20 പേർക്ക് ആധുനിക കൃത്രിമക്കാൽ നൽകി : ഊന്നുവടിയുടെ കൂട്ടില്ലാതെ ഇനി നടക്കാം


2 min read
Read later
Print
Share

• ജില്ലാ പഞ്ചായത്തും ജില്ലാ ആസ്പത്രിയും സംയുക്തമായി നടത്തിയ കൃത്രിമ കാൽ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ കാർത്തികപുരം സ്വദേശി ഇ.എം.ശരത്തിന് നൽകിക്കൊണ്ട് നിർവഹിക്കുന്നു

കണ്ണൂർ : ജന്മനാ കാലില്ലാത്തവർ, അപകടത്തിൽ കാൽ നഷ്ടപ്പെട്ടവർ... അവർ 20 പേരുണ്ടായിരുന്നു. പരസഹായമോ ഊന്നുവടിയോ ഇല്ലാതെ ഒരടി മുന്നോട്ട് വെക്കാനാകാത്തവർ. ഊന്നുവടി കാലിനു പകരമാക്കിയവർ. ഇനി ഊന്നുവടിയോ പരസഹായമോ ഇല്ലാതെ അവർ ‘സ്വന്തം കാലിൽ’ നടക്കും. ജില്ലാപഞ്ചായത്തും ജില്ലാ ആസ്പത്രിയും ചേർന്ന് ആധുനിക കൃത്രിമക്കാൽ നൽകിയതോടെയാണ് അവരുടെ ആഗ്രഹം സഫലമായത്. വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ പി.പി.ദിവ്യ നിർവഹിച്ചു.

അനായാസം മടങ്ങും

നേരത്തേ പഴയ രീതിയിലുള്ള കൃത്രിമക്കാലുകളായിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്. പെട്ടെന്ന് മടക്കാൻ സാധിക്കായ്ക, നടക്കാൻ ക്രച്ചസിന്റെ തുണ എന്നിവയായിരുന്നു ഇതിന്റെ പ്രധാന പ്രശ്നം. എന്നാൽ ഇപ്പോൾ നൽകിയ ഹെടെക് എൻഡോസ്കെലിറ്റൻ കാലുകൾ നടക്കുമ്പോൾ അനായാസം മടങ്ങുകയും നിവരുകയും ചെയ്യും. ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാനും മറ്റ് പ്രവൃത്തികൾ ചെയ്യാനും സാധിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ഇതിന് മൂന്നുലക്ഷം രൂപ വരെ വിലയുണ്ട്. ചെലവ് കുറയ്ക്കാൻ ജില്ലാ ആസ്പത്രി ലിമ്പ് ഫിറ്റിങ്‌ സെന്ററിലാണ് ഇവ നിർമിച്ചത്. പദ്ധതിക്കായി 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാപഞ്ചായത്ത് അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ പരിപാലനം ജില്ലാ ആശുപത്രിയിൽ സൗജന്യമായി ചെയ്യും. കൃത്രിമ കാൽ ആവശ്യമുള്ളവർക്ക്് ലിമ്പ് ഫിറ്റിങ്‌ സെന്ററിൽ രജിസ്റ്റർചെയ്യാമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ പറഞ്ഞു.

ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. കെ.കെ.രത്നകുമാരി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എം.പ്രീത, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി.ലേഖ, ഡോക്ടർമാരായ മായ ഗോപാലകൃഷ്ണൻ, കെ.പി.മനോജ്കുമാർ, സി.രമേശ് തുടങ്ങിയവർ സംസാരിച്ചു.

ഇനി 'വിസ്മയ'ച്ചുവടുകൾ ഒറ്റക്കാലിലല്ല

ചുവടുകൾക്കൊത്ത് കൃത്രിമക്കാൽ വഴങ്ങാൻ മടിച്ചതോടെയാണ് വിസ്മയ ഒറ്റക്കാലിൽ നൃത്തം തുടങ്ങിയത്. 70-ഓളം വേദികളിൽ ഒറ്റക്കാലിൽ നൃത്തംചെയ്ത് വിസ്മയമായി. അപ്പോഴും ഇരുകാലും വേദിയിൽ ഉറപ്പിക്കാൻ പറ്റിയ വഴക്കമുള്ളൊരു കാലിനായി കൊതിച്ചു. ജില്ലാപഞ്ചായത്തും ജില്ലാ ആസ്പത്രിയും ചേർന്ന് ആധുനിക കാൽ നൽകിയതോടെ സ്വപ്നം യാഥാർഥ്യമായതിന്റെ ആഹ്ലാദത്തിലാണ് യുവനർത്തകി.

പട്ടുവത്തെ വിസ്മയക്ക് ജന്മനാ വലതുകാലില്ല. നാലാംവയസ്സിൽ കൂട്ടുകാർക്കൊപ്പം നൃത്തംചെയ്യാൻ പോയെങ്കിലും മാറ്റിനിർത്തപ്പെട്ടു. നൃത്തം പഠിപ്പിക്കാൻ അധ്യാപകരും വിസമ്മതിച്ചു. ആ വേദനയോടെ പൊയ്ക്കാലിൽ തുടങ്ങിയ നൃത്തം വേദികൾ കടന്ന് വിദേശങ്ങളിൽവരെയെത്തി. ഒറ്റക്കാലിൽ നൃത്തമാടി ഏവരെയും അത്ഭുതപ്പെടുത്തി. സിനിമാറ്റിക്‌ ഡാൻസ്, ഭരതനാട്യം, കുച്ചിപ്പുഡി, നാടോടിനൃത്തം അങ്ങനെ വഴങ്ങാൻ മടിച്ച എല്ലാ നൃത്തരീതിയും ഈ ഇരുപത്തൊന്നുകാരിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞു.

പരിയാരം ആയുർവേദ മെഡിക്കൽ കോളേജിൽ അവസാന വർഷ വിദ്യാർഥിനിയാണ് പട്ടുവത്തെ എം.വി.മനോഹരന്റെയും പി.പി.ദീപയുടെയും മകളായ വിസ്മയ.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..