മട്ടന്നൂർ : ഗോഫസ്റ്റ് വിമാനസർവീസുകൾ റദ്ദാക്കിയത് നാലുവരെ നീട്ടി. സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതോടെ യാത്രക്കാർ ദുരിതത്തിലായി.
സാമ്പത്തിക പ്രതിസന്ധിമൂലം മേയ് രണ്ടുമുതലാണ് ഗോഫസ്റ്റ് നിർത്തിയത്. ഇതോടെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് അന്താരാഷ്ട്ര സർവീസ് നടത്തുന്നത് എയർഇന്ത്യ എക്സ്‌പ്രസ് മാത്രമായി മാറി. കണ്ണൂരിലുള്ള മറ്റൊരു കമ്പനിയായ ഇൻഡിഗോ ദോഹയിലേക്ക് മാത്രമാണ് സർവീസ് നടത്തുന്നത്.
ഗൾഫിൽ അവധിക്കാലമായതിനാൽ നാട്ടിലേക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരാണ് വെട്ടിലായത്. കൂടുതൽ പണം നൽകി മറ്റു വിമാനങ്ങളിൽ ടിക്കറ്റ് എടുക്കാനുള്ള ശ്രമത്തിലാണ് പലരും. ടിക്കറ്റ് ലഭ്യമല്ലാത്ത പ്രശ്നവുമുണ്ട്.
ഗോഫസ്റ്റ് നിർത്തിയതോടെ കുവൈത്ത്, ദമാം എന്നിവിടങ്ങളിലേക്ക് കണ്ണൂരിൽനിന്ന് സർവീസില്ലാതായി. എയർ ഇന്ത്യ എക്സ്‌പ്രസ് ആഴ്ചയിൽ ഒരുദിവസം മാത്രമാണ് കണ്ണൂർ-കുവൈത്ത് സെക്ടറിൽ സർവീസ് നടത്തുന്നത്.
ബെംഗളൂരുവിലേക്കും കൊച്ചിയിലേക്കും ടിക്കറ്റ് എടുത്ത് അവിടങ്ങളിൽനിന്ന് ടാക്സി പിടിച്ച് നാട്ടിലെത്തേണ്ട സ്ഥിതിയിലാണ് പ്രവാസികൾ. സീസണായതിനാൽ ടിക്കറ്റ് നിരക്കുകൾ കുത്തനെ വർധിച്ചിരിക്കുകയാണ്. കണ്ണൂർ, കോഴിക്കോട് ഭാഗത്തുള്ള പ്രവാസികളാണ് കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. മറ്റു കമ്പനികളുടെ സർവീസുകൾ ഉള്ളതിനാൽ കൊച്ചിപോലുള്ള വിമാനത്താവളങ്ങളെ ഗോഫസ്റ്റ് സർവീസ് നിർത്തിയത് കാര്യമായി ബാധിച്ചിട്ടില്ല.
ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകുമെന്നും വൈകാതെ സർവീസുകൾ പുനരാരംഭിക്കുമെന്നും ഗോഫസ്റ്റ് അധികൃതർ അറിയിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..