കാർ കത്തി ദമ്പതിമാർ മരിച്ച സംഭവം: ജില്ലാ ആസ്പത്രിയിലേക്ക്‌ ഫോണിൽ സന്ദേശമെത്തി : ഉടൻ കാഷ്വാലിറ്റി സജ്ജമാക്കണം


തേങ്ങലടക്കാൻ കഴിയാതെ... ജില്ലാ ആസ്പത്രിക്ക്‌ സമീപം കാർ കത്തി മരിച്ച കുറ്റ്യാട്ടൂരിലെ പ്രജിത്തിന്റെയും ഭാര്യ റീഷയുടെയും മൃതദേഹം വീട്ടിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയവർ

കണ്ണൂർ : ‘വലിയൊരു അപകടം നടന്നിട്ടുണ്ട്. കാഷ്വാലിറ്റി സജ്ജമാക്കണം..’ -വ്യാഴാഴ്ച രാവിലെ 10.48-ന് കണ്ണൂർ അഗ്നിരക്ഷാ സേനാ ഓഫീസിൽനിന്ന് ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. എം.പ്രീതയ്ക്കും ആർ.എം.ഒ. ഡോ. സി.വി.ടി.ഇസ്മായിലിനും ഫോൺസന്ദേശമെത്തി. കണ്ണൂർ ജില്ലാ ആസ്പത്രിക്ക്‌ സമീപം ഗർഭിണിയും ഭർത്താവും സഞ്ചരിച്ച കാറിന്‌ തീ പിടിച്ച ഉടനെയായിരുന്നു ഇത്‌. ഒരുനിമിഷംപോലും പാഴാക്കാതെ ഇരുവരും അത്യാഹിത വിഭാഗത്തിലെത്തി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളൊക്കെ സജ്ജമാക്കി. എവിടെയോ ഒരു വാഹനാപകടം നടന്നുവെന്ന ചിന്തയ്ക്കപ്പുറം ഉള്ളുലയ്ക്കുന്ന വിവരമാണ് തേടിയെത്തുകയെന്ന് ആശുപത്രിയിലാരും കരുതിയില്ല.

ഡെപ്യൂട്ടി സുപ്രണ്ട് ഡോ. വി.ലേഖ, അനസ്തറ്റിസ്റ്റ് ഡോ. നിഥിൻകുമാർ, അത്യാഹിതവിഭാഗത്തിന്റെ മെഡിക്കൽ ഓഫീസർ ഡോ. നെസ്മീൻ എന്നിവരും നഴ്സുമാരും സ്റ്റാഫും സർവസജ്ജരായിനിന്നു. കുറച്ച് കഴിഞ്ഞപ്പോൾ അഗ്നിരക്ഷാസേനയുടെ ഒരു ആംബുലൻസെത്തി. തിരിച്ചറിയാൻ പോലുമാകാത്ത രണ്ട് മനുഷ്യശരീരങ്ങളായിരുന്നു അതിലുണ്ടായിരുന്നത്.

ഉടൻ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സിറ്റി സ്റ്റേഷനിലെ എസ്.ഐ.മാരായ എ.പി.രാജീവൻ, ധന്യ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയശേഷം പോലീസ് സർജൻ അഗസ്റ്റസ് ജോസഫിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി.

വിവരമറിഞ്ഞ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ സ്ഥലത്തെത്തി തുടർനടപടികൾക്കുള്ള നിർദേശങ്ങൾ നൽകി. അപകടത്തിൽനിന്ന് രക്ഷപ്പെട്ട മറ്റു നാലുപേരെയും ഈ സമയം അത്യാഹിതവിഭാഗത്തിൽ എത്തിച്ചിരുന്നു. നിലവിളിക്കുന്ന അവരെ എങ്ങനെ സാന്ത്വനപ്പെടുത്തണമെന്നറിയാതെ എല്ലാവരും പകച്ചു നിന്നു.

അഞ്ചുമണിയോടെ മൃതദേഹങ്ങൾ ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..