ഇന്ധനക്കടത്ത് കൂടി; മാഹിയില്‍ വീപ്പ, കന്നാസ് കുപ്പി വില്‍പ്പന തകൃതി; ഉയരുന്നത് സുരക്ഷാപ്രശ്‌നം


പിപി അനീഷ് കുമാര്‍

2 min read
Read later
Print
Share

കോപ്പാലം വഴി തലശ്ശേരിയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ പ്ലാസ്റ്റിക് കുപ്പിയിൽ ഇന്ധനം വാങ്ങി യാത്രചെയ്യുന്നയാൾ

കണ്ണൂര്‍: മാഹിയില്‍നിന്ന് പ്ലാസ്റ്റിക് കുപ്പികളിലും കന്നാസുകളിലും ഇന്ധനം കടത്തുന്നത് വന്‍തോതില്‍ കൂടി. ഇത് വഴിതുറക്കുന്നത് കടുത്ത സുരക്ഷാപ്രശ്‌നങ്ങളിലേക്ക്. ഞായറാഴ്ച രാത്രി ഏലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ സഹയാത്രികരുടെ ദേഹത്ത് അജ്ഞാതന്‍ ഒഴിച്ചത് കൈയില്‍ കരുതിയ പ്ലാസ്റ്റിക് കുപ്പികളില്‍ സൂക്ഷിച്ച പെട്രോളായിരുന്നു എന്നത് ഇതിന് അടിവരയിടുന്നതാണ്. കടത്തുന്ന ഇന്ധനം വാഹനങ്ങളിലേക്ക് മാത്രമല്ല, പലപ്പോഴും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നു എന്ന സൂചനയാണ് ഈ സംഭവം നല്‍കുന്നത്.

മാഹിയില്‍നിന്നുള്ള ലാഭം മോഹിച്ച് സ്വകാര്യവാഹനങ്ങള്‍ക്ക് പുറമേ പൊതുവാഹനങ്ങളില്‍പ്പോലും യാതൊരു മറയോ സുരക്ഷാക്രമീകരണങ്ങളോ ഇല്ലാതെ ഇന്ധനം കടത്തുന്നത് ദിനംപ്രതി കൂടുകയാണ്. കേരളത്തിലെയും മാഹിയിലെയും ഇന്ധനവിലയില്‍ വന്‍തോതില്‍ വ്യത്യാസമുണ്ടായതോടെയാണ് കടത്ത് കൂടിയത്. ആള്‍ത്തിരക്കുള്ള ബസുകളില്‍പോലും ഇന്ധനം കുപ്പിയില്‍ നിറച്ച് യാത്ര ചെയ്യുന്നവരെക്കാണാം. വിഷു അടുക്കുമ്പോള്‍ മാഹിയില്‍നിന്നുള്ള പടക്കങ്ങള്‍ കൂടി അതിര്‍ത്തി കടക്കുന്നതോടെ ചിത്രം കൂടുതല്‍ ഗൗരവതരമാകും. മതിയായ സുരക്ഷയില്ലാതെ, സ്‌ഫോടനസ്വഭാവമുള്ള വസ്തുക്കള്‍ കൊണ്ടുവരുന്നത് കുറ്റകരമാണെങ്കിലും ഇതിനുനേരേ അധികൃതര്‍ കണ്ണടയ്ക്കുകയാണ്. ഇത്തരം കേസുകള്‍ അഗ്‌നിരക്ഷാവിഭാഗത്തിന് റിപ്പോര്‍ട്ട് ചെയ്യാമെങ്കിലും കേസെടുക്കേണ്ടത് പോലീസും ജി.എസ്.ടി. വകുപ്പുമാണ്. പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നാല്‍ മാത്രം ഇന്ധനക്കടത്ത് തടയുക എന്നതാണ് മാഹി പോലീസിന്റെ രീതി.

വീപ്പ, കന്നാസ്, കുപ്പി വില്‍പ്പന തകൃതി

മാഹിയിലെ പമ്പുകളില്‍നിന്ന് സമീപകാലംവരെ വീപ്പകളില്‍പോലും ഇന്ധനം നല്‍കിയിരുന്നു. പുലര്‍ച്ചെയായിരുന്നു ഇത്തരം കടത്ത് കൂടുതല്‍. മണ്ണെണ്ണ ലഭ്യതക്കുറവ് കാരണം ബോട്ടുകളിലേക്കും മാഹിയില്‍നിന്ന് വന്‍തോതില്‍ ഇന്ധനം കൊണ്ടുപോയിരുന്നു. ഇന്ധനക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഇത് കുറഞ്ഞതായി പമ്പ് ജീവനക്കാര്‍ പറയുന്നു. പാഴ്‌സലായി വാങ്ങുന്നവര്‍ക്ക് ബില്‍ ഇല്ലാതെ നല്‍കുന്നതാണ് രീതി. പാഴ്‌സല്‍ വാങ്ങുന്നവരുടെ എണ്ണം കൂടിയതോടെ മാഹിമേഖലയിലെ കടകളില്‍ പ്ലാസ്റ്റിക് കുപ്പികളുടെയും വീപ്പയുടെയും കന്നാസിന്റെയും വില്‍പ്പനയും കൂടിയിട്ടുണ്ട്.

നടപടി കര്‍ശനമാക്കണം

മണല്‍ക്കടത്ത് പോലെയാണ് നിലവില്‍ ഇന്ധനക്കടത്ത്. അനധികൃതമായി ഇന്ധനം കടത്തുന്ന സംഘങ്ങള്‍ക്കെതിരേ ജി.എസ്.ടി. വകുപ്പിന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് കര്‍ശന നടപടി വേണം. കര്‍ണാടകയുമായും മാഹിയുമായും അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ പമ്പുകളിലെ വില്‍പ്പന 50 ശതമാനത്തിലേറെ കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന് വന്‍തോതിലുള്ള നികുതിനഷ്ടത്തിനാണ് ഇതിടയാക്കുന്നത്. തലശ്ശേരിയുള്‍പ്പെടെ മാഹിയുടെ സമീപപ്രദേശങ്ങളിലെ പമ്പുകളിലെ വില്‍പ്പന കുത്തനെ കുറഞ്ഞു. പലതും പൂട്ടല്‍ ഭീഷണിയിലുമാണ്. - ടി.വി. ജയദേവന്‍, പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍

Content Highlights: bottle petrol sale, security issue

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..