Caption
തലശ്ശേരി : തകർച്ച നേരിടുന്ന തലശ്ശേരി കടൽപ്പാലം നവീകരിക്കാൻ പലതവണ പരിശോധന നടത്തിയെങ്കിലും ഇതുവരെ പണി തുടങ്ങാനായില്ല. പാലത്തിലേക്കുള്ള വഴി കല്ലുവെച്ച് അടച്ച് ആളുകൾ കയറുന്നത് തടഞ്ഞിരിക്കയാണ്. മാരിടൈം ബോർഡ് മുഖേന പാലത്തിന്റെ സംരക്ഷണം സംബന്ധിച്ച് നേരത്തേ പഠനം നടത്തിയിരുന്നു.
ഒരു പഠനം കൂടി നടത്തി അന്തിമതീരുമാനമെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. പാലത്തിനു സമീപം പുതുതായി കടലോര നടപ്പാത വന്നതോടെ സഞ്ചാരികളെ കൂടുതലായി ഇവിടെ ആകർഷിക്കാൻ തുടങ്ങി. ദിവസേന നൂറുകണക്കിനാളുകളാണ് ഇവിടെയെത്തുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കടൽപ്പാലം ദൂരെനിന്ന് കണ്ടുപോകേണ്ട സ്ഥിതിയാണിപ്പോൾ.
കടൽപ്പാലത്തിൽ കയറുന്നവരുടെ ജീവനും ഭീഷണിയാണ്. പാലത്തിലെ അടിഭാഗം ദ്രവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കടൽപ്പാലം നവീകരിക്കുന്നതിക്കുറിച്ചാണ് ആദ്യഘട്ടത്തിൽ ആലോചനനടന്നത്. വൻ തുക ചെലവഴിച്ച് പാലം നവീകരിച്ചാൽ കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുമോ എന്നതിലും ആശങ്കയുണ്ട്.
പാലത്തിനു സമീപം നടപ്പാത നിർമിച്ച് കടൽപ്പാലം കാണുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും പഠനം നടത്തി. പാലം പൊളിച്ചുമാറ്റി പുതിയത് നിർമിക്കണമെന്നാണ് ഐ.ഐ.ടി.യുടെ പഠനറിപ്പോർട്ട്.
ഇത് പ്രായോഗികമല്ല. കടൽവഴിയുള്ള മലഞ്ചരക്ക് വ്യാപാരത്തിന് വേണ്ടിയാണ് പാലം നിർമിച്ചത്.
ഇപ്പോൾ പാലത്തിലൂടെയുള്ള വ്യാപാരം നടക്കുന്നില്ല. പാലം സംരക്ഷിക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് കാലമേറെയായി.
പാലത്തിനു സമീപം മാലിന്യം
പാലത്തിനു സമീപത്തായി പലയിടത്തും മാലിന്യം കൂട്ടിയിട്ടിരിക്കയാണ്. ഇത് നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ല. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി കടലോര നടപ്പാതയും പരിസരവും വിദ്യാർഥികളുടെ സഹകരണത്തോടെ നഗരസഭാ ശുചീകരണത്തൊഴിലാളികൾ വൃത്തിയാക്കാറുണ്ട്.
നടപ്പാതയുടെ എതിർവശത്തുള്ള സ്ഥലങ്ങൾ മാലിന്യം തള്ളൽ കേന്ദ്രമാക്കി മാറി. കടൽപ്പാലത്തിനു സമീപം കടലേറ്റം രൂക്ഷമാണ്. ഇതു തടയാൻ ആവശ്യമായ നടപടി വേണമെന്നാണ് ഇവിടെയുള്ളവരുടെ ആവശ്യം.
കടൽപ്പാലം
: തലശ്ശേരിയിലെ വാണിജ്യപ്രതാപത്തിന്റെ ചരിത്രശേഷിപ്പുകളിലൊന്നാണ് കടൽപ്പാലം. വ്യാപാര അഭിവൃദ്ധിക്കുവേണ്ടി തലശ്ശേരി തുറമുഖത്ത് 1910-ലാണ് പാലം നിർമിച്ചത്. വലിയ കപ്പലുകൾക്ക് പ്രവേശിക്കാൻ ആവശ്യമായ ആഴം കടലിലില്ലാത്തതിനാൽ കപ്പലുകൾ പുറങ്കടലിൽ നങ്കൂരമിടേണ്ടി വന്നു.
തോണികളുടെയും ഉരുക്കളുടെയും സഹായത്തോടെയാണ് ചരക്ക് കയറ്റിറക്ക് നടത്തിയത്. ചരക്ക് കയറ്റിറക്കിന് സഹായമായാണ് കടൽപ്പാലം നിർമിച്ചത്.
കടൽപ്പാലത്തിലൂടെയാണ് തലശ്ശേരി വാണിജ്യകേന്ദ്രമായി മാറിയത്. അയൽനാട്ടുരാജ്യങ്ങളിലേക്കും കണ്ണൂർ, കാസർകോട്, വടകര തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള ചരക്കുകൾ തുറമുഖത്തിലൂടെയാണ് കൊണ്ടുപോയിരുന്നത്. റോഡ് ഗതാഗതം വർധിച്ചതോടെ തുറമുഖം മുഖേനയുള്ള ചരക്കുനീക്കം കുറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..