• ഏഴുമാസമായി ശബളം കിട്ടിയില്ലെങ്കിലും ആറളം ഫാമിന്റെ നഴ്‌സറിയിൽ ബഡിങ് തൊഴിലിലിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
ഇരിട്ടി : ഇനി ആരോട് പറയും... മുഖ്യമന്ത്രിയുടെ ഉറപ്പും ഫലംകാണാഞ്ഞതോടെ ജീവിതംവഴിമുട്ടി നിൽക്കുകയാണ് ആറളം ഫാമിലെ ആദിവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ.
‘മണ്ണ് വാരിത്തിന്ന്് ജീവിക്കേണ്ട അവസ്ഥയിലെത്തി. പ്രതീക്ഷനല്കിയ മുഖ്യമന്ത്രി അമേരിക്കയിലേക്കും പോയി...’ 43 വർഷം കല്ലിനോടും മണ്ണിനോടും കാടിനോടും മല്ലിട്ട് രണ്ട് മാസത്തിനുശേഷം വിരമിക്കാനിരിക്കുന്ന ലീലാമ്മയുടെ വാക്കുകളിൽ സങ്കടത്തിനൊപ്പം അധികാരികളോടുള്ള അമർഷവുമുണ്ട്.
ശമ്പളം ഇന്ന് കിട്ടും നാളെ കിട്ടും എന്ന പ്രതീക്ഷയുമായി എഴുമാസമായി കൂലിയില്ലാതെ പണിയെടുക്കുകയാണ് ഫാമിലെ ആദിവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ.
50 ദിവസം ഇവർ കൂലിക്കായി സമരം നടത്തി. തൊഴിലാളി യൂണിയൻ നേതാക്കൾ കണ്ണൂരിൽ മുഖ്യന്ത്രിക്കുമുന്നിൽ പരിഭവവുമായി എത്തി. പരിഗണിക്കാമെന്ന ഉറപ്പും ബാക്കി കാര്യങ്ങൾ തിരുവന്തപുരത്ത് എത്തി തീരുമാനിക്കാമെന്ന പ്രതീക്ഷയും മുഖമന്ത്രി നൽകി.
ഈ പ്രതീക്ഷയിൽ സമരം നിർത്തി ജോലിക്ക് കയറിയ തൊഴിലാളികൾക്ക് 15 ദിവസമായിട്ടും ഒരുമാസത്തെ വേതനത്തിന്റെ പകുതിപോലും നൽകാൻ കഴിഞ്ഞിട്ടില്ല. തീരുമാനമൊന്നും എടുക്കാതെ മുഖ്യമന്ത്രി അമേരിക്കയിലേക്കും പറന്നു.
ആറളം ഫാം സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമാണ്. തൊഴിലാളികളും ജീവനക്കാരുമായി 380 പേർ. ഇതിൽ 274 പേരും ആദിവാസി വിഭാഗങ്ങളിൽനിന്നുള്ളവരാണ്. ആദിവാസി ഫണ്ട് ഉപയോഗിച്ച് ആദിവാസി പുനരധിവാസ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനായി വാങ്ങിയ ഫാമാണ്.
തൊഴിലാളികളിൽ 80 ശതമാനത്തോളം ആദിവാസികളായിട്ടും പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പ് ഇങ്ങനെ ഒരു പ്രശ്നം ഗൗരവത്തിലെടുക്കാഞ്ഞതിന്റെ ഭാരംപേറുകയാണ്, പാവം തൊഴിലാളികൾ.
പിരിഞ്ഞുപോയ 21 തൊഴിലാളികൾക്ക് രണ്ട് വർഷമായിട്ടും വിരമിക്കൽ ആനുകൂല്യങ്ങളൊന്നും അനുവദിച്ചിട്ടുമില്ല. ഒരുമാസം തൊഴിലാളികൾക്കും ജീവനക്കാർക്കുമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കാൻ 70 ലക്ഷത്തിലധികം രൂപ വേണം.
ഇതിന്റെ മൂന്നിലൊന്ന് വരുമാനംപോലും ഫാമിൽനിന്ന് ലഭിക്കുന്നില്ല.
ഫാമിലെ ചിലവിലേക്കുള്ള വരുമാനം ഫാമിൽനിന്നുതന്നെ കണ്ടെത്തണമെന്ന ധനകാര്യ വകുപ്പിന്റെ പുതിയ ഉത്തരവ് വന്നതോടെയാണ് പ്രതിസന്ധി വർധിച്ചത്. നേരത്തെ പ്രതിസന്ധി കാലത്തെല്ലാം സർക്കാരിൽനിന്നുള്ള സഹായം ഫാമിന് ലഭിച്ചിരുന്നു.
പുതിയ ഉത്തരവ് ഇറങ്ങിയതോടെയാണ് സർക്കാറിൽനിന്നുള്ള എല്ലാ സഹായങ്ങളും നിലച്ചത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..