ഗോത്രവർഗ വിഭാഗത്തിന്റെ 2481 പരാതിപരിഹരിച്ച് എ.ബി.സി.ഡി. ക്യാമ്പ്


2 min read
Read later
Print
Share

Caption

മറയൂർ: മൂന്ന് ദിവസമായി മറയൂരിൽനടന്ന എ.ബി.സി.ഡി. ക്യാമ്പിൽ ഗോത്രവർഗ വിഭാഗപ്പെട്ടവരുടെ 2481 പരാതികൾ പരിഹരിച്ചു. പല രേഖകളും പുതുക്കി. തിരുത്തലും കൂട്ടിച്ചേർക്കലും ഒഴിവാക്കലും നടന്നു. വർഷങ്ങളോളം നടന്നിട്ടും ലഭിക്കാതെവന്ന സേവനങ്ങളാണ് ജില്ലാ ഭരണകൂടം മൂന്നുദിവസംകൊണ്ട് ഗോത്ര സമൂഹത്തിന് ലഭ്യമാക്കിയത്.

ആധാർ കാർഡ് (591), ആരോഗ്യ ഇൻഷുറൻസ് (322), ബാങ്ക് അക്കൗണ്ട് (110), ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് (49), തിരിച്ചറിയൽ കാർഡ് (372), റേഷൻ കാർഡ് (335), വരുമാന, ജാതി സർട്ടിഫിക്കറ്റ് (277), പാൻ കാർഡ് (89), ജനന സർട്ടിഫിക്കറ്റ് (154), ഡിജി ലോക്കർ (121), മറ്റ് സേവനങ്ങൾ (61) എന്നിവയാണ് ക്യാമ്പിൽനിന്നു ഗോത്രസമൂഹത്തിന് ലഭിച്ച സേവനങ്ങൾ. ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു ക്യാമ്പ് മറയൂർ മേഖലയിൽ സംഘടിപ്പിക്കുന്നത്. കളക്ടർ ഷീബാ ജോർജും ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണശർമയും പി.ഒ. ജി.അനിൽകുമാർ, ടി.ഡി.ഒ. എസ്.എ. നജീം എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കാത്തിരുന്നത് എട്ട്‌ വർഷം തങ്കമ്മ രങ്കമ്മയായി

:പേര് രങ്കമ്മ. പക്ഷേ രേഖകളിലെല്ലാം അത് തങ്കമ്മ എന്നാണ്. രേഖകളിലെ തെറ്റ് തിരുത്താൻ എട്ട് വർഷമായി രങ്കമ്മ ഓടിനടക്കുകയാണ്. എ.ബി.സി.ഡി. പദ്ധതിയിലൂടെ രേഖകളിൽ തെറ്റായ പേര് നീക്കി സ്വന്തം പേര് ചേർക്കാനായി. തങ്കമ്മ, രങ്കമ്മയായി. പഞ്ചായത്ത് പ്രസിഡന്റ്, ജില്ല കളക്ടർ എന്നിവരെ കണ്ടു. കോടതിയിലും പോയി. പേരുമാറ്റാൻ അനുവാദം ലഭിച്ചു.

മറയൂർ പഞ്ചായത്തിലെ കുമ്മിട്ടാംകുഴി ഗോത്രവർഗ കോളനി സ്വദേശിയാണ് രങ്കമ്മ. ആധാർ കാർഡ്, റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയിലെല്ലാം തങ്കമ്മ എന്ന പേരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം മറയൂരിൽ നടന്ന എ.ബി.സി.ഡി. ക്യാമ്പിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ചുവപ്പുനാടകളഴിച്ച് തങ്കമ്മയുടെ മുഴുവൻ രേഖകളിലും പേര് രങ്കമ്മ എന്നാക്കി മാറ്റിക്കൊടുത്തു.

രേഖകൾ ലഭിച്ചു: മുരുകൻ ഔദ്യോഗികമായി ഇന്ത്യൻ പൗരനായി

: മറയൂർ പഞ്ചായത്തിൽ ജനിച്ചുവളർന്നതാണെങ്കിലും മുരുകൻ ജീവിച്ചിരിക്കുന്നതായി ഒരു തെളിവുമില്ലായിരുന്നു. ഒടുവിൽ ഇന്ത്യൻ പൗരനാണ് എന്ന് തെളിയിക്കുന്ന രേഖകൾ 33 വർഷങ്ങൾക്കു ശേഷം എ.ബി.സി.ഡി. ക്യാമ്പിലൂടെ ലഭിച്ചു.

ആഴ്ചകൾക്ക് മുൻപ് ജില്ലാ കളക്ടർ ഷീബാ ജോർജ് തായണ്ണൻകുടി സന്ദർശിച്ചപ്പോഴാണ് മുരുകന്റെ ദുരിതം നേരിട്ടുകണ്ട് മനസ്സിലാക്കിയത്. എല്ലാ ശരിയാക്കാം എന്ന് ഉറപ്പുനല്കിയാണ് കളക്ടർ മടങ്ങിയത്. വാക്കുപാലിച്ച കളക്ടർ മുരുകന് രേഖകൾ ലഭ്യമാക്കി.

ജന്മനാ ഇരുകാലുകളും തളർന്ന കെ.മുരുകൻ (33) ഇരുട്ടളക്കുടി ഗോത്രവർഗ കോളനിയിൽ മാതാപിതാക്കളോടൊപ്പം ആയിരുന്നു താമസിച്ചിരുന്നത്.

മാതാപിതാക്കളുടെ മരണശേഷം ഒറ്റപ്പെട്ട മുരുകൻ സത്രത്തിൽ താമസിക്കാൻ തുടങ്ങി. ഒരിക്കൽപോലും വോട്ടേഴ്സ് ലിസ്റ്റിൽ പേരുവരാത്ത മുരുകൻ വോട്ടു ചെയ്തിട്ടില്ല. റേഷൻ കാർഡോ തിരിച്ചറിയൽ കാർഡോ ആധാർ കാർഡോ ബാങ്ക് അക്കൗണ്ടോ ഇല്ലായിരുന്നു. സമീപവാസികളുടെ കരുതലാണ് മുരുകന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോയത്. അടിമാലി ടി.ഡി.ഒ. എസ്.എ.നജീമിന്റെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പിൽ മുരുകന് തുണയായിനിന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..