Caption
അഴീക്കോട് : അഴീക്കൽ തുറമുഖത്ത് വളപട്ടണം പുഴയിൽ മണൽ വാരൽ നിലച്ചിട്ട് മുന്ന് മാസമായി. കോടതി വിലക്കാണ് വിനയായത്. തുറമുഖത്ത് സമീപ പഞ്ചായത്തിലെ ഏഴ് കടവുകൾ വഴിയാണ് മണലെടുത്തിരുന്നത്. അഴീക്കോട് -രണ്ട് കടവുകൾ, വളപട്ടണം-മൂന്ന്, പാപ്പിനിശ്ശേരി-രണ്ട് എന്നിങ്ങനെയാണിത്. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണിത്.
2017 മുതൽ മണൽ കഴുകലുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ ഹൈക്കോടതിയിൽ നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് മാസം മുൻപ് മണൽ വാരൽ നിർത്തിയത്. കോടതി, തുറമുഖത്തോട് പരിസ്ഥിതി പഠന റിപ്പോർട്ട് ആവശ്യപ്പെട്ടു. നിശ്ചിതസമയം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും തുറമുഖ വകുപ്പ് റിപ്പോർട്ട് കോടതിയിൽ നൽകിയില്ല. ഒടുവിൽ 2022 ഡിസമ്പർ 22-ന് റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ചു.
അതിനിടെ അഴീക്കോട്ടെ രണ്ട് കടവുകൾക്ക് പരിസ്ഥിതി നിർദേശം ബാധകമായിരുന്നില്ല. അവർക്ക് നിശ്ചിത കാലയളവ് ഉണ്ടായി. ആ കാലയളവുവരെ മണലെടുത്തു.
കാലയളവ് കഴിഞ്ഞ് ആ കടവുകളുടെ പ്രവർത്തനവും കുറച്ച് നാളുകളായി നിലച്ചു. മണൽ കഴുകി ജലം പുഴയിൽ വീണ്ടും ഒഴുക്കുന്നതാണ് പരിസ്ഥിതി സംഘടന ഹൈക്കോടതിയിൽ ചോദ്യംചെയ്തത്. കേസ് ഈ മാസം 27-ന് പരിഗണിക്കും. അതിന് ശേഷമേ തുറമുഖ വകുപ്പിന് ഒരു തീരുമാനത്തിൽ എത്താനാവൂ.
തൊഴിലാളികൾക്കും പ്രശ്നം :മണൽ വാരൽ നിലച്ചതുമൂലം ജില്ലയിലെ നിർമാണ മേഖല പ്രതിസന്ധിയിലായി. തൊഴിലാളികൾക്ക് ജോലിയില്ലാതായി. മണൽ വളപട്ടണംപുഴയിൽനിന്ന് മുങ്ങി വഞ്ചിയിൽ വാരി ശേഖരിക്കൽ, അരിച്ചെടുത്ത് കഴുകി ചെളിനീക്കൽ, ലോറിയിലേക്ക് തലച്ചുമടായി നിറക്കൽ എന്നിവ അസം, ബീഹാർ, ആന്ധ്ര സംസ്ഥാനങ്ങളിലെ ആളുകളാണ് ചെയ്യുന്നത്. പണി കുറഞ്ഞതുകാരണം അവർ മറ്റ് തൊഴിൽ തേടി പോയി. പുറമെ കടത്ത് ലോറിക്കാർക്കും പണി കുറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..