ജ്ഞാനബുദ്ധന്റെ മന്ദഹാസം


ആലങ്കോട് ലീലാകൃഷ്ണൻ

ആഴവും പരപ്പും വീരേന്ദ്രകുമാറിന്റെ ദർശനങ്ങളെ തിളക്കമുള്ളതാക്കി. അന്വേഷണത്വര അതിന്റെ പ്രകാശമായിരുന്നു

-

സോഷ്യലിസ്റ്റ് മാനവികതയുടെ മനുഷ്യവിമോചനദർശനങ്ങളെ ഭാരതീയ തത്ത്വചിന്തയുമായി സമ്യക്കായി സമന്വയിപ്പിച്ച അസാധാരണമായ ഒരു ജ്ഞാനപദ്ധതി വീരേന്ദ്രകുമാർ സൃഷ്ടിച്ചിരുന്നു. തന്റെ രാഷ്ട്രീയഗുരുനാഥന്മാരിലൊരാളായ റാം മനോഹർ ലോഹ്യ അവസാനകാലത്ത് പങ്കുവെച്ച ഒരാശയം വീരേന്ദ്രകുമാർ എപ്പോഴും പറയാറുണ്ടായിരുന്നു: ‘മിത്തുകളുടെയും കഥകളുടെയും ഭാഷയിലല്ലാതെ ഇന്ത്യൻജനതയ്ക്ക് സോഷ്യലിസ്റ്റ് ദർശനങ്ങളെ സ്വീകരിക്കാനാവുകയില്ല’.

ഒരർഥത്തിൽ മഹാത്മജിയുടെയും റാം മനോഹർ ലോഹ്യയുടെയും പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെയും ജയപ്രകാശ് നാരായണിന്റെയും തുടർച്ചയിൽ, ആധുനികമായ ഒരു വിമോചനമാനവികതയുടെ ദർശനം എം.പി. വീരേന്ദ്രകുമാർ സ്വന്തം ജീവിതംകൊണ്ട് സാക്ഷാത്കരിച്ചു. തന്റേതായ ഒരു പ്രപഞ്ചവീക്ഷണവും പ്രപഞ്ചപദാർഥവും താനും ഒന്നുതന്നെ എന്നറിയുന്ന ഒരു നവാദ്വൈതവും വീരേന്ദ്രകുമാറിന്റെ എഴുത്തിൽ ആഴത്തിൽ തെളിഞ്ഞുകിടക്കുന്നുണ്ട്.

‘ഹൈമവതഭൂവിൽ’, ‘വിവേകാനന്ദൻ സന്ന്യാസിയും മനുഷ്യനും’ എന്നീ മാസ്റ്റർപീസ് കൃതികളിൽ ഈ ദാർശനികാന്വേഷണത്തിന്റെ ആഴങ്ങൾ നമുക്ക് ദർശിക്കാം. ‘ഡാന്യൂബ് സാക്ഷി’യിൽ വിശ്വാവബോധത്തിലേക്ക് ആ ദർശനത്തെ വികസിപ്പിക്കാൻ നടത്തിയ പുതിയ സാംസ്കാരികാന്വേഷണങ്ങളും വായിക്കാം.
തത്ത്വചിന്തയിലായിരുന്നു വീരേന്ദ്രകുമാറിന്റെ മാസ്റ്റർ ബിരുദം. ലോകതത്ത്വദർശനങ്ങളിൽ ആഴമേറിയ പഠനം വിദ്യാഭ്യാസകാലത്തേ അദ്ദേഹം നടത്തിയിരുന്നു. സ്പൈനോസ്, ലെബനിറ്റ്‌സ്, ഇമ്മാനുവൽ കാന്റ്, ബർക്ക്‌ലെ, റോബർട്ട് ഹ്യൂം, വിൽഡ്യൂറാന്റ്, മാർക്സ് മുള്ളർ, പോൾ ഡോയ്‌സൺ തുടങ്ങിയ ദാർശനികപ്രതിഭകളിലൂടെ പാശ്ചാത്യദർശനങ്ങളുടെ ക്ലാസിക്കൽ മാർഗങ്ങൾ പലതും ചെറിയപ്രായത്തിൽ സ്വായത്തമാക്കാൻ മദിരാശി വിവേകാനന്ദകോളേജിലെ തത്ത്വചിന്താപഠനം അദ്ദേഹത്തെ സഹായിച്ചു.

ഇന്ത്യൻ തത്ത്വചിന്തയിൽ അദ്ദേഹത്തിന്റെ സവിശേഷതാത്പര്യം അദ്വൈതത്തിലായിരുന്നു. പിൽക്കാലത്ത് വിദ്യാവാചസ്പതി വി. പനോളിയെ പരിചയപ്പെടാനിടവന്നത് ശങ്കരദർശനത്തിലും സ്വാമി വിവേകാനന്ദദർശനത്തിലും കൂടുതലന്വേഷണം നടത്താൻ പ്രേരണയായി. പിതാവ് പത്മപ്രഭാ ഗൗഡറിൽനിന്ന് വിവേകാനന്ദനെക്കുറിച്ച് ലഭിച്ചിരുന്ന പ്രാഥമികപരിജ്ഞാനം പിൽക്കാലത്തെ അന്വേഷണങ്ങളിൽ കൂടുതൽ വിപുലമായി.

പാശ്ചാത്യ-പൗരസ്ത്യ തത്ത്വചിന്തകളെയും ദർശനങ്ങളെയും സോഷ്യലിസ്റ്റ് മാനവിക പക്ഷത്തുനിന്നുകൊണ്ട് ആധുനികകാലത്തിനുവേണ്ടി നവീകരിച്ച ദാർശനികനായ രാഷ്ട്രീയചിന്തകനായിരുന്നു എം.പി. വീരേന്ദ്രകുമാർ. സാമ്പ്രദായികമായ തത്ത്വചിന്തയുടെ പല വഴികളെയും അദ്ദേഹം ലംഘിച്ചു. നിരന്തരമായ വായനയിലൂടെ ആധുനികവും ആധുനികോത്തരവുമായ ദർശനവൈവിധ്യങ്ങളെ വിമോചനാത്മകമായ ഒരു നവാദ്വൈതമാക്കാൻ ശ്രമിച്ചു. ലോകത്തുണ്ടായ ഏറ്റവും നവീനമായ ദാർശനികഗ്രന്ഥങ്ങൾ പലതും അദ്ദേഹത്തിന്റെ അതിവിപുലമായ ഗ്രന്ഥശേഖരത്തിലാണ് ഞാൻ കണ്ടിട്ടുള്ളത്. ഓരോ വിദേശയാത്രയിലും കെട്ടുകണക്കായ പുതിയ പുസ്തകങ്ങളുമായാണ് അദ്ദേഹം തിരിച്ചെത്തുക. ഓരോ യാത്രയിലും കാറിന്റെ പിറകിലെ സീറ്റിൽ കുന്നുകുന്നായിക്കിടക്കുന്ന പുസ്തകങ്ങൾ കാണാം. പോസ്റ്റ് മാർക്സിയൻ ചിന്തയുടെ ഏറ്റവും പുതിയ ദർശങ്ങൾ പലതും യാത്രകളിൽ അദ്ദേഹം വിശദീകരിക്കുന്നതുകേട്ട് വിസ്മയസ്തബ്ധനായിരുന്നിട്ടുണ്ട്.

ആഗോള കോർപ്പറേറ്റ് മൂലധനവിജയങ്ങളുടെ പുതിയകാലത്ത് ചെറുത്തുനില്പിന്റെ പുതിയ രാഷ്ട്രീയദർശനങ്ങൾ പലതും മലയാളികൾ അറിഞ്ഞത് എം.പി. വീരേന്ദ്രകുമാറിന്റെ പുസ്തകങ്ങളിലൂടെയാണ്.

ഗാട്ടും കാണാച്ചരടുകളും, അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും തുടങ്ങി ആഗോളീകരണങ്ങളുടെ മനുഷ്യവിരുദ്ധതയെ ചെറുക്കാൻപോന്ന ശാസ്ത്രീയമായ പുരോഗമനദർശനങ്ങൾ ഒട്ടുമിക്കതും കേരളീയ ചിന്തയിൽ നേരത്തേ വിതച്ചത് എം.പി. വീരേന്ദ്രകുമാറാണ്.

പ്രകൃതിചൂഷണങ്ങളിലൂടെ ആധുനികമനുഷ്യവംശം സ്വന്തം ശവപ്പറമ്പിൽ കൊടിനാട്ടുന്ന ദുരന്തചിത്രം ആമസോണും കുറെ വ്യാകുലതകളും, ഹൈമവതഭൂവിൽ തുടങ്ങിയ പല പുസ്തകങ്ങളിലും കാണാം. പരിസ്ഥിതിജ്ഞാനങ്ങളുടെ ശാസ്ത്രീയവിശകലനത്തിൽ നമ്മുടെയിടയിൽ എത്രയോ മുമ്പേ പറന്ന പക്ഷിയായിരുന്നു വീരേന്ദ്രകുമാർ. പരിസ്ഥിതിസംരക്ഷണം അദ്ദേഹത്തിന് ജീവിതമായിരുന്നു.

പല ജ്ഞാനമണ്ഡലങ്ങളിലും പുതിയവഴികൾ വെട്ടിയ ചിന്തകനാണ് വീരേന്ദ്രകുമാർ. അറിവിലൂടെയും അന്വേഷണങ്ങളിലൂടെയും നിരന്തരം സ്വയം നവീകരിച്ചുമുന്നേറിയ ജ്ഞാനബുദ്ധനായിരുന്നു അദ്ദേഹം. നിരന്തരയാത്രകളായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ ഊർജകേന്ദ്രം. പഴയ തീർഥങ്കരപാരമ്പര്യത്തിൽ സ്വയം അന്വേഷിച്ചുകൊണ്ടും തന്നെത്തന്നെ പുനഃസൃഷ്ടിച്ചുകൊണ്ടും അദ്ദേഹം ലോകംമുഴുവൻ ചുറ്റിസഞ്ചരിച്ചു. എഴുതിയതിനെക്കാളെത്രയോ ആഴത്തിൽ അദ്ദേഹം ആർജിച്ചിരുന്നു. ഓരോ തവണ വീരേന്ദ്രകുമാറുമായി സംസാരിക്കുമ്പോഴും ആയിരം ഗ്രന്ഥങ്ങൾ വായിച്ചാൽ ലഭിക്കാത്ത പുതിയ പുതിയ അറിവുകൾ അദ്ദേഹം തന്നു.

പ്രപഞ്ചമായി സ്വയം തിരിച്ചറിയുന്ന പഴയ ജൈനസ്വത്വദർശനങ്ങളെ, ഇന്ത്യയുടെ ഇതര ആത്മീയ ജ്ഞാനങ്ങളോടു ചേർത്തുവെച്ച് സമഗ്രതയിൽ നിർവചിക്കുന്ന വഴിയിൽ വീരേന്ദ്രകുമാർ ബഹുദൂരം മുന്നോട്ടുസഞ്ചരിച്ചിരുന്നു. സൂഫിദർശനങ്ങളടക്കം ഇന്ത്യയുടെ അനന്തമായ ബഹുമുഖ സത്യാന്വേഷണങ്ങളെ മാനവികതയുടെ പുതിയൊരു സ്നേഹപന്ഥാവിലേക്ക് അദ്ദേഹം സമന്വയിപ്പിച്ചു.

നിർവാണാഷ്ടകത്തിലെ ഒരു ശ്ലോകം എത്രയോ തവണ അദ്ദേഹം ഉദ്ധരിക്കുന്നത്‌ കേട്ടിട്ടുണ്ട്.
‘ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം
ന മന്ത്രോ ന തീർഥം ന വേദാ ന യജ്ഞാഃ
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ
ചിദാനന്ദ രൂപഃ ശിവോfഹം ശിവോfഹം’
മന്ത്രവും തീർഥവും യജ്ഞവും വേദവുമില്ലാതെ, പുണ്യവും പാപവും ദുഃഖവും സൗഖ്യവും തീണ്ടാത്ത ആത്മദർശനത്തിൽ ശിവോഹം (ഞാൻതന്നെ ശിവൻ) എന്ന ശൈവം എന്ന ആത്യന്തിക ജ്ഞാനത്തിലെത്തിയ ജ്ഞാനബുദ്ധനായിരുന്നു വീരേന്ദ്രകുമാർ. സ്വന്തം വിളക്ക്‌ താൻതന്നെയായിത്തീർന്ന പുതിയ തഥാഗതൻ. ‘അഹം ബ്രഹ്മാസ്മി’യും ‘തത്ത്വമസി’യും ‘അനൽഹഖും’ അദ്ദേഹത്തിന് ഒന്നുതന്നെയായിരുന്നു.

പ്രജ്ഞാനത്തെ ബ്രഹ്മമാക്കിത്തീർത്ത അമരനായ ആ സത്യാന്വേഷകനെ, ആ മരിക്കാത്ത സ്മരണകൾക്കുമുമ്പിൽ നമസ്കരിച്ചുകൊണ്ട് ഇങ്ങനെ സംഗ്രഹിക്കാം:
മരിക്കുന്നതിനു രണ്ടുദിവസംമുമ്പ് അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ഒ.എൻ.വി.യെക്കുറിച്ചുള്ള ലേഖനത്തിലെ സൗഹൃദത്തിന്റെ മഹത്ത്വത്തെക്കുറിച്ചാണ് പറഞ്ഞത്.
‘‘സൗഹൃദത്തിന് മരണമില്ലല്ലോ ആലങ്കോട്’’ -അങ്ങ് അവസാനം പറഞ്ഞ ഈ വാക്കുകൾ ഞാനോർക്കുന്നു.
ഗുരുവൃക്ഷം വീണിരിക്കുന്നു.
ഞങ്ങൾ അനാഥരായിരിക്കുന്നു.
എന്നാലും ജീവനുള്ള വാക്കുകളിൽ അനന്തമായ വാത്സല്യം ചാലിച്ച് അങ്ങുതന്ന സൗഹൃദം മരണമില്ലാതെ കൂടെയുണ്ടാവും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..