വാക്കുകൾ ആദ്യം പക്ഷിയായും പിന്നെ പക്ഷിക്കൂട്ടങ്ങളായും


എം.പി. അബ്ദുസ്സമദ്‌ സമദാനി

വീരേന്ദ്രകുമാർ പ്രസംഗിക്കുമ്പോൾ തീപിടിച്ച ആത്മാർഥത അതിൽക്കാണാം. അത്‌ വാക്കുകളുടെ വെറും പന്താട്ടമല്ല; പക്ഷിക്കൂട്ടങ്ങളുടെ പറക്കലുകളാണ്‌

-

പ്രഭാഷണകലയുടെ മർമംകണ്ട അനന്യസാധാരണമായ വാഗ്മിതയായിരുന്നു വീരേന്ദ്രകുമാറിന്റെ വ്യക്തിത്വത്തിന്റെ മുഖ്യമായ മുഖമുദ്ര. അതുപോലെ കിടയറ്റ എഴുത്തുകാരനായും അദ്ദേഹം ശോഭിച്ചു. വാമൊഴിയിലേക്കും വരമൊഴിയിലേക്കും ഒരുപോലെ തന്റെ പ്രതിഭ പ്രസരിപ്പിക്കാൻ ലോകത്തുതന്നെ അപൂർവംപേർക്കേ സാധിച്ചിട്ടുള്ളൂ.മാനവചരിത്രത്തിലെ എല്ലാ വാഗ്മികളും എഴുത്തുകാരല്ല, സകല എഴുത്തുകാരും വാഗ്മികളുമല്ല. എഴുത്തിന്റെയും പ്രസംഗത്തിന്റെയും ലാവണ്യശാസ്ത്രദ്വയം അദ്ദേഹത്തിന്റെ വ്യക്തിത്വദ്വീപ്തിയിൽ സമഞ്ജസമായി സംഗമിക്കുകയായിരുന്നു. ആ ധന്യസമന്വയം മലയാള ഭാഷയുടെ ആനന്ദദായിയായ ആഘോഷമായി പരിണമിക്കുകയും ചെയ്തു.

ഒരേസമയം പ്രഭാഷകരും എഴുത്തുകാരുമായ പ്രതിഭാശാലികൾക്ക്‌ ഇരുമേഖലകളിലും തങ്ങളുടെ കർമസമരം നിലനിർത്തിക്കൊണ്ടുപോകാൻ ഏറെ ക്ലേശിക്കേണ്ടതായിവന്നിട്ടുണ്ട്‌. ഇതിൽ ഏതെങ്കിലും ഒരു മണ്ഡലത്തിന്‌ പരിക്കേൽക്കാതെ ഈ ഇരട്ടദൗത്യം വിജയകരമായി മുന്നോട്ടുകൊണ്ടുപോകുക എളുപ്പമല്ല. ഒന്നിന്റെ തുടർച്ചയിലായിരിക്കും മറ്റൊന്നിന്റെ വളർച്ച എന്ന ദുര്യോഗത്തിന്റെ ഉദാഹരണങ്ങൾ ഗതകാലത്തുനിന്നും വർത്തമാനകാലത്തുനിന്നും ഉദ്ധരിക്കാനാകും. എന്നാൽ, ഈ രണ്ടു രംഗങ്ങളിലും ഒന്നിനൊന്ന്‌ മികവുറ്റരീതിയിൽ കർമനിരതനായ വീരേന്ദ്രകുമാർ വിസ്മയകരമായ വൈദഗ്‌ധ്യമാണ്‌ രണ്ടിനെയും സമരസപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രകടമാക്കിയത്‌. താൻ സ്നേഹിക്കുന്ന മൂല്യങ്ങളുടെയും തത്ത്വങ്ങളുടെയും സംരക്ഷണത്തിനായുള്ള പോരാട്ടവേദിയിൽ തന്റെ ജിഹ്വയും തൂലികയും ലക്ഷ്യപ്രാപ്തിക്കായി അദ്ദേഹം വിനിയോഗിച്ചു. വീരേന്ദ്രകുമാറിന്‌ ഇതു രണ്ടും ആദർശസമരത്തിലെ ആയുധങ്ങളായിരുന്നു. ഇടതടവില്ലാതെ വിലപ്പെട്ട പ്രസംഗങ്ങൾ ചെയ്തുകൊണ്ടിരുന്നപ്പോൾ തന്നെ അമൂല്യമായ ഗ്രന്ഥങ്ങൾ ഒന്നിനുപിറകെ മറ്റൊന്നായി അദ്ദേഹം എഴുതി. അങ്ങനെ പ്രഭാഷണകലയെയും സാഹിത്യരചനയെയും പരിപോഷിപ്പിച്ചും ശാക്തീകരിച്ചും അദ്ദേഹം മലയാളഭാഷയെയും കേരളീയ സമൂഹത്തെയും ഉൾവെളിച്ചംകൊണ്ട്‌ ധന്യമാക്കി. അതിനായി എഴുത്തുമുറിയിൽനിന്ന്‌ പ്രസംഗവേദിയിലേക്കും അവിടെനിന്ന്‌ തിരിച്ച്‌ വീണ്ടും എഴുത്തുമുറിയിലേക്കും അദ്ദേഹം മാറിമാറി സഞ്ചരിച്ചു.

തീർത്തും നൈസർഗികമായിരുന്നു വീരേന്ദ്രകുമാറിന്റെ പ്രഭാഷണകല. ജന്മസിദ്ധമായി അദ്ദേഹത്തിൽ മുളപൊട്ടി വളർന്ന്‌ പടരുകയായിരുന്നു പ്രഭാഷണത്തോടുള്ള അഭിനിവേശം. അദ്ദേഹത്തിന്‌ ഒരിക്കലും പ്രസംഗിക്കാതിരിക്കാൻ സാധിക്കുമായിരുന്നില്ല. അത്രയേറെ സ്വാഭാവികവും തനിമയാർന്നതുമായിരുന്നു ആ വാഗ്വിലാസം. ആ വ്യക്തിത്വത്തിന്റെ ആത്മാംശമായിരുന്നു അദ്ദേഹത്തിലെ പ്രഭാഷകൻ. ആത്മാർഥതയായിരുന്നു അതിന്‌ തീകൊളുത്തിയത്‌.

ആത്മാർപ്പണത്തിന്റെ അഗ്നിശാലയിൽ നിന്നുതിർന്ന അഗ്നിസ്ഫുലിംഗങ്ങളായിത്തീർന്നു പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾ. അദ്ദേഹത്തിന്റെ ആത്മവീര്യം ആ വാക്കുകൾക്ക്‌ പ്രാണൻ പ്രദാനംചെയ്തു. വിശേഷിച്ചും തന്റെ ആദർശങ്ങൾക്കും മൂല്യങ്ങൾക്കും മുറിവേറ്റ ഘട്ടങ്ങളിൽ അനീതിയുടെയും അധർമത്തിന്റെയും ശക്തികൾക്കെതിരേ അദ്ദേഹം ധീരമായി ശബ്ദിച്ചു. നാടിന്റെ ചരിത്രത്തിലെ സന്ദിഗ്ധസന്ദർഭങ്ങളിൽ മാനവികതയുടെയും മതേതരത്വത്തിന്റെയും മഹാനാദമായിത്തീർന്നു വീരേന്ദ്രകുമാർ. അത്തരം സന്ദർഭങ്ങളിൽ ഭീഷണികൾ വകവെക്കാതെ നാടെങ്ങും അദ്ദേഹം നടത്തിയ പ്രസംഗപര്യടനങ്ങൾ നമ്മുടെ ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമായിത്തീർന്നു. സാംസ്കാരിക ബഹുസ്വരതയ്ക്ക്‌ സുരക്ഷാവലയം തീർക്കുകയായിരുന്നു വീരേന്ദ്രകുമാർ.

ഭാരതീയ സംസ്കാരത്തിന്റെ ജ്ഞാനപഥങ്ങളിലൂടെ അദ്ദേഹം ശ്രോതാക്കളെ സഹയാത്രികരാക്കി. ആ വാഗ്‌പ്രവാഹത്തിന്റെ വിസ്മയരഥ്യകളിലൂടെ സദസ്സ്‌ സഞ്ചരിച്ചത്‌ അറിവിന്റെ തീർഥങ്ങളിലേക്കായിരുന്നു. ചരിത്രവും പൈതൃകവും മാത്രമായി രുന്നില്ല അദ്ദേഹത്തിന്റെ പ്രഭാഷണപ്രമേയങ്ങൾ. സമകാലികമായ യാഥാർഥ്യങ്ങളെ സംബന്ധിച്ച അവബോധം പകരുന്നതിനായി ഗതകാലത്തെയും പാരമ്പര്യത്തെയും അദ്ദേഹം കൂട്ടുപിടിക്കുകയായിരുന്നു. വർത്തമാനകാല സത്യങ്ങൾക്ക്‌ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പിൻബലം പ്രദാനംചെയ്യുന്ന ധൈഷണികവ്യവഹാരമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണകല.

സരളസുന്ദരവും അയത്നലളിതവുമായിരുന്നു വീരേന്ദ്രകുമാറിന്റെ പ്രഭാണഭാഷ. ഗഹനമായ ദാർശനിക പൊരുളുകൾപോലും അനായാസമായി ഗ്രഹിക്കാൻ അതു കേൾവിക്കാരെ പ്രാപ്തരാക്കി. പ്രസംഗത്തിനായി മൈക്കിനു മുന്നിലെത്തിയാൽ ഈ വാഗ്മിയിൽ പ്രകടമാകുന്ന ഭാവമാറ്റങ്ങൾ ശ്രദ്ധേയമാണ്‌. മുഖത്തെ ഭാവപ്പകർച്ചയ്ക്കൊപ്പം ശരീരചലനങ്ങളും കൈകളുടെ ആംഗ്യങ്ങളും അദ്ദേഹം അറിയാതെ വാക്കുകളുടെ ഘോഷയാത്രയിൽ ചേർന്നു സഞ്ചരിക്കും. നർമത്തിന്റെ വേളയിൽ ഒതുങ്ങിയുള്ള പുഞ്ചിരിയോടെ സംസാരം നിർത്തി ഒരു നിമിഷം മൗനത്തിലേക്ക്‌ മാറിനിൽക്കും. സദസ്സിൽ ചിരിപടരുന്നതോടെ പ്രഭാഷകൻ വീണ്ടും സദസ്സിനെ കൂടെക്കൂട്ടി വചനസരണികളിലൂടെ മുന്നോട്ട്‌... അതിനിടയിൽ ശോകവും രോഷവും വേദയും കദനവുമെല്ലാം അദ്ദേഹം ശ്രോതാക്കളിലേക്ക്‌ പകരും. അങ്ങനെ താൻ അധിവസിക്കുന്ന ലോകത്തിന്റെയും അതിലെ സഹജീവികളുടെയും മാനവപ്രതിസന്ധികളും പ്രകൃതിയിലെ പ്രശ്നങ്ങളുമടങ്ങുന്ന അതിസങ്കീർണമായ സമകാലികസമസ്യകളുടെ പൂരണത്തിനായി തന്റെ വാക്കുകളാൽ ചെറുത്തുനിൽപ്പ്‌ സംഘടിപ്പിക്കുകയായിരുന്നു വീരേന്ദ്രകുമാർ. അങ്ങനെ മനുഷ്യത്വത്താൽ തപിക്കുന്നൊരു ഹൃദയത്തിന്റെ നാദമായിത്തീർന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.

ഏതോ വയലേലയിൽനിന്ന്‌ ആദ്യമൊരു പക്ഷിയായും പിന്നെപ്പിന്നെ പക്ഷിക്കൂട്ടങ്ങളായും വീരേന്ദ്രകുമാറിന്റെ വചനങ്ങൾ ചിറകടിച്ചുയർന്ന്‌ വാങ്‌മയചിത്രങ്ങളായി വ്യാപിച്ചു... പിന്നെയത്‌ വാനിലെ നക്ഷത്രങ്ങളായിത്തീർന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..