കൊച്ചി : മരുന്ന് ക്ഷാമം പരിഹരിക്കുമെന്നും നടപടികളെടുത്തെന്നും ആരോഗ്യമന്ത്രി പറയുമ്പോഴും സാധാരണക്കാർക്ക് മരുന്ന് കിട്ടാനില്ല. സർക്കാർ ജനറൽ ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം മരുന്ന് ക്ഷാമം തുടരുകയാണ്. ജൂലായ് അവസാനത്തോടെ മരുന്ന് വിതരണം പൂർണ തോതിലാകുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും കാര്യമായ മരുന്ന് ശേഖരണം ഇന്നോളമായിട്ടില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
ആശുപത്രി വികസന ഫണ്ടിൽ നിന്നെടുത്ത് മരുന്നു വാങ്ങാൻ അധികൃതർ പറയുന്നത് പ്രായോഗികമല്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ജീവൻരക്ഷാ മരുന്നുകൾ, ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ തുടങ്ങിയവയ്ക്ക് ഇപ്പോഴും ക്ഷാമമാണ്. പേവിഷബാധയ്ക്കുള്ള മരുന്നുകൾ, ടി.ടി, ലാബിലേക്കുള്ള മരുന്നുകൾ, ഓറൽ ആന്റിബയോട്ടിക്കുകൾ, ഇഞ്ചെക്ഷൻ കിറ്റ്, അമോക്‌സിലിൻ എന്നിവയും കിട്ടാനില്ല.
ജനുവരിയിൽ പർച്ചേസ് ഓർഡർ നൽകി ഏപ്രിലിൽ വിതരണംചെയ്യുന്നതാണ് സാധാരണ രീതി. എന്നാൽ, ഈ വർഷം ജൂൺ അവസാന വാരവും ജൂലായ് ആദ്യവാരവുമാണ് മരുന്നുവാങ്ങാൻ ഓർഡർ നൽകിയത്. ഏഴ് മാസം മുൻകൂട്ടിക്കണ്ടാണ് നടപടികൾ നടത്തേണ്ടത്.
ടെൻഡർ ക്ഷണിച്ച്, അനുമതി നൽകിയാണ് മരുന്ന് നിർമാണം. 2023 ഏപ്രിലിലേക്ക് വേണ്ട നടപടികൾ ഈ ഓഗസ്റ്റിൽ തുടങ്ങേണ്ടിയിരിക്കെയാണ് ഈ വർഷത്തെ മരുന്നിന്റെ നടപടികൾ ഇഴഞ്ഞു നീങ്ങുന്നത്. വളരെ വേഗം മരുന്ന് നൽകണമെന്ന് ടെൻഡർ ലഭിച്ച കമ്പനിക്ക് നിർദേശം കൊടുത്താലും ഈ പ്രശ്‌നം പരിഹരിക്കാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.
സർക്കാർ ആശുപത്രികളിൽ രോഗികൾ കാര്യമായി കൂടിയിട്ടുണ്ട് ഇപ്പോൾ. ഓരോ ആരോഗ്യ കേന്ദ്രങ്ങളുടെയും മരുന്ന് ശേഖരത്തിന്റെ വിവരങ്ങൾ അറിയാനുള്ള റിയൽ ടൈം അപ്‌ഡേറ്റ് സോഫ്റ്റ്‌വേറും കെ.എം.എസ്.സി.എല്ലിനുണ്ട്.
ഇത്തരം സംവിധാനങ്ങൾ ഉപയോഗിച്ച് സ്ഥാപനങ്ങളിലേക്ക് മരുന്നെത്തിക്കുക കെ.എം.എസ്.സി.എല്ലിന്റെ ഉത്തരവാദിത്വമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, മരുന്നു ക്ഷാമമില്ലെന്ന നിലപാടിലാണ് കെ.എം.എസ്.സി.എൽ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..