കാടുകയറി മൂടിയതോടെ ടാറുചെയ്ത ഭാഗം പോലും തിരിച്ചറിയാൻ സാധിക്കാത്ത പറമ്പുകാട്ടുമല റോഡ്്
കലയന്താനി : കൊച്ചുമറ്റംകവലയിൽനിന്ന് പറമ്പുകാട്ടുമലയിലേക്കുള്ളത് ആകെ അറ് കിലോമീറ്റർ റോഡ്. ഇതൊന്ന് ടാറിങ് നടത്തി പൂർത്തീകരിച്ച് കിട്ടാനായി വർഷങ്ങളായി കാത്തിരിക്കുകയാണ് ഇന്നാട്ടുകാർ.
മൂന്നര കിലോമീറ്റർ റോഡ് ജില്ലാ പഞ്ചായത്ത് ടാർ ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന രണ്ടരകിലോമീറ്റർ റോഡാണ് ഇനി പണിയേണ്ടത്. നല്ല റോഡില്ലാത്തതിനാൽ പ്രദേശത്ത് വാഹന സൗകര്യം കുറവാണ്. ഇക്കാരണം കൊണ്ടുതന്നെ പലരും സ്ഥലവും വീടും ഉപേക്ഷിച്ച് കുടിയിറങ്ങി.
റോഡ് പൂർണമായും ടാറ് ചെയ്ത് ഗതാഗത സൗകര്യം വർധിപ്പിച്ചില്ലെങ്കിൽ ചുരുങ്ങിയ കാലംകൊണ്ട് അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന കുടുംബങ്ങളും മലയിറങ്ങാൻ നിർബന്ധിതരാവും.
ദൂരം കുറയും, പക്ഷേ...
കലയന്താനി-പറമ്പുകാട്ടുമല-ചെപ്പുകുളം-പാറമടറോഡിന്റ ഭാഗമായ വഴിയാണിത്. റോഡ് ടാറിങ് നടത്തി പൂർത്തിയാക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡ് പൂർത്തിയായാൽ കൊച്ചുമറ്റംകവലയിൽനിന്നും കുറഞ്ഞദൂരത്തിൽ ഉപ്പുകുന്നുവഴി പാറമടയിൽ എത്താം. ഇവിടെനിന്നും ജില്ലാ ആസ്ഥാനത്തേക്കും ചെറുതോണിക്കും സഞ്ചരിക്കാനാവും.
യാത്രാദുരിതം കാരണം മലമുകളിൽ ഉണ്ടായിരുന്ന ഭൂരിഭാഗം കുടുംബങ്ങളും ഇവിടം ഉപേക്ഷിച്ചു പോയി. അവശേഷിക്കുന്ന കുടുംബങ്ങളും എങ്ങിനെയും ഇവിടം വിടാൻ ഒരുങ്ങുകയാണ്.
വനമാകുമോ ഈ ഗ്രാമം
പലരും കൃഷികളെല്ലാം അവസാനിപ്പിച്ച നിലയിലാണ്. ഒരു ഗ്രാമത്തെ വനമാക്കി മാറ്റാതിരിക്കാൻ ജില്ലാപഞ്ചായത്തോ പൊതുമരാമത്തുവകുപ്പോ അവശേഷിക്കുന്ന റോഡ് നിർമാണത്തിന് നടപടിസ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വിഷയത്തിൽ വെള്ളിയാമറ്റം, ഉടുമ്പന്നൂർ പഞ്ചായത്തുകൾക്കും ഇടപെടാൻകഴിയും. നിലവിൽ പണിതീർന്ന റോഡുപോലും കാടുമൂടി സഞ്ചാരം തടസ്സപ്പെടുന്ന അവസ്ഥയിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..