മേമലയ്ക്ക് സമീപം മലയോര ഹൈവേയിൽ പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത് പരിഹരിക്കാൻ ടാറിങ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിക്കുന്നു
പീരുമേട് : ടാറിങ് ജോലി തീർന്നതിനുപിന്നാലെ പൈപ്പ് പൊട്ടി റോഡിന് നടുവിലൂടെ വെള്ളം ഒഴുകിയ സംഭവത്തിൽ ഉത്തരവാദിത്വമില്ലെന്ന് ജല അതോറിറ്റി. കരാറുകാരനും കിഫ്ബിയുമാണ് ഇതിന് ഉത്തരവാദികൾ. റോഡ് പണിക്ക് മുന്നോടിയായി പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാൻ വേണ്ട തുക അടയ്ക്കാൻ കിഫ്ബി തയാറായില്ല. പല തവണ കിഫ്ബിയുമായി ചർച്ചകൾ നടന്നു. വിശദമായ പദ്ധതിയും എസ്റ്റിമേറ്റും ജല അതോറിറ്റി സമർപ്പിച്ചു. എന്നാൽ, കാലഹരണപ്പെട്ട പൈപ്പ്‌ലൈനുകൾ മാറ്റുന്നതിന് കിഫ്ബി തുക നൽകിയില്ല. ഇതിനാൽ പണികളും നടന്നില്ല. വരുംദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടാൻ സാധ്യതയുണ്ടെന്നാണ് ജല അതോറിറ്റിയുടെ നിഗമനം.
മലയോര ഹൈവേയുടെ ഒന്നാം ഘട്ട റീച്ചായ കുട്ടിക്കാനംമുതൽ ചപ്പാത്തുവരെയുള്ള ഭാഗത്തെ പൈപ്പുകൾ ഒന്നും മാറാതെയാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
പണി കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടപ്പോൾതന്നെ പല ഭാഗങ്ങളിലും ടാറിങ് ഇളകി വെള്ളം പുറത്തേക്കൊഴുകി.
റോഡിന് നടുവിലൂടെ ടാറിങ് ഇളകി വെള്ളം ഒഴുകിയതിനെ തുടർന്ന് റോഡ് താഴ്ന്നു പോകുകയും ചെയ്തു. ഇതോടെ ആധുനിക രീതിയിൽ നിർമിച്ച റോഡ് കുത്തിപ്പൊളിക്കേണ്ട സാഹചര്യമാണുള്ളത്. വെള്ളം പാഴാകുന്നത് ഒഴിവാക്കാൻ ടാറിങ് കുത്തിപ്പൊളിച്ച് പൈപ്പ് നന്നാക്കുന്ന ജോലി വാട്ടർ അതോറിറ്റി തുടങ്ങി. ആധുനിക രീതിയിൽ പൂർത്തിയാക്കിയ റോഡ് ആഴ്ചകൾക്കുള്ളിൽ പൊളിച്ചതിൽ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..