ഇനിയില്ല, എനിക്കൊപ്പം


പി.വി. ചന്ദ്രൻ

നാൽപ്പത്തിരണ്ടു വർഷത്തിലധികം നീണ്ട ഒരു സഹയാത്രയുടെ വേദനകൾ നിറഞ്ഞതാണ് ഈ കുറിപ്പ്. ഒന്നിച്ച് ഒരു സ്ഥാപനത്തിന്റെ അമരത്തിരിക്കുക മാത്രമല്ല, ഒന്നിച്ച് ജീവിതത്തിന്റെ മുഖ്യദൂരം തുഴഞ്ഞതിന്റെയും അനുഭവച്ചൂട് ഈ കുറിപ്പിലുണ്ട്

എം.പി.വീരേന്ദ്രകുമാറും പി.വി.ചന്ദ്രനും

മാതൃഭൂമിയുടെ പൂമുഖത്ത് ഊർജശോഭയോടെ എന്നും ജ്വലിച്ചുനിന്ന നക്ഷത്രം കണ്ണടച്ചിരിക്കുന്നു. പ്രതിസന്ധിയിൽ വഴികാട്ടിയായിരുന്ന ആ നക്ഷത്രം അണഞ്ഞപ്പോൾ പരന്ന ഇരുട്ട് അകത്തുള്ളവരുടെ ഉള്ളം പൊള്ളിക്കുകയാണ്. കണ്ടനാൾതൊട്ട് അന്ത്യംവരെ സ്നേഹപരിഗണനകൾകൊണ്ട് എന്നെ പ്രചോദിപ്പിച്ച ശക്തികേന്ദ്രമായിരുന്നു വീരേന്ദ്രകുമാർ. ചില സൗഹൃദങ്ങൾ അപൂർവസുന്ദരങ്ങളായിരിക്കും.

അനുഭവങ്ങൾ അതിലേറെ ആത്മനിർവൃതി ഉണ്ടാക്കുന്നതും. അത്തരം ഒരു സൗഹൃദമാണ് ഞങ്ങൾ തമ്മിലുണ്ടായിരുന്നത്. 1978-ലാണ് ഞാനും വീരേന്ദ്രകുമാറും മാതൃഭൂമി ഡയറക്ടർ ബോർഡിലെത്തുന്നത്. അദ്ദേഹം ഡയറക്ടറായി രണ്ടുമാസത്തിനകം ഞാനും ബോർഡംഗമായി. അന്നുമുതൽ എനിക്ക് അദ്ദേഹം ജ്യേഷ്ഠസഹോദരനാണ്. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും ആത്മബന്ധം തുടർന്നുപോന്നു. നിറപ്പകിട്ടും കാമ്പുറപ്പും തികഞ്ഞ ആ വ്യക്തിത്വത്തെ കുറേക്കാലമായി അടുത്തറിയുന്ന ആൾ എന്നനിലയിൽ എനിക്ക് അദ്ദേഹത്തെക്കുറിച്ച് വലിയ മതിപ്പാണ്. ആ വ്യക്തിത്വത്തിന്റെ എല്ലാ വശങ്ങളും ഒരുപോലെ ആകർഷകമാണ്, ആസ്വാദ്യവുമാണ്. ഓരോ വശത്തെപ്പറ്റിയും വെവ്വേറെ എത്ര വേണമെങ്കിലും എഴുതാൻ കഴിയും. പക്ഷേ, അതിന് അവസാനമുണ്ടാകില്ല.

അമേരിക്കയിൽ പഠിക്കുകയും ലോകം മുഴുവൻ പലതവണ ചുറ്റിക്കറങ്ങുകയും ചെയ്തിട്ടുള്ള വീരേന്ദ്രകുമാറിന് എപ്പോഴും ഇന്ത്യയിൽ, കേരളത്തിൽ, കോഴിക്കോട്ട്, വയനാട്ടിൽ എത്തുമ്പോഴാണ് താൻ തന്റെ വീട്ടിൽ എത്തി എന്ന് തോന്നാറുള്ളത്. ഇതിനിടയിൽ ബന്ധങ്ങളുടെ ഗാഢത, തീവ്രത ഇവ അദ്ദേഹം എപ്പോഴും നിലനിർത്തും. മാതൃഭൂമിയുടെ നേതൃത്വം അദ്ദേഹം ഏറ്റെടുത്തതിനുശേഷം ആ ഗാഢബന്ധത്തിന്റെ കേന്ദ്രബിന്ദു മാതൃഭൂമി തന്നെയായിത്തീർന്നുവെന്നത് അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ എന്റെ അനുഭവമാണ്. അദ്ദേഹത്തിന്റെ ശ്രദ്ധാപൂർണമായ പരിചരണംകൊണ്ട് മാതൃഭൂമിക്കുണ്ടായിട്ടുള്ള ആരോഗ്യവും ശക്തിയും വളർച്ചയും വിവരണാതീതമാണ്. ആ തീവ്രബന്ധം മാതൃഭൂമിക്കു മാത്രമല്ല എല്ലാ മാതൃഭൂമിക്കാർക്കും ശ്രേയസ്‌കരമായി എന്നു പറയാം.

ജനങ്ങളെ സ്നേഹിക്കുന്ന രാഷ്ട്രീയപ്രവർത്തകനും തൊഴിലാളികളെ സ്നേഹിക്കുന്ന കമ്പനി മേധാവിയും കനത്തവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എഴുത്തുകാരനും കനപ്പെട്ട പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന പ്രസാധകനും സുഹൃദ് സംഭാഷണങ്ങളിലും ഗാർഹിക സദസ്സുകളിലും പൊതുവേദികളിലും ഒരുപോലെ ശോഭിക്കുന്ന വാഗ്മിയും എല്ലാമായി തിളങ്ങാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ അപൂർവവ്യക്തിത്വംകൊണ്ടാണ്‌. അദ്ദേഹം രാഷ്ട്രീയനേതാവും എം.എൽ.എ.യും മന്ത്രിയും എം.പി.യും ഒക്കെയായിരുന്നു. എന്നാൽ, താൻ വഹിച്ചിട്ടുള്ള പദവികളിൽ ഏറ്റവും ഉന്നതവും വിശിഷ്ടവും ആത്മസംതൃപ്തിയുള്ളതുമായി അദ്ദേഹം കണക്കാക്കുന്നത് മാതൃഭൂമി മാനേജിങ്‌ ഡയറക്ടർ പദമാണ്.

ഞങ്ങൾ മാതൃഭൂമിയുടെ ഡയറക്ടർ ബോർഡംഗമാകുമ്പോൾ കോഴിക്കോട്ടും കൊച്ചിയിലും മാത്രമേ എഡിഷനുകൾ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ നേതൃപാടവംകൊണ്ടും ഞങ്ങളുടെയെല്ലാം കൂട്ടായ പ്രയത്നത്തിന്റെയും ഫലമായിട്ടാണ് പിന്നീട് തിരുവനന്തപുരത്തും തൃശ്ശൂരിലും കണ്ണൂരിലും കോട്ടയത്തും മലപ്പുറത്തും കൊല്ലത്തും പാലക്കാട്ടും ആലപ്പുഴയിലും എഡിഷനുകൾ തുടങ്ങിയത്. അവിടെയൊക്കെ പുതിയ സ്ഥലം വിലയ്ക്കുവാങ്ങി, കെട്ടിടം നിർമിച്ച്, ആധുനിക പ്രിന്റിങ്‌ പ്രസുകൾ വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത് മാതൃഭൂമിയെ ഇന്നത്തെ നിലയിലെത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചു. 1980-ൽ കോഴിക്കോട് ചാലപ്പുറത്ത് ഗസ്റ്റ്ഹൗസ് വാങ്ങിയതുമുതൽ ഏറ്റവും അവസാനം രാമനാട്ടുകരയിൽ പുതിയ പ്രസ്‌ കോംപ്ലക്സിന് എട്ട് ഏക്കർ സ്ഥലം വാങ്ങുന്നതുവരെയുള്ള ഭാരിച്ച ഉത്തരവാദിത്വം ഞാൻ ഓർക്കുകയാണ്. സ്ഥലം വാങ്ങുന്നതിനുള്ള ചുമതലകൾ അദ്ദേഹം എന്നെയാണ് വിശ്വാസപൂർവം ഏൽപ്പിച്ചിരുന്നത്.

മാതൃഭൂമി ആനുകാലിക വിഭാഗം രാമനാട്ടുകരയിലെ പുതിയ പ്രിന്റിങ്‌ കോംപ്ലക്സിലേക്ക് മാറിയത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. ഇതിന്റെ ഉദ്ഘാടനം നിലവിളക്ക് കൊളുത്തി നിർവഹിച്ചശേഷം കടന്നുവന്ന വഴികളൊക്കെ ഓർമിച്ചുകൊണ്ട് കുറെനേരം ഞങ്ങൾ അവിടെ സംസാരിച്ചിരുന്നു. അപ്പോഴൊന്നും ഇത്രപെട്ടെന്ന് അദ്ദേഹം നമ്മെ വിട്ടുപിരിയുമെന്ന് കരുതിയതല്ല. കുറച്ചുകാലമായി ശാരീരികമായ ചില അവശതകൾ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. പക്ഷേ, ഇതിലും വലിയ വെല്ലുവിളികളെയെല്ലാം നേരിട്ടുവന്ന വീരേന്ദ്രകുമാർ ഇപ്പോഴത്തെ രോഗാവസ്ഥയും മറികടന്ന് ഊർജസ്വലനാകും എന്നാണ് ഞാൻ കരുതിയത്. വീരേന്ദ്രകുമാറിനോടൊപ്പം ഒട്ടേറെ തവണ ഹിമാലയത്തിലേക്ക് യാത്രചെയ്യാനും ഹിമഗിരിശൃംഗങ്ങളിലെ വിശുദ്ധാനുഭവങ്ങൾ നുകരാനും ഭാഗ്യമുണ്ടായ വ്യക്തിയാണ് ഞാൻ. വിവിധ ഭൂഖണ്ഡങ്ങളിലെ നൂറോളം രാജ്യങ്ങൾ അദ്ദേഹത്തോടൊപ്പം സന്ദർശിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്നേഹമസൃണമായ ക്ഷണം ഇല്ലായിരുന്നെങ്കിൽ ഞാൻ ഇതിനൊക്കെ മുതിരുമായിരുന്നില്ല.

ക്ഷേത്രങ്ങൾ സന്ദർശിക്കുകയെന്നതും അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. പോകുന്നിടത്തെല്ലാം അവിടത്തെ പ്രധാന ക്ഷേത്രങ്ങളെക്കുറിച്ച് അദ്ദേഹം അന്വേഷിക്കും. വിദേശസന്ദർശനങ്ങൾക്കിടയിൽ ഹോട്ടലിൽ താമസിക്കുമ്പോൾ ഞങ്ങൾക്ക് ഒരേതരത്തിലുള്ള മുറികൾ ആയിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. അദ്ദേഹം വെജിറ്റേറിയൻ ആയതിനാൽ അത്തരം ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകൾ അന്വേഷിച്ച് ബുക്കുചെയ്യും. ഭക്ഷണകാര്യത്തിൽ ചിലപ്പോൾ അബദ്ധവും പിണഞ്ഞിട്ടുണ്ട്. ഒരു കട്‌ലെറ്റ് ഞാൻ കഴിച്ചുകൊണ്ടിരിക്കെ ‘നല്ല സ്വാദുണ്ട് എം.ഡി. കഴിച്ചുനോക്കൂ’ എന്ന് പറഞ്ഞ് ഞാൻ അദ്ദേഹത്തിന് നീട്ടി. അതുവാങ്ങി കഴിച്ചപ്പോഴാണ് നോൺ വെജ് ആണെന്ന് മനസ്സിലായത്. ‘‘ഭക്ഷണകാര്യത്തിൽ ഞാൻ ഇനി താങ്കളെ വിശ്വസിക്കില്ല’’ എന്നായിരുന്നു അപ്പോൾ നർമംകലർന്ന അദ്ദേഹത്തിന്റെ പ്രതികരണം.

ഓരോ യാത്രാവിവരണം എഴുതുമ്പോഴും ഒരു പിശകും അതിലുണ്ടാവരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. 2009-ലെ ഫിൻലൻഡ്, നോർവേ യാത്രകളെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം നമ്മെ വിട്ടുപോയത്. അന്നത്തെ യാത്രയിൽ എന്റെ ഭാര്യ ലതയും മകൾ മിനിയുടെ മകൻ അഭിഷേകും കൂടെയുണ്ടായിരുന്നു. മേയ് 22-ന് അദ്ദേഹം അഭിഷേകിനെ വിളിച്ച് അന്നത്തെ ഓർമകൾ അന്വേഷിക്കുകയും ചില വിവരങ്ങൾ സ്ഥിരീകരിക്കുകയുമുണ്ടായി. ലതയോട് വിവരങ്ങൾ ചോദിച്ചറിയാൻ വീട്ടിൽവരാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.

വ്യക്തിപരമായ വിഷമങ്ങൾ ഞാൻ നേരിടുമ്പോഴൊക്കെ വീരേന്ദ്രകുമാർ എന്റെ കൂടെയുണ്ടായിരുന്നു. ഒരിക്കൽ എറണാകുളത്തുവെച്ചുണ്ടായ വീഴ്ചയിൽ പരിക്കുപറ്റി എനിക്ക് കുറേദിവസം വീട്ടിൽ വിശ്രമിക്കേണ്ടിവന്നു. ആ സമയങ്ങളിൽ എല്ലാ ദിവസവും വീട്ടിലെത്തി ആരോഗ്യവിവരങ്ങൾ അന്വേഷിക്കുക അദ്ദേഹത്തിന് നിർബന്ധമായിരുന്നു. എന്റെ സഹോദരൻ പി.വി. ഗംഗാധരന്റെ ശാരീരികസൗഖ്യവും അദ്ദേഹം പതിവായി അന്വേഷിച്ചുകൊണ്ടിരിക്കും. ‘അപൂർവസഹോദരങ്ങൾ’ എന്നാണ് അദ്ദേഹം ഞങ്ങളെ വിശേഷിപ്പിക്കുക. ഏത് ഗൗരവമായ മീറ്റിങ്ങുകളിലും അദ്ദേഹം നർമം കലർത്തി സംസാരിക്കും. കോടികളുടെ ബാധ്യതയുള്ള തീരുമാനങ്ങൾ ഞങ്ങൾക്ക് പലതവണ എടുക്കേണ്ടിവന്നിട്ടുണ്ട്. ബോർഡ് യോഗങ്ങളിൽ പറയാനുള്ളത് ഞങ്ങൾ രണ്ടാളും പറയുമെങ്കിലും തീരുമാനത്തിലെത്താൻ ഞങ്ങൾക്ക് നിമിഷങ്ങൾ മതിയാവും.

ഒരിക്കൽപ്പോലും ഞങ്ങളുടെ ദൃഢബന്ധത്തിൽ വിള്ളൽവീണിട്ടില്ല. 1997-ൽ അദ്ദേഹം കേന്ദ്രമന്ത്രിയായപ്പോൾ മാനേജിങ്‌ ഡയറക്ടറുടെ ഉത്തരവാദിത്വം മാനേജിങ്‌ എഡിറ്ററായ എന്നെയാണ് വീരേന്ദ്രകുമാർ വിശ്വാസപൂർവം ഏൽപ്പിച്ചത്. 1998-ൽ അദ്ദേഹം മന്ത്രിസ്ഥാനമൊഴിഞ്ഞപ്പോൾ എന്നിൽ ഏൽപ്പിച്ച വിശ്വാസത്തിന് ഒട്ടും പോറലേൽപ്പിക്കാതെ മാനേജിങ്‌ ഡയറക്ടർ പദവി ഞാൻ തിരിച്ചേൽപ്പിക്കുകയും ചെയ്തു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലും മേഴത്തൂർ വൈദ്യമഠത്തിലും ഞങ്ങൾ പലതവണ ആയുർവേദ ചികിത്സയ്ക്കായി പോയിട്ടുണ്ട്. ഒരു മാസത്തോളം അടുത്തടുത്ത മുറികളിൽ ഞങ്ങൾ മാത്രമേയുണ്ടാവൂ. സന്ദർശകരില്ലാതെ, ദീർഘനേരം കമ്പനികാര്യങ്ങൾ സംസാരിക്കാനും നിർണായകമായ തീരുമാനങ്ങളെടുക്കാനും അതുവഴി ഞങ്ങൾക്ക് കഴിയാറുണ്ട്. നഷ്ടപ്പെട്ടത് സ്നേഹംനിറഞ്ഞ ഈ സുഹൃദ് ബന്ധമാണ്. അത് ജീവിതത്തിൽ ഇനി കിട്ടാത്തവിധം പോയിമറഞ്ഞു. സ്നേഹനിർഭരമായ സ്മരണകൾ എനിക്ക് സമ്മാനിച്ച പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരന് വിട.

(മാതൃഭൂമിയുടെ മാനേജിങ്‌ എഡിറ്ററാണ് ലേഖകൻ)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..