ജലംകൊണ്ട് മുറിവേൽക്കുന്നവർ...


Caption

വണ്ടിപ്പെരിയാർ: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഞങ്ങൾക്ക് മനസ്സമാധാനത്തോടെ വീട്ടിൽ കിടന്ന് ഒരുപോള കണ്ണടയ്ക്കാനാകുന്നില്ല. രാത്രിയിൽ വെള്ളം കയറി സകലതും കൊണ്ടുപോകുമോയെന്ന ഭയമാണ്. മഴ ശക്തമാകുമ്പോൾ കുട്ടികളെയും നിത്യോപയോഗ സാധനങ്ങളുമെടുത്തുള്ള ഓട്ടമാണ്.

മഴ കുറഞ്ഞുനിന്നപ്പോൾ ഈ വെള്ളം ഒഴുക്കിയിരുന്നെങ്കിൽ ഇന്ന് ഞങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു. കറുപ്പുപാലം സ്വദേശിയായ ലത്തീഫിന്റെ വാക്കുകളാണിത്.

മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന്‌ കുടുതൽ വെള്ളം തുറന്നുവിട്ടാൽ ആദ്യം വീടുകളിൽ വെള്ളം കയറുന്ന ജനവാസമേഖലയാണ് കറുപ്പുപാലം.

അണക്കെട്ടിൽനിന്ന്‌ പെരിയാറിലേക്ക് ക്രമാതീതമായി വെള്ളമൊഴുക്കിയാൽ വീടുകളിൽ വെള്ളം കയറുന്ന വള്ളക്കടവ്, കടശിക്കടവ് ആറ്റോരം, വികാസ്‌നഗർ നിവാസികൾക്കും പറയാനുള്ളതും ഇതേ കാര്യമാണ്.

തിങ്കളാഴ്ച തമിഴ്‌നാട് പെരിയാറിലേക്ക് ക്രമാതീതമായി വെള്ളമൊഴുക്കിയതോടെ വലിയ ദുരിതമാണ് ഇവർക്കനുഭവിക്കേണ്ടി വന്നത്.

പെരിയാർ ഉച്ചവരെ ശാന്തം, ഉച്ചയ്ക്ക് ശേഷം അശാന്തം

കഴിഞ്ഞ ഒരാഴ്ചക്കാലത്തോളമായി ഉച്ചവരെ ശാന്തമായി ഒഴുകുന്ന പെരിയാർ നദി തീരദേശവാസികൾക്ക് ആശ്വാസം പകരുകയും വൈകീട്ടോടെ ദുരിതം വിതയ്ക്കുന്നതുമാണ് കാണാൻ കഴിഞ്ഞത്.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ പെയ്യുമെന്നുറപ്പുണ്ടായിട്ടും പകൽ മുഴുവൻ 3200 ഘനയടിയെന്ന അളവിലാണ് വെള്ളം ഒഴുക്കിയിരുന്നത്. ഇതിനാൽ, പെരിയാർ ശാന്തമായിട്ടാണ് ഒഴുകുന്നത്.

എന്നാൽ, വൈകീട്ടോടെ 7354 ഘനയടി വെള്ളം തുറന്നുവിട്ടതോടെ പെരിയാറിന്റെ ഇരുകരകളിലെയും വീടുകളിൽ വെള്ളം ഇരച്ചുകയറുകയായിരുന്നു. തീരദേശങ്ങളിലെ മുപ്പതോളം വീടുകളിലാണ് വെള്ളം കയറിയത്. പല വീടുകളിലെയും വീട്ടുപകരണങ്ങളും ഗ്യാസ്‌കുറ്റി അടക്കമുള്ളവ ഒഴുകിപ്പോയി. വണ്ടിപ്പെരിയാർ മേഖലയിൽ ഇടവിട്ട് മഴ പെയ്തുകൊണ്ടിരുന്നതിനാൽ രാത്രിയിൽ കൂടുതൽ വീടുകളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്.

മഴക്കാലത്ത് പടുതകളിലെ ജീവിതം

കറുപ്പ്പാലത്തെ മിക്ക വീട്ടുകാരും ഇപ്പോൾ പ്ലാസ്റ്റിക് പടുതകൾ വാങ്ങിയിട്ടുണ്ട്. കുറച്ചെണ്ണം റോഡിന് അല്പം മുകളിലായി കെട്ടിവെച്ചിരിക്കും. തേയിലക്കാട്ടിൽ ബാക്കിയുള്ള പടുതകൾ കെട്ടിയിട്ടുണ്ട്. വെള്ളംവരുമ്പോൾ കൈയിൽ കിട്ടുന്ന വീട്ടുസാധനങ്ങൾ റോഡരികിലെ പടുതയ്ക്കടിയിലേക്ക് എടുത്തെറിയും. തുടർന്ന് കുന്നുകയറി കാട്ടിൽ കെട്ടിയ പടുതക്കടിയിൽ കൂനിക്കൂടി ഇരിക്കും.

സിമന്റ് കട്ടകെട്ടിയ വീടുകളാണ് മിക്കതും. ഇങ്ങനെ വെള്ളം കയറിയാൽ വീടിന്റെ കാര്യത്തിൽ തീരുമാനമാകും. ശൗചാലയങ്ങളൊക്കെ ഇപ്പോൾതന്നെ തകർന്നുകഴിഞ്ഞു. പെരുവെള്ളത്തിൽ ഇതിനോടകം ഒരുപാട് വീട്ടുസാധനങ്ങൾ ഒഴുകിപ്പോയിട്ടുണ്ട്. വെള്ളമിറങ്ങിയെങ്കിലും ബാക്കി സാധനങ്ങൾ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ഇവർക്ക് ഇപ്പോൾ ധൈര്യമില്ല. വീടുകളിൽ മുഴുവൻ ചെളികയറിയ അവസ്ഥ. അതെല്ലാം കഴുകി വൃത്തിയാക്കാൻ നിൽക്കുമ്പോൾ പണിക്ക് പോകാൻ കഴിയില്ല. അരി മേടിക്കാനുള്ള വകയും കിട്ടാത്തതിനാൽ ഇവർക്കിത് ദുരിതകാലമാണ്.

കൈക്കുഞ്ഞുമുതൽ എൺപതുകാർ വരെ

ഒരു വയസ്സുള്ള കുട്ടിമുതൽ എൺപത് കഴിഞ്ഞവർവരെ നട്ടപ്പാതിരായ്ക്ക് നെട്ടോട്ടമോടണം. അണക്കെട്ടിൽനിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ട കാര്യം വെള്ളമെത്തുമ്പാഴാണ് ഇവർ അറിയുന്നത്. മൈക്ക് അനൗൺസ്‌മെന്റ് ചെയ്താലും ഈ ഭാഗത്തേക്ക് കേൾക്കാറില്ല. ആറ്റിലൂടെ നിരന്തരം വെള്ളം വലിയ ശബ്ദത്തിൽ ഒഴുകുമ്പോൾ അനൗൺസ്മെന്റ് എങ്ങനെ കേൾക്കാനാണ്. അറിയുമ്പോഴേക്കും വെള്ളം എത്തിക്കഴിഞ്ഞിരിക്കും. മുട്ടറ്റം വെള്ളം പൊങ്ങും. പിന്നെ കുട്ടികളെയും മുതിർന്നവരെയും എടുത്തുകൊണ്ടോടും.ചിത്രങ്ങൾ: ശ്രീജിത് പി. രാജ്

ക്യാമ്പുകളിൽ മൂന്ന് കുടുംബങ്ങൾ

അണക്കെട്ടിന്റെ ഷട്ടർ ക്രമാതീതമായി ഉയർത്തുമ്പോൾ ജില്ലാഭരണകൂടം പെരിയാർ തീരദേശവാസികൾക്കായി ക്യാമ്പുകൾ സജ്ജമാക്കാൻ തയാറാണെങ്കിലും ഇവിടേക്ക് ചെല്ലാൻ ഭൂരിഭാഗം പേരും തയാറാകുന്നില്ല. നിലവിൽ മൂന്ന് കുടുംബങ്ങൾ മാത്രമാണ് ക്യാമ്പിലുള്ളത്. സർക്കാർ ഇടപെടലുകൾ ശക്തമല്ലായെന്ന് പറഞ്ഞുകൊണ്ടാണ് പലരും ക്യാമ്പുകളിലേക്ക് പോകാത്തത്. വെള്ളം കയറുന്ന വീടുകളിലുള്ളവർ ബന്ധുവീടുകളാണ് ഇപ്പോൾ ആശ്രയിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..