• വെള്ളൂർ ചന്തൻ മെമ്മോറിയൽ എൽ.പി. സ്കൂളിന്റെ കവാടത്തിനുമുന്നിൽ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഒരാൾ ഉയരത്തിലെടുത്ത കുഴി
വെള്ളൂർ : സ്കൂളുകൾ തുറക്കുമ്പോൾ ഒരു പ്രദേശം ഭീതിയിലാണ്. പയ്യന്നൂർ ഉപജില്ലയിലെ വെള്ളൂർ ചന്തൻ മെമ്മോറിയൽ എൽ.പി. സ്കൂളിലേക്ക് കുട്ടികൾ എങ്ങനെ കയറുമെന്ന ഭീതിയിലാണ് നാട്ടുകാർ. സ്കൂളിന്റെ മുന്നിലുള്ള കവാടത്തിന് സമാനമായി ഒരാൾ ഉയരത്തിലാണ് ഓവുചാൽ നിർമാണത്തിന്റെ ഭാഗമായി കുഴിയെടുത്തത്.
രണ്ടുമാസമായി സ്കൂളിലേക്കുള്ള വഴി തടസ്സമായിട്ട്. ഏപ്രിലിൽ നടന്ന സ്കൂൾ വാർഷികസമയത്തും വിദ്യാർഥികളും നാട്ടുകാരും വിഷമം അനുഭവിച്ചിരുന്നു. മൂന്ന് വയസ്സുള്ള കുട്ടികളടക്കമുള്ളവർ എങ്ങനെ സ്കൂളിലെത്തും. ഭിന്നശേഷിക്കാരടക്കമുള്ള വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത്. സ്കൂളിൽ എങ്ങനെ വിദ്യാർഥികളും വിദ്യാർഥികളെ കൊണ്ടുവരുന്ന വാഹനങ്ങളും എത്തുമെന്ന ചോദ്യത്തിന് ഉത്തരമില്ല. പ്രീ പ്രൈമറി തലത്തിൽ കഴിഞ്ഞവർഷം 28 പേരുണ്ടായിരുന്നു. ഈ അധ്യയന വർഷം 16 പേരായി കുറഞ്ഞു.
ദേശീയപാതാവികസനത്തിന്റെ പേരിലാണ് വഴിയടച്ചത്. ഒരാൾ ഉയരത്തിലുള്ള കുഴിയെടുത്ത് അടിയിൽ കമ്പി പാകി. കമ്പികളെല്ലാം തുരുമ്പെടുത്തിട്ടുണ്ട്. കുഴി ചാടിക്കടക്കാനും സാധിക്കില്ല. ഓവുചാൽ നിർമാണം പൂർത്തീകരിച്ച് സ്കൂളിലേക്കുള്ള വഴി തുറന്നുതരണമെന്ന് അധികൃതരോട് പലതവണ ആവശ്യപ്പെട്ടു.
മഴ തുടങ്ങിയാൽ ഓവുചാലിൽ വെള്ളം നിറയും. സ്കൂൾമതിലിന് ചേർത്തെടുത്ത കുഴിയിൽ വെള്ളം കെട്ടിയാൽ മതിൽ നിലംപതിക്കും. സ്കൂൾ തുറക്കുന്നതിന് മുൻപായി അധികൃതർ കനിയുമെന്ന് കരുതിയെങ്കിലും നാട്ടുകാർക്ക് നിരാശയാണ് കിട്ടിയത്. ഭിന്നശേഷിക്കാരടക്കമുള്ള കുരുന്നുകളടക്കമുള്ളവർ പഠിക്കുന്ന സ്കൂളിലേക്കുള്ള വഴി തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..