കുമളി 13-ാം വാർഡ് തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട്


1 min read
Read later
Print
Share

പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് തൊഴിലുറപ്പ് ഓംബുഡ്സ്‌മാന്റെ താക്കീത് മേറ്റിനെ രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു

കുമളി : തൊഴിലുറപ്പ് ഓംബുഡ്സ്‌മാൻ നടത്തിയ പരിശോധനയിൽ കുമളി പഞ്ചായത്തിലെ 13-ാം വാർഡിലെ തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് കണ്ടെത്തി. തൊഴിലുറപ്പ് പ്രവൃത്തികളുടെ മേൽനോട്ടത്തിൽ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, അക്രെഡിറ്റഡ് എൻജിനീയർ എന്നിവർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇവരെ തൊഴിലുറപ്പ് ഓംബുഡ്സ്മാൻ പി.ജി.രാജൻ താക്കീത് ചെയ്തു.

ഒരാൾ ചട്ടവിരുദ്ധമായി തുടർച്ചയായ പ്രവൃത്തികളിൽ മേറ്റായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരെ രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. മേറ്റായിരുന്ന സിന്ധു ഗോപിയെയാണ് സസ്പെൻഡ് ചെയ്തത്. തൊഴിലുറപ്പ് പണിക്ക് തുടർച്ചയായി മേറ്റാകാൻ നിയമം അനുവദിക്കുന്നില്ലെന്നിരിക്കെ ഇവർ അടുപ്പിച്ച് അഞ്ച് പദ്ധതികളിൽ മേറ്റായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. എന്നാൽ, ഇക്കാലയളവിൽ ഇവർക്ക് തൊഴിലുറപ്പ് ജോലികളും തൊഴിലാളിക്ക് ലഭിക്കുന്ന മറ്റ് അവകാശങ്ങളും ലഭിക്കും. കുമളി പഞ്ചായത്തിലെ 13-ാം വാർഡായ കൊല്ലംപട്ടടയിൽ 2021-23 കാലത്ത് നടത്തിയ അഞ്ച് തൊഴിലുറപ്പ് പ്രവൃത്തികളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കൊല്ലംപട്ടട സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

ക്രമക്കേടുകൾ നടക്കാതിരിക്കാനും പ്രവൃത്തികൾ കാര്യക്ഷമമായി നടത്താനും വേണ്ട നിർദേശങ്ങളും ഓംബുഡ്സ്മാൻ നൽകിയിട്ടുണ്ട്.

പഞ്ചായത്തിലെ എല്ലാ വാർഡിലും പ്രവൃത്തികൾക്ക് ആവശ്യമായത്ര മേറ്റുമാരെ തിരഞ്ഞെടുത്ത് നിയോഗിക്കാൻ സി.ഡി.എസ്. ചെയർപേഴ്‌സണോടും 2023-24 സാമ്പത്തിക വർഷത്തെ എല്ലാ പ്രവൃത്തികൾക്കും പുതിയ ലിസ്റ്റിൽനിന്നുള്ള മേറ്റുമാരെ നിയോഗിക്കാൻ പഞ്ചായത്ത് സെക്രട്ടറിയോടും നിർദേശിച്ചു.

ക്രമക്കേടുകൾ

മസ്റ്റർറോളിൽ പേരുള്ള തൊഴിലാളികൾക്ക് പകരം മറ്റാളുകളെ ജോലിക്ക് ഏർപ്പെടുത്തി. പകരക്കാരെ ഒപ്പിടുന്നതിന് അനുവദിച്ചു.

വിരലടയാളം രേഖപ്പെടുത്തുന്നതിന് പകരം ഒപ്പ് സ്വന്തമായി ഇട്ടു

വർഷങ്ങളോളം മേറ്റായി മാത്രം ജോലി ചെയ്തു

തൊഴിൽ കാർഡുകളിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ നടത്തിയില്ല.

തൊഴിൽ കാർഡ് ഇല്ലാത്തവരെ ജോലി ചെയ്യാൻ അനുവദിച്ചു

തൊഴിൽ കാർഡിൽ പേരില്ലാത്തവരെ പകരക്കാരായി ജോലി ചെയ്യാൻ അനുവദിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..