അഷ്റഫ് ഉമ്മ ആയിഷയോടൊപ്പം വീട്ടിൽ
പെരിങ്ങത്തൂർ : അപ്രതീക്ഷിതമായി വന്ന അഷ്റഫിന്റെ ഫോൺവിളിയിൽ പെരിങ്ങളം പുല്ലൂക്കരയിലെ പരവന്റെ കിഴക്കയിൽ വീട് അതിരറ്റ സന്തോഷത്തിലായിരുന്നു. 38 വർഷംമുൻപ് വീടും നാടും വിട്ടുപോയ മകൻ അഷ്റഫ് വീട്ടിലേക്ക് വരുന്നുവെന്നതായിരുന്നു സന്ദേശം.
ഉപ്പ അബൂബക്കർ ഹാജിക്കും ഉമ്മ ആയിഷയ്ക്കും ആദ്യമിത് വിശ്വസിക്കാനായില്ല. പുണ്യ റംസാൻവ്രതം തുടങ്ങുന്ന ദിവസത്തിലെത്തുന്ന മകനെ വയോധികരായ ദമ്പതിമാർ കാത്തിരുന്നു. ഒപ്പം ഇതുവരെ കാണാത്ത കുടുംബാംഗത്തെ കാണാൻ മരുമക്കളും കൊച്ചുമക്കളുമായി വലിയ സംഘവും.
വ്യാഴാഴ്ച രാത്രി സഹോദരൻ അബ്ദുൾ സമദിനും മരുമകൻ ഡോ. യാസറിനുമൊപ്പം അഷ്റഫ് വീട്ടിലേക്ക് കയറിവന്നു. 18-ാം വയസ്സിലാണ് അഷ്റഫ് വീടുവിട്ട് പോയത്. പിന്നീട് അന്വേഷിക്കാത്ത വഴികളില്ല. നാടെങ്ങുമുള്ള ബന്ധുക്കൾവഴി അന്വേഷണങ്ങൾ.
വർഷങ്ങൾക്കുമുൻപ് സൗദി അറേബ്യയിലുണ്ടായിരുന്നുവെന്ന് വിവരം ലഭിച്ചെങ്കിലും കണ്ടെത്താനായില്ല. അഷ്റഫിന്റെ സഹപാഠി ഇഞ്ചീൻറവിടെ റഫീഖും മരുമകൻ ഡോ. യാസറും അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. 2020 ജൂലായ് 29-ന് മാതൃഭൂമിയിൽ അഷ്റഫിനെക്കുറിച്ചുള്ള വാർത്ത വന്നു. അതോടെ സാമൂഹികമാധ്യമങ്ങളിലൂടെ അന്വേഷണങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്കെത്തി. പലപ്പോഴും കൈയെത്തും ദൂരത്ത് അഷ്റഫിനെ നഷ്ടപ്പെടുന്നതായും വിവരങ്ങളെത്തിയിരുന്നു.
ഹൈദരാബാദിൽനിന്നാണ് അഷ്റഫ് നാട്ടിലേക്കെത്തിയത്.
ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ രൂപസാദൃശ്യം തോന്നിയ ഒരാൾ കുടുംബാംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. കിട്ടിയ നമ്പറിൽ വീഡിയോകോൾ ചെയ്തപ്പോൾ എല്ലാവരെയും കണ്ട് സംസാരിച്ച് ബെംഗളൂരുവിലെത്തി. അവിടെനിന്നാണ് ബന്ധുക്കളോടൊപ്പം നാട്ടിലേക്കെത്തിയത്.
തന്നെക്കുറിച്ച് മാതൃഭൂമിയിൽ വന്ന വാർത്ത സാമൂഹികമാധ്യമങ്ങൾ വഴി കണ്ടതായി അഷ്റഫ് പറഞ്ഞു. ഹൈദരാബാദിൽ മെമന്റോകളുടെ ബിസിനസ് നടത്തിവരികയണിപ്പോൾ. ഇതിനിടെ ഹൈദരാബാദിൽനിന്ന് വിവാഹം കഴിച്ചു. മൂന്ന് മക്കളുമുണ്ട്. അടുത്ത് തന്നെ ഭാര്യയെയും മക്കളെയും കൂട്ടി നാട്ടിലേക്ക് വരണമെന്നാണ് ഇനി അഷ്റഫിന്റെ ആഗ്രഹം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..