ശ്രീകണ്ഠപുരം കംബ്ലാരിയിൽ പീപ്പിൾസ് ഫൗണ്ടേഷൻ നിർമിച്ച 11 വീടുകളുള്ള പീപ്പിൾസ് വില്ലേജ്
ശ്രീകണ്ഠപുരം : പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കും സ്വന്തമായി ഭൂമിയില്ലാത്തവർക്കുമായി 11 വീടുകൾ നിർമിച്ച് പീപ്പിൾസ് ഫൗണ്ടേഷൻ. ശ്രീകണ്ഠപുരം നിടിയേങ്ങ വില്ലേജിലെ കംബ്ലാരിയിൽ വ്യക്തി സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് 'പീപ്പിൾസ് വില്ലേജ്' എന്നപേരിൽ വീടുകളൊരുക്കിയത്. 16 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.
ഓരോ കുടുംബത്തിനും നാലുസെൻറ് ഭൂമിയിൽ രണ്ട് കിടപ്പുമുറികളടങ്ങുന്ന 550 സ്ക്വയർഫീറ്റ് വീടുകളാണ് നിർമിച്ചിട്ടുള്ളത്. നിലവിൽ കുഴൽക്കിണർ വഴിയാണ് കുടിവെള്ളമെത്തിക്കുന്നത്. ഇതിനുപുറമെ ഒരു പൊതുകിണറിന്റെ നിർമാണവും നടക്കുന്നുണ്ട്.
ഒരുവീടിന് ഏഴുലക്ഷം രൂപയാണ് ചെലവ്. 2019-ലെ പ്രളയത്തിൽ ജില്ലയിൽ വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്കും സ്വന്തമായി ഭൂമിയില്ലാത്ത ആറുപേർക്കുമാണ് വീട് നൽകാൻ തീരുമാനിച്ചത്. അഞ്ച് വീടുകൾ, കളിസ്ഥലം, കൺസ്യൂമർ സ്റ്റോർ, കമ്യൂണിറ്റി സെൻറർ, തൊഴിൽപരിശീലന കേന്ദ്രം എന്നിവയുൾപ്പെടുന്ന രണ്ടാംഘട്ട പദ്ധതിയും ഉടൻ ഇവിടെ ആരംഭിക്കും.
സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ പീപ്പിൾസ് ഫൗണ്ടേഷൻ നിർമിക്കുന്ന പീപ്പിൾസ് ഭവനപദ്ധതികളിൽ 21-മത്തെ വില്ലേജാണ് ശ്രീകണ്ഠപുരത്തേത്. ജില്ലയിൽ ചക്കരക്കൽ ഇരിവേരിയിലും പീപ്പിൾസ് വില്ലേജിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.
ഉദ്ഘാടനം 12 -ന്
ഈ മാസം 12-ന് വൈകിട്ട് നാലിന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പീപ്പിൾസ് വില്ലേജ് നാടിന് സമർപ്പിക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പീപ്പിൾസ് വില്ലേജ് ജില്ലാ സംഘാടകസമിതി ചെയർമാൻ പി.കെ.മുഹമ്മദ് സാജിദ് നദ്‌വി, സെക്രട്ടറി സി.കെ.എ.ജബ്ബാർ, കോ ഓർഡിനേറ്റർ സി.പി.അബ്ദുൾ ജബ്ബാർ, നിർവഹണസമിതി കൺവീനർ എം.ജലാൽഖാൻ എന്നിവർ അറിയിച്ചു.
Content Highlights: eleven houses have been constructed by peoples foundation for those who lost home in flood
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..