കല്യാശ്ശേരി ഹാജിമെട്ടയിൽ കുന്നിടിയുന്ന ഭാഗം
കല്യാശ്ശേരി : കുന്നിടിഞ്ഞ് അപകടഭീഷണി നിലനിൽക്കുന്ന കല്യാശ്ശേരി ഹാജിമെട്ടയിൽ ദേശീയപാത അധികൃതർ പരിഹാരനടപടികൾ തുടങ്ങി. ബുധനാഴ്ച രാവിലെമുതൽ കുന്ന് ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇളകിനിൽക്കുന്ന മണ്ണ് നീക്കംചെയ്തു. കുന്നിന്റെ ഉള്ളിലേക്ക് വലിയ ഇരുമ്പാണികൾ കയറ്റി അതിന് മീതെ ഇരുമ്പുവല കെട്ടി കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കാനാണ് പരിപാടി.
വലിയ കുന്നുകൾ ഇടിയാതിരിക്കാൻ ഇത്തരം സാങ്കേതികവിദ്യയിലൂന്നിയുള്ള സംവിധാനമാണ് ഉപയോഗിക്കാറുള്ളതെന്ന് ഈ രംഗത്തെ വിദഗ്‌ധർ പറഞ്ഞു. ഇതിനുള്ള യന്ത്രസാമഗ്രികൾ അടുത്തദിവസം എത്തിയാലുടൻ കോൺക്രീറ്റ് ഭിത്തിയൊരുക്കും. കുന്നിടിയാൻ സാധ്യതയുള്ള പാതകൾക്കരികിലും റെയിൽവേപ്പാളങ്ങൾക്കരികിലും ഇതേ സംവിധാനമാണ് ഉപയോഗിക്കുന്നത്.
പഴയ ദേശീയപാത കടന്നുപോയ ഹാജിമെട്ട പ്രദേശത്തെ കുന്നുകൾ ഇടിച്ചുനിരത്തിയതോടെ പാതയുടെ ഇരുഭാഗത്തുമുള്ള നിരവധി കുടുംബങ്ങൾ അപകടഭീഷണിയിലാണ്. മേയ് 23-ന് പ്രദേശത്ത് പെയ്ത ആദ്യമഴയിൽ തന്നെ കുന്നിന്റെ ഒരുഭാഗം പാതയിലേക്ക് ഇടിഞ്ഞുവീണതോടെ അഞ്ചോളം വീടുകൾ വലിയ അപകടഭീഷണി നേരിട്ടിരുന്നു. കുന്നിടിച്ച് ആറ് മുതൽ എട്ട് മീറ്റർ വരെ ആഴത്തിൽ കുഴിച്ച് മണ്ണെടുത്തതോടെയാണ് വലിയ ഭീഷണി നേരിട്ടത്. പ്രശ്നം നിരന്തരം ദേശീയപാത അധികൃതരോട് ബോധിപ്പിച്ചിട്ടും മഴ പെയ്യുന്നത് വരെ ഒരു നടപടിയും ദേശീയപാത അധികൃതർ സ്വീകരിച്ചിരുന്നില്ല.
മണ്ണ് ഇടിഞ്ഞ് വീടുകൾക്ക് വലിയ ഭീഷണിയായതോടെ സ്ഥലം സന്ദർശിച്ച കണ്ണൂർ റീച്ചിന്റെ ചുമതലയുള്ള എൻജിനിയറിങ് വിഭാഗം തലവൻ ജഗദീഷ് സോണ്ടൂർ സുരക്ഷാഭിത്തിയൊരുക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു. അതിന്റ ഭാഗമായാണ് ഇപ്പോൾ കുന്നിടിയുന്നത് തടയാനുള്ള പണി തുടങ്ങിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..