കോടിയേരി മലബാർ കാൻസർ സെന്ററിലെ ഹെൽപ് ഡെസ്ക്
തലശ്ശേരി : ആശങ്കയോടെ കോടിയേരി മലബാർ കാൻസർ സെന്ററിന്റെ പടികടന്ന് എത്തുന്നവവർക്ക് സഹായത്തിന് ആരംഭിച്ച ഹെൽപ് ഡെസ്ക് ഒരു വർഷം പിന്നിട്ടു.
ഇവിടെയത്തുന്നവർക്ക് രജിസ്‌ട്രേഷൻ ഫോറം പൂരിപ്പിച്ചു നൽകൽ തുടങ്ങി എല്ലാറ്റിനും സഹായവുമായി ഇവർ കൂടെയുണ്ട്.
കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യത്തിന്റെ നേതൃത്വത്തിലാണ് ഡെസ്കിന്റെ പ്രവർത്തനം. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെ സന്നദ്ധപ്രവർത്തകരുടെ സേവനം രോഗികൾക്ക് ലഭ്യമാകും.
പുതുതായെത്തുന്നവർക്ക് രജിസ്‌ട്രേഷൻ ഫോറം പൂരിപ്പിച്ച് കൊടുക്കുക, ചക്രക്കസേര, ട്രോളി സഹായം, ഒ.പി., ഫാർമസി, ലാബ് സൗകര്യങ്ങൾ ലഭ്യമാക്കിനൽകുക, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ ദുരിതാശ്വാസനിധി, അഗതി പെൻഷൻ, സാമൂഹികനീതി, സാമൂഹിക സുരക്ഷാവിഭാഗം, ഇൻഷുറൻസ് പരിരക്ഷ, എം.സി.സി.യിൽനിന്നുള്ള സാക്ഷ്യപത്രങ്ങൾക്കുള്ള അപേക്ഷകൾ, കൗൺസലിങ് സേവനം എന്നിവയെല്ലാം ഇവർ ചെയ്തുകൊടുക്കും.
2022 മാർച്ച് എട്ടിന് തുടങ്ങിയ ഹെൽപ് ഡെസ്ക് മുഖേന 5192 പേർക്ക് ഇതുവരെ സേവനം ലഭിച്ചു. ദിവസം അഞ്ച് മുതൽ ആറ് വരെ വൊളന്റിയർമാർ ഹെൽപ് ഡെസ്കിലുണ്ടാകും. ഇവർ നിശ്ചിതദിവസങ്ങളിൽ സേവനസന്നദ്ധരായി സെന്ററിലെത്തുകയാണ്. ആകെ 50 പേരാണ് ഹെൽപ് ഡെസ്കിലുള്ളത്.
ഹെൽപ് ഡെസ്ക് വാർഷികത്തിന്റെ ഭാഗമായി ശനിയാഴ്ച 10-ന് എം.സി.സി. സെമിനാർ ഹാളിൽ നടക്കുന്ന സംഗമം സബ് കളക്ടർ സന്ദീപ് കുമാർ ഉദ്ഘാടനംചെയ്യും.
എ.എസ്.പി. അരുൺ കെ. പവിത്രൻ, എം.സി.സി. ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രമണ്യം എന്നിവർ പങ്കെടുക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..