ജസ്റ്റിൻ ജോണും വിജിമോളും കൊട്ടോടി സെയ്ന്റ് സേവ്യേഴ്സ് പള്ളിയുടെ മുൻപിൽ പരസ്പരം മാല ചാർത്തിയപ്പോൾ
രാജപുരം : സഭാ ആചാരപ്രകാരമുള്ള മിന്നുകെട്ടിന് പള്ളിവികാരി അനുമതിപത്രം നൽകാഞ്ഞതിനെത്തുടർന്ന് വധൂവരൻമാർ പള്ളിക്കുമുന്നിൽനിന്ന് മാലചാർത്തി വിവാഹിതരായി. ക്നാനായ കത്തോലിക്കാസഭാ കോട്ടയം അതിരൂപതയിൽപ്പെട്ട കാസർകോട് കൊട്ടോടിയിലെ പരേതനായ ജോണിന്റെയും അന്നമ്മയുടെയും മകൻ ജസ്റ്റിൻ ജോണും കൊട്ടോടി ഒരളയിലെ പനച്ചിക്കുന്നേൽ ഷാജിയുടെയും ബീനയുടെയും മകൾ വിജിമോളുമാണ് സഭാശുശ്രൂഷകളില്ലാതെ പള്ളിക്കുമുന്നിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി ഒന്നായത്. തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള കൊട്ടോടി സെയ്ന്റ് സേവ്യേഴ്സ് പള്ളിയുടെ മുന്നിൽ വ്യാഴാഴ്ച രാവിലെ 10.30-ഒാടെയായിരുന്നു വിവാഹം.
ക്നാനായ കത്തോലിക്കാസഭാംഗങ്ങൾക്ക് ഇതര സഭാഗംങ്ങളെ വിവാഹം കഴിക്കുന്നതിനുള്ള വിലക്ക് നീക്കി സുപ്രീംകോടതി നേരത്തേ വിധി പ്രസ്താവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഭാംഗമായ ജസ്റ്റിൻ ജോൺ ക്നാനായ സഭയിലെ അംഗത്വം നിലനിർത്തി സിറിയൻ കത്തോലിക്കാസഭ തലശ്ശേരി അതിരൂപതാംഗമായ വിജിമോളെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. മനസ്സമ്മതത്തിന് ക്നാനായ കത്തോലിക്കാസഭ കോട്ടയം അതിരൂപതയ്ക്ക് കീഴിലുള്ള കൊട്ടോടി സെയ്ന്റ് ആൻസ് പള്ളി അധികൃതർ അനുമതിപത്രവും നൽകി. കൊട്ടോടി സെയ്ന്റ് സേവ്യേഴ്സ് പള്ളിയിൽ ഏപ്രിൽ 17-ന് മനസ്സമ്മതച്ചടങ്ങും നടന്നു. മേയ് 18-ന് ഇതേ ദേവാലയത്തിൽ വിവാഹം നടത്താനും തീരുമാനിച്ചു. ഇതിനുള്ള കത്ത് സെയ്ന്റ് ആൻസ് പള്ളി അധികൃതർക്ക് ജസ്റ്റിൻ കൈമാറി.
സെയ്ന്റ് സേവ്യേഴ്സ് പള്ളിയിൽ നടത്തുന്നതിന് അനുമതി നൽകണമെന്നാണ് ജസ്റ്റിൻ ആവശ്യപ്പെട്ടത്. എന്നാൽ സെയ്ന്റ് ആൻസ് പള്ളി അധികൃതർ വിവാഹത്തിനുള്ള അനുമതിപത്രം നൽകിയില്ല. ഇടവകപ്പള്ളിയിൽനിന്ന് അനുമതിപത്രം ലഭിക്കുകയോ തലശ്ശേരി രൂപതാംഗമായി ചേരുകയോ ചെയ്യാത്തതിനാൽ ജസ്റ്റിന്റെ വിവാഹം നടത്താൻ സെയ്ന്റ് സേവ്യേഴ്സ് പള്ളി അധികൃതരും തയ്യാറായില്ല. ഇതോടെയാണ് പള്ളിക്കുമുന്നിൽനിന്ന് മാലചാർത്തി വിവാഹിതരാകാൻ ഇരുവരും തീരുമാനിച്ചത്.
എന്നാൽ ഏപ്രിൽ 17-ന് മനസ്സമ്മതം കഴിഞ്ഞിട്ടും വിവാഹത്തിനുള്ള അനുമതിപത്രത്തിനുള്ള അപേക്ഷ ബുധനാഴ്ചയാണ് പള്ളിയിലെത്തിച്ചതെന്ന് സെയ്ന്റ് ആൻസ് പള്ളി വികാരി ഫാ. സിജോ സ്റ്റീഫൻ തേക്കുംകാട്ടിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മതാചാരത്തിന്റെ ഭാഗമായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ചുരുങ്ങിയസമയത്തിനുള്ളിലാകില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ രൂപതാധികൃതരുമായി ആലോചിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്. അതിനാലാണ് അനുമതിപത്രം നൽകാൻ കഴിയാഞ്ഞത്. കോടതിവിധിയെ സഭ അംഗീകിരിക്കുന്നതായും അദ്ദേഹം അറിയിച്ചു. കോട്ടയം അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ ക്നാനായ സഭാംഗമല്ലാത്ത വ്യക്തിയെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് ജസ്റ്റിന് നൽകിയ കത്തിൽ അറിയിച്ചിരുന്നതായി സഭാധികൃതരും അറിയിച്ചു.
സംഘർഷസാധ്യത കണക്കിലെടുത്ത് രാജപുരം ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തി. കോട്ടയം അതിരൂപതയിലെ രക്തശുദ്ധിയുടെ പേരിലുള്ള വിലക്കിനെതിരേ ക്നാനായ കത്തോലിക്ക നവീകരണ സമിതിയാണ് (കെ.സി.എൻ.എസ്.) ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..