പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കണ്ണൂർ: വെയിലത്തും മഴയത്തും ആശ്വാസമായ ദേശീയപാതയ്ക്കരികിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ പൊളിച്ചുതുടങ്ങി. പൊരിവെയിലത്ത് നിൽക്കുമ്പോൾ ഇനി പ്രതീക്ഷ വേണ്ട. കാരണം, ആറുവരി ദേശീയപാതയുടെ സർവീസ് റോഡിൽ ബസ്‌ബേയും ഷെൽട്ടറും ഉണ്ടാവില്ല. 6.25 മീറ്റർ സർവീസ് റോഡുകളിൽ ബസ് ബേയ്ക്ക് പകരം ബസ് ഷെൽട്ടർ പോലും നിർമിക്കാൻ സ്ഥലമില്ലാത്തതാണ് കാരണം. ഷെൽട്ടർ നടപ്പാതയിലേക്ക് നീക്കി കാത്തിരിപ്പ് കേന്ദ്രമാക്കി മാറ്റുന്നതടക്കം ഇനി ദേശീയപാത അതോറിറ്റി വിചാരിക്കണം.
ഒരു ബസ്, ബസ് ബേയിൽ നിൽക്കാൻ ചുരുങ്ങിയത് 3.50 മീറ്റർ സ്ഥലം വേണം. ഷെൽട്ടറും ബേയും അടക്കം 6.30 മീറ്റർ കിട്ടണം. ഉദാഹരണത്തിന് കെ.എസ്.ടി.പി. റോഡിൽ ബസ് ഷെൽട്ടറിന് 2.5 മീറ്റർ- മൂന്ന് മീറ്റർ അകലമുണ്ട്. ബസ് നിൽക്കാൻ 3.5 മീറ്ററും. ബസ് ബേയുടെ നീളം 15 മീറ്റർ ഉണ്ട്. വശങ്ങളിലേക്ക് വരുമ്പോൾ 7.5 മീറ്ററായി ചുരുങ്ങും. ഇവ വെട്ടിച്ചുരുക്കിയാൽ തന്നെ 3.5 മീറ്റർ വേണ്ടുന്ന ബസ് ബേയ്ക്ക് പകരം ഷെൽട്ടറിന് രണ്ട് -രണ്ടര മീറ്ററെങ്കിലും വേണം. ഇത് കിട്ടുന്നില്ല എന്നതാണ് നിലവിലെ പ്രതിസന്ധി. നടപ്പാതയിലേക്ക് നീട്ടി ഷെൽട്ടർ നിർമിക്കുന്നത് ചിലയിടത്ത് വിജയിക്കും.
സർവീസ് റോഡുകൾക്ക് രണ്ടു വീതിയാണ്. ഒരുവശത്ത് ആറുമീറ്റർ കിട്ടുമ്പോൾ മറുവശത്ത് ഒരു ബസിന് കഷ്ടിച്ച് പോകാം. സ്ഥലം കിട്ടിയില്ലെങ്കിൽ സർവീസ് റോഡിൽ ഇരുവശവും (ടൂ വേ) വാഹനങ്ങൾ ഓടിക്കുന്ന സംവിധാനവും പാളും. ഇതിനിടയിലാണ് ബസ്‌ബേ, ബസ് ഷെൽട്ടർ വരേണ്ടത്.
ബൈക്കുകൾ ഏതിലൂടെ പോകും?
തങ്ങൾ ഏതിലൂടെ പോകുമെന്നുള്ള ബൈക്ക് യാത്രക്കാരുടെ ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. ദേശീയപാത പൂർത്തിയാകുംവരെ കാത്തിരിക്കേണ്ടിവരുമെന്ന സൂചനയാണ് ദേശീയപാത അതോറിറ്റിയും നിർമാണ ഏജൻസികളും നൽകുന്നത്.
നിലവിൽ ബെംഗളൂരു-മൈസൂരു എക്സ്‌പ്രസ് ഹൈവേയിൽ ബൈക്കിന് പ്രവേശനമില്ല. സർവീസ് റോഡിലൂടെയാണ് യാത്ര.
അവിടെ സർവീസ് റോഡ് തുടർച്ചയായിട്ടുണ്ട്. എവിടെയും മുറിയുന്നില്ല. എന്നാൽ, കേരളത്തിൽ സർവീസ് റോഡ് മുഴുവനായും ഇല്ല. ബൈപ്പാസ് ഉൾപ്പെടെ വരുമ്പോൾ പല സ്ഥലത്തും സർവീസ് റോഡ് മുറിയും.
അപ്പോൾ ബൈക്ക് യാത്രയ്ക്ക് (പ്രത്യേകിച്ചും ദീർഘദൂര യാത്രക്കാർക്ക്) തടസ്സം വരും. കേരളത്തിന്റെ പ്രത്യേക പരിസ്ഥിതിയിൽ ആറുവരിപ്പാതയിൽ ബൈക്കിനും ഇടംകിട്ടുമെന്നാണ് പ്രതീക്ഷ.
Content Highlights: national highway service road no bus bay shelter way for bike
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..