പേരാവൂർ : മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡിന്റെ സർവേ പൂർത്തിയായെങ്കിലും അതിരുകല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഇഴയുന്നു. 2023 മാർച്ച് 31-നകം അതിരുകല്ലുകൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കുമെന്ന കേരള റോഡ് ഫണ്ട് ബോർഡിന്റെ പ്രഖ്യാപനം രണ്ടുമാസം കഴിഞ്ഞിട്ടും നടപ്പിലായിട്ടില്ല.
അമ്പായത്തോട് മുതൽ മട്ടന്നൂർ വരെയുള്ള നാലുവരിപ്പാതയുടെ ഭാഗമായ കേളകം, പേരാവൂർ ബൈപ്പാസുകളുടെ അതിരു കല്ലുകളാണ് ഇനിയും സ്ഥാപിക്കാത്തത്. കേളകത്ത് ബൈപ്പാസ് സർവേ പൂർത്തിയായെങ്കിലും ഹൈസ്കൂൾ റോഡ് മുതൽ മഞ്ഞളാംപുറം സാൻജോസ് പള്ളി വരെ അതിരുകല്ലുകൾ സ്ഥാപിച്ചിട്ടില്ല. പേരാവൂർ കൊട്ടംചുരം മുതൽ മാലൂർ റോഡിൽ തെരു ക്ഷേത്രം വരെയുള്ള ബൈപ്പാസ് റോഡിന്റെ അതിരുകല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും തുടങ്ങിയിട്ടില്ല.
അതിരുകല്ലുകൾ സ്ഥാപിക്കുന്ന ജോലി ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥയാണ് പ്രവൃത്തി വൈകാൻ കാരണം. റോഡിന്റെ നിർമാണച്ചുമതല വഹിക്കുന്ന കേരള റോഡ്സ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരുടെ അലംഭാവവും വിമാനത്താവള റോഡ് നിർമാണം വൈകാൻ കാരണമാകുന്നു. അതിരുകല്ലുകൾ സ്ഥാപിക്കുന്നത് വൈകുന്നതിനാൽ നിരവധി ഭൂവുടമകളാണ് വീടും കടയും പോലുള്ള വിവിധ നിർമാണങ്ങൾക്ക് തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്ന് അനുമതി ലഭിക്കാതെ ദുരിതത്തിലാവുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..