കമ്പനികൾ റബ്ബറെടുക്കും; ഇലകൊഴിച്ചിൽ പുതിയ ഭീഷണി


കോട്ടയം : ടയർ കമ്പനികൾ ചരക്കെടുപ്പ് പുനരാരംഭിച്ചതിനെത്തുടർന്ന് റബ്ബർ വിപണിക്ക് നേരിയ ആശ്വാസം. മഴ മാറി വെയിൽ തെളിഞ്ഞതോടെ ടാപ്പിങ് പുനരാരംഭിച്ചെങ്കിലും പലയിടത്തും മരങ്ങൾക്ക് ഇലപൊഴിയുന്നത് തിരിച്ചടിയായി. ഇലപൊഴിയുമ്പോൾ ഉത്‌പാദനം കുറയും. ഇതോടെ, ഒക്ടോബറോടെ വിപണിയിലേക്ക് വേണ്ടത്ര ഷീറ്റ് എത്തുമെന്ന പ്രതീക്ഷ ഇല്ലാതായി.

ഷീറ്റിന്റെ വ്യാപാരി വില 145-നടുത്താണെങ്കിലും കൃഷിക്കാർക്ക് അത്രയും കിട്ടില്ല. 140 രൂപ വരെയായി വില ഇടിഞ്ഞിരുന്നു. ടയർകമ്പനികൾ വിപണിയിൽനിന്ന് പൂർണമായി വിട്ടുനിന്നതാണ് തകർച്ച കൂട്ടിയത്.

ഇതേത്തുടർന്ന്, കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരം റബ്ബർബോർഡ് ടയർകമ്പനികളുടെ യോഗം വിളിച്ചിരുന്നു. ഷീറ്റ് എടുക്കണമെന്നും തുടർച്ചയായി വിട്ടുനിൽക്കുന്നത് പ്രാദേശിക റബ്ബർ ലഭ്യതയെ വരുംവർഷങ്ങളിൽ ബാധിക്കുമെന്ന് മുന്നറിയിപ്പും നൽകി. ഇതോടെയാണ് കമ്പനികൾ നിലപാട് മാറ്റിയത്. പോയവാരം അവർ ചെറിയതോതിൽ ചരക്കെടുത്തു.

വില 150-ലേക്ക് വരുമെന്ന പ്രതീക്ഷയോടെയാണ് മഴമാറിയപ്പോൾ ടാപ്പിങ് പുനരാരംഭിച്ചത്. പക്ഷേ, കടുത്ത ചൂട് മരങ്ങൾക്ക് ക്ഷീണമുണ്ടാക്കി. കൂട്ടത്തോടെ ഇല കൊഴിഞ്ഞയിടങ്ങളിൽ പാലുത്‌പാദനം കുറഞ്ഞു. 300 മരങ്ങളിൽനിന്ന് (ഒരു ബ്ലോക്ക്) 10 കിലോഗ്രാമെങ്കിലും കിട്ടേണ്ടതാണെങ്കിലും ഇപ്പോൾ ഏഴ് കിലോഗ്രാം വരെയേ കിട്ടുന്നുള്ളൂ. ടാപ്പിങ് കൂലി കൊടുക്കാൻ പോലും ഇത് തികയില്ല.

ലാറ്റക്സിന്റെ കാര്യത്തിലും പ്രതിസന്ധിയുണ്ട്. വ്യവസായികൾ എടുത്ത സംസ്കരിച്ച ലാറ്റക്സ് കെട്ടിക്കിടക്കുന്നതിനാൽ അവർ ചരക്കെടുപ്പ് നിർത്തി. കൃഷിക്കാരിൽനിന്ന് വ്യാപാരികൾ എടുത്ത ഫീൽഡ് ലാറ്റക്സും കെട്ടിക്കിടക്കുന്നു. 60 ശതമാനം ഡി.ആർ.സി. നിലവാരത്തിലുള്ള ലാറ്റക്സിന് 97 രൂപയാണ് നിലവിലെ വില.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..