പ്രതീകാത്മകചിത്രം | Mathrubhumi archives
ഉദുമ : ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി എ ഗ്രൂപ്പുകാർ തമ്മിലടിച്ചപ്പോൾ ഉദുമയിൽ നേട്ടമുണ്ടായത് ഐ ഗ്രൂപ്പിന്. ഉദുമ എ ഗ്രൂപ്പിലെ മൂന്ന് പ്രമുഖർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുനഃസംഘടനാ വേളയിൽ തങ്ങളുടെ സ്വന്തക്കാർക്കുവേണ്ടി ബലം പിടിച്ചതോടെയാണ് ചിത്രത്തിലില്ലാതിരുന്ന ഐ ഗ്രൂപ്പിന്റെ പ്രതിനിധി കെ.വി. ഭക്തവത്സലൻ ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായത്. എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡന്റായിരുന്ന ഭക്തവത്സലൻ ഇപ്പോൾ കോൺഗ്രസ് ഉദുമ മണ്ഡലം പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ഐ ഗ്രൂപ്പുകാരനാണ്.
പരമ്പരാഗതമായി ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന്റെ കൈവശമാണ്. ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പ് നേതാവായ എ. ഗോവിന്ദൻ നായർ ഉണ്ണികൃഷ്ണൻ പൊയിനാച്ചിക്കുവേണ്ടി ആദ്യം രംഗത്തിറങ്ങി. കെ.പി.സി.സി. അംഗവും മുൻ ഡി.സി.സി. പ്രസിഡന്റുമായ ഹക്കീം കുന്നിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം അൻവർ മാങ്ങാടിന്റെ പേര് നൽകി. മറ്റൊരു നേതാവായ ബാലകൃഷ്ണൻ പെരിയ സുകുമാരൻ പൂച്ചക്കാടിനുവേണ്ടി കച്ചമുറുക്കി. രാജ് മോഹൻ ഉണ്ണിത്താൻ എം.പി.യുടെ ഒത്താശയും സുകുമാരനുണ്ടായിരുന്നു. അതിനിടെ ഉണ്ണികൃഷ്ണൻ പിൻവാങ്ങി.
സുകുമാരനുവേണ്ടി രണ്ട് പ്രമുഖർ രംഗത്തുവന്നതോടെ അൻവറിനെ പിന്തുണക്കുന്നവർ കെ.പി.സി.സി. പ്രസിഡന്റിന് മുന്നിൽ സുകുമാരന്റെ രണ്ടുവർഷം മുൻപത്തെ സസ്പെൻഷൻ സംഭവം എടുത്തിട്ടു. അതോടെ സുകുമാരൻ കളത്തിന് പുറത്തായി. അങ്ങനെയെങ്കിൽ അൻവറെയും വേണ്ടന്നെ നിലപാടിൽ മറുപക്ഷവും ഉറച്ചുനിന്നു.
സമവായമെന്നനിലയിൽ കെ. നീലകണ്ഠൻ മുന്നോട്ടുവെച്ച ഭക്തവത്സലന്റെ പേര് അങ്ങനെ അംഗീകരിക്കപ്പെട്ടുവെന്നാണ് വ്യക്തിതാത്പര്യമില്ലാത്ത എ ഗ്രൂപ്പുകാർ പറഞ്ഞത്. പുനഃസംഘടനയ്ക്ക് മുൻപ് കുമ്പള, കാസർകോട് എന്നീ ബ്ലോക്കുകളിൽ ന്യുനപക്ഷത്തിൽപ്പെട്ടവരായിരുന്നു പ്രസിഡന്റുമാർ. ഇത്തവണ അത്തരം പരിഗണനകളൊന്നുമുണ്ടായിട്ടില്ല.
എ ഗ്രൂപ്പിൽ പടയൊരുക്കം
:ഒരേ ഗ്രൂപ്പിലുള്ളവർ തമ്മിലടിച്ച് എ ഗ്രൂപ്പിനെ ക്ഷീണിപ്പിക്കുന്നതിനെതിരേ ഒരുവിഭാഗം നേതാക്കൾ പടയെരുക്കം തുടങ്ങിയിട്ടുണ്ട്. നേരത്തേ ജില്ലയിലെ 11 ബ്ലോക്കുകളിൽ ആറെണ്ണം എ ഗ്രൂപ്പിനും അഞ്ചെണ്ണം ഐ ഗ്രൂപ്പിനുമാണുണ്ടായിരുന്നത്. ഇപ്പോൾ ഐ ഗ്രൂപ്പിന് ഏഴും നാലെണ്ണം എ ഗ്രൂപ്പിനുമായി. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ ബ്ലോക്കുകളാണ് എ വിഭാഗത്തിന് ഇത്തവണ പുനഃസംഘടന കഴിഞ്ഞപ്പോൾ നഷ്ടപ്പെട്ടത്. ഇത് എ ഗ്രൂപ്പിലെ ചില നേതാക്കൾ തമ്മിലടിച്ചു നഷ്ടപ്പെടുത്തിയെന്നാണ് മറ്റുള്ളവർ കുറ്റപ്പെടുത്തുന്നത്.
നേരത്തേ കൈവശം വെച്ചിരുന്ന കെ.എസ്.യു., യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനങ്ങളും എ ഗ്രൂപ്പിന് അടുത്തകാലത്ത് നഷ്ടപ്പെട്ടത് ഗ്രൂപ്പിനുള്ളിലെ തമ്മിലടി മൂലമാണെന്ന് ചില നേതാക്കൾ കുറ്റപ്പെടുത്തുന്നുണ്ട്. ഇതേത്തുടർന്ന് വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടി ഗ്രൂപ്പിനെ ചിലർ ബലികൊടുക്കുന്നുവെന്നാരോപിച്ച് അത്തരക്കാരെ ഒഴിവാക്കി എ ഗ്രൂപ്പ് നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ രണ്ടിടത്ത് ഒത്തുകൂടിയതായും സൂചനയുണ്ട്.
Content Highlights: congress group clash in kasaragod uduma


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..