കാലവർഷമെത്താറായി; നടീൽ വസ്തുക്കളൊരുക്കി ജില്ലാ കൃഷിത്തോട്ടം


1 min read
Read later
Print
Share

തളിപ്പറമ്പ് കരിമ്പത്തെ ജില്ലാ കൃഷിത്തോട്ടത്തിലുള്ള അലങ്കാരച്ചെടികൾ

തളിപ്പറമ്പ് : കാലവർഷത്തെ വരവേൽക്കാൻ കർഷകർ ഒരുങ്ങിനിൽക്കുമ്പോൾ നടീൽവസ്തുക്കളൊരുക്കി നൽകുകയാണ് ജില്ലാ കൃഷിത്തോട്ടം. സംസ്ഥാനപാതയിൽ കരിമ്പത്തുള്ള തോട്ടത്തിൽ രാവിലെമുതൽ എന്നും തിരക്കാണ്. അലങ്കാരച്ചെടികളുടെ ശേഖരം കൂടിയുള്ളതാണ് ഈവർഷത്തെ വിൽപ്പനയിലെ പ്രത്യേകത.

പതിവുപോലെ ടിഷ്യു വാഴത്തൈകൾ ഈവർഷവുമുണ്ട്. ഒരുലക്ഷം ടിഷ്യു നേന്ത്രവാഴത്തൈെകളാണ് വിതരണത്തിനായുള്ളത്. ഒന്നിന് 20 രൂപയാണ് വില. മോഹിദ് നഗർ, കാസർകോടൻ, സുമംഗള, സ്വർണമംഗള തുടങ്ങിയ കവുങ്ങുംതൈകളുമുണ്ട്. 30 രൂപയാണ് വില. ഒട്ടുമാവുതൈകളാണ് ഏറെയുള്ളത്. ബെൻഷൻ, നീലം, കുളമ്പ് തുടങ്ങി മുപ്പതിൽപ്പരം ഇനങ്ങളിലുണ്ടിത്. 75 രൂപ മുതൽ 300 രൂപ വരെയുള്ള ഇനങ്ങളാണ് വിൽപ്പനയിലുള്ളത്. തേൻവരിക്കയുൾപ്പെടെ വിവിധയിനം പ്ലാവ്, തേക്ക്, കറ്റാർവാഴ, സപ്പോട്ട തുടങ്ങിയവയുടെ തൈകളുമുണ്ട്. തെങ്ങിൻതൈകൾ വിൽപ്പനയ്ക്കില്ല.

പുതുമയായി അലങ്കാരച്ചെടികൾ

വർഷങ്ങളായി കരിമ്പത്തെ തോട്ടത്തിൽ നടീൽവസ്തുക്കൾ വാങ്ങാനെത്തുന്നവരുടെ മനസ്സിൽ മാവും പ്ലാവും തെങ്ങുമൊക്കെയാണ്. ഇത്തവണ അലങ്കാരച്ചെടികൾ കൂടിയുണ്ട്. കൂടാതെ, പച്ചമുളക്, കാന്താരി, വഴുതന തുടങ്ങി പച്ചക്കറിവിത്തുകളും ജില്ലാ തോട്ടത്തിൽ വിൽപ്പനയ്ക്കായുണ്ട്.

ഒരുമീറ്റർ ഉയരമുള്ള നീലംമാവ് കായ്ച്ചു

ജില്ലാ കൃഷിത്തോട്ടത്തിൽ ഒട്ടുമാവ് ഇനങ്ങളേറെയുണ്ട്. അവയിൽ നാലുവർഷം പ്രായമായ ഒരു നീലൻമാവിന് ഉയരം ഒരുമീറ്ററോളം. ചെടിച്ചട്ടിയിലാണ് വളരുന്നത്.

കായ്ച്ച ഈ നീലൻമാവിൽ മൂന്ന് മുഴുത്ത മാങ്ങകളുണ്ട്. ജില്ലാ തോട്ടത്തിലെത്തുന്നവർക്ക് കൗതുക കാഴ്ചയായി ഈ നീലൻമാവ്. നടീൽവസ്തുക്കളുടെ വിൽപ്പനകേന്ദ്രം ഫോൺ: 2206929.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..