• പെരുങ്കളിയാട്ടം ലോഗോ
പയ്യന്നൂർ : കോറോം മുച്ചിലോട്ടുകാവിൽ 13 വർഷത്തിനുശേഷമുള്ള പെരുങ്കളിയാട്ടത്തിന് ശനിയാഴ്ച തുടക്കമാകും. ശനിയാഴ്ച രാവിലെ ഒൻപതിന് അരങ്ങിൽ അടിയന്തിരത്തിനുശേഷം വെള്ളോല കുടവെപ്പ്, പീഠം ഏറ്റുവാങ്ങൽ എന്നീ ചടങ്ങുകൾ നടക്കും. തുടർന്ന് കോറോം പെരുന്തണ്ണിയൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽനിന്ന് ദീപവും തിരിയും കൊണ്ടുവന്ന് കുഴിയടുപ്പിൽ തീപൂട്ടുന്നതോടെ കളിയാട്ടത്തിന് തുടക്കമാകും. വൈകിട്ട് മൂന്നിന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം, നെയ്യാട്ടം, ആറിന് അന്നദാനം, രാത്രി 10-ന് മൂവർതോറ്റം, നെയ്യാട്ടം.
വൈകിട്ട് ആറിന് സാംസ്കാരിക സമ്മേളനം വി.പി.അപ്പുക്കുട്ട പൊതുവാൾ, സ്വാമി കൃഷ്ണാനന്ദ ഭാരതി, ബാലൻ കോറോത്ത്, കലാമണ്ഡലം ലത, അസീസ് തായിനേരി, അമ്പു പെരുവണ്ണാൻ, എ.വി.മാധവ പൊതുവാൾ, കിഴക്കില്ലം ഈശ്വരൻ നമ്പൂതിരി, ഗണേഷ് കുമാർ കുഞ്ഞിമംഗലം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. തുടർന്ന് മാധ്യമസമ്മേളനം. രാത്രി ഒൻപതിന് ഫ്ളവേഴ്‌സ് ടോപ് സിങ്ങർ ഫെയിം മേഘ്‌നയും റിച്ചൂട്ടനും നയിക്കുന്ന സംഗീതരാവ്.
ഞായറാഴ്ച പുലർച്ചെ മൂന്നുമുതൽ പുലിയൂർ കണ്ണൻ, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർകാളി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി തെയ്യങ്ങളുടെ പുറപ്പാട്. രാവിലെ 9.30-ന് തുലാഭാരം. 11-ന് അന്നദാനം. വൈകിട്ട് മൂന്നിന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം, അഞ്ചിന് പുലിയൂർ കണ്ണൻദൈവം വെള്ളാട്ടം, ആറിന് അന്നദാനം, രാത്രി 10-ന് മൂവർതോറ്റം, നെയ്യാട്ടം. രാത്രി 11.30 മുതൽ തോറ്റങ്ങൾ.
വൈകിട്ട് ആറിന് മന്ത്രി കെ.രാധാകൃഷ്ണൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ടി.ഐ.മധുസൂദനൻ എം.എൽ.എ. അധ്യക്ഷനാകും. കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയാകും. തുടർന്ന് സ്റ്റീഫൻ ദേവസിയും ആട്ടം കലാസമിതിയും ചേർന്നൊരുക്കുന്ന മെഗാ മ്യൂസിക് ഇവന്റ്. തിങ്കളാഴ്ച പുലർച്ചെ മൂന്നുമുതൽ തെയ്യങ്ങളുടെ പുറപ്പാട്. രാവിലെ 9.30-ന് തുലാഭാരം. 11-ന് അന്നദാനം. രണ്ടിന് കൂത്ത്, 2.30-ന് ചങ്ങനും പൊങ്ങനും, നാലിന് മംഗലക്കുഞ്ഞുങ്ങളോടുകൂടിയ ഉച്ചത്തോറ്റം.
വൈകിട്ട് ആറിന് സാംസ്കാരികസമ്മേളനം സിനിമാ സംവിധായകൻ ലാൽജോസ് ഉദ്ഘാടനം ചെയ്യും. ഉണ്ണിരാജ് ചെറുവത്തൂർ, പി.കുഞ്ഞികൃഷ്ണൻ എന്നിവർ മുഖ്യാതിഥിയാകും. തുടർന്ന് ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ, പ്രസീത ചാലക്കുടി എന്നിവർ നയിക്കുന്ന നാടൻപാട്ട്.
ചൊവ്വാഴ്ച പുലർച്ചെ 12.45 മുതൽ തോറ്റങ്ങൾ, രണ്ടിന് അടുക്കളയിൽ എഴുന്നള്ളത്ത്, മൂന്നുമുതൽ പുലിയൂർ കണ്ണൻ, തൽസ്വരൂപൻ, കൈക്കോളൻ ദൈവങ്ങൾ, 4.30-ന് ഗണപതിത്തോറ്റം, നെയ്യാട്ടം. അഞ്ചിന് കൊടിയിലത്തോറ്റം, 5.30-ന് മേലേരി കൂട്ടൽ, 5.45 മുതൽ തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് ഒന്നിന് മേലേരി കയ്യേൽക്കൽ. ഉച്ചയ്ക്ക് രണ്ടിന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരൽ, തുടർന്ന് അന്നദാനം, രാത്രി 12-ന് മുച്ചിലോട്ട് ഭഗവതിയുടെ ആറാടിക്കൽ, തുടർന്ന് വെറ്റിലാചാരം എന്നിവ നടക്കും.
പത്രസമ്മേളനത്തിൽ ആഘോഷക്കമ്മിറ്റി ചെയർമാൻ അഡ്വ. പി.ഇ.രാമചന്ദ്രൻ നമ്പ്യാർ, ജനറൽ കൺവീനർ പി.പ്രദീപ്, വർക്കിങ് ചെയർമാൻ കെ.വി.നന്ദകുമാർ, കൺവീനർമാരായ എം.തമ്പാൻ, സി.നാരായണൻ, ചന്ദ്രൻ മുതിയലം, ടി.അശോകൻ എന്നിവർ പങ്കെടുത്തു. പെരുങ്കളിയാട്ടം ലോഗോ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..