കിയിട്ടുള്ള ഭീകരതയെക്കുറിച്ച് എപ്പോഴും പ്രഖ്യാപിച്ചിട്ടുള്ള ആ മനുഷ്യന് തന്റെ രാഷ്ട്രത്തിൽ താൻ അപലപിച്ചിട്ടുള്ള സകലതിന്റെയും മടുപ്പുളവാക്കുന്ന ഒരു പ്രകടനമായിരുന്നു ആ ചടങ്ങ്. എങ്കിലും ഏറെക്കുറെ ആഹ്ലാദപൂർവമായ വിനയത്തോടെ അദ്ദേഹം അതിന് വിധേയനായി...’
(സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, പേജ് 267-269)
അർധരാത്രിയിൽ ഇന്ത്യനേടിയ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അതിമനോഹരമായ പുസ്തകത്തിൽ, 75 വർഷം മുമ്പുള്ള പാതിരാത്രിയിൽ നടന്ന ചെങ്കോൽ കൈമാറ്റത്തെക്കുറിച്ച് ഫ്രഞ്ച് അമേരിക്കൻ എഴുത്തുകാരായ ഡൊമനിക് ലാപ്പിയറും ലാരി കോളിൻസും എഴുതിയതാണ് ഈ വിവരണം. ഇപ്പോൾ, 75 വർഷത്തിനിപ്പുറം ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ കൈമാറ്റത്തിന്റെ പുതിയരൂപം അരങ്ങേറി. നെഹ്രുവിന്റെ സ്ഥാനത്ത് നരേന്ദ്രമോദി, കർമങ്ങൾക്ക് തിരുവാവാടുതുറൈ ആദീനത്തിലെ ഇപ്പോഴത്തെ പുരോഹിതർ. ചെങ്കോൽ കൈമാറ്റത്തിന്റെ ബൗദ്ധികസ്ഥാനത്ത് അന്ന് സി. രാജഗോപാലാചാരിയായിരുന്നെങ്കിൽ ഇന്ന് ആർ.
എസ്.എസ്. സൈദ്ധാന്തികനായ എസ്. ഗുരുമൂർത്തിയാണ്...
എല്ലാം കണ്ട് കാലവും ഡൽഹിയും യമുനയും...
ഇത്തരമൊരു ചടങ്ങിന്റെ തീയതി തീരുമാനിക്കുന്നതിനും ഒരുവർഷം മുമ്പുതന്നെ ഈ വിഷയം അതേപോലെ ചിത്രീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ചിത്രം നിർമിക്കാനും സംവിധാനംചെയ്യാനും ഏല്പിച്ചത് മലയാളികളുടെ ഒരുസംഘത്തെ:
സംവിധാനം: പ്രിയദർശൻ
ഛായാഗ്രഹണം: സന്തോഷ് ശിവൻ
പ്രൊഡക്‌ഷൻ ഡിസൈനർ: സാബു സിറിൽ
നിർമാണം: സെവൻ ആർട്‌സ് വിജയകുമാർ
നിർമാണനിർവഹണം: കെ.വി. ശശിധരൻ (ആർ.കെ. സ്വാമി അഡ്വർടൈസിങ് ഗ്രൂപ്പ്)
മൈസൂരുവിലും തമിഴ്‌നാടിന്റെ പലഭാഗങ്ങളിലുമായി പതിനഞ്ചുദിവസംകൊണ്ടാണ് ഏഴുമിനിറ്റ് ദൈർഘ്യമുള്ള ചെങ്കോൽ ചിത്രീകരിച്ചത്.
കാലാപാനി തന്ന ധൈര്യം
-പ്രിയദർശൻ
ആർ.കെ. സ്വാമി അഡ്വർടൈസിങ് ഏജൻസിയെയാണ് കേന്ദ്രസർക്കാരിന്റെ സാംസ്കാരികവകുപ്പ് ചെങ്കോൽ ചിത്രീകരിക്കാൻ ഏൽപ്പിച്ചത്. അവരാണ് പ്രിയദർശനെയും സംഘത്തെയും തിരഞ്ഞെടുത്തത്. വ്യത്യസ്തമായ ഈ ചിത്രീകരണത്തെക്കുറിച്ച് സംവിധായകൻ പ്രിയദർശൻ പറയുന്നത് ഇങ്ങനെ:
‘‘കഴിഞ്ഞ 26 വർഷത്തിനിടെ ആർ.കെ. സ്വാമി ഗ്രൂപ്പിനുവേണ്ടി ഒട്ടേറെ ദേശീയ പരസ്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. ചെങ്കോൽ ‘കാലാപാനി’ക്ക് പിറകിൽ പ്രവർത്തിച്ച അതേ ടീം ചിത്രീകരിക്കണമെന്ന് കേന്ദ്രസർക്കാരിനും ആർ.കെ. സ്വാമി ഗ്രൂപ്പിനും നിർബന്ധമായിരുന്നു. അങ്ങനെയാണ് ഞാനും പ്രൊഡക്‌ഷൻ ഡിസൈനർ സാബു സിറിലും ക്യാമറാമാൻ സന്തോഷ് ശിവനും ഒരു ചരിത്ര പദ്ധതിയിൽ വീണ്ടും ഒന്നിക്കുന്നത്.
വിശദമായ തിരക്കഥ ആർ.കെ. സ്വാമി ഗ്രൂപ്പിന്റെ ഗവേഷണവിഭാഗവും ക്രിയേറ്റീവ് ടീമും ചേർന്ന് ഉണ്ടാക്കിയിരുന്നു. അതുവെച്ച് ഞാനും എന്റെ സംഘവും ഞങ്ങളുടേതായ ഗവേഷണങ്ങൾ നടത്തി. പരാമർശിക്കപ്പെട്ട തിരുവാവാടുതുറൈ ആദീനമടക്കമുള്ള എല്ലാ മഠങ്ങളും ചെന്നുകണ്ടു. ചെങ്കോൽ നിർമിച്ച സ്വർണാഭരണശാലയായ വുമ്മുഡി ബംഗാരുവിൽച്ചെന്ന് കാര്യങ്ങൾ മനസ്സിലാക്കി. അതിന് സാക്ഷിയായ വുമ്മുഡി എതിരാജുലുവുമായും സുധാകറുമായും സംസാരിച്ചു. രേഖകളും ചിത്രങ്ങളും പരിശോധിച്ചു. കൂട്ടലുകളും കുറയ്ക്കലുകളും നടത്തി. ചരിത്രവസ്തുതകളെ വ്യാഖ്യാനങ്ങൾക്കപ്പുറം നിർത്തി. മൈസൂരു നഗരവും ശ്രീരംഗപട്ടണത്തെ മേൽക്കോട്ടയും (ഇവിടെ കാലാപാനിയും ചിത്രീകരിച്ചിട്ടുണ്ട്) പ്രധാന ലൊക്കേഷനുകളാക്കി. നെഹ്രു, ഗാന്ധിജി, പട്ടേൽ, രാജഗോപാലാചാരി എന്നിവരുടെ ഛായയുള്ള നടന്മാരെ കണ്ടെത്തി. പലരുമായും അഭിമുഖങ്ങൾ നടത്തി. സത്യാവസ്ഥ പൂർണമായും ബോധ്യപ്പെട്ടതിനുശേഷമാണ് ഷൂട്ടിങ് തുടങ്ങിയത്. ആകെ ഒന്നരമണിക്കൂറിലധികം ഷൂട്ട് ചെയ്തെങ്കിലും ഏഴ് മിനിറ്റിന്റേതുമാത്രമാണ് ഉപയോഗിച്ചത്’’
ഇത്തരമൊരു ഡോക്യുമെന്ററി ചിത്രീകരണത്തിലെ ഏറ്റവുംവലിയ വെല്ലുവിളി എന്തായിരുന്നു
= അതിന്റെ കാലവും കൺമുന്നിലുള്ള തെളിഞ്ഞ വസ്തുതയും തന്നെ. ഇവിടെ ഭാവനയ്ക്ക് യാതൊരു സ്ഥാനവുമില്ല. കുഞ്ഞാലിമരയ്ക്കാർ പോലെയല്ല, എല്ലാറ്റിനും ഫോട്ടോകളും രേഖകളുമുണ്ട്; സംഭവങ്ങൾക്ക് സാക്ഷിയായ ആൾവരെയുണ്ട്. ഇവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് സാബു ആ കാലവും സംഭവങ്ങളും പുനഃസൃഷ്ടിച്ചത്. ചിത്രീകരിക്കാനായി യഥാർഥ ചെങ്കോൽ അലഹാബാദിൽനിന്ന് വിമാനത്തിൽ കർണാടക ഗവർണറുടെ പരിരക്ഷയിൽ പ്രത്യേകം ഇൻഷുർചെയ്ത് കൊണ്ടുവന്നു. ആദീനത്തിൽനിന്ന് പുരോഹിതർ വന്നു. നെഹ്രുവും ഗാന്ധിജിയും പട്ടേലുമൊക്കെ ഇരിക്കുന്ന രീതിവരെ ചിത്രങ്ങളിലൂടെയും അക്കാലത്തെ വീഡിയോഫൂട്ടേജുകളിലൂടെയുമെല്ലാം സൂക്ഷ്മമായി മനസ്സിലാക്കണമായിരുന്നു. രണ്ടരമണിക്കൂർ സിനിമയെക്കാൾ ബുദ്ധിമുട്ടിയാണ് ചെങ്കോൽ ചിത്രീകരിച്ച് എഡിറ്റുചെയ്തെടുത്തത്.
ചെങ്കോലും ഡോക്യുമെന്ററിയും പുറത്തുവന്നതിനുശേഷമുള്ള വിവാദങ്ങൾ ശ്രദ്ധിച്ചിരുന്നോ
= എല്ലാം വായിച്ചിരുന്നു. ചരിത്രത്തിൽ വളരെയധികം താത്പര്യമുള്ള ഒരു സിനിമാസംവിധായകൻ എന്നനിലയിലാണ് ഞാൻ ഇവയെ കാണുന്നത്. ചെങ്കോലും കിരീടവും ഭരണത്തിന്റെയും അധികാരക്കൈമാറ്റത്തിന്റെയും ചിഹ്നങ്ങളായാണ് ഈ രാജ്യം എക്കാലത്തും കണ്ടിരുന്നത്. അധികാരക്കൈമാറ്റത്തിന്റെ ഭാഗമായാണോ ഈ ചെങ്കോൽ കൈമാറ്റം നടന്നതെന്ന ന്യായമായ സംശയം പല പണ്ഡിതന്മാരും ഉന്നയിക്കുമ്പോഴും യഥാർഥ ചെങ്കോലും ഈ രേഖകളുമെല്ലാം നേരിൽക്കണ്ട ഒരാളെന്നനിലയ്ക്ക് എന്റെ ചെറിയ ബുദ്ധിയിലുണ്ടായ സംശയം ഇതുമാത്രമാണ്: ഡൽഹിയിൽനിന്ന് ആരും താത്പര്യമെടുക്കാതെ തമിഴ്‌നാട്ടിലെ ഒരു സന്ന്യാസിമഠസംഘം എന്തിനാണ് ഇത്രയും വിലപിടിപ്പുള്ള ഒരു സ്വർണച്ചെങ്കോലുമായി ട്രെയിനിലോ വിമാനത്തിലോ കയറി ഡൽഹിയിൽപ്പോയി ആധുനിക ഇന്ത്യയുടെ ഏറ്റവും നിർണായകമായ നിമിഷത്തിന് തൊട്ടുമുമ്പ് നെഹ്രുവിന്റെ കൈയിൽ ഇത് പിടിപ്പിച്ചത്? അമേരിക്കൻ മാസികയായ ടൈം ഇത് ചിത്രസഹിതം റിപ്പോർട്ട് ചെയ്തത്? പിന്നീട് ഈ ചെങ്കോൽ മറ്റൊരുപേരിൽ സൂക്ഷിക്കപ്പെട്ടത്? ഞാൻ കണ്ട രേഖകളൊന്നിലും ഈ ചോദ്യങ്ങൾക്കുള്ള മറുപടിയില്ലായിരുന്നു.
ഭാവനയെ മാറ്റിനിർത്തിയുള്ള
ഗവേഷണം -സാബു സിറിൽ
കാലാപാനി, ബാഹുബലി, ആർ.ആർ.ആർ., മരക്കാർ: അറബിക്കടലിന്റെ സിംഹം എന്നിവയെല്ലാം ഒരുക്കിയ തനിക്ക് ഇന്ത്യയുടെ സമീപകാലചരിത്രത്തിലെ ഈ ഏഴുമിനിറ്റ് ഏറെ വെല്ലുവിളികളുടേതായിരുന്നുവെന്ന് പറയുന്നു പ്രൊഡക്‌ഷൻ ഡിസൈനർ സാബു സിറിൽ:
‘‘കാലംതന്നെയായിരുന്നു ഏറ്റവുംവലിയ വെല്ലുവിളി. നമ്മുടെ കൺമുന്നിലുണ്ടത്. അതിപ്രശസ്തരായ വ്യക്തികൾ, അവരുടെ വസ്ത്രധാരണം, അക്കാലത്തെ മൈക്കുകൾ, ക്യാമറകൾ, വാഹനങ്ങൾ, കെട്ടിടത്തിന്റെ ഉൾവശങ്ങൾ, ഫർണിച്ചറുകൾ, വ്യക്തി ഉപയോഗ വസ്തുക്കൾ എല്ലാം എവിടെയൊക്കെയോ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിനെ തെറ്റുകൂടാതെ പുനഃസൃഷ്ടിക്കുക എളുപ്പമായിരുന്നില്ല. ഇത് ഒരു സിനിമയല്ല. ചരിത്രപരവും രാഷ്ട്രീയവുമായ മാനങ്ങളുള്ള ഒരു സൃഷ്ടിയാണ്. ചെറിയതെറ്റുപോലും വലിയരീതിയിൽ ചർച്ചചെയ്യപ്പെടും. അതിനെ മറികടക്കുകയെന്നതുതന്നെയായിരുന്നു വെല്ലുവിളി.’’
കറുപ്പിലും വെളുപ്പിലും
സൃഷ്ടിച്ച കാലം -സന്തോഷ് ശിവൻ
ഒരുമിച്ച് കാലാപാനി ചിത്രീകരിച്ച ധൈര്യമാണ് ചെങ്കോൽ ചിത്രീകരിക്കാൻ ബലമായതെന്നുപറയുന്നു പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ:
‘ഒരു പ്രത്യേകകാലത്തോട് ദൃശ്യങ്ങളിലൂടെ പ്രതികരിക്കേണ്ടിവരുക എപ്പോഴും വെല്ലുവിളിയാണ്. സമീപഭൂതകാലമാണെങ്കിൽ പ്രത്യേകിച്ചും. എല്ലാത്തരത്തിലും അതിനെ വിശ്വസിപ്പിക്കണം. ശരിയാണ്, പ്രിയനും ഞാനും സാബുവും ചേർന്നാണ് കാലാപാനി സൃഷ്ടിച്ചത്. എന്നാൽ, ഇവിടെ ഞങ്ങൾക്ക് കൈകാര്യംചെയ്യേണ്ടിയിരുന്നത് നെഹ്രുവിനെയും ഗാന്ധിജിയെയും പോലുള്ള ലോകത്തിനുമുഴുവൻ അറിയുന്ന വലിയ വ്യക്തിത്വങ്ങളെയായിരുന്നു. ഇവിടെ ക്യാമറയിലൂടെ ഞാൻ ഒരു കാലം കാണുകയായിരുന്നു -നമുക്കറിയുന്നതും അറിയാതരുന്നതുമായ കാലം.’’
സിനിമയെക്കാൾ ഉത്തരവാദിത്വം
- ജി.പി. വിജയകുമാർ
(സെവൻ ആർട്സ്)
രണ്ടരമണിക്കൂർ ദൈർഘ്യമുള്ള പ്രശസ്തമായ ഒട്ടേറെ സിനിമകൾ നിർമിച്ച തനിക്ക് ചെങ്കോലിന്റെ ഏഴുമിനിറ്റ് ചിത്രീകരണം വലിയ പരീക്ഷണവും സമ്മർദവുമായിരുന്നുവെന്ന് പറയുന്നു നിർമാതാവ് സെവൻ ആർട്‌സ് വിജയകുമാർ:
‘‘ആർ.കെ. സ്വാമി ഗ്രൂപ്പാണ് എന്നെ ഇത്തരത്തിലൊരു ഡോക്യുമെന്ററി നിർമിക്കാൻ ഏൽപ്പിച്ചത്. പ്രിയനും സാബുവും സന്തോഷുമെല്ലാം പറഞ്ഞതുപോലെ കാലവും അതിൽ ഉൾപ്പെട്ട പ്രശസ്തവ്യക്തികളും തന്നെയായിരുന്നു വെല്ലുവിളി. ചിത്രീകരണത്തിനുള്ള എല്ലാ ഒരുക്കങ്ങളിലും ചരിത്രത്തിന്റെ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഞാനടക്കം എല്ലാവരും അതേപ്പറ്റി ബോധവാന്മാരായിരുന്നു. വലിയ ഒരു സിനിമ ചിത്രീകരിക്കുന്ന അതേതരത്തിൽ തൊണ്ണൂറിലധികംപേരുള്ള യൂണിറ്റ് 15 ദിവസംകൊണ്ടാണ് ചെങ്കോൽ ചിത്രീകരിച്ചത്.’’
ചരിത്രത്തിന്റെ ഭാഗമായ നിമിഷം -കെ.വി. ശശിധരൻ
(നാഷണൽ ഡയറക്ടർ ആൻഡ് സീനിയർ പാർട്ണർ, ആർ.കെ. സ്വാമി പ്രൈവറ്റ് ലിമിറ്റഡ്)
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മുന്നിൽക്കണ്ട് പത്തുമാസംമുമ്പ് ചെങ്കോൽ ചിത്രീകരിക്കാൻ ഏൽപ്പിക്കപ്പെട്ട നിമിഷം മുതൽ ഞങ്ങൾക്കറിയാമായിരുന്നു ചരിത്രം ഞങ്ങളുടെ വാതിലിൽവന്ന് മുട്ടുകയായിരുന്നുവെന്ന്. ആഴത്തിലും പരപ്പിലുമുള്ള ഗവേഷണമാണ് ഞങ്ങൾ ഇതിനുവേണ്ടി ചുരുങ്ങിയകാലത്തിനുള്ളിൽ നടത്തിയത്. സ്ഥലങ്ങൾ, വസ്തുക്കൾ, പ്രസിദ്ധീകരിക്കപ്പെട്ട ചിത്രങ്ങളും ലേഖനങ്ങളും പത്രറിപ്പോർട്ടുകളും പുസ്തകങ്ങൾ, വ്യക്തികളിൽനിന്നുള്ള വിവരങ്ങൾ എന്നിവയെല്ലാം പരിശോധിച്ചു. പ്രയാഗ്‌രാജി (അലഹാബാദ്)ൽനിന്നും ഏറെ പണിപ്പെട്ട് ചെങ്കോൽ മൈസൂരുവിലെത്തിച്ചു. രാജ്യചരിത്രത്തിന്റെ ഭാഗമായ ഇത്തരമൊരു ചിത്രത്തിന്റെ ഭാഗമാകാൻകഴിഞ്ഞതിൽ ആർ.കെ. സ്വാമി ഗ്രൂപ്പ് അഭിമാനിക്കുന്നു. പ്രിയദർശനും സന്തോഷ് ശിവനും സാബു സിറിലിനും വിജയകുമാറിനുമൊപ്പം ഒരു സംരംഭത്തിൽ പങ്കാളിയാവാൻസാധിച്ചത് ഓർമയിലെ അവിസ്മരണീയമായ നിമിഷങ്ങളാണ്.’’
ഞങ്ങൾക്കിത് അഭിമാനനിമിഷം -സംഗീത എൻ.
(നാഷണൽ ക്രിയേറ്റീവ് ഡയറക്ടർ,
ആർ.കെ. സ്വാമി പ്രൈവറ്റ് ലിമിറ്റഡ്)
‘‘നമ്മുടെ സംസ്കാരത്തിന്റെ ഭാഗംകൂടിയായ ഇത്തരമൊരു ചരിത്രവസ്തുത വ്യക്തമായി ഗവേഷണം നടത്തി ചിത്രീകരിക്കാൻ സാധിച്ചത് ആർ.കെ. സ്വാമി ഗ്രൂപ്പിന്റെ അഭിമാനനിമിഷമാണ്. കാലത്തെ പുനഃസൃഷ്ടിക്കുന്നതിൽ വിദഗ്ധരായ പ്രിയദർശനും സന്തോഷ് ശിവനും സാബു സിറിലും ഞങ്ങൾക്കൊപ്പം നിന്നുവെന്നതും അഭിമാനത്തിന് വകനൽകുന്നു.’’
Content Highlights: weekend


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..