കളറോഡ് പാലത്തിലെ വെള്ളക്കെട്ട്
മട്ടന്നൂർ : വേനൽമഴയിൽ കളറോഡ് പാലത്തിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടഭീഷണിയാകുന്നു. ചെറിയ മഴ പെയ്താൽ പോലും പാലത്തിന്റെ രണ്ടുവശത്തും വെള്ളം കെട്ടിക്കിടക്കുകയാണ്. വെള്ളക്കെട്ട് മൂലം വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഒരുപോലെ ദുരിതം അനുഭവിക്കുകയാണ്.
ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന അന്തസ്സംസ്ഥാനപാതയിലെ പാലം കെ.എസ്.ടി.പി. റോഡ് പ്രവൃത്തിയുടെ ഭാഗമായാണ് പുതുക്കിപ്പണിതത്. റോഡിന്റെ നിരപ്പിൽനിന്ന് പാലം താഴ്ന്നുകിടക്കുന്നതാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നതെന്നാണ് പരാതി. വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതിനാൽ മഴ പെയ്താൽ ഏറെ നേരം പാലത്തിൽ വെള്ളം കെട്ടിക്കിടക്കുകയാണ്.
ഇരുഭാഗത്തും ഭിത്തി കെട്ടിയതിനാൽ പാലത്തിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ വീതിയും കുറവാണ്. ഇതിനൊപ്പം വെള്ളക്കെട്ട് കൂടിയാകുമ്പോൾ രാത്രികാലങ്ങളിലും മറ്റും അപകടസാധ്യതയേറുകയാണ്. പാലത്തിൽ സ്ഥിരമായി വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ചെളി നിറഞ്ഞ് മഴക്കാലത്ത് കാൽനടയാത്രയും ദുഷ്കരമായി മാറും.
റോഡിലെ കുഴിയും
:പാലത്തിന് സമീപമുള്ള റോഡിലെ കുഴിയും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പാലത്തിന് സമീപത്തെ ടാറിങ് നീങ്ങിയാണ് കുഴി രൂപപ്പെട്ടിട്ടുള്ളത്. ഇരുചക്രവാഹനങ്ങളും മറ്റും ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. കുഴി ഒഴിവാക്കാനായി പെട്ടെന്ന് വാഹനങ്ങൾ വെട്ടിക്കുമ്പോഴും അപകടഭീഷണി ഏറെയാണ്. ഏറെക്കാലമായിട്ടും കുഴി മൂടാൻ അധികൃതർ തയ്യാറായിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..