അരിക്കൊമ്പനെ പിടിക്കണം, സ്‌കൂളില്‍ പോകാന്‍ ഭയമാണ്; വിദഗ്ധ സമിതി അംഗങ്ങളോട് കുട്ടികള്‍


2 min read
Read later
Print
Share

ആനയിറങ്കലിൽ കാത്തുനിന്ന കുട്ടികളുമായി വിദഗ്ധ സമിതി അംഗങ്ങൾ സംസാരിക്കുന്നു

ചിന്നക്കനാൽ : അരിക്കൊമ്പൻ ദൗത്യത്തിന്റെ ഭാവി നിശ്ചയിക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിക്ക് മുന്നിൽ തങ്ങളുടെ ദുരിതം പറഞ്ഞ് കുട്ടികൾ ഉൾപ്പടയുള്ള നാട്ടുകാർ. പ്രദേശത്ത് നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടിച്ച് മാറ്റണമെന്ന് നാട്ടുകാർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.

ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊന്പനെ മയക്കുവെടിവെച്ച് പിടിക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ദൗത്യം ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ മൃഗസ്നേഹികൾ ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി ദൗത്യം തത്കാലത്തേക്ക് തടയുകയും വിഷയം വിശദമായി പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുകയുമായിരുന്നു.

ആനയിറങ്കൽ, പന്നിയാർ, തോണ്ടിമല തുടങ്ങിയ മേഖലകളിൽ സമിതി സന്ദർശനം നടത്തി. എന്നാൽ, അരിക്കൊമ്പനെ പിടിക്കണം എന്ന് ആവശ്യപ്പെട്ട് രാപകൽ സമരം നടക്കുന്ന സിങ്കുകണ്ടത്തേക്ക് സമിതി അംഗങ്ങൾ എത്തിയില്ല. ഇത് പ്രതിഷേധങ്ങൾക്ക് ഇടയാക്കി.

മുദ്രാവാക്യവുമായി കുട്ടികൾ

മൂന്നാറിൽ സിറ്റിങ് നടത്തിയ ശേഷമാണ് ചിന്നക്കനാൽ മേഖലയിലേക്ക് സമിതി അംഗങ്ങൾ എത്തിയത്. ആനയിറങ്കലിൽ ആദ്യം ഇറങ്ങി. ഇവിടെ കാട്ടാന തകർത്ത റേഷൻകടയുടെ ഉടമയോട്‌ സംസാരിച്ചു.

ഇവിടെ സമീപമുള്ള അങ്കണവാടിയുടെ പരിസര പ്രദേശങ്ങളിൽ തൊഴിലാളി ലയങ്ങളിൽ നിന്നുള്ളവർ വന്നിരുന്നു. ഇവിടുത്തെ കുട്ടികൾ കാട്ടാന ശല്യത്തിൽനിന്ന് രക്ഷിക്കണമെന്നും അരിക്കൊമ്പനെ പിടിക്കും വരെ പോരാടുമെന്നും മുദ്രാവാക്യം മുഴക്കി. ഈ കുട്ടികളുമായി സമിതി അംഗങ്ങൾ സംസാരിച്ചു. ആനയെ പേടിച്ച് സ്കൂളിൽ പോലും പോകാൻ പറ്റാത്ത കാര്യം കുഞ്ഞുങ്ങൾ സമിതിയോട് പറഞ്ഞു. സ്കൂളിലേക്ക് പോകുമ്പോൾ ആന ഓടിച്ച സംഭവങ്ങളും അവർ വിവരിച്ചു.‌‌‌ തുടർന്ന് പന്നിയാർ എസ്റ്റേറ്റിലേക്കാണ് സമിതി അംഗങ്ങൾ പോയത്. തോണ്ടിമല ഭാഗത്തെ ലയങ്ങളിൽചെന്ന് വിവരശേഖരണം നടത്തി. ആന 13 തവണ തകർത്ത പി.എൽ. ആന്റണിയുടെ റേഷൻ കടയും ഇവർ സന്ദർശിച്ചു.

ബി.എൽ.റാവിൽ എത്തി, സംസാരിച്ചില്ല

ആനശല്യം രൂക്ഷമായ ബി.എൽ. റാവിലും സംഘം എത്തി. എന്നാൽ, ഇവിടെ ഇറങ്ങിയില്ല. എന്നാൽ, സമിതി അംഗങ്ങൾ ഇറങ്ങാത്തതിനാൽ നാട്ടുകാർ‌ നിരാശരായി മടങ്ങിപ്പോയി.

തുടർന്ന് സൂര്യനെല്ലി വഴി സിമന്റുപാലത്തെ കുങ്കിത്താവളത്തിൽ എത്തിയ സമിതിഅംഗങ്ങൾ ദൗത്യസംഘത്തലവൻ ഡോ. അരുൺ സഖറിയ, മറ്റ് സംഘാംഗങ്ങൾ എന്നിവരോട് സംസാരിച്ചു. കുങ്കിയാനകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷയേക്കുറിച്ചും വിലയിരുത്തി. തുടർന്ന് ചിന്നക്കനാൽ വഴി മൂന്നാറിലേക്ക് മടങ്ങി.

Content Highlights: arikomban, elepant, wild elephant attack

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..