എത്രയും വേണ്ടപ്പെട്ട ഒരാൾ


എം.ടി. വാസുദേവൻ നായർ

എം.പി. വീരേന്ദ്രകുമാറുമായി ഉണ്ടായിരുന്ന ദശകങ്ങൾ നീണ്ട സൗഹൃദത്തെക്കുറിച്ചാണ് എം.ടി. വാസുദേവൻ നായർ

എം.ടി.യും എം.പി. വീരേന്ദ്രകുമാറും മാതൃഭൂമി ഓഫീസിൽ (ഫയൽ ഫോട്ടോ)

അനേകം വർഷങ്ങൾക്കുമുമ്പാണ്. എനിക്കന്ന് ഇരുപത്തിയൊന്നോ ഇരുപത്തിരണ്ടോ വയസ്സ്. ‘മാതൃഭൂമി’യിൽ ചേർന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടുണ്ടാവും. വയനാട്ടിൽ ചെറിയൊരു സാംസ്കാരികയോഗത്തിൽ പ്രസംഗിക്കാൻ പോയതാണ് ഞാൻ. അപ്പോഴാണ് എം.പി. വീരേന്ദ്രകുമാറിനെ ആദ്യമായി കാണുന്നത്. പ്രസംഗം കേൾക്കാനായി അദ്ദേഹം ആ സദസ്സിൽ മുന്നിൽത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അന്ന് വീരേന്ദ്രകുമാർ രാഷ്ട്രീയപ്രവർത്തനത്തിന്റെ തിരക്കുകളിൽ സജീവമാണ്. പത്മപ്രഭാഗൗഡരുടെ മകനാണ്, അമേരിക്കയിൽ പോയി പഠിച്ചയാളാണ്, വിവരമുള്ളയാളാണ് എന്നൊക്കെ അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നേരിൽ പരിചയമുണ്ടായിരുന്നില്ല. അങ്ങനെയൊരാൾ പ്രസംഗം കേൾക്കാനായി മുൻനിരയിൽവന്നിരുന്നത് എനിക്ക് അദ്‌ഭുതമായി. പ്രസംഗം കഴിഞ്ഞിറങ്ങിയപ്പോൾ അടുത്തുവന്ന് പരിചയപ്പെട്ടു. അവിടെയുള്ള ഒരു സുഹൃത്തിന്റെ അടുത്താണ് ഞാനന്ന് ഭക്ഷണം കഴിക്കാൻ പോയത്. അവിടെയും അദ്ദേഹമെത്തി. വീരേന്ദ്രകുമാറിന്റെയും സുഹൃത്തായിരുന്നു അദ്ദേഹം. എന്റെ പ്രസംഗത്തിലെ വാക്യങ്ങൾ ഉദ്ധരിച്ച് അതേക്കുറിച്ച് സംസാരിച്ചു. അതും എനിക്കൊരു വിസ്മയമായിരുന്നു. ഞങ്ങളുടെ സംഭാഷണം കുറേനേരം നീണ്ടു. പുസ്തകങ്ങളെക്കുറിച്ചും വായനയെക്കുറിച്ചുമായിരുന്നു അതെല്ലാം. അന്നു തുടങ്ങിയതാണ് ഞങ്ങളുടെ അടുപ്പം.

ഒട്ടും ആലങ്കാരികമായി പറയുകയല്ല, എം.പി. വീരേന്ദ്രകുമാറിന്റെ വേർപാട് കേരളത്തിനു വലിയൊരു നഷ്ടമാണ്. രാഷ്ട്രീയപ്രവർത്തനത്തിലൂടെയായിരുന്നു കേരളസമൂഹത്തിന് അദ്ദേഹത്തെ ഏറെ പരിചയമെങ്കിലും വായനയിലൂടെയും പുസ്തകങ്ങളിലൂടെയുമാണ് ഞങ്ങളുടെ അടുപ്പം. വയനാട്ടിൽവെച്ചുള്ള ആദ്യകൂടിക്കാഴ്ചയ്ക്കുശേഷം കോഴിക്കോട്ടെത്തുമ്പോൾ പലപ്പോഴും ഞാൻ താമസിക്കുന്ന ഹോട്ടലിലെ കൊച്ചുമുറിയിൽ അദ്ദേഹം വന്നു. രാഷ്ട്രീയയോഗങ്ങളുടെ തിരക്കുകളൊക്കെ കഴിഞ്ഞ് രാത്രി വൈകിയാണ് പലപ്പോഴും എത്താറ്. എത്ര വൈകിയാലും ഏറെനേരം ഇരുന്നു സംസാരിക്കും. അതുമുഴുവൻ സാഹിത്യത്തെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചുമായിരുന്നു. ആ ചെറിയ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചാണ് അദ്ദേഹം മടങ്ങാറ്. മുഴുവൻസമയം രാഷ്ട്രീയപ്രവർത്തകനായിരിക്കുന്നൊരാൾക്ക് സാഹിത്യത്തോട് ഇത്രമാത്രം അടുപ്പമെങ്ങനെ എന്നു പലകുറി ഞാൻ വിസ്മയിച്ചു. സാധാരണയായി നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാർക്ക് സാഹിത്യം അന്യവസ്തുവാണല്ലോ.

അദ്ദേഹം മാതൃഭൂമി മാനേജിങ് ഡയറക്ടറാകുന്നതൊക്കെ പിന്നെയും എത്രയോ കഴിഞ്ഞാണ്. അപ്പോഴും പത്രപ്രവർത്തകനും മാനേജിങ് ഡയറക്ടറുമെന്ന നിലയ്ക്കല്ല അദ്ദേഹത്തിന്റെ ഇടപെടൽ. എം.ഡി.യായിരിക്കെ അദ്ദേഹം എന്റെ മുറിയിൽ വന്നിരുന്ന് സംസാരിക്കും. പുസ്തകങ്ങളും എഴുത്തും തന്നെ അപ്പോഴും വിഷയം. യാത്രകൾ കഴിഞ്ഞു തിരിച്ചുവരുമ്പോഴൊക്കെ പോയ ഇടങ്ങളിൽക്കണ്ട പുസ്തകശാലകളെക്കുറിച്ചാണ് അദ്ദേഹം ആവേശത്തോടെ സംസാരിക്കാറ്. കോൺസ്റ്റാന്റിനോപ്പിളിൽ പോയപ്പോൾക്കണ്ട പുസ്തകശാലയെക്കുറിച്ച് ഒരിക്കൽ പറഞ്ഞു. അങ്ങനെ എത്രയോ ഇടങ്ങളിലെ പുസ്തകങ്ങളെക്കുറിച്ച് അദ്ദേഹത്തിന് എന്നും പറയാനുണ്ടായിരുന്നു. പുതിയൊരു പുസ്തകം വായിച്ചാൽ അതേക്കുറിച്ച് സംസാരിക്കാൻ ആവേശമാണ്. ‘വിദേശത്ത് എവിടെപ്പോയാലും അച്ഛൻ ആദ്യം അന്വേഷിച്ചെത്തുന്നത് അവിടത്തെ മികച്ച പുസ്തകശാലയിലേക്കാവും’ എന്ന് അദ്ദേഹത്തിന്റെ മകൻ ശ്രേയാംസ് കുമാർ എന്നോടു പറഞ്ഞിട്ടുണ്ട്.

വീരേന്ദ്രകുമാറുമായി കൂടുതൽ അടുത്തപ്പോഴാണ് അദ്ദേഹത്തിന്റെ വായനയുടെ സവിശേഷതകൾ നന്നായി വെളിപ്പെട്ടത്. വായിക്കുന്നതു മുഴുവൻ മനസ്സിലാക്കുന്നു, സ്വന്തം കാഴ്ചപ്പാടോടെ അപഗ്രഥിക്കുന്നു -അതാണ് അദ്ദേഹത്തിന്റെ രീതി. അദ്ദേഹത്തിന്റെ ഓർമശക്തിയും അദ്‌ഭുതകരമാണ്. വളരെമുമ്പ് വായിച്ച പുസ്തകങ്ങളിൽനിന്നുപോലും ഒരു പിശകുമില്ലാതെ ഉദ്ധരിക്കും. ഒരുവിധം ഓർമശക്തിയുള്ളയാളാണ് ഞാനും. എന്നാൽ, അദ്ദേഹത്തിന്റെ ഓർമശക്തി എനിക്കും വിസ്മയമാണ്. ഞങ്ങളിരുവരുടെയും അടുത്ത സുഹൃത്തായിരുന്നു യു.ആർ. അനന്തമൂർത്തി. ഭാര്യ എസ്തറുമൊത്ത് കോഴിക്കോട്ടെത്തുമ്പോഴൊക്കെ അനന്തമൂർത്തി എന്നെ കാണാൻ വരും. വീരേന്ദ്രകുമാറും ഒപ്പമുണ്ടാകും. എത്രയോ വട്ടം നടക്കാവിലെ എന്റെ വീടായ ‘സിതാര’യിലും ഭാര്യയുടെ ചാലപ്പുറത്തെ വീട്ടിലും ഞങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിക്കുകയും വർത്തമാനം പറയുകയും ചെയ്തിരിക്കുന്നു. റാം മനോഹർ ലോഹ്യയുടെ ആ രണ്ടു സോഷ്യലിസ്റ്റ് ശിഷ്യന്മാരുമൊന്നിച്ചുള്ള മുഹൂർത്തങ്ങൾ മറക്കാനാവില്ല.

വീരേന്ദ്രകുമാർ കൈയൊപ്പിട്ട നാലഞ്ചു പുസ്തകങ്ങളെങ്കിലും എന്റെ ഗ്രന്ഥശേഖരത്തിലുണ്ട്. ഈയിടെ നോക്കുമ്പോഴും കണ്ടു അതിൽ ചില പുസ്തകങ്ങൾ. എന്റെ കൈയൊപ്പുള്ള ചില പുസ്തകങ്ങൾ അദ്ദേഹത്തിന്റെ ശേഖരത്തിലുമുണ്ടാവും. അലക്‌സാണ്ടർ സോൾഷെനിത്സിന്റെ പുസ്തകങ്ങൾ അദ്ദേഹം എനിക്ക് അങ്ങനെ സമ്മാനിച്ചിട്ടുണ്ട്. ഒരു സംഭാഷണത്തിനിടെ സോൾഷെനിത്സിന്റെ രണ്ടു നാടകങ്ങളെക്കുറിച്ച് അദ്ദേഹം പറയുകയുണ്ടായി. അതെനിക്കൊരു പുതിയ അറിവായിരുന്നു. ആ പുസ്തകങ്ങൾ അദ്ദേഹം എത്തിച്ചുനൽകി. മറ്റൊരിക്കൽ, കവി ടി.എസ്. എലിയറ്റിന്റെ ആത്മകഥാപരമായൊരു ഗ്രന്ഥത്തെക്കുറിച്ച് പരാമർശമുണ്ടായപ്പോൾ അദ്ദേഹം അതു വായിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. കവിതയെഴുതുന്ന എലിയറ്റിന് ബാങ്കിലായിരുന്നു ജോലി. ഒരുതവണ ബോർഡ് യോഗം കഴിഞ്ഞ് മടങ്ങുമ്പോൾ ബാങ്ക് മേധാവിയോട് എലിയറ്റിന്റെ കവിതയെഴുത്തിനെക്കുറിച്ച് ആരോ സൂചിപ്പിച്ചു. ബാങ്ക് ജോലി കുറച്ചുകൂടി നന്നായി ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിന് ബാങ്കിൽ കുറേക്കൂടി നല്ല സ്ഥാനം ലഭിക്കുമെന്നായിരുന്നു, മേധാവിയുടെ പ്രതികരണം. അക്കാര്യമൊക്കെ അന്നത്തെ സംഭാഷണത്തിൽ ഞങ്ങൾ പങ്കിട്ടു.

മലയാളത്തിലെയും മറ്റു ഭാഷകളിലെയും എഴുത്തുകാരെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു അദ്ദേഹത്തിന്. അതിനിടെ ഒരിക്കൽ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: ‘‘ഇങ്ങനെ പ്രസംഗിച്ചു നടന്നാൽ പോരാ, ലേഖനങ്ങളെഴുതണം’’. അണുബോംബ് പരീക്ഷണത്തെക്കുറിച്ച് അദ്ദേഹമെഴുതിയ ‘ബുദ്ധന്റെ ചിരി’ എന്ന ലേഖനം വൈകാതെ വന്നു. പിൽക്കാലത്ത് പല വിഷയങ്ങളിലായി കൂടുതൽ പുസ്തകങ്ങൾ അദ്ദേഹമെഴുതി. വായനക്കാരുടെ പ്രപഞ്ചത്തെ വലിയതോതിൽ ആകർഷിച്ച ‘ഹൈമവതഭൂവിൽ’ പോലുള്ള ഒട്ടേറെ പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായിവന്നു.

വ്യക്തിപരമായ കാര്യങ്ങളിലും വലിയ ശ്രദ്ധയുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരിക്കൽ എന്റെ ആരോഗ്യം മോശമാണെന്നു കേട്ടപ്പോൾ മാതൃഭൂമിയിലെ ലെയ്്്‌സൺ ഓഫീസർ ശ്രീനിവാസനെയും കൂട്ടി അദ്ദേഹം ഇവിടെവന്നു. എനിക്കു പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലെന്നു മനസ്സിലായപ്പോഴാണ് അദ്ദേഹത്തിന് ആശ്വാസമായത്. അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുള്ളപ്പോഴും എന്നെക്കുറിച്ചാലോചിച്ചായിരുന്നു വിഷമംമുഴുവൻ. വളരെ അടുപ്പമുള്ള ഒരു സുഹൃത്ത്, വേണ്ടപ്പെട്ട ഒരാൾ എന്നൊരു ചിന്ത എന്നും വീരേന്ദ്രകുമാറിനെക്കുറിച്ച്്് എനിക്കുണ്ടായിരുന്നു. ഒരു കാര്യവും അദ്ദേഹത്തോട് എനിക്ക് അങ്ങോട്ട് ആവശ്യപ്പെടേണ്ടിവന്നിട്ടില്ല.

പണ്ട് ആ ചെറിയ ഹോട്ടൽ മുറിയിലും പത്രം ഓഫീസിലും ഇരുന്ന് സംസാരിച്ചതുപോലെ ഒരിക്കൽക്കൂടി ഇരിക്കണമെന്ന് ഒടുവിൽ കണ്ടപ്പോഴും അദ്ദേഹം പറഞ്ഞു. മറ്റൊന്നിനുമല്ല, എഴുത്തിനെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും വെറുതേ സംസാരിച്ചിരിക്കാൻ. ‘‘എപ്പോൾ വേണമെങ്കിലും അതാവാമല്ലോ, എനിക്ക് ഒരു തിരക്കുമില്ല, താങ്കൾക്ക് ഒഴിവുണ്ടാകുമ്പോൾ ശ്രീനിവാസനോട് പറഞ്ഞുവിട്ടാൽ മതി’’ എന്നു ഞാൻ മറുപടിനൽകി. ആ സംഭാഷണം ബാക്കിവെച്ചാണ് അദ്ദേഹം ഇവിടംവിട്ടുപോയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..