തലശ്ശേരി : തലശ്ശേരി നഗരസഭയ്ക്ക് 78.74 കോടി രൂപ വരവും 71.86 കോടി രൂപ ചെലവും 6.87 കോടി രൂപ നീക്കിയിരിപ്പുമുള്ള ബജറ്റിന് നഗരസഭാ കൗൺസിൽ യോഗം അംഗീകാരം നൽകി. രാഷ്ട്രീയമായി എതിർക്കാം എന്നാൽ വസ്തുതാപരമായി എതിർക്കാൻ കഴിയില്ലെന്ന് ബജറ്റ് ചർച്ചയുടെ മറുപടിയിൽ നഗരസഭാ ഉപാധ്യക്ഷൻ വാഴയിൽ ശശി പറഞ്ഞു.
അടുത്ത ബജറ്റ് സമ്മേളനം പുതുതായി നിർമിക്കുന്ന കെട്ടിടത്തിലായിരിക്കും. കെട്ടിടത്തിൽ ഫർണിച്ചർ സ്ഥാപിക്കാൻ നടപടി തുടങ്ങി. പുതിയ ബ്‌സസ്റ്റാൻഡിൽ പാർക്കിങ് പ്ലാസ, ഷോപ്പിങ് കോംപ്ലക്സ് എന്നിവ നിർമിക്കും. ജനറൽ ആസ്പത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റിയാൽ ആസ്പത്രിയുള്ള സ്ഥലം ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റും.
ടൗൺ ഹാളിന്റെ പിന്നിൽ ഷീ ലോഡ്ജ് തുടങ്ങും. വികസനത്തിന് എല്ലാ വാർഡും പരിഗണിച്ചു. കോവിഡിന് ശേഷമുള്ള മാന്ദ്യം തലശ്ശേരിയെ ബാധിച്ചു. തലശ്ശേരിയുടെ വികസനത്തിനുവേണ്ടി ഒന്നിച്ച് പ്രവർത്തിക്കാമെന്ന് വാഴയിൽ ശശി പറഞ്ഞു.
നഗരസഭയിൽ ഒന്നും നടന്നില്ല എന്നതിനോട് യോജിപ്പില്ലെന്ന് ചെയർപേഴ്‌സൺ കെ.എം. ജമുനാറാണി പറഞ്ഞു.
എന്തുചെയ്യാൻ കഴിയുമെന്ന് കൂട്ടായി തീരുമാനിക്കാമെന്ന് അവർ പറഞ്ഞു.
പ്രധാന നിർദേശങ്ങൾ
:തരിശ് രഹിത നഗരസഭയാക്കും. ഡോ. വേണു ബാപ്പുവിന്റെ പേരിൽ ചിറക്കര എച്ച്.എസ്.എസിൽ വാനനിരീക്ഷണത്തിന് മിനി പ്ലാനറ്റേറിയം. സ്കൂളുകളിൽ ഗാന്ധിജിയുടെ ചിത്രം. മൂന്നിടങ്ങളിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ. അമൃത് പദ്ധതിയിൽ 5250 വീടുകൾക്ക് കുടിവെള്ള കണക്‌ഷൻ. നഗരസഭയിലെ 104 അതിദരിദ്രരെ സഹായിക്കാൻ മൈക്രോ പദ്ധതി എന്നിവയാണ് പ്രധാന നിർദേശങ്ങൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..