Caption
കണ്ണൂർ : ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണവും വ്യാപാരികൾക്കുള്ള ബോധവത്കരണ ക്ലാസും നടത്തി.
ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു. സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയകൾ പ്രധാനമായും പ്രവർത്തിക്കുന്നതെന്നും ഇവരുടെ കെണിയിൽ അകപ്പെടാതിരിക്കാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം നൽകണമെന്നും പി.പി. ദിവ്യ പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസ് ടെക്‌നിക്കൽ അസിസ്റ്റന്റ് പി.സി. രാധാകൃഷ്ണൻ ബോധവത്കരണ ക്ലാസെടുത്തു. 'പുകയിലയുടെ ദൂഷ്യവശങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും' എന്ന വിഷയത്തിൽ ഡി.ടി.ഒ. ഇൻ ചാർജും പൾമണോളജിസ്റ്റുമായ ഡോ. രചന ക്ലാസെടുത്തു. നമുക്ക് ഭക്ഷണമാണ് വേണ്ടത് പുകയിലയല്ല എന്നതാണ് ഈ വർഷത്തെ പുകയിലരഹിതദിന സന്ദേശം.
കണ്ണൂർ ഐ.എം.എ. ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. എം.പി. ജീജ അധ്യക്ഷയായി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ. അനിൽ കുമാർ പുകയിലരഹിതദിന സന്ദേശം നൽകി.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് രാജൻ തീയ്യറേത്ത്, വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയ പ്രസിഡന്റ് കെ.പി. അബ്ദുറഹ്‌മാൻ, യുണൈറ്റഡ് മർച്ചന്റ് ചേംബർ പ്രതിനിധി ബുഷ്‌റ ചിറക്കൽ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, മെഡിക്കൽ ഓഫീസ് ടെക്‌നിക്കൽ അസിസ്റ്റന്റ് സി.ജെ. ചാക്കോ, എൻ. എച്ച്.എം. ജൂനിയർ കൺസൾട്ടന്റ് ബിൻസി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
‘പുകയിലകൃഷി ഘട്ടംഘട്ടമായി നിർത്താൻ കൂട്ടായ ശ്രമം വേണം’
കണ്ണൂർ : പുകയിലകൃഷി ഘട്ടംഘട്ടമായി നിർത്തലാക്കണമെന്നും ഇതിന് സർക്കാരിന്റെയും കൃഷിക്കാരുടെയും അനുബന്ധ മേഖലയിലുള്ളവരുടെയും പൊതുസമൂഹത്തിന്റെയും കൂട്ടായ ശ്രമം അനിവാര്യമാണെന്ന് റീജണൽ കാൻസർ സെൻറർ കമ്യൂണിറ്റി ഓങ്കോളജി വിഭാഗം മുൻ തലവൻ പ്രൊഫ. ഡോ. ബാബു മാത്യു അഭിപ്രായപ്പെട്ടു. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന ലോക പുകയില വിരുദ്ധ ദിനാചരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പടന്നക്കാട് കാർഷിക കോളേജ് ഡീൻ ഡോ. സജിത റാണി ഉദ്ഘാടനം ചെയ്തു. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. എം.സി.സി.എസ്. മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്രൻ, നെതർലൻഡ്സിലെ കാൻസർ ഗവേഷകൻ പ്രസീത് പൊതുവാൾ, കണ്ണൂർ ഐ.എം.എ. പ്രസിഡൻറ് ഡോ. വി. സുരേഷ്, കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ജാസ്മിൻ ഷാ, ബി.സി.ബി. പ്രോജക്ട് മെഡിക്കൽ ഡയറക്ടർ ഡോ. സുചിത്ര സുധീർ, കണ്ണൂർ ഗൈനക് സൊസൈറ്റി പ്രസിഡൻറ് ഡോ. ഗീത മേക്കോത്ത്, എം.സി.സി.എസ്. ജോ. സെക്രട്ടറി ടി.എം. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..