• വിരമിക്കൽ ദിനത്തിൽ രാമചന്ദ്രൻ തില്ലങ്കേരിയിലെ വീട്ടിൽനിന്ന് തൊണ്ടിയിലെ ഓഫീസിലേക്ക് സഹപ്രവർത്തകർക്കൊപ്പം ഓടുന്നു
ഇരിട്ടി : ഔദ്യോഗികജീവിതത്തിലെ അവസാനദിനം ഓഫീസിലേക്ക് 14 കിലോമിറ്ററോളം ഓടിയെത്തി തില്ലങ്കേരി അയാട്ടെ സി.വി.രാമചന്ദ്രൻ. പേരാവൂർ തൊണ്ടിയിൽ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിലെ ഓവർസിയറും കായികതാരവുമാണ്
വിരമിക്കൽദിനത്തിൽ കായികരംഗത്തെ സുഹൃത്തുക്കളോടൊപ്പമാണ് ഓടി ഓഫീസിൽ ജോലിക്കായെത്തിയത്. നേരത്തേ ഈ ആഗ്രഹം വീട്ടുകാരെയും സുഹൃത്തുക്കളെയും അറിയിച്ചിരുന്നു.
ബുധനാഴ്ച രാവിലെ 7.30-ന് ജഴ്സിയും ബൂട്ടുമണിഞ്ഞ് ഓടാൻ ഒരുങ്ങിയതോടെ കൂടെ ഓടാൻ സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൽ മത്സരാർഥികളായ നീലേശ്വരത്തെ റിട്ട. എസ്.ഐ. വിശ്വനാഥനും പയ്യന്നൂർ സ്വദേശി ബാലചന്ദ്രനും കൂടി. നാട്ടുകാരും പ്രോത്സാഹനവുമായെത്തി. പഞ്ചായത്തംഗം കെ.വി.ആശ ഓട്ടം ഫ്ളാഗ് ഓഫ് ചെയ്തു.
കെ.എസ്.ഇ.ബി. കാക്കയങ്ങാട് സെഷൻ എ.ഇ.മാരായ പ്രമോദ്, മനോജ് പുതുശ്ശേരി, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.എ.ഷാജി, പി.പി.സുഭാഷ് എന്നിവരും വീട്ടിലെത്തി. തൊണ്ടിയിലെ ഓഫീസിലും ഓടിയെത്തിയ രാമചന്ദ്രനെ ജീവനക്കാർ ചേർന്ന് സ്വീകരിച്ചു.
35 വയസ്സ് കഴിഞ്ഞവർക്കുള്ള മാസ്റ്റേഴ്സ് അത്‍ലറ്റ് മീറ്റിൽ സംസ്ഥാന തലത്തിൽ 1500 മീറ്ററിൽ ഒന്നാംസ്ഥാനവും കെ.എസ്.ഇ.ബി. ജീവനക്കാരുടെ കായികമത്സരത്തിൽ 800 മീറ്റർ ഓട്ടത്തിൽ സംസ്ഥാനതല ജേതാവുമായിരുന്നു സി.വി.രാമചന്ദ്രൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..